പാപ്പാ സംസാരിക്കുന്നു പാപ്പാ സംസാരിക്കുന്നു  

സമർപ്പിതരും, അത്മായരും വിശുദ്ധ കുർബാനയുടെ ഒരു ആത്മീയത വളർത്തിയെടുക്കണം: പാപ്പാ

കാനറി ദ്വീപിലേക്കുള്ള പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ സന്ദർശന വേളയിൽ, മെത്രാന്മാർ, പുരോഹിതർ, ഡീക്കന്മാർ, സന്യാസി സന്യാസിനികൾ, സെമിനാരിക്കാർ, അജപാലന പ്രവർത്തകർ എന്നിവരുമായി, വിശുദ്ധ അനയുടെ കത്തീഡ്രൽ ദേവാലയത്തിൽ വച്ച് കൂടിക്കാഴ്ച്ച നടത്തി. സുവിശേഷം പ്രഘോഷിക്കുന്നതിനുള്ള കടമയെ പാപ്പാ പ്രത്യേകം എടുത്തു പറഞ്ഞു.
ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

കാനറി ദ്വീപിലേക്ക് താൻ എത്തിയിരിക്കുന്നത്, വിശ്വാസത്തിൽ ഏവരുടെയും പിതാവും, സഹോദരനും എന്ന നിലയിലാണ് എന്നത് എടുത്തു പറഞ്ഞു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. നിങ്ങൾക്കൊപ്പം താൻ ഒരു ക്രൈസ്തവനും, നിങ്ങൾക്ക്  വേണ്ടി താൻ ഒരു മെത്രാനും ആണെന്ന, ആദ്യ ഊർബി എത് ഓർബി ആശീർവാദ വേളയിൽ പറഞ്ഞ വാചകവും പാപ്പാ ആവർത്തിച്ചു. ക്രിസ്തുവിന്റെ മൗതീക ശരീരം കെട്ടിപ്പടുക്കുന്നതിനായി, ഓരോരുത്തരും വ്യത്യസ്തമായ ദാനങ്ങളും രഹസ്യങ്ങളുമാണ് സ്വീകരിച്ചിരിക്കുന്നതെന്നു പറഞ്ഞ പാപ്പാ, ദൈവത്തിന്റെ ഈ വിളി ഇന്ന് ഹൃദയത്തിൽ നവമായി മുഴങ്ങി കേൾക്കണമെന്നും ഉദ്‌ബോധിപ്പിച്ചു. അപ്രകാരമാണ്, മൂലക്കല്ലായ ക്രിസ്തുവിൽ അടിസ്ഥാനം ഇടപ്പെട്ട, സഭയെ കെട്ടിപ്പടുക്കുവാൻ സാധിക്കുകയുള്ളൂവെന്നും പാപ്പാ പറഞ്ഞു.

കടലിന്റെ ഗംഭീരമായ സാന്നിധ്യം ആസ്വദിക്കാനുള്ള ഭാഗ്യം ലഭിച്ചവരാണ് കാനറി ദ്വീപ് നിവാസികൾ എന്ന് പറഞ്ഞ പാപ്പാ, എന്നാൽ ഈ കടൽ പല അവസരങ്ങളിലും, ദൂരത്തിന്റെയും വേർപിരിയലിന്റെയും പര്യായവും, വെല്ലുവിളികളിലൂടെ സഞ്ചേരിക്കേണ്ടതിന്റെ ആവശ്യകത നമുക് കാണിച്ചു തരികയും ചെയ്യുന്നുവെന്നും എടുത്തു പറഞ്ഞു.  അതിനാൽ, ക്രിസ്തുവിന്റെ കുരിശിലൂടെയല്ലാതെ  ആർക്കും ഈ നൂറ്റാണ്ടിലെ കടൽ മുറിച്ചുകടക്കാൻ കഴിയില്ല എന്നു വിശുദ്ധ അഗസ്റ്റിനെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ വിശദീകരിച്ചു. ദൈവത്തോട് പ്രത്യേകം ബന്ധം പുലർത്തിയിരുന്ന വിശുദ്ധർക്ക് പോലും, അസ്തിത്വത്തിന്റെ കൊടുങ്കാറ്റുകളെ അഭിമുഖീകരിക്കേണ്ടിവന്നുവെന്നും, എങ്കിലും അവർ ക്രിസ്തുവിൽ വിശ്വസിക്കുകയും, അവന്റെ കുരിശിനെ ആശ്ലേഷിക്കുകയും ചെയ്തതിനാലാണ്, അനിശ്ചിതത്വത്തിന്റെയും ഭയത്തിന്റെയും തിരമാലകളെ ശാന്തമാക്കുവാൻ അവർക്ക് സാധിച്ചതെന്നു എടുത്തു പറഞ്ഞു. ചരിത്രത്തിന്റെ ഈ പുതിയ കാലഘട്ടത്തിൽ സുവിശേഷത്തിന്റെ വിശ്വസ്ത സാക്ഷികളായിരിക്കുവാനും, പ്രക്ഷുബ്ധതയിൽ നിന്നും വൈരുദ്ധ്യങ്ങളിൽ നിന്നും അകന്നുപോകാതെ, വാഗ്ദാനം ചെയ്ത ലക്ഷ്യത്തിലെത്തുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

