അപ്പസ്തോലന്മാരുടെ ദൗത്യം തുടരാൻ വിളിക്കപ്പെട്ടവരാണ് സഭ: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പ്രിയ സഹോദരന്മാരേ, സഹോദരിമാരെ, ശുഭകരമായ ഒരു ഞായറാഴ്ച
ഇന്നത്തെ സുവിശേഷം (മത്തായി 9: 36 – 10:8) നമുക്ക് വലിയൊരു സമ്മാനമാണ് നൽകുന്നത്. കാരണം, ഇത് കേൾക്കുന്ന ഏവരെയും യേശുവിന്റെ ആഴമേറിയ വീക്ഷണത്തിൽ പങ്കുചേരാൻ ക്ഷണിക്കുന്നു. കർത്താവ് എന്താണ് നിരീക്ഷിക്കുന്നതെന്നും അവിടുത്തെ നോട്ടം എത്രമാത്രം ശ്രദ്ധയുള്ളതാണെന്നും ഈ വചനം സാക്ഷ്യപ്പെടുത്തുന്നു. "യേശുവിന് അവരുടെമേല്‍ അനുകമ്പതോന്നി. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരുമായിരുന്നു." (വാക്യം 36) എന്ന് നാം വായിക്കുന്നു. നമ്മുടെ സഹോദരനായിത്തീർന്ന ദൈവപുത്രൻ മനുഷ്യകുലത്തെ നോക്കുന്നു: അടിച്ചമർത്തുന്ന പീഡനങ്ങളെയും, നമ്മിൽ നിന്നും ശക്തി കവർന്നെടുക്കുന്ന അക്രമങ്ങളെയും അവിടുന്ന് കാണുന്നു. യുദ്ധത്തിന്റെ മുറിവുകളും ഉപഭോഗസംസ്കാരത്തിന്റെ ശൂന്യതയും അവിടുന്ന് കാണുന്നു. വെറും പൊയ്മുഖങ്ങളായി മാറിയ മുഖങ്ങളെയും, തിന്മയാൽ തകർന്ന കുടുംബങ്ങളെയും, തെറ്റായ ആദർശങ്ങളാൽ വഞ്ചിക്കപ്പെട്ട യുവാക്കളെയും യേശു കാണുന്നു. യേശു ഇവയെല്ലാം കാണുകയും സ്നേഹിക്കുകയും ചെയ്യുന്നു. അവിടുന്ന് നമുക്കുവേണ്ടി, നമ്മോടൊപ്പം, സ്നേഹിക്കുകയും വേദന അനുഭവിക്കുകയും ചെയ്യുന്നു: അവിടുത്തെ അനുകമ്പ കേവലം ഒരു സഹോദരതുല്യമായ സാമീപ്യം മാത്രമല്ല, മറിച്ച് നമ്മെ വിമോചിപ്പിക്കാനുള്ള ഉറച്ച ആഗ്രഹവുമാണ്.
അവിടുന്ന് നമ്മുടെ ഹൃദയത്തെ അറിയുകയും അതിനെ പരിപാലിക്കുകയും ചെയ്യുന്നു. "ഇടയനില്ലാത്ത ആടുകളെപ്പോലെ" കഴിയുന്ന അനേകം മനുഷ്യരുടെ മുമ്പിൽ, ക്രിസ്തു ഒരു നല്ല ഇടയനെന്ന നിലയിൽ എല്ലാവർക്കുമായി സ്വയം സമർപ്പിക്കുകയും, വിളവെടുപ്പിന്റെ നാഥൻ എന്ന നിലയിൽ ലോകമാകുന്ന വയലിലേക്ക് വേലക്കാരെ അയക്കുന്നു (വാക്യം 38). അവർ ചെയ്യേണ്ട ജോലി എന്താണ്? കഷ്ടപ്പെടുന്നവർക്ക് ദൈവത്തിന്റെ ആശ്വാസം പകരുക: ദാരിദ്ര്യമുള്ളിടത്ത് സ്നേഹവും, പീഡനം ഉള്ളിടത്ത് പ്രത്യാശയും, അവിശ്വാസമുള്ളിടത്ത് വിശ്വാസവും എത്തിക്കുക.
