ദേവാലയത്തിനു മുൻപിൽ പാപ്പാ ദേവാലയത്തിനു മുൻപിൽ പാപ്പാ   (ANSA)

ബാഴ്‌സലോണയിലെ ജനതയെ പരിശുദ്ധ അമ്മയ്ക്ക് ഭരമേൽപ്പിച്ച്, ലിയോ പതിനാലാമൻ പാപ്പാ

ബാഴ്‌സലോണയിലെ മോൻസെറാത്തിലെ പരിശുദ്ധ അമ്മയുടെ പേരിലുള്ള തീർത്ഥാടന കേന്ദ്രവും, ബെനെഡിക്ടൈൻ ആശ്രമവും, ദേവാലയവും, പാപ്പാ സന്ദർശിക്കുകയും, ബാഴ്‌സലോണയിലെ വിവിധ രൂപതകളിലെ കാരിത്താസ് സംഘടനകളുടെയും, കാരുണ്യ പ്രവർത്തകരുടെയും സമ്മേളനത്തിൽ സംബന്ധിക്കുകയും, വിശ്വപ്രസിദ്ധമായ, സഗ്രാദാ ഫമില്യ ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിച്ച് , ‘ടവർ ഓഫ് ജീസസ് ക്രൈസ്റ്റ്’ എന്ന 172.5 മീറ്റർ ഉയരമുള്ള ഗോപുരം ഉദ്‌ഘാടനം ചെയ്യുകയും ചെയ്തു. പാപ്പായുടെ സന്ദർശനങ്ങളുടെ സംക്ഷിപ്ത വിവരണം.
ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

മോൻസെറാത്തിലെ പരിശുദ്ധ അമ്മയുടെ പേരിലുള്ള ബെനഡിക്റ്റൈൻ ആശ്രമത്തിലേക്കുള്ള പാപ്പായുടെ യാത്ര

പരിശുദ്ധപിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ ബാഴ്‌സലോണ രാജ്യത്തേക്കുള്ള സന്ദർശനം വിശ്വാസത്തിന്റെ വലിയ ഒരു ആഘോഷമെന്ന നിലയിലും, പ്രഘോഷണം എന്ന നിലയിലും മുൻപോട്ടു പോകുമ്പോൾ, ജൂൺ മാസം പത്താം തീയതി,  മോൻസെറാത്തിലെ പരിശുദ്ധ അമ്മയുടെ പേരിലുള്ള ബെനഡിക്റ്റൈൻ ആശ്രമത്തിലേക്കുള്ള പാപ്പായുടെ യാത്ര ഏറെ ഹൃദ്യമായിരുന്നു. കുന്നിൻ മുകളിൽ ഭൂനിരപ്പിൽ നിന്നും 720 മീറ്ററുകൾ ഉയരത്തിലാണ് ഈ ആശ്രമം സ്ഥിതി  ചെയ്യുന്നത്. ബാഴ്‌സലോണ നഗരത്തിൽ നിന്നും നാൽപ്പതു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതിനാൽ എപ്പോഴും ശാന്തമായ അന്തരീക്ഷം ഈ ആശ്രമത്തിന്റെ പ്രത്യേകതയാണ്. ഈ ആശ്രമത്തിന്റെ അടുത്തായിട്ടാണ്,   മോൻസെറാത്തിലെ പരിശുദ്ധ അമ്മയുടെ പേരിലുള്ള തീർത്ഥാടന ദേവാലയവും ഉള്ളത്. പതിമൂന്നാം നൂറ്റാണ്ടിലെ യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്നതെന്ന് വിശ്വസിക്കപ്പെടുന്ന ഈ ആശ്രമം, എസ്കൊളാനിയ ഡി മോണ്ട്സെറാത്ത് എന്ന് കറ്റലോണിയൻ ഭാഷയിൽ വിളിക്കപ്പെടുന്നു.

പാരമ്പര്യമനുസരിച്ച്, കന്യകയുടെ ആദ്യ ചിത്രം 880- ൽ ഒരു ഗുഹയിൽ ആട്ടിൻകൂട്ടത്തെ മേയിച്ച ചില കുട്ടികൾ പർവതത്തിലെ ഒരു വെളിച്ചം കണ്ടതിനെത്തുടർന്ന് കണ്ടെത്തിയെന്നാണ് പറയപ്പെടുന്നത്. ഇതിനെ കുറിച്ച്  മെത്രാൻ അറിഞ്ഞപ്പോൾ, ആ രൂപം, മൻറേസയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചുവെങ്കിലും, അമിത ഭാരം അനുഭവപ്പെട്ടതിനാൽ  അതിനു സാധിച്ചില്ല. ഏകദേശം 95 സെന്റീമീറ്റർ ഉയരമുള്ള, ഈ ചിത്രത്തിൽ, പരിശുദ്ധ കന്യകാമറിയത്തെ ശിശുവായ  യേശുവിനൊപ്പം ചിത്രീകരിക്കുന്നു.  വലതു കൈയിൽ,

