തിരയുക

ലിയോ പതിനാലാമൻ പാപ്പാ - ത്രികാലജപപ്രാർത്ഥനാവേളയിൽനിന്നുള്ള ഒരു ചിത്രം ലിയോ പതിനാലാമൻ പാപ്പാ - ത്രികാലജപപ്രാർത്ഥനാവേളയിൽനിന്നുള്ള ഒരു ചിത്രം  (ANSA)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളും നമ്മുടെ നിത്യരക്ഷയും: ലിയോ പതിനാലാമൻ പാപ്പായുടെ ഉദ്‌ബോധനം

2026 മെയ് 31 ഞായറാഴ്‌ച പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ദിനത്തിൽ, ഇരുപതിനായിരത്തോളം ആളുകളുടെ സാന്നിദ്ധ്യത്തിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിൽ പങ്കുവച്ച ചിന്തകളുടെ മലയാള പരിഭാഷ. ഈ തിരുനാളിന് നിത്യരക്ഷയുമായുള്ള ബന്ധത്തെ ഉയർത്തിക്കാട്ടുന്നതായിരുന്നു പാപ്പായുടെ പ്രഭാഷണം.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

രണ്ടായിരത്തിയിരുപത്തിയാറ് മെയ് മുപ്പത്തിയൊന്നാം തീയതി ഞായറാഴ്‌ച ഉച്ചയ്ക്ക് വത്തിക്കാനിൽ ഞായറാഴ്ചകളിൽ പതിവുള്ളതുപോലെ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ ത്രികാലജപപ്രാർത്ഥന നയിക്കുകയും ആളുകളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. ഏതാണ്ട് ഇരുപതിനായിരത്തോളം ആളുകൾ പാപ്പായെ കാണാനും പ്രാർത്ഥനയിൽ പങ്കെടുക്കാനും ആശീർവാദം സ്വീകരിക്കാനുമായി വിശുദ്ധ പത്രോസിന്റെ ചത്വരത്തിനകത്തും പരിസരങ്ങളിലുമായി നിലനിന്നിരുന്നു.

ഉച്ചയ്ക്ക് കൃത്യം പന്ത്രണ്ടുമണിക്ക്, ഇന്ത്യയിൽ വൈകുന്നേരം മൂന്നരയ്ക്ക് പരിശുദ്ധ പിതാവ് അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിലെത്തുകയും, ഏവരെയും അഭിസംബോധന ചെയ്തുകൊണ്ട് തന്റെ പ്രഭാഷണം നടത്തുകയും ചെയ്തു. പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളായിരുന്ന ഈ ഞായറാഴ്ചയിലെ സുവിശേഷവായനയായിരുന്ന, വിശുദ്ധ യോഹന്നാന്റെ സുവിശേഷം മൂന്നാം അദ്ധ്യായം പതിനാറുമുതൽ പതിനെട്ട് വരെയുള്ള തിരുവചനങ്ങൾ ആധാരമാക്കിയായിരുന്നു പരിശുദ്ധ പിതാവ് പ്രഭാഷണം നടത്തിയത്. ഈ വചനഭാഗം ഇപ്രകാരമായിരുന്നു:

യേശു നിക്കൊദേമോസിനോട് പറഞ്ഞു. "എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതന്റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു"  ഇറ്റാലിയൻ ഭാഷയിൽ പരിശുദ്ധപിതാ വ് നടത്തിയ പ്രഭാഷണം ഇപ്രകാരമായിരുന്നു:

പ്രിയ സഹോദരീസഹോദരന്മാരെ, ശുഭ ഞായർ!

