തിരയുക

"കണ്ണുകളുയർത്തി നോക്കുവിൻ" സ്പാനിഷ് ജനതയെ ആഹ്വാനം ചെയ്തുകൊണ്ട് പാപ്പായുടെ സന്ദർശനം

ലിയോ പതിനാലാമൻ പാപ്പായുടെ നാലാമത് അപ്പസ്തോലിക യാത്ര, ജൂൺ മാസം ആറാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെ, സ്‌പെയിനിലേക്ക് നടത്തുന്നു. "കണ്ണുകളുയർത്തി നോക്കുവിൻ" എന്ന യോഹന്നാന്റെ സുവിശേഷത്തിലെ യേശുവിന്റെ വചനമാണ് യാത്രയുടെ മുദ്രാവാക്യം. സ്പെയിനിലേക്കുള്ള യാത്രയുടെയും, തുടർന്ന് ആറാം തീയതി മധ്യാഹ്‌നം വരെയുള്ള പരിപാടികളുടെയും സംക്ഷിപ്ത വിവരണം.
ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ലിയോ പതിനാലാമൻ പാപ്പായുടെ നാലാമത് അപ്പസ്തോലിക യാത്രയ്ക്ക് വേദിയാകുന്നത്,യൂറോപ്യൻ രാജ്യമായ സ്പെയിനാണ്. ജൂൺ മാസം ആറാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെ നീണ്ടുനില്ക്കുന്ന, പാപ്പായുടെ ഈ യാത്രയിൽ മൂന്നു സ്ഥലങ്ങളാണ് പ്രധാനമായും, സംഗമങ്ങൾക്കും, ആരാധന ക്രമ  ആഘോഷങ്ങൾക്കും, സന്ദർശനങ്ങൾക്കും വേദിയാകുന്നത്: മാഡ്രിഡ്, ബാഴ്സലോണ, കാനറി ദ്വീപുകൾ എന്നിവയാണവ. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ നിർണ്ണായകമായ പങ്കുവഹിച്ച ഒരു രാജ്യമെന്ന നിലയിൽ, സ്പെയിനിലേക്കുള്ള പാപ്പായുടെ യാത്ര ഏറെ പ്രധാനപ്പെട്ടതാണ്.

കത്തോലിക്കാ വിശ്വാസത്തിന്റെ സംരക്ഷണത്തിലും വ്യാപനത്തിലും സ്പെയിൻ നിർണായക പങ്കുവഹിച്ചുവെന്നത് നിസംശയം ആർക്കും പറയാവുന്നതാണ്. 1492-ൽ ഗ്രനാഡയുടെ വീണ്ടെടുപ്പോടെ ക്രൈസ്തവ ഭരണകൂടം മുഴുവൻ രാജ്യത്തും ശക്തിപ്പെട്ടു. സ്പാനിഷ് ഭരണാധികാരികൾ കത്തോലിക്കാ വിശ്വാസത്തെ ദേശീയ ഐക്യത്തിന്റെ അടിസ്ഥാനമായി വളർത്തി. അവരുടെ ഭരണകാലത്ത് ദേവാലയങ്ങൾ, ആശ്രമങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ രാജ്യത്തിൽ ഉടനീളം വ്യാപകമായി വികസിച്ചു. സ്പെയിനിൽ നിന്നുള്ള മിഷനറിമാർ യൂറോപ്പിന് പുറത്തുള്ള അമേരിക്ക, ഏഷ്യ, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലേക്ക് യാത്രചെയ്ത് ക്രൈസ്തവ സന്ദേശം പ്രചരിപ്പിച്ചു. പ്രത്യേകിച്ച് ഇഗ്‌നേഷ്യസ്  ഓഫ് ലയോള  സ്ഥാപിച്ച ഈശോ സഭ  ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ-മിഷൻ പ്രവർത്തനങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയതും,  ആവിലയിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ  ആത്മീയ നവീകരണവും, ധ്യാനപരമായ ജീവിതരീതിയും എല്ലാം സ്‌പെയിനിന്റെ കത്തോലിക്കാ മാതൃകയെ ലോകത്തിനു എടുത്തു കാണിക്കുന്നു. സ്പെയിനിലെ മഹത്തായ കത്തീഡ്രലുകളും ദേവാലയങ്ങളും രാജ്യത്തിന്റെ ആഴത്തിലുള്ള മതവിശ്വാസത്തിന്റെയും കലാപാരമ്പര്യത്തിന്റെയും തെളിവുകളാണ്. വിശുദ്ധ യാക്കോബിന്റെ തീർത്ഥാടന കേന്ദ്രമായ സാന്തിയാഗോ ദി കൊമ്പോസ്തെല്ല  ലോകത്തിലെ ഏറ്റവും പ്രശസ്തമായ ക്രൈസ്തവ തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നാണ്. മധ്യകാലഘട്ടം മുതൽ സ്പെയിൻ കത്തോലിക്കാ സംസ്കാരത്തിന്റെയും ദൈവശാസ്ത്ര പഠനങ്ങളുടെയും പ്രധാന കേന്ദ്രമായി നിലകൊണ്ടു. 