 പ്രപഞ്ചത്തെ പ്രതീകപ്പെടുത്തുന്ന ഒരു ഗോളവും പരിശുദ്ധ അമ്മ  പിടിച്ചിരിക്കുന്നു, അതേസമയം യേശു തന്റെ വലതു കൈകൊണ്ട് അനുഗ്രഹിക്കുകയും ഇടതുവശത്ത് ഒരു പൈൻ കോൺ പിടിക്കുകയും ചെയ്യുന്നു. 1881 സെപ്റ്റംബർ 11-ന് , കാറ്റലോണിയയുടെ ദേശീയ ദിനത്തിന്റെ വാർഷികത്തിൽ, ലിയോ പതിമൂന്നാമൻ പാപ്പാ മോണ്ട്സെറാത്തിലെ മാതാവിനെ കാറ്റലോണിയയുടെ രക്ഷാധികാരിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചതും, ലിയോ പതിനാലാമൻ പാപ്പായുടെ സന്ദർശനത്തിന്റെ പ്രാധാന്യം അടിവരയിടുന്നു.

ഗോൾഫ് കാർട്ടിൽ പാപ്പാ, ബസിലിക്കയുടെ കവാടത്തിനു മുൻപിൽ എത്തിയപ്പോൾ, ദേവാലയ മണികൾ സന്തോഷ സൂചകമായി മുഴക്കി. ഫെലിയു ഡി ലോബ്രെഗാറ്റ് രൂപതയുടെ മെത്രാൻ സാബിയർ ഗോമസ് ഗാർസിയ, ആശ്രമത്തിലെ  മഠാധിപതി മാനൽ ഗാഷ് ഇ ഹുറിയോസ് എന്നിവർ  ചേർന്ന് സ്വീകരിച്ചു. ഏകദേശം ആയിരത്തോളം കുരുന്നുകൾ പാപ്പായെ വരവേൽക്കുവാൻ കവാടത്തിൽ നിന്നതും ഏറെ ഹൃദയസ്പർശിയായിരുന്നു. ബസിലിക്കയുടെ പ്രവേശന കവാടത്തിൽ, പാപ്പാ വിശുദ്ധ കുരിശു ചുംബിക്കുകയും, വിശ്വാസികളുടെ മേൽ വിശുദ്ധ ജലം തളിക്കുകയും ചെയ്തു. തുടർന്ന് അല്പസമയം, വിശുദ്ധ കുർബാനയുടെ ചാപ്പലിലേക്ക് പ്രാർത്ഥനയ്ക്കായി പാപ്പാ കടന്നു ചെന്നു.

ജപമാല പ്രാർത്ഥന

തുടർന്ന് ജപമാല പ്രാർത്ഥനയ്ക്കായി, തത്സ്ഥാനത്തേക്ക് എത്തിച്ചേർന്നു. ആമുഖമായി സന്ത് ഫെലിയു ഡി ലോബ്രെഗാറ്റ് രൂപതയിലെ മെത്രാൻ, സാബിയർ ഗോമസ് ഗാർസിയ സംസാരിച്ചു. തുടർന്ന്, മഠാധിപതി, പാപ്പായെ സ്വാഗതം ചെയ്തു  കൊണ്ട് സംസാരിച്ചു. പാപ്പായുടെ സന്ദർശനം ഏവരെയും  വിശ്വാസത്തിൽ ഉറപ്പിക്കുകയും, ആയിരം വർഷം പഴക്കമുള്ള ഈ ആരാധനാലയത്തിന്റെയും ആശ്രമത്തിന്റെയും പ്രാധാന്യം സ്ഥിരീകരിക്കുകയും ചെയ്യുന്നുവെന്നു അദ്ദേഹം എടുത്തു പറഞ്ഞു. മനുഷ്യൻ സ്വയം കണ്ടെത്തുകയും സമാധാനത്തിന്റെ ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് സ്വയം സമർപ്പിക്കുകയും ചെയ്യുന്ന ഒരു ഇടമാണ് ഈ തീർത്ഥാടന ദേവാലയവും ആശ്രമവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  തുടർന്ന് ജപമാല പ്രാർത്ഥന ആരംഭിച്ചു. സമാപന പ്രാർത്ഥനയ്ക്ക് ശേഷം, പാപ്പാ തന്റെ സന്ദേശം ആരംഭിച്ചു,