ആദ്യത്തെ പന്ത്രണ്ട് "വേലക്കാരുടെ" പേരുകൾ സുവിശേഷം രേഖപ്പെടുത്തുന്നു: ശിഷ്യന്മാരായിരുന്ന അവർ, പിന്നീട് അപ്പോസ്തലന്മാരായി മാറി, അതായത് മിഷനറിമാരും സുവിശേഷ പ്രഘോഷകരും ആയി മാറി. അവരിൽ ആദ്യത്തെയാളായ ശിമയോൻ പത്രോസും, അവസാനത്തെയാളായ യൂദാസ് ഇസ്കറിയോത്തയുമുണ്ട്. യേശുവിനെ അനുഗമിക്കാനും അതേസമയം അവനെ ഒറ്റിക്കൊടുക്കാനും സാധിക്കുമെന്നും, എന്നാൽ സുവിശേഷം എല്ലാവർക്കും ജീവനുള്ളതും സത്യവുമായ വചനമായി നിലനിൽക്കുമെന്നും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. നൂറ്റാണ്ടുകളിലൂടെ കടന്നുപോകുന്ന ആ സുവിശേഷം ഇന്നും പഴയതുപോലെ തന്നെ യുവത്വമുള്ളതും, പുതുമയുള്ളതും, വിമോചനം നൽകുന്നതുമാണ്: "സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു" (മത്തായി 10:7)! അതെ, യേശുക്രിസ്തുവിലൂടെ ദൈവം ഓരോ പുരുഷനും സ്ത്രീക്കും, ഓരോ ജനതയ്ക്കും രാജ്യത്തിനും സമീപസ്ഥനായിരിക്കുന്നു. ഈ സുവിശേഷം പ്രഘോഷിക്കപ്പെടുകയും പ്രാവർത്തികമാക്കപ്പെടുകയും ചെയ്യുമ്പോൾ, സുഖപ്പെടുന്ന രോഗം പോലെയും, പുലരിക്ക് വഴിമാറുന്ന രാത്രി പോലെയും, ഉത്ഥിതനാൽ പരാജയപ്പെട്ട മരണം പോലെയും തിന്മ തകർന്നടിയുന്നു.
ഇത്തരത്തിലാണ് യേശുവിന്റെ നോട്ടം യാഥാർത്ഥ്യത്തെ രൂപാന്തരപ്പെടുത്തുന്നത്. സ്നേഹം നിറഞ്ഞ അവിടുത്തെ ഈ പ്രവർത്തനപദ്ധതി 'സഭ' എന്ന പുതിയൊരു ജനതയ്ക്ക് ജന്മം നൽകുന്നു. അപ്പോസ്തലന്മാരുടെ ദൗത്യം തുടരാൻ വിളിക്കപ്പെട്ടവരാണ് സഭ: "സൗജന്യമായി നിങ്ങൾക്ക് ലഭിച്ചു; സൗജന്യമായിത്തന്നെ കൊടുക്കുവിൻ" (വാക്യം 8). അതെ, യേശുവിന്റെ ദാനം തികച്ചും സൗജന്യമാണ്, കാരണം അതിന്റെ മൂല്യം എല്ലാ അളവുകൾക്കും അപ്പുറമാണ്. അത് അർഹിക്കാനോ 'വാങ്ങാനോ' സാധിക്കുകയില്ല. ദൈവത്തിന്റെ കാരുണ്യത്തിന്റെ മനോഹരമായ പേരാണ് ഈ കൃപ. നമ്മെ തന്നിലേക്ക് ചേർത്തുവയ്ക്കുവാൻ ഈ കൃപ എവിടെയും നമ്മെ തേടിയെത്തുന്നു. "അതിനാല്‍, തന്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്ക്കാന്‍ വിളവിന്റെ നാഥനോടു പ്രാര്‍ഥിക്കുവിന്‍." (മത്തായി 9:38).
പ്രിയപ്പെട്ടവരേ, സുവിശേഷവൽക്കരിക്കുക എന്ന ദൗത്യം ജനിക്കുന്നത് ദൈവത്തിന്റെ ദാനത്തിൽ നിന്നാണ്. ക്രിസ്തുവിലൂടെ ആ ദാനം ലോകത്തിന് പാപമോചനമായും, എളിയവർക്കും പാവപ്പെട്ടവർക്കുമുള്ള ശുശ്രൂഷയായും, നീതിക്കുവേണ്ടിയുള്ള പ്രതിബദ്ധതയായും മാറുന്നു. യേശു നമ്മെ ഏവരെയും ക്ഷണിക്കുന്ന ഈ ദൗത്യത്തോട് സന്തോഷത്തോടും ധൈര്യത്തോടും കൂടെ പ്രതികരിക്കാൻ കൃപാനിധിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ സഹായം നമുക്ക് തേടാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