സ്പാനിഷ് ഭാഷയും സംസ്കാരവും വഴി കത്തോലിക്കാ വിശ്വാസം നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചു. കല, സംഗീതം, സാഹിത്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ കത്തോലിക്കാ മൂല്യങ്ങൾ സ്പാനിഷ് സമൂഹത്തെ ആഴത്തിൽ സ്വാധീനിച്ചു. ഇന്ന് പോലും സ്പെയിന്റെ മതപൈതൃകവും ചരിത്രപ്രാധാന്യവും ലോകമെമ്പാടുമുള്ള വിശ്വാസികളെയും ഗവേഷകരെയും ആകർഷിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ സ്പെയിൻ ഒരു വിശിഷ്ട സ്ഥാനമുള്ള രാജ്യമായി അംഗീകരിക്കപ്പെടുന്നു. ചരിത്രത്തിന്റെ ഈ കത്തോലിക്കാ വിശ്വാസത്തെ ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുക എന്നതാണ്  പാപ്പായുടെ സന്ദർശനത്തിന്റ ലക്‌ഷ്യം. 

സ്‌പെയിനിൽ പരിശുദ്ധ പിതാക്കന്മാർ

ലിയോ പതിനാലാമൻ പാപ്പായുടെ സ്പെയിനിലേക്കുള്ള സന്ദർശനം, ഇതിനു മുൻപ്, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെയും, ബെനഡിക്ട് പതിനാറാമൻ പാപ്പായുടെയും  സന്ദർശനം ആത്മീയമായി സൃഷ്ടിച്ച ഫലങ്ങൾ ഊട്ടിയുറപ്പിക്കുവാനും, മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിൽ കർത്താവിന്റെ സന്ദേശം, കൂടുതൽ ശക്തമായി പ്രഘോഷിക്കുവാൻ വേണ്ടിയുമാണ്. 1982, 1984, 1989, 1993, 2003 എന്നിങ്ങനെ അഞ്ചു തവണയാണ്, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ സ്‌പെയിൻ സന്ദർശിച്ചിട്ടുള്ളത്. 2006, 2010, 2011 വർങ്ങളിലാണ് ബെനഡിക്ട് പതിനാറാമൻ പാപ്പാ സ്‌പെയിൻ സന്ദർശനം നടത്തിയിട്ടുള്ളത്. ചരിത്രത്തിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ള ഈ രണ്ടു പരിശുദ്ധ പിതാക്കന്മാർക്ക് ശേഷം, സ്‌പെയിനിന്റെ മണ്ണിലേക്ക്, ലിയോ പതിനാലാമൻ പാപ്പാ കടന്നു ചെല്ലുമ്പോൾ, കഴിഞ്ഞ മെയ് മാസം ഇരുപത്തിയാറാം തീയതി, സ്‌പെയിൻ സർക്കാർ പാപ്പായുടെ ഈ സന്ദർശനം ഒരു “വ്യത്യസ്തവും, പൊതുഹിതപരമായ പ്രത്യേക താത്പര്യമുള്ള സംഭവമായി” പ്രഖ്യാപിച്ചുകൊണ്ട്, ഒരു രാജകീയ ഡിക്രി-നിയമം പുറത്തിറക്കിയത് ഏറെ പ്രാധാന്യം അർഹിക്കുന്നു.