ഒരാഴ്ച മുൻപ് ആഘോഷിച്ച പെന്തക്കൂസ്ത തിരുനാളോടെ പെസഹാക്കാലം അവസാനിച്ചു. നാമിന്ന് ത്രിത്വൈകരഹസ്യം ആഘോഷിക്കുമ്പോൾ, അതിന്റെ കേന്ദ്രത്തിൽനിന്ന്, അതായത്, യേശുക്രിസ്തുവിലൂടെ നമുക്ക് നൽകപ്പെട്ട ദൈവികജീവനെ കേന്ദ്രീകരിച്ച്, നാം നടത്തിയ വിശ്വാസയാത്രയെക്കുറിച്ച് പുനഃവിചിന്തനം നടത്താനുള്ള അവസരമാണ് ലഭിക്കുന്നത്. ഈ ദൈവികജീവൻ ചലനാത്മകവും, അക്ഷയവും, ഫലദായകവും, ഇന്ന് നമ്മെ ഉൾച്ചേർക്കുന്നതുമായ ഒരു കൂട്ടായ്മായാണ്. കൂട്ടായ്മയുടെ കൂദാശയായും, കണ്ടുമുട്ടലിന്റെയും സ്നേഹത്തിന്റെയും ജീവന്റെയും സ്ഥലവും, സ്വർഗ്ഗവും ഭൂമിയും കൂട്ടിമുട്ടുന്ന ഇടവുമായും, സഭ ലോകത്തിൽ രൂപമെടുക്കാൻ വേണ്ടി, പിതാവിനെയും പുത്രനെയും ബന്ധിപ്പിക്കുന്ന പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളിലേക്ക് വർഷിക്കപ്പെട്ടിരിക്കുന്നു.

ആരാധനാക്രമപ്രകാരമുള്ള ഇന്നത്തെ സുവിശേഷഭാഗം, ഇസ്രായേലിലെ ഒരു പ്രമുഖ  വ്യക്തിയായിരുന്ന നിക്കൊദേമോസിനെ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന് യേശുവിനോട് വലിയ ഒരു അടുപ്പം തോന്നിയിരുന്നു. ഈയൊരു നിഗൂഢ ഗുരുവിനെ കൂടുതൽ അറിയുവാനും, അദ്ദേഹത്തോട് ചില ചോദ്യങ്ങൾ ചോദിക്കുവാനുമുള്ള ആഗ്രഹത്താൽ, അവൻ അദ്ദേഹത്തെ കാണാനായി പോകുന്നു. മറ്റുള്ളവർ തന്നെ കാണാതിരിക്കാൻവേണ്ടി രാത്രിയിലാണ് അവൻ പോകുന്നത്. അവന് ആതിഥേയത്വം അനുവദിച്ചുകൊണ്ട് യേശു അവന്റെ അന്വേഷണത്തിന് പ്രാധാന്യം നൽകി.മുതിർന്ന ഒരുവനുപോലും വീണ്ടും ജനിക്കാൻ സാധിക്കുമെന്ന് സൂചിപ്പിച്ചുകൊണ്ട് അവനെ അത്ഭുതപ്പെടുത്തി: ദൈവികജീവൻ അവന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്തിയേക്കാമെന്ന് മനസ്സിലാക്കാൻ സഹായിച്ചു. യേശു നിക്കൊദേമോസിനോട് പരിശുദ്ധാത്മാവിനെക്കുറിച്ച് സംസാരിച്ചു, അവന്റെ അജ്ഞതയുടെ രാത്രിയെ, നമ്മുടെ എല്ലാ ദേവാലയങ്ങളിലും ഇന്നത്തെ തിരുനാളിൽ മുഴങ്ങിക്കേൾക്കുന്ന സത്യത്താൽ പ്രകാശിപ്പിച്ചു. "അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു" (16). വീണ്ടും, "ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ് (17).

