തിരയുക

സമൂഹത്തിൽ പാവപ്പെട്ടവർക്കായുള്ള ഒൻപതാം ആഗോള ദിനത്തിൽ പാപ്പാ, തെരുവിൽ കഴിയുന്ന സഹോദരങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കുന്നു സമൂഹത്തിൽ പാവപ്പെട്ടവർക്കായുള്ള ഒൻപതാം ആഗോള ദിനത്തിൽ പാപ്പാ, തെരുവിൽ കഴിയുന്ന സഹോദരങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കുന്നു   (ANSA)

ദരിദ്രർ എന്നത് വെറും ഭക്ഷണമില്ലാത്തവർ മാത്രമല്ല, മറിച്ച് മുഖവും ശബ്ദവും നഷ്ടപ്പെട്ടവരും കൂടിയാണ്: പാപ്പാ

2026 നവംബർ 15-ന് ആചരിക്കുന്ന, പത്താം ആഗോള ദരിദ്ര ദിനത്തോടനുബന്ധിച്ച്, "കർത്താവ് ദരിദ്രരുടെ സങ്കേതമാണ്" (സങ്കീർത്തനം 14:6) എന്ന വചനത്തെ ആസ്പദമാക്കി തയ്യാറാക്കിയ, ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം പ്രസിദ്ധീകരിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സഭയുടെ ജീവിതത്തിൽ ദരിദ്രർക്കുള്ള പ്രാധാന്യത്തെക്കുറിച്ചും സാമൂഹിക അനീതിക്കെതിരെ പോരാടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിശ്വാസികളെ ആഹ്വാനം ചെയ്തു കൊണ്ട്, പത്താമത്  ആഗോള  ദരിദ്ര ദിനത്തിനുള്ള, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം പ്രസിദ്ധീകരിച്ചു. 2026 നവംബർ 15-നാണ് ആഗോള ദിനമായി ആചരിക്കുന്നത്. ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കാൻ കഴിയാത്ത ഒരു ലോകത്ത് മനുഷ്യൻ അനുഭവിക്കുന്ന ഭൗതികവും ധാർമ്മികവുമായ ദുരവസ്ഥയെക്കുറിച്ച് ആമുഖമായി പറഞ്ഞു കൊണ്ടാണ് പാപ്പാ, തന്റെ സന്ദേശം ആരംഭിക്കുന്നത്. ദൈവമില്ലെന്ന് ഭോഷൻ തന്റെ ഹൃദയത്തിൽ പറയുന്നു" എന്ന സങ്കീർത്തന വചനം ഇന്നത്തെ കാലത്തും പ്രസക്തമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

ദൈവത്തെ ജീവിതത്തിൽ നിന്ന് മാറ്റിനിർത്തുന്നത് കേവലം ഒരു സിദ്ധാന്തമല്ല, മറിച്ച് അത് സാമൂഹികമായ അഴിമതിയിലേക്കും അനീതിയിലേക്കും നയിക്കുന്നുവെന്നും, ദൈവത്തിന്റെ കാരുണ്യവും സ്നേഹവും വിസ്മരിക്കപ്പെടുമ്പോൾ, മനുഷ്യർ പരസ്പരം ആദരിക്കുന്നതിന് പകരം മറ്റുള്ളവരുടെ മേൽ അധികാരം സ്ഥാപിക്കാനും അടിച്ചമർത്താനുമാണ് ശ്രമിക്കുന്നതെന്നും മുന്നറിയിപ്പ് നൽകിയ പാപ്പാ, ഇത് ലോകമെമ്പാടും ദരിദ്രരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും അവരെ പാർശ്വവൽക്കരിക്കുന്നതിനും കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടി.

തുടർന്ന്, ഡിജിറ്റൽ ലോകത്തിലെ പരിതഃസ്ഥിതികളെ എടുത്തു പറഞ്ഞുകൊണ്ട്, ഇവ ദരിദ്രരോടുള്ള മുൻവിധികളെ വർദ്ധിപ്പിക്കുകയും അവരുടെ പ്രശ്നങ്ങളോട് അങ്ങേയറ്റത്തെ നിസ്സംഗത പുലർത്തുകയും ചെയ്യുന്നുവെന്ന് പാപ്പാ അടിവരയിട്ടു. ദരിദ്രരുടെ ശബ്ദം കേൾക്കാത്ത വിധം സാങ്കേതിക വിദ്യകൾ അവയെ മറയ്ക്കുന്നുവെന്നും, ഈ സാഹചര്യത്തിൽ ദരിദ്രർക്ക് ദൈവത്തിൽ മാത്രമേ ആശ്രയിക്കാൻ കഴിയുകയുള്ളൂവെന്നും, ദൈവം വിശ്വസ്തനും കരുണാമയനുമായതുകൊണ്ട് അവൻ ദരിദ്രരുടെ നിലവിളി കേൾക്കുന്നുവെന്നും പാപ്പാ ഓർമ്മിപ്പിച്ചു.  ദൈവത്തിൽ അഭയം പ്രാപിക്കുമ്പോൾ മാത്രമാണ് ദരിദ്രർക്ക് തങ്ങളുടെ അന്തസ്സ് തിരിച്ചുപിടിക്കാനും പ്രതീക്ഷയോടെ മുന്നോട്ട് പോകാനും കഴിയുന്നതെന്നും പാപ്പാ പറഞ്ഞു.

