സ്നേഹം ഫലം പുറപ്പെടുവിക്കുന്നത് സ്വയം ദാനം ചെയ്യുന്നതിലൂടെയാണ്: പാപ്പാ

2026 ജൂൺ മാസം ഇരുപത്തിയെട്ടാം തീയതി ഞായറാഴ്‌ച്ച, വിശ്വാസികളുടെ സാന്നിദ്ധ്യത്തിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാൻ ചത്വരത്തിൽ ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിൽ പങ്കുവച്ച ചിന്തകളുടെ മലയാള പരിഭാഷ.
പാപ്പായുടെ സന്ദേശം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ,  വത്തിക്കാൻ സിറ്റി

സഹോദരീ സഹോദരന്മാരേ,  ശുഭ ഞായർ!

ഇന്നത്തെ സുവിശേഷത്തിലും (മത്തായി 10:37-42), യേശുവിനെ അനുഗമിക്കുന്നതിനെക്കുറിച്ചും അവന്റെ രാജ്യത്തിന് സാക്ഷികളാകുന്നതിനെക്കുറിച്ചുമുള്ള ചില ഉദ്ബോധനങ്ങൾ നാം ശ്രവിക്കുന്നു. ഇത് ഏതെങ്കിലും ഒരു ബാഹ്യമായ പ്രവൃത്തിയല്ല, മറിച്ച് അവനുമായുള്ള സ്നേഹബന്ധത്തിൽ നമ്മെത്തന്നെ പൂർണ്ണമായും സമർപ്പിക്കുന്നതിനെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുക. ഫലം പുറപ്പെടുവിക്കാൻ, സ്നേഹത്തിന് മൂന്ന് കാര്യങ്ങൾ ആവശ്യമാണ്: ചില കാര്യങ്ങളിൽ നിന്നുമുള്ള അകലം പാലിക്കൽ, നഷ്ടപ്പെടുത്തൽ, സ്വീകരണം.

ഒന്നാമതായി, വേർപിരിയൽ. യേശു പറയുന്നു: «തന്റെ പിതാവിനെയോ മാതാവിനെയോ എന്നെക്കാൾ അധികം സ്നേഹിക്കുന്നവൻ എനിക്ക് യോഗ്യനല്ല; തന്റെ മകനെയോ മകളെയോ എന്നെക്കാൾ അധികം സ്നേഹിക്കുന്നവൻ എനിക്ക് യോഗ്യനല്ല» (വാക്യം 37). അപ്പോസ്തലന്മാരെ പ്രേഷിതദൗത്യത്തിനായി അയക്കുന്ന വേളയിൽ, അവർ എല്ലാവിധ തടസ്സങ്ങളിൽ നിന്നും സ്വതന്ത്രരായിരിക്കണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു. എന്നാൽ എല്ലാവരെയും സംബന്ധിച്ചിടത്തോളം, നമ്മുടെ ഏറ്റവും അടുത്ത സ്നേഹബന്ധങ്ങൾ പോലും അതിന്റെ പൂർണ്ണത കണ്ടെത്തുന്നത് ക്രിസ്തു നമുക്ക് നൽകുന്ന സ്നേഹത്തിലൂടെയാണ്. ഉദാഹരണത്തിന്, ദാമ്പത്യജീവിതം നോക്കുക: മാതാപിതാക്കളുടെ ഭവനം "ഉപേക്ഷിച്ചുകൊണ്ട്" (മത്തായി 19:6 ) മാത്രമേ വൈവാഹിക ബന്ധത്തിൽ പൂർണ്ണമായി ഉൾച്ചേരുവാൻ  ഒരാൾക്ക് കഴിയൂ. മക്കളുടെ വളർച്ചയെക്കുറിച്ചും ചിന്തിക്കുക: സ്വന്തം കാലിൽ നിൽക്കാനും സ്വന്തം തീരുമാനങ്ങൾ എടുക്കാനും അവരെ പഠിപ്പിക്കുന്നതിലൂടെയാണ് നാം അവരെ ജീവിതലക്ഷ്യങ്ങളിലേക്കും സന്തോഷത്തിലേക്കും നയിക്കുന്നത്. വിശുദ്ധ അഗസ്റ്റിൻ പറയുന്നു: "നീ സ്നേഹിക്കുന്ന ഒന്നിൽ നിന്നുള്ള വേർപിരിയൽ വേദനാജനകമാണ്. എന്നാൽ കൃഷിക്കാരൻ താൻ വിതയ്ക്കുന്ന വിത്തിനെ  താൽക്കാലികമായി നഷ്ടപ്പെടുത്തുന്നു". മണ്ണിൽ എറിയപ്പെട്ട ആ വിത്ത് "നഷ്ടമായാൽ" മാത്രമേ അത് തളിർക്കുന്നത് കാണാൻ സാധിക്കൂ.