അതിനാൽ ക്രിസ്തുവിന്റെ കുരിശിനെ ആലിംഗനം ചെയ്യുക എന്നതാണ് ആദ്യത്തെ "മാർഗ്ഗനിർദ്ദേശം" എന്നും പാപ്പാ ചൂണ്ടിക്കാട്ടി. ജീവിത ദുരന്തങ്ങളാൽ ക്രൂശിക്കപ്പെട്ട അനേകം സഹോദരീസഹോദരന്മാരോടൊപ്പം, ക്രിസ്തുവിന്റെ കുരിശു ചുമക്കുവാൻ  സഹായിച്ച കൗറീൻകാരനെ പോലെയാണ് കാനറി നിവാസികളുടെ അനുദിന സേവനമെന്നും പാപ്പാ എടുത്തു പറഞ്ഞു.  അതിനു താൻ  നന്ദി പറയുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഇതിനു വിശുദ്ധ കുർബാനയുടെ ആത്മീയത  വളർത്തിയെടുക്കുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു. നമ്മുടെ യാത്രയുടെ ലക്ഷ്യം ക്രിസ്തീയ ജീവിതത്തിന്റെ കേന്ദ്രമായ ക്രിസ്തുവുമായുള്ള കണ്ടുമുട്ടലാണെന്നും, അവനു ചുറ്റും ചേർന്ന് ഒരു ശരീരമായി രൂപപ്പെടുത്തുവാനുള്ള വിളിയാണ് ഏവരും സ്വീകരിച്ചിരിക്കുന്നെതെന്നും പാപ്പാ എടുത്തുപറഞ്ഞു.

വിശുദ്ധ കുർബാനയുടെ  ആത്മീയത വളർത്തിയെടുക്കുക എന്നതിനർത്ഥം "സ്നേഹത്തിൽ സഭാ ഐക്യത്തിന്റെ ആത്മീയത" ആഴത്തിലാക്കുക എന്നതാണെന്നും, പാപ്പാ പറഞ്ഞു. ഈ കൂട്ടായ്മയുടെ ആത്മീയത പ്രകടമാക്കാനുള്ള ഒരു മൂർത്തമായ മാർഗം ക്രിസ്തീയ ഐക്യദാർഢ്യമാണെന്നും, ഇത് സഹോദരങ്ങളോട് ചേർന്നുള്ള ഒരു ഐക്യം ആണെന്നും പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി. ക്രിസ്തുവിന്റെ കുരിശിലെ ത്യാഗത്തോട് സഹകരിച്ച് ജീവൻ സമർപ്പിച്ച നിരവധിയാളുകളുടെ പാത പിന്തുടർന്നുകൊണ്ട്, ഈ പുതിയ കാലഘട്ടത്തിൽ ധൈര്യത്തോടെ സഞ്ചരിക്കുവാൻ പാപ്പാ ഏവരെയും പ്രോത്സാഹിപ്പിച്ചു. വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും ഐക്യത്തോടെ ജീവിക്കാനുള്ള കൃപയ്ക്കായി പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

12 ജൂൺ 2026, 13:48