യാത്രയുടെ ചിഹ്നവും, മുദ്രാവാക്യവും

സ്‌പെയിൻ സന്ദർശത്തിന്റെ ആത്മാവിനെ മനസ്സിലാക്കണമെങ്കിൽ, നമ്മെ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം, യാത്രയുടെ ഔദ്യോഗിക ചിഹ്നവും ആപ്തവാക്യവുമാണ്. തുറന്ന വൃത്തമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ലോഗോയിൽ, മനുഷ്യ രൂപങ്ങൾ ഒരുമിച്ച് ചേർന്ന് കൂട്ടായ്മയുടെ ഒരു ചിത്രം രൂപീകരിച്ചിരിക്കുന്നു. ഇത് കണ്ടുമുട്ടലുകളെയും, പരസ്പരമുള്ള പിന്തുണയേയും പ്രതിനിധീകരിക്കുന്നു. എന്നാൽ ഇത്, വെറുതെയുള്ള ഒരു കൂടിച്ചേരലല്ല, മറിച്ച്, ഒരു പൊതു ലക്ഷ്യത്തിലേക്ക് ഒരുമിച്ച് നടക്കുന്നതിനെ എടുത്തു കാണിക്കുന്നു.

മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രം, ഐക്യത്തിന്റെയും പ്രത്യാശയുടെയും അടയാളമായ ദൈവത്തിലേക്ക് നമ്മുടെ ദൃഷ്ടിയെ നയിക്കുന്നതും, ക്ഷണിക്കുന്നതുമായ ഒരു മാതൃസാന്നിധ്യത്തെ എടുത്തു കാണിക്കുന്നു. ഈ ചിഹ്നത്തിന് അർഥം നൽകുന്നതാണ്,  വിശുദ്ധ യോഹന്നാന്റെ സുവിശേഷം, നാലാം അധ്യായം, മുപ്പത്തിയഞ്ചാം തിരുവചനം,"കണ്ണുകളുയർത്തി നോക്കുവിൻ" എന്ന മുദ്രാവാക്യം. ദൈവസാന്നിധ്യം വീണ്ടും കണ്ടെത്താനും മറ്റുള്ളവർക്കായി സ്വയം തുറക്കാനും ദൈനംദിന ആകുലതകൾക്കപ്പുറം നമ്മുടെ ദൃഷ്ടികൾ ഉയർത്താനുമുള്ള ക്ഷണമാണ് ഈ വചനം നമുക്ക് നൽകുന്നത്. ഈ ഒരു സന്ദേശം പിതൃവാത്സല്യത്തോടെ സ്‌പെയിനിലെ മക്കൾക്ക് നൽകുന്നതിന് വേണ്ടിയാണ്, പരിശുദ്ധ പിതാവ് ഈ സന്ദർശനം നടത്തുന്നതും.

ആദ്യദിനം: റോമിൽ നിന്നും സ്പെയിനിലേക്ക്

ആറാം തീയതി രാവിലെ വത്തിക്കാനിലെ തന്റെ ഔദ്യോഗിക വസതിയിൽ നിന്നും കാർ മാർഗം, ഫ്യുമിച്ചിനോ വിമാനത്താവളത്തിൽ എത്തിച്ചേർന്ന പാപ്പാ, അവിടെനിന്ന് പ്രാദേശിക സമയം രാവിലെ 8.10 നു  യാത്രയാരംഭിച്ച് 1.490 കിലോമീറ്ററുകൾ ഏതാണ്ട് രണ്ടു  മണിക്കൂറുകൾ കൊണ്ട് താണ്ടി സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ എത്തിച്ചേർന്നു. വിമാനത്തിൽ വച്ച്, മാധ്യമപ്രവർത്തകരെയും, തന്നോടൊപ്പം യാത്ര ചെയ്യുന്നവരെയും പാപ്പാ അഭിവാദ്യം ചെയ്തു. ഇറ്റലി, ഫ്രാൻസ്, സ്‌പെയിൻ എന്നീ രാജ്യങ്ങൾക്ക് മുകളിലൂടെയാണ്, പാപ്പാ സഞ്ചരിച്ച ഇറ്റലിയുടെ ഇറ്റാ എയർവെയ്‌സ് യാത്ര ചെയ്തത്. യാത്രയിൽ താൻ കടന്നുപോകുന്ന രാജ്യങ്ങളുടെ തലവന്മാർക്ക് അഭിവാദ്യങ്ങൾ അറിയിച്ച് പാപ്പാ സന്ദേശങ്ങളയച്ചിരുന്നു. അഡോൾഫോ സുവാരസ് മാഡ്രിഡ് ബരാഹാസ് അന്താരാഷ്ട്ര  വിമാനത്താവളത്തിൽ എത്തിച്ചേർന്ന, പാപ്പായെ, അപ്പസ്തോലിക നൂൺഷ്യോയും, രാജ്യത്തെ പ്രോട്ടോക്കോൾ മേധാവിയും വിമാനത്തിൽ കയറി അഭിവാദ്യം ചെയ്‌തു. തുടർന്ന് വിമാനത്തിൽനിന്ന് ഇറങ്ങിയ പാപ്പായെ  സ്‌പെയിൻ രാജാവ്, ഫിലിപ്പ് ആറാമനും, രാജ്ഞി ലെത്തീത്സിയയും ചേർന്ന് സ്വീകരിച്ചു. പാരമ്പര്യവേഷം ധരിച്ച രണ്ടു കുട്ടികൾ പാപ്പായ്ക്ക് പൂക്കൾ സമ്മാനിച്ചു. തുടർന്ന് പാപ്പായ്ക്ക് സൈനികബഹുമതി നൽകപ്പെട്ടു.  