പ്രിയപ്പെട്ടവരേ, നിക്കൊദേമോസ് യേശുവിനരികിൽ സന്തോഷ, സ്വാതന്ത്ര്യങ്ങളനുഭവിച്ചതുപോലെ, പിതാവും പുത്രനും പരിശുദ്ധാത്മാവുമടങ്ങുന്ന ദൈവീകരഹസ്യത്തിൽ നമ്മളും നമ്മുടെ സ്വന്തം ഭവനത്തിലാണെന്ന് മനസ്സിലാക്കാം. ദൈവികജീവൻ ഏറെ മനോഹരവും ഉൾച്ചേർക്കുന്നതുമാണ്, അത് പലപ്പോഴും അസ്വസ്ഥമായ നമ്മുടെ ഹൃദയങ്ങൾക്ക് സമാധാനം നൽകുന്നു, പരിശുദ്ധാത്മാവിന്റെ ആനന്ദത്തിൽ നമ്മെ സഹോദരീസഹോദരന്മാരുമായി ഒരുമിച്ചുചേർക്കുന്നു. പരിശുദ്ധ ത്രിത്വം എല്ലാത്തിനെയും എല്ലാവരെയും സ്നേഹിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഓരോ സൃഷ്ടിയും കൂട്ടായ്മയ്ക്കും, പരസ്പരബന്ധത്തിനും, കണ്ടുമുട്ടലിനുമായി സൃഷ്ടിക്കപ്പെട്ടതാണെന്ന് തിരിച്ചറിയാൻ നമുക്ക് സാധിക്കുന്നു. ഇതിന് വിപരീതമായി, ഭിന്നതകളും ധ്രുവീകരണങ്ങളും, വൈവിധ്യങ്ങളോടുള്ള പുശ്ചവും ലോകത്ത് നാശവും ദുഃഖവും ഊഷരതയുമാണ് കൊണ്ടുവരുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കും.

ഇസ്രായേൽ നേതാക്കളുടെ ഉപദേശകസമിതിയും "സൻഹെദ്രിൻ" എന്ന പേരുള്ളതുമായ "യഹൂദ സംഘത്തിൽ" അംഗമായിരുന്നു നിക്കൊദേമോസ്. ഈ സംഘത്തിൽ യേശുവിനെക്കുറിച്ച് നിന്ദാവാക്കുകൾ കേട്ടപ്പോൾ കുറ്റം വിധിക്കുന്നതിന് മുൻപ് യേശുവിനെ ശ്രവിക്കാൻ അവൻ അവരെല്ലാവരെയും ക്ഷണിച്ചു. ഹൃദയത്തെ പുതിയ സത്യത്തിലേക്കും, യഥാർത്ഥ പുതുമയിലേക്കും തുറക്കുന്ന കൂട്ടായ്മയുടെ ആത്മാവിനെ അവന് ക്രിസ്തുവിലൂടെ ലഭിച്ചിരുന്നു. ഈ ആത്മാവിനെ സ്വീകരിക്കാത്തവർ തങ്ങളുടെ പരാതികളിൽ വാർദ്ധക്യമടയുന്നു, ഒറ്റയ്ക്കാകുന്നു, അവരുടെ ആത്മാവിൽ ഒരിക്കലും സന്തോഷമുണ്ടാകുന്നില്ല. മറിച്ച് പ്രിയ സഹോദരീസഹോദരന്മാരെ, ആഘോഷത്തിരുനാളാണ് ഇന്ന് ദൈവത്തിന്റെ തിരുനാൾ നമ്മുടെയും തിരുനാളാണ്. ഇക്കാരണത്താലാണ് വിശുദ്ധ പൗലോസ് കോറിന്തോസുകാർക്കെഴുതുന്നത്: "സഹോദരരെ സന്തോഷിക്കുവിൻ, പൂർണ്ണത തേടുവിൻ, പരസ്പരം ധൈര്യം പകരുവിൻ, ഏകമനസ്കരായിരിക്കുവിൻ, സമാധാനത്തിൽ ജീവിക്കുവിൻ, സ്നേഹത്തിന്റെയും ശാന്തിയുടെയും ദൈവം നിങ്ങളോടുകൂടെയുണ്ടായിരിക്കും" (2 കൊറി. 13, 11).

നമുക്കിനി "കർത്താവിന്റെ മാലാഖ" എന്ന ത്രികാലജപ പ്രാർത്ഥനയോടെ പരിശുദ്ധ അമ്മയോട് അപേക്ഷിക്കാം. ദൈവഹിതത്തോടുള്ള അവളുടെ "അപ്രകാരം ഭവിക്കട്ടെ" എന്ന സമ്മതമേകലിൽ, പരിശുദ്ധ ത്രിത്വത്തിന്റെ സ്നേഹത്തോടുള്ള നമ്മുടെ "സമ്മതമേകലുകളും" പൂവണിയട്ടെ.

