തിരയുക

എഴുത്തുകാർക്കൊപ്പം പാപ്പാ എഴുത്തുകാർക്കൊപ്പം പാപ്പാ   (@Vatican Media)

എഴുത്ത്, സത്യത്തിന്റെയും മാനവികതയുടെയും വെളിപ്പെടുത്തലാണ്: പാപ്പാ

വത്തിക്കാൻ പ്രസാധകശാലയുടെ ശതാബ്ദി ആഘോഷങ്ങളിൽ, വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള എഴുത്തുകാരുമായി ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തുകയും, അവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വത്തിക്കാൻ പ്രസാധകശാലയുടെ  നൂറാം വാർഷികത്തോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരെ ലിയോ പതിനാലാമൻ പാപ്പാ  വത്തിക്കാനിൽ സ്വീകരിച്ചു, അവരുമായി കൂടിക്കാഴ്ച്ച നടത്തി. എഴുത്ത് എന്നത് കേവലം വാക്കുകളുടെ വിന്യാസമല്ല, മറിച്ച് സത്യത്തിന്റെയും മാനവികതയുടെയും ദൈവികതയുടെയും വെളിപ്പെടുത്തലാണെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ  ഓർമ്മിപ്പിച്ചു.

1926-ൽ സ്ഥാപിതമായ വത്തിക്കാൻ പ്രസാധകശാലയുടെ ശതാബ്ദി വേളയിൽ, എഴുത്തുകാർ സമൂഹത്തിന് നൽകുന്ന മാതൃകാപരമായ സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

സത്യം എന്നത് സംരക്ഷിക്കപ്പെടേണ്ട ഒരു ഭൂപ്രദേശമല്ല, മറിച്ച് എല്ലാവരുമായി പങ്കുവെക്കപ്പെടേണ്ട നന്മയാണെന്ന് പാപ്പാ  പറഞ്ഞു. "നാം ആഗ്രഹിക്കുന്ന ലോകത്തെയും നാം സ്വപ്നം കാണുന്ന ഭാവിയെയും വെളിപ്പെടുത്തുന്ന സത്യത്തിന്റെ പ്രവൃത്തിയാണ് എഴുത്ത്. സത്യത്തിന്റെ യജമാനന്മാരല്ല നമ്മൾ, മറിച്ച് സത്യത്താൽ കീഴടക്കപ്പെടേണ്ടവരാണെന്നും," അദ്ദേഹം കൂട്ടിച്ചേർത്തു.

മനുഷ്യാനുഭവങ്ങളുടെ പൂർണ്ണരൂപമാണ് സാഹിത്യമെന്ന് പാപ്പാ  നിരീക്ഷിച്ചു. മറ്റൊരാളുടെ കണ്ണിലൂടെ ലോകത്തെ കാണാൻ സാഹിത്യം നമ്മെ സഹായിക്കുന്നുവെന്നു അദ്ദേഹം എടുത്തു പറഞ്ഞു. ഫ്രാൻസിസ് പാപ്പായുടെ  വാക്കുകളെ ഉദ്ധരിച്ചുകൊണ്ട്, വായന മനുഷ്യത്വത്തെ വിശാലമാക്കുമെന്നും സഹാനുഭൂതിയും കാരുണ്യവും വളർത്താൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാർ തങ്ങളുടെ കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കുമ്പോൾ, വായനക്കാരും ആ ജീവിതങ്ങളിലൂടെ  ജീവിക്കുകയാണെന്നും ഇത് വ്യത്യസ്ത കാഴ്ചപ്പാടുകളെ ബഹുമാനിക്കാൻ ഏവരെയും പഠിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മനുഷ്യന്റെ ആഴത്തിലുള്ള കഥകളിൽ ദൈവം വെളിപ്പെടുന്നുവെന്ന് പാപ്പാ സന്ദേശത്തിൽ  പറഞ്ഞു. അടിമത്തത്തിൽ നിന്നുള്ള മോചനം, സ്നേഹം, പ്രതീക്ഷ എന്നിവയിലൂടെ ബൈബിളിൽ  ദൈവം സംസാരിക്കുന്നത് പോലെ, സമകാലിക മനുഷ്യാനുഭവങ്ങളിലും ദൈവത്തിന്റെ ഇടപെടലുകൾ ദർശിക്കാനാകുമെന്നു പാപ്പാ ചൂണ്ടിക്കാട്ടി.  "സഭയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്" എന്ന വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ  വാക്കുകൾ ആവർത്തിച്ചുകൊണ്ട്, ലോകത്ത് സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും ഇടങ്ങൾ സൃഷ്ടിക്കാൻ എഴുത്തുകാരുടെ സർഗ്ഗാത്മകത അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും വിത്തുകൾ പാകുന്ന എഴുത്തുകാരുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച പാപ്പാ, അവർക്കും അവരുടെ കുടുംബങ്ങൾക്കും ദൈവാനുഗ്രഹം നേർന്നുകൊണ്ടാണ് സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

24 ജൂൺ 2026, 14:32