തിരയുക

പ്രാർത്ഥനാവേളയിൽ പാപ്പാ പ്രാർത്ഥനാവേളയിൽ പാപ്പാ   (@Vatican Media)

എല്ലാ ധ്രുവീകരണത്തിനും അതീതമായി സഹോദരമനോഭാവം വളർത്തണം: പാപ്പാ

ബാഴ്‌സലോണയിലെക്കുള്ള പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ അപ്പസ്തോലിക സന്ദർശന വേളയിൽ, സാന്താ ക്രൂസ്, സാന്താ എവുലാലിയ ബസിലിക്കയിൽ, നടത്തിയ മധ്യാഹ്‌ന പ്രാർത്ഥനാ വേളയിൽ സന്ദേശം നൽകി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

യാമപ്രാർത്ഥനയിലെ ആറാം മണിക്കൂറിലെ പ്രാർത്ഥനയ്ക്ക്, ബാഴ്‌സലോണയിലെ സാന്താ ക്രൂസ്, സാന്താ എവുലാലിയ ബസിലിക്കയിൽ ഒരുമിച്ചു കൂടിയതിൽ തനിക്കുള്ള അതിയായ സന്തോഷം എടുത്തു പറഞ്ഞുകൊണ്ടാണ്, പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. വധു, വരനോട്  സംസാരിക്കുന്നതുപോലെയാണ് യാമപ്രാർത്ഥനകൾ എന്നതും, ക്രിസ്തു തന്റെ ശരീരവുമായി ഐക്യപ്പെടുത്തി, പിതാവിനോട് ഉയർത്തുന്ന പ്രാർത്ഥനയാണിത് എന്ന   രണ്ടാം വത്തിക്കാൻ  കൗൺസിലിന്റെ പഠനത്തെയും, "നാം ഏകശരീരമാകേണ്ടതിന് നാമെല്ലാവരും ഏകാത്മാവിൽ  സ്നാനം സ്വീകരിച്ചു"എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകളും ഉദ്ധരിച്ച പാപ്പാ, മണവാട്ടിയും, ശരീരവും എന്ന രണ്ടു ചിത്രങ്ങളെ കുറിച്ചാണ് തുടർന്ന് സംസാരിച്ചത്. 

തന്റെ അംഗങ്ങളുടെ വൈവിധ്യമാർന്ന അനുഭവങ്ങളും, കൃപാവരങ്ങളും കൊണ്ട് സമ്പന്നമായ സഭ, പ്രഥമവും പ്രധാനമായും ഒരു പ്രിയപ്പെട്ട വധുവാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നു പാപ്പാ പറഞ്ഞു. ബാഴ് സലോണയിലെ "വിശുദ്ധരുടെ സമൂഹത്തെ" പ്രതിനിധീകരിക്കാൻ അവിടുന്ന് നിങ്ങളെ തിരഞ്ഞെടുത്തതിനാൽ, ഈ അവബോധത്തോടെ ജീവിക്കുവാനും, ക്രിസ്തുവിനെ പിഞ്ചെല്ലുവാനും അപ്രകാരം, ജീവിതത്തിന്റെ പൂർണ്ണതയിലേക്ക് നടന്നടുക്കുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു. കർത്താവിനാൽ സ്നേഹിക്കപ്പെടുവാൻ നമ്മെ തന്നെ  വിട്ടുകൊടുക്കുമ്പോൾ, ഐക്യത്തോടെ, താഴ്മയുള്ള, നന്ദിയുള്ള ഹൃദയത്തോടെ വളരുന്നുവെന്നും, സ്നേഹത്തിന്റെ പ്രവൃത്തികൾ ചെയ്യുവാൻ സാധിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