മാഡ്രിഡ് സ്‌പെയിനിന്റെ തലസ്ഥാനവും ഏറ്റവും ജനസാന്ദ്രമായ നഗരവുമാണ്, കൂടാതെ അതേ പേരിലുള്ള സ്വയംഭരണ പ്രദേശത്തിന്റെ ഭരണകേന്ദ്രവുമാണ്. ആധുനിക അടിസ്ഥാന സൗകര്യങ്ങൾ നിലനിൽക്കുന്നുവെങ്കിലും, നഗരത്തിലെ നിരവധി ചരിത്രപ്രാധാന്യമുള്ള തെരുവുകളും പഴയ പ്രദേശങ്ങളും അവരുടെ പരമ്പരാഗത രൂപം നിലനിർത്തുന്നു. നഗരത്തിന്റെ ചരിത്രം 865-ആം വർഷത്തിൽ ആരംഭിക്കുന്നു, അന്ന് എമീർ മുഹമ്മദ്  മാൻസാനാറസ് നദീതീരത്ത് മായ്രിറ്റ് എന്ന പേരിൽ ഒരു കോട്ട നിർമ്മിച്ചു. ഈ പ്രദേശം പിന്നീട് ക്രൈസ്തവ ഭരണത്തിലേക്ക് മാറി, കാസ്റ്റീലിയ രാജവംശത്തിൽ ഉൾപ്പെടുത്തി. സ്പെയിനിന്റെ തലസ്ഥാനമായി മാഡ്രിഡിനെ പ്രഖ്യാപിച്ചത് ഫിലിപ്പ് രണ്ടാമൻ ആയിരുന്നു, ഇത് നഗരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വർധിപ്പിച്ചു. 19-ആം നൂറ്റാണ്ടിൽ നാപോളിയോണിയൻ അധിനിവേശവും ആഭ്യന്തര കലാപങ്ങളും നഗരത്തെ ബാധിച്ചു. 20-ആം നൂറ്റാണ്ടിൽ നടന്ന സ്പാനിഷ് സിവിൽ വാർ (1936–1939) മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും ദുഷ്കരമായ ഘട്ടമായി മാറി. ഫ്രാങ്കോ ഭരണകാലത്തിനു ശേഷം, ജനാധിപത്യത്തിലേക്കുള്ള മാറ്റം നഗരത്തെ സാംസ്കാരികവും സാമ്പത്തികവുമായ പുതുയുഗത്തിലേക്ക് നയിച്ചു. ഇന്ന് ഫിലിപ്പ് ആറാമനാണ്, സ്‌പെയിനിന്റെ രാജാവ്.

തുടർന്ന് വാഹനത്തിൽ, മാഡ്രിഡിലെ രാജ കൊട്ടാരത്തിലേക്ക് പാപ്പാ യാത്രയായി. മാഡ്രിഡ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന സ്‌പെയിനിലെ ഏറ്റവും വലിയ രാജകൊട്ടാരവും രാജ്യത്തിന്റെ പ്രധാന ചരിത്രസ്മാരകങ്ങളിലൊന്നുമാണിത്. ഇറ്റാലിയൻ ശില്പകലയുടെ സ്വാധീനമുള്ള അതിമനോഹരമായ വാസ്തുവിദ്യയാണ് ഇതിന്റെ പ്രത്യേകത. ഇന്ന് സ്പാനിഷ് രാജകുടുംബം ഇവിടെ താമസിക്കുന്നില്ലെങ്കിലും ഔദ്യോഗിക ചടങ്ങുകൾക്കായി കൊട്ടാരം ഉപയോഗിക്കുന്നു.