പാപ്പായുടെ സന്ദേശത്തിനു ശേഷം, അദ്ദേഹം ഏവർക്കും തന്റെ ആശീർവാദം നൽകുകയും. പരിശുദ്ധ രാജ്ഞി എന്ന ഗീതം ഏവരും ചേർന്ന് ആലപിക്കുകയും ചെയ്തു. പ്രാർത്ഥനയ്ക്ക് ശേഷവും പാപ്പാ അല്പസമയം ദേവാലയത്തിൽ ധ്യാനത്തിൽ ആയിരിക്കുകയും തുടർന്ന്, ആശ്രമത്തിന്റെ ബാൽക്കണിയിൽ എത്തി, വിശ്വാസികളെ അഭിവാദ്യം ചെയ്തു.

തുടർന്ന് മധ്യാഹ്ന ഭക്ഷണം, ആശ്രമത്തിലെ ബെനഡിക്ടൈൻ സന്യാസികൾക്കൊപ്പം കഴിക്കുകയും, അന്തേവാസികളെ വ്യക്തിപരമായി അഭിവാദ്യം ചെയ്യുകയും ചെയ്തു. ഉപചാര പുസ്തകത്തിൽ പാപ്പാ ഇപ്രകാരം എഴുതി: "“മോൺസെറാത്തിലെ പരിശുദ്ധ മാതാവിന്റെ (Mare de Déu de Montserrat) തിരുവടികളിൽ ഞാൻ എന്റെ പത്രോസിന്റെ ശുശ്രൂഷ  സമർപ്പിക്കുന്നു. അവളുടെ മാതൃസ്നേഹപൂർവ്വമായ മധ്യസ്ഥപ്രാർത്ഥന മുഴുവൻ സഭയെയും സംരക്ഷിക്കട്ടെ."

കാരിത്താസ് സംഘടനകളുടെയും, കാരുണ്യ പ്രവർത്തകരുടെയും സമ്മേളനം

തുടർന്ന് പാപ്പാ, ബാഴ്‌സലോണയിലെ വിവിധ രൂപതകളിലെ കാരിത്താസ് സംഘടനകളുടെയും, കാരുണ്യ പ്രവർത്തകരുടെയും സമ്മേളനത്തിനായി, ആശ്രമത്തിൽ നിന്നും ഏകദേശം 60 കിലോമീറ്ററുകൾ അകലെയുള്ള, റാവൽ ജില്ലയിലുള്ള, സെന്റ് അഗസ്റ്റി ദേവാലയത്തിലേക്ക് കാറിൽ യാത്രയായി. വിശുദ്ധ അഗസ്റ്റിയുടെ മുൻ കോൺവെന്റിന്റെ സ്ഥലത്ത് സ്ഥാപിച്ച ഈ ദേവാലയം, സാമൂഹിക ബന്ധം കാരണം "ദരിദ്രരുടെ കത്തീഡ്രൽ" എന്നും അറിയപ്പെടുന്നു. ദാരിദ്ര്യം, കുടിയേറ്റം, സാമൂഹിക ബഹിഷ്കരണം എന്നിവ അടയാളപ്പെടുത്തിയ ഒരു ഇടമാണ് എൽ റാവൽ പ്രവിശ്യ. ലാറ്റിനമേരിക്ക, ഫിലിപ്പീൻസ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ധാരാളം, ആളുകളാണ്, കുടിയേറ്റക്കാരായി ഇവിടെ എത്തിച്ചേർന്നത്.

ദേവാലയ കവാടത്തിൽ എത്തിച്ചേർന്ന പാപ്പായെ, ബാഴ്സലോണ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ഹുവാൻ ഹൊസേ ഒമേയ്യ ഒമേയ്യയും, വികാരി ഫൗസ്റ്റീൻ ജോൺ മെൽവയും ചേർന്ന് സ്വീകരിച്ചു. വിശുദ്ധ കുരിശു ചുംബിക്കുകയും, വിശുദ്ധ ജലം വിശ്വാസികളുടെ മേൽ തളിക്കുകയും ചെയ്ത ശേഷം, പാപ്പാ ദേവാലയത്തിലേക്ക് പ്രവേശിച്ചു.  കർദ്ദിനാൾ ഹുവാൻ ഹൊസേ പാപ്പായ്ക്ക് സ്വാഗതം ആശംസിച്ചു. തുടർന്ന്, കാരിത്താസ് സംഘടനയുടെ രൂപതാ ജനറൽ സെക്രട്ടറി ക്രിസ്‌തീന തന്റെ സാക്ഷ്യം പങ്കുവച്ചു. "കൂടുതൽ നീതിയുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും അവന്റെ രാജ്യം കൂടുതൽ ദൃശ്യമാക്കുന്നതിനും കർത്താവ് നമുക്ക് നൽകിയ സ്നേഹത്തിന്റെ കൽപ്പന നാം ജീവിക്കുന്നുണ്ടോ എന്ന് നാം സ്വയം ചോദിക്കണമെന്നു ക്രിസ്‌തീന പറഞ്ഞു.