 

തന്റെ പ്രഭാഷണത്തിന് ശേഷം പാപ്പാ ലത്തീൻ ഭാഷയിൽ ത്രികാലജപപ്രാർത്ഥന നയിക്കുകയും പ്രാർത്ഥനയുടെ അവസാനം ഏവർക്കും ആശീർവാദം നൽകുകയും ചെയ്തു.

തന്റെ ഉദ്ബോധനപ്രഭാഷണത്തിനും, പ്രാർത്ഥനയ്ക്കും ആശീർവാദത്തിനും ശേഷം, വിശുദ്ധ പത്രോസിന്റെ ചത്വരത്തിലുണ്ടായിരുന്ന ഏവരെയും അഭിസംബോധന ചെയ്തുകൊണ്ട് പാപ്പാ ഇങ്ങനെ തുടർന്നു:

പ്രിയ സഹോദരീസഹോദരന്മാരെ,

ഈ മെയ് മാസത്തിൽ മുഴുവൻ സഭയിൽനിന്നും സമാധാനത്തിനായുള്ള പ്രാർത്ഥനകൾ ഏകകണ്ഠമായി ഉയർന്നിരുന്നു. പ്രത്യേകിച്ച്, മുറിയാത്ത ഒരു ചങ്ങല പോലെ, പരിശുദ്ധ ജപമാലപ്രാർത്ഥന വഴി സഭ, യുദ്ധത്താൽ പീഡനമനുഭവിക്കുന്ന ജനങ്ങളെ പരിശുദ്ധ കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥ്യത്തിന് ഭരമേൽപ്പിച്ചു. നീതിപൂർണ്ണവും നിലനിൽക്കുന്നതുമായ സമാധാനത്തിനുവേണ്ടിയുള്ള ആത്മാർത്ഥമായ പരിശ്രമത്തിലേക്ക് ദൈവികജ്ഞാനം, അധികാരമുള്ളവരുടെ മനസാക്ഷിയെ പ്രകാശിപ്പിക്കുകയും തീരുമാനങ്ങളെ നയിക്കുകയും ചെയ്യട്ടെ.

 

പൊതുവായ പ്രഭാഷണങ്ങൾക്ക് ശേഷം, മെയ് 31-ന് ഇറ്റലിയിൽ ആചരിക്കപ്പെട്ട "സമാശ്വാസത്തിന്റെ ദിനം" പരാമർശിച്ച പാപ്പാ, രോഗികൾക്കും അവർക്ക് ചികിത്സയും പരിചരണവും നൽകുന്നവർക്കും തന്റെ സാമീപ്യം ഉറപ്പുനൽകി. മറ്റുള്ളവരോടുള്ള സാമീപ്യത്തിന്റെയും പരിചരണത്തിന്റെയും സംസ്കാരം പ്രചരിപ്പിക്കുന്ന ഏവർക്കും പരിശുദ്ധ പിതാവ് നന്ദി പറയുകയും അവരുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

തുടർന്ന് ചത്വരത്തിലുണ്ടായിരുന്ന റോമക്കാരെയും, ഇറ്റലിയുടെ മറ്റു പ്രദേശങ്ങളിൽനിന്നെത്തിയവരെയും, മറ്റു ദേശങ്ങളിലും രാജ്യങ്ങളിലും നിന്നുവന്ന വിശ്വാസികളെയും തീർത്ഥാടകരെയും പരിശുദ്ധ പിതാവ് അഭിവാദ്യം ചെയ്തു.

ഏവർക്കും ഒരു നല്ല ഞായറാഴ്ച ആശംസിച്ചുകൊണ്ടാണ് പാപ്പാ ജാലകത്തിങ്കൽനിന്നും പിൻവാങ്ങിയത്. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 ജൂൺ 2026, 12:24