കൊട്ടാരത്തിൽ എത്തിച്ചേർന്ന പാപ്പായെ, രാജാവ്, ഫിലിപ്പ് ആറാമനും, രാജ്ഞി ലെത്തീത്സിയയും ചേർന്ന് സ്വീകരിച്ചു. തുടർന്ന് സൈനിക ബഹുമതി. പാപ്പായെ ഔദ്യോഗികമായി സ്വീകരിക്കുന്നതിന്റെ ഭാഗമായി, ആചാര വെടി മുഴക്കുകയും, ദേശീയ ഗാനം ആലപിച്ചുകൊണ്ട്, പതാക വണക്കം നടത്തുകയും ചെയ്തു. തുടർന്ന് ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള പ്രതിനിധികൾ പരസ്പരം, പരിചയപ്പെടുത്തി. തുടർന്ന് പാപ്പായും രാജാവും, ഉപചാരസന്ദർശനത്തിനായി ഹാളിൽ പ്രവേശിക്കുകയും, സ്വകാര്യ കൂടിക്കാഴ്ച നടത്തുകയും, പരസ്പരം സമ്മാനങ്ങൾ കൈമാറുകയും, ഒരുമിച്ച് ഫോട്ടോയെടുക്കുകയും ചെയ്തു.

യൂറോപ്യൻ യൂണിയനിലും അന്താരാഷ്ട്ര ബന്ധങ്ങളിലും സ്‌പെയിന്റെ പ്രതിനിധിയായി വർത്തിക്കുന്ന ഫിലിപ് ആറാമൻ രാജാവ്, രാഷ്ട്രത്തിന്റെ ഔപചാരിക തലവനായി പ്രവർത്തിക്കുന്നു. സൈന്യത്തിന്റെ പരമാധികാര പ്രതിനിധിയായും ദേശീയ ഐക്യത്തിന്റെ പ്രതീകമായും  നിലകൊള്ളുന്ന ഫിലിപ്പ് ആറാമന്റെ കാലത്താണ്, ഭരണസുതാര്യതയും ആധുനികീകരണവും കൂടുതൽ ശക്തിപ്പെട്ടതെന്നതും ഏറെ പ്രധാനപ്പെട്ടതാണ്. മാർച്ച് 20 ന് വത്തിക്കാൻ അപ്പസ്തോലിക കൊട്ടാരത്തിൽ പാപ്പാ അദ്ദേഹത്തെ ഭാര്യയോടൊപ്പം സ്വീകരിച്ചു. തദവസരത്തിൽ റോമിലെ മേരി മേജർ ബസലിക്കയുടെ പ്രോട്ടോ കാനൻ പദവി ഏറ്റെടുക്കുകയും ചെയ്തിരുന്നു. കത്തോലിക്കാ മതവിശ്വാസം പുലർത്തുന്ന സ്പെയിനിന്റെ രാജാവിന്, 1953 ഓഗസ്റ്റ് 5-ന് പന്ത്രണ്ടാം പിയൂസ് പാപ്പാ നൽകിയ ബൂള വഴി ലഭിച്ച പ്രത്യേക അധികാരമാണ്, മേരി മേജർ ബസലിക്കയുടെ പ്രോട്ടോ കാനൻ പദവി.

തുടർന്ന്, രാജ്യത്തെ ഔദ്യോഗിക നേതൃത്വവും, പൊതുസമൂഹവും, വ്യവസായികളും, സ്പെയിനിലേക്കുള്ള  നയതന്ത്രജ്ഞരും ഉൾക്കൊള്ളുന്ന സമൂഹവുമായുള്ള കൂടിക്കാഴ്ചയ്ക്കായി പാപ്പാ സലോൺ ദെ കോലുംനാസിലേക്ക് കടന്നുചെന്നു. പാപ്പായെ ഔദ്യോഗികമായി സ്വാഗതം ചെയ്തു കൊണ്ടും, പാപ്പായുടെ സന്ദർശനത്തിൽ സ്‌പെയിൻ ജനതയുടെ സന്തോഷവും എടുത്തു പറഞ്ഞുകൊണ്ട്, രാജാവ്, ഫിലിപ്പ് ആറാമൻ സംസാരിച്ചു.  തുടർന്ന് പാപ്പാ തന്റെ പ്രഥമ സന്ദേശം നൽകി.

കൂടിക്കാഴ്ചയ്ക്കു ശേഷം, പാപ്പാ, അപ്പസ്തോലിക നൂൺഷ്യോയുടെ ഭവനത്തിലേക്ക് മടങ്ങുകയും, ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

06 ജൂൺ 2026, 14:24