ശേഷം, ആസക്തി എന്ന വിഷയത്തെ കുറിച്ചും,  സ്ത്രീകളുടെ കടത്ത് വിഷയത്തെക്കുറിച്ചും ഏതാനും ചില സാക്ഷ്യങ്ങളും പങ്കുവച്ചു. തുടർന്ന്, റെൻസോ എന്ന ബാലന്റെ ചില ചോദ്യങ്ങൾക്കും പാപ്പാ മറുപടി നൽകിക്കൊണ്ട്, സന്ദേശം പങ്കുവച്ചു. സമ്മേളനത്തിന്റെ അവസാനം പാപ്പാ, വിവിധ കാരുണ്യപ്രവർത്തനങ്ങളുടെ അംഗങ്ങളെ പ്രത്യേകം അഭിവാദ്യം ചെയ്തു. തുടർന്ന്, ആർച്ചുബിഷപ്പിന്റെ ഭവനത്തിലേക്ക് പാപ്പാ യാത്രയായി.

സഗ്രാദ ഫാമിലിയ ബസിലിക്ക

തുടർന്ന്, പ്രാദേശിക സമയം വൈകുന്നേരം, വിശ്വപ്രസിദ്ധമായ, സഗ്രാദാ ഫമില്യ ദേവാലയത്തിലേക്ക് വിശുദ്ധ ബലി അർപ്പിക്കുന്നതിനായി കടന്നുചെന്നു. സ്പെയിനിലെ ബാർസലോണ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഈ ദേവാലയം യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ളതാണ്.  2010ൽ ബെനെഡിക്ട് പതിനാറാമൻ പാപ്പാ ഈ ദേവാലയത്തെ ചെറിയ  ബസിലിക്കയായി(Minor basilica) പ്രഖ്യാപിച്ചിരുന്നു. പ്രശസ്ത വാസ്തുശില്പി ആന്റണി ഗൗഡിയാണ് ഇത് രൂപകല്പന ചെയ്തത്. 1883ൽ ബസിലിക്കയുടെ നിർമ്മാണം ആരംഭിച്ചുവെങ്കിലും, 2010 ആയപ്പോഴാണ് നിർമ്മാണം പകുതിയോളം പൂർത്തിയായത്.

പരിശുദ്ധ പിതാവിന്റെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിനും, ‘ടവർ ഓഫ് ജീസസ് ക്രൈസ്റ്റ്’  എന്ന 172.5 മീറ്റർ ഉയരമുള്ള ഗോപുരം ഉദ്‌ഘാടനം ചെയ്യുന്നതിന് സാക്ഷ്യം വഹിക്കുവാനും,  ഒരു ലക്ഷത്തിയിരുപതിനായിരത്തിനു മുകളിൽ മുകളിൽ ആളുകളാണ് എത്തിച്ചേർന്നത്.സഗ്രാദാ ഫമീലിയ പള്ളി രൂപകൽപന ചെയ്ത ശിൽപി അന്റോണി ഗൗഡിയുടെ നൂറാം ചരമവാർഷികത്തിലായിരുന്നു ചടങ്ങുകൾ നടത്തിയത്.

ആരെയും അതിശയിപ്പിക്കുന്ന തരത്തിലുള്ള വിവിധ വാസ്തുകലാശൈലികളുടെ സമ്മിശ്രരൂപമാണ് സഗ്രാദാ ഫമില്യ. ഈ ദേവാലയ സമുച്ചയം 18 മണിഗോപുരങ്ങളെ ഉൾക്കൊള്ളുന്നു. ഇതിൽ 12എണ്ണം ക്രിസ്തുവിന്റെ ശിഷ്യന്മാരേയും, 4 എണ്ണം സുവിശേഷകരേയും, ഒന്ന് കന്യാമറിയത്തെയും, ഏറ്റവും വലുത് ക്രിസ്തുവിനെയും  പ്രതിനിധാനം ചെയ്യുന്നു.