നമ്മുടെ ചുറ്റുപാടുകളിലും കുടുംബങ്ങളിലും ഇടവകകളിലും ജോലിസ്ഥലങ്ങളിലും പരിശീലന മേഖലകളിലും, കൂരിയയിലും ജീവിതത്തിന്റെ എല്ലാ മേഖലകളിലും സുവിശേഷം പ്രഘോഷിക്കുവാനുള്ള കടമയെയും, ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. ഏവരുടെയും പൊതുവായ പുത്രത്വത്തെയും,  പൊതുവായ വിളിയെയും കുറിച്ച് ബോധ്യപ്പെട്ടുകൊണ്ട്, ത്യാഗം, പരസ്പര ശ്രദ്ധ, ക്ഷമ എന്നിവ ഊട്ടിയുറപ്പിച്ചുകൊണ്ട് ഒരു കുടുംബാന്തരീക്ഷം പുലർത്തുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു. ഈ നഗരവും ഈ പ്രദേശവും ക്രിസ്തീയ സാഹോദര്യത്തിന് തുറന്ന ഒരു വലിയ ഭവനമാണെന്ന് സഭയ്ക്ക് മുമ്പാകെ പ്രഖ്യാപിക്കാൻ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ഏവരെയും ക്ഷണിച്ചതും പാപ്പാ അനുസ്മരിച്ചു.

എല്ലാ ധ്രുവീകരണത്തിനും അതീതമായി ഐക്യവും കൂട്ടായ്മയും കെട്ടിപ്പടുക്കാൻ സാധിക്കുന്ന സഹോദര മനോഭാവം വളർത്തുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു. എല്ലാവരും ഒരേ ആത്മാവിന്റെ പ്രവർത്തനത്താൽ സജീവമാണെന്നതിനാൽ, ഏവരും വിശുദ്ധിയിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പാ  എടുത്തുപറഞ്ഞു. ദൈവത്തിന്റെ പദ്ധതി അനുസരിച്ച്, അനുസരണത്തിലും വിശ്വാസത്തിലും സ്വയം സമർപ്പിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നതും ആത്മാവാണെന്നു പാപ്പാ കൂട്ടിച്ചേർത്തു.

ഒരു ശരീരത്തിലെന്നപോലെ, നമുക്കിടയിൽ ശക്തവും ദുർബലവുമായ അവയവങ്ങളും ഉണ്ടെന്നും എന്നാൽ, സന്ദേശം എല്ലായ്പ്പോഴും ഒന്നുതന്നെയാണെന്നും,  ലഭിച്ച ദാനങ്ങളുടെ സമൃദ്ധിയിൽ, നാം ഐക്യപ്പെട്ടിരിക്കുന്നതിനാൽ ശക്തരാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. അതുകൊണ്ട്, ദൈവം രൂപപ്പെടുത്തിയിരിക്കുന്ന ഐക്യത്തെയും,  അനുദിനം അതിന്റെ പൂർണ്ണതയിലേക്ക് നയിക്കുന്ന കാര്യങ്ങളെയും  നശിപ്പിക്കാൻ  ഒന്നിനെയും അനുവദിക്കാതിരിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

യുദ്ധങ്ങളാലും ഭിന്നതകളാലും കീറിമുറിക്കപ്പെട്ട ഒരു ലോകത്ത്, വിഘടിച്ചുകൊണ്ടിരിക്കുന്നതും വ്യക്തിപരവുമായ ഒരു സമൂഹത്തിൽ, ത്യാഗങ്ങളുടെയും യാഗങ്ങളുടെയും  വിലയിൽ പോലും ഐക്യത്തിന്റെയും സ്വീകാര്യതയുടെയും  സമാധാനത്തിന്റെയും സാക്ഷികളും പ്രവാചകന്മാരും ആകാൻ ആഗ്രഹിക്കുന്നത് സാന്താ എവുലാലിയയെ പോലെയുള്ള രക്തസാക്ഷികളുടെ അടിയുറച്ച ബോധ്യങ്ങൾ ആണെന്നും, അവരെപ്പോലെ ദൈവഹിതത്തിനു അതെ എന്ന് മറുപടി പറയുവാൻ ഏവർക്കും സാധിക്കണമെന്നും പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

10 ജൂൺ 2026, 17:36