അതിനാൽ, ദൈവം മനുഷ്യനായി അവതരിച്ച യേശുക്രിസ്തുവിലൂടെയാണ് ദരിദ്രർക്ക് യഥാർത്ഥ സങ്കേതം ലഭിക്കുന്നതെന്ന് വ്യക്തമാക്കിയ പാപ്പാ, സമൂഹത്തിലെ താഴെത്തട്ടിലുള്ളവർക്കായി സ്വയം ചെറുതാക്കിയ ക്രിസ്തു,  അടിച്ചമർത്തപ്പെട്ടവർക്കും ക്ഷീണിതർക്കും ആശ്വാസദായകനുമാണെന്നതും, ചൂണ്ടിക്കാട്ടി. ആധുനിക സമൂഹത്തിൽ, ദരിദ്രർ എന്നത് കേവലം  ഭക്ഷണമില്ലാത്തവർ മാത്രമല്ല, മറിച്ച് മുഖവും ശബ്ദവും നഷ്ടപ്പെട്ടവരും കൂടിയാണെന്നും അതിനാൽ, സഭയിലൂടെ അവർക്ക് യേശുവിന്റെ സ്നേഹവും കരുതലും നൽകേണ്ടത് ഏവരുടെയും കടമയാണെന്നതും പാപ്പാ എടുത്തു പറഞ്ഞു. തന്റെ ആദ്യ അപ്പസ്തോലിക പ്രബോധന രേഖയായ 'ദിലക്സി തേ' (Dilexi te)  ഉദ്ധരിച്ചുകൊണ്ട്, സഭ ദരിദ്രരുടെ സഭയായിരിക്കണമെന്നും പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അവിടെ മുൻഗണന നൽകണമെന്നും പാപ്പാ ആവർത്തിച്ചു.

സഭയും വിശ്വാസികളും ദരിദ്രർക്ക് സങ്കേതമാകുന്നുണ്ടോ എന്ന് ആത്മശോധന ചെയ്യുവാൻ പാപ്പാ സന്ദേശത്തിൽ വിശ്വാസികളെ ക്ഷണിക്കുന്നുണ്ട്. ദരിദ്രരുടെ അരികിലേക്ക് നാം കടന്നു ചെല്ലണമെന്നും, അവരുടെ ചിന്തകൾക്കും ആഗ്രഹങ്ങൾക്കും കാതോർക്കണമെന്നും, പാപ്പാ സന്ദേശത്തിൽ അടിവരയിട്ടു. വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട്, സമ്പത്തിനല്ല ദരിദ്രരോടുള്ള ഐക്യദാർഢ്യത്തിനാണ് മൂല്യം നൽകേണ്ടതെന്നു എടുത്തു പറഞ്ഞ പാപ്പാ, ദരിദ്രരെ സഹായിക്കുന്നവരും സഹായം സ്വീകരിക്കുന്നവരും തമ്മിലുള്ള വ്യത്യാസം ഇല്ലാതാകണമെന്നും, ഓരോ വ്യക്തിയും ദൈവത്തിന്റെ ദാനമാണെന്നത് തിരിച്ചറിയണമെന്നും കൂട്ടിച്ചേർത്തു.

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മരണത്തിന്റെ എണ്ണൂറാം വാർഷികം ഈ വർഷം ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ, ദരിദ്രരോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തെ പാപ്പാ അനുസ്മരിച്ചു. ഇന്നത്തെ ലോകത്തും ദരിദ്രരോടൊപ്പം ആയിരിക്കുന്നതിലൂടെ മാത്രമേ യഥാർത്ഥ സന്തോഷം കണ്ടെത്താൻ കഴിയൂ എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വിശ്വാസി സമൂഹങ്ങളിൽ, ദരിദ്രർക്കു പാർപ്പിടം ഒരുക്കുവാൻ, ഈ പത്താം ലോക ദരിദ്ര ദിനം ഒരു നാഴികക്കല്ലാകുമെന്നുള്ള പ്രത്യാശയും പാപ്പാ സന്ദേശത്തിൽ പ്രകടിപ്പിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

15 ജൂൺ 2026, 14:48