ബസിലിക്കയുടെ മുൻപിൽ എത്തിച്ചേർന്ന പാപ്പായെ, സ്‌പെയിൻ രാജാവ്, ഫിലിപ്പ് ആറാമൻ സ്വീകരിക്കുകയും, തുടർന്നു, ശില്പിയായ അന്തോണിയോ ഗൗഡിയുടെ കല്ലറയിലേക്ക് ആനയിക്കുകയും ചെയ്തു. തുടർന്ന്, സങ്കീർത്തിയിൽ എത്തുകയും, തുടർന്ന് വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു.

വിശുദ്ധ യോഹന്നാന്റെ സുവിശേഷം, എട്ടാം അദ്ധ്യായം 21 മുതൽ 30 വരെയുള്ള തിരുവചനത്തെ ആധാരമാക്കി, വിശുദ്ധ ബലി  മദ്ധ്യേ പാപ്പാ വചന സന്ദേശം നൽകി.

ദിവ്യബലിയുടെ അവസാനം, ബാഴ്‌സലോണയിലെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ്, ഹുവാൻ ഹൊസേ ഒമേയ്യ ഒമേയ്യ ലിയോ പതിനാലാമൻ പാപ്പായുടെ സന്ദർശനത്തിന് നന്ദി പറഞ്ഞു. "അദ്ദേഹത്തിന്റെ സാന്നിധ്യം, പ്രവൃത്തികൾ , വാക്കുകൾ എന്നിവ തീർച്ചയായും നമ്മുടെ ഹൃദയങ്ങളിൽ വിതയ്ക്കപ്പെട്ടിരിക്കുന്ന ഒരു നല്ല വിത്താണ്" എന്ന് അദ്ദേഹം പറഞ്ഞു. സഭ അനുഭവിക്കുന്ന ദുഷ്‌കരമായ സമയങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, "നാശത്തിന്റെ പ്രവാചകന്മാരാകാനല്ല, മറിച്ച് പ്രത്യാശയുടെ വിതയ്ക്കുന്നവരാകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന്" കർദ്ദിനാൾ ഊന്നിപ്പറഞ്ഞു.

തുടർന്ന്, മെഡിറ്ററേനിയൻ കടലിനെ അഭിമുഖീകരിക്കുന്ന ഒരു പ്രകാശ ഗോപുരം പോലെ, യേശുവിന്റെ നാമത്തിലുള്ള ഒരു ഗോപുരം പാപ്പാ ഉദ്‌ഘാടനം ചെയ്തു. ഗോപുരത്തിന്റെ രൂപകൽപ്പന പാപ്പായ്ക്ക് വിശദീകരിച്ചു കൊടുത്തത്, അന്ധയായ ഒരു കൊച്ചു പെൺകുട്ടിയായിരുന്നു. വാലന്റീന എന്ന ആ പെൺകുട്ടി, ഗോപുരത്തിന്റെ ഒരു മാതൃകയിൽ സ്പർശിക്കുമ്പോൾ തനിക്കുണ്ടായ വികാരങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പാപ്പായ്ക്ക് വിശദീകരിച്ചു നൽകിയത്. "നീ മാത്രം പരിശുദ്ധൻ, നീ മാത്രം കർത്താവ് , നീ മാത്രം അത്യുന്നതൻ" എന്നത് ലത്തീൻ ഭാഷയിൽ ഗോപുരത്തിൽ ആലേഖനം ചെയ്യ്തിരിക്കുന്നു.

"സാഗ്രദ  ഫമിലിയയിലെ ഈ ബസിലിക്കയെ കിരീടമണിയിക്കുന്ന രക്ഷകന്റെ  കുരിശിലേക്ക് നിങ്ങളുടെ മക്കൾ  അവരുടെ നോട്ടം തിരിച്ച്, രക്ഷയുടെ ഫലങ്ങൾ സ്വീകരിക്കുകയും ജീവിതത്തിന്റെ ഈ പ്രഭാതത്തിൽ നിന്ന് വന്ന സന്തോഷത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യട്ടെ." എന്ന വാക്കുകളോടെയാണ് പാപ്പാ ഗോപുരം ഉദ്‌ഘാടനം ചെയ്തത്.

തുടർന്ന് ആർച്ചുബിഷപ്പിന്റെ ഭവനത്തിലേക്ക് മടങ്ങിയ പാപ്പാ, അത്താഴം കഴിച്ചു വിശ്രമിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

11 ജൂൺ 2026, 14:42