ഈ അർത്ഥത്തിൽ, സ്നേഹം എന്നത് ഒരു നഷ്ടപ്പെടുത്തൽ കൂടിയാണ്. എന്തെങ്കിലും കൈവശം വെക്കാനും സ്വന്തമാക്കാനും ആഗ്രഹിക്കുകയും, നഷ്ടപ്പെടുന്നത് ഒരു ബലഹീനതയായും  കരുതുന്ന ഈ ലോകത്ത്, ഇത് മനസ്സിലാക്കാൻ നമുക്ക് പ്രയാസമായിരിക്കും. എന്നാൽ സ്നേഹം ഫലം പുറപ്പെടുവിക്കുന്നത് സ്വയം ദാനം ചെയ്യുന്നതിലൂടെയാണ്: മറ്റൊരാൾക്ക് ഇടം നൽകാൻ നമ്മുടെ 'അഹന്തയെ'  അല്പമെങ്കിലും വിട്ടുകൊടുക്കാൻ നാം തയ്യാറാകുമ്പോൾ, ഒരു സുഹൃത്തിനെ കേൾക്കാൻ സമയം കണ്ടെത്തുമ്പോൾ, പ്രയാസമനുഭവിക്കുന്നവരുമായി പങ്കുവെക്കാൻ നമ്മുടെ സുഖസൗകര്യങ്ങൾ ഉപേക്ഷിക്കുമ്പോൾ സ്നേഹത്തിന്റെ ഫലദായകത  പ്രകടമാകുന്നു. സ്വന്തം ജീവനെ തനിക്കായി മാത്രം മുറുകെ പിടിക്കുന്നവൻ അത് നഷ്ടപ്പെടുത്തുന്നു എന്നാണ് വചനം നമ്മോട് പറയുന്നത്. (വാക്യം 39 ), കാരണം അത് സ്നേഹത്തിന്റെ സന്തോഷത്തിലേക്ക് തുറക്കപ്പെടുന്നില്ല, പകരം വന്ധ്യമായിത്തീരുന്നു. അതിനാലാണ്  കുരിശ് വഹിക്കാൻ യേശു നമ്മെ ക്ഷണിക്കുന്നത്: അവൻ തന്നെത്തന്നെ അർപ്പിച്ചു, തന്നെത്തന്നെ നഷ്ടപ്പെടുത്തി, അങ്ങനെയാണ് നമുക്ക് അവന്റെ ജീവൻ സമൃദ്ധമായി ലഭിച്ചത്. അതുപോലെ, നാമും സമർപ്പണത്തിന്റെ  ശൈലിയിൽ ജീവിച്ചാൽ, നമ്മുടെ ബന്ധങ്ങളിൽ നവജീവൻ നൽകാൻ നമുക്കും സാധിക്കും.

അവസാനമായി, സ്വീകരണം. സ്നേഹം എന്നത് പ്രായോഗികമായ തീരുമാനങ്ങളിലും പ്രവൃത്തികളിലുമാണ് പ്രകടമാകുന്നത്. ദാഹിക്കുന്നവന് ഒരു ഗ്ലാസ് വെള്ളം നൽകുന്നത് പോലുള്ള ചെറിയ ദൈനംദിന പ്രവൃത്തികളിലൂടെയാണത് നടപ്പിലാക്കുക. (വാക്യം 42). ശിഷ്യന്മാരെ അയക്കുമ്പോൾ യാതൊരു മുൻകരുതലുകളും കൂടാതെ പോകാൻ യേശു ആവശ്യപ്പെടുന്നു; അതായത്, അവർക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമാണ്. ഈ രീതിയിലൂടെ മാത്രമേ അവർ പോകുന്നിടത്തു മനുഷ്യരിൽ  ഒരു 'സ്വീകരണ മനസ്സ്' ഉണർത്താൻ അവർക്ക് കഴിയൂ. അങ്ങനെ യേശുവിന്റെ നാമത്തിൽ വരുന്നവനെ സ്വീകരിക്കുന്നതിലൂടെ, യേശുവിനെയും അവനെ അയച്ച പിതാവിനെയുമാണ് നാം സ്വീകരിക്കുന്നത്. കർത്താവിനോടുള്ള സ്നേഹം എപ്പോഴും സഹോദരങ്ങളെ സ്വീകരിക്കുന്നതിലൂടെയാണ് പ്രവർത്തികമാകുക.

പ്രിയപ്പെട്ടവരേ, തന്റെ മകനെ നഷ്ടപ്പെടും എന്നറിഞ്ഞിട്ടും, അവനെ അധികമായി സ്നേഹിച്ച,  പരിശുദ്ധ കന്യകാമറിയത്തോട് നമുക്ക് പ്രാർത്ഥിക്കാം: ക്രിസ്തുവിന്റെ സ്നേഹത്തിന് വിനീതരും സന്തോഷമുള്ളവരുമായ സാക്ഷികളാകാൻ അമ്മ നമ്മെ സഹായിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

29 ജൂൺ 2026, 13:51