കാരുണ്യപ്രവൃത്തികൾക്ക് ഊർജ്ജം സംഭരിക്കേണ്ടത് വിശുദ്ധ കുർബാനയിൽ നിന്നുമാകണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിയഞ്ചാം അധ്യായം, 41 മുതൽ 45 വരെയുള്ള തിരുവചനങ്ങളെ ആധാരമാക്കി, ഒരു വിശ്വാസിക്കും നിസ്സാരമായി കാണാൻ കഴിയാത്ത ഒരു മുന്നറിയിപ്പാണ്, അന്ത്യവിധിയെക്കുറിച്ചുള്ള ഈ വചന ഭാഗം നൽകുന്നതെന്ന് പാപ്പാ, സന്ദേശത്തിന്റെ ആമുഖമായി പറഞ്ഞു. മുറിയപ്പെട്ട നിരവധി ജീവനുകളുടെ ചരിത്രം ഉറങ്ങുന്ന ഈ സമുദ്രതീരത്ത്, ഈ വചന ഭാഗം, യാഥാർഥ്യമാകുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. വെറും കാഴ്ചക്കാരെന്ന നിലയിൽ നിന്നും നമ്മെ മാറ്റിക്കൊണ്ട്, അഭയാർത്ഥിയായി കടന്നു വരുന്ന ഓരോരുത്തർക്കും സാഹോദര്യത്തിന്റെ ഊഷ്മളത പകരുവാൻ ഈ വചന ഭാഗം നമ്മെ ക്ഷണിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. ഭയം, വിശപ്പ്, അക്രമം എന്നിവയാൽ അടയാളപ്പെടുത്തപ്പെട്ട മരുഭൂമിയിലൂടെയും, കടലിലൂടെയും, ഇരുണ്ട രാത്രികളിലൂടെയും കടന്നുവരുന്ന അഭയാർത്ഥികളിൽ ക്രിസ്തുവിനെ തിരിച്ചറിയുവാൻ നമുക്ക് സാധിക്കുന്നുണ്ടോ? എന്ന് ആത്മശോധന ചെയ്യുവാൻ ഈ വചന ഭാഗം നമ്മെ ക്ഷണിക്കുന്നുവെന്നു പാപ്പാ പറഞ്ഞു.
തുടർന്ന് തന്റെ പത്രോസിനടുത്ത ശുശ്രൂഷയിൽ സ്വീകരിച്ച, മോതിരം, മുക്കുവന്റെ മോതിരം എന്നാണ് അറിയപ്പെടുന്നതെന്നു പരാമർശിച്ച പാപ്പാ, ഈ സമയം മുതൽ നിങ്ങൾ മനുഷ്യരെ പിടിക്കുന്നവരായിരിക്കും എന്ന യേശുവിന്റെ വചനമാണ്, സഭയുടെ ദൗത്യമെന്നതും ഓർമ്മിപ്പിച്ചു. എന്നാൽ അഭയാർത്ഥികൾ എത്തിച്ചേരുന്ന ഇത്തരം ഇടങ്ങളിൽ, ഈ സത്യം ഏറെ വേദനാജനകമെന്നും പാപ്പാ കൂട്ടിച്ചേർത്തു. സമുദ്രത്തിൽ ജീവനറ്റ മൃതശരീരങ്ങൾ കണ്ടെടുക്കുന്നതും, എല്ലാം നഷ്ടപ്പെട്ട് കരയിലേക്ക് കടന്നുവരുന്ന ആയിരക്കണക്കിന് ആളുകളും നൊമ്പരക്കാഴ്ച്ചകൾ ആണെന്നതും പാപ്പാ ചൂണ്ടിക്കാട്ടി. ഈ യാഥാർഥ്യങ്ങൾക്കു മുൻപിൽ, പത്രോസിന്റെ പിൻഗാമിക്ക് നിഷ്ക്രിയനായി ഇരിക്കുക സാധ്യമല്ലെന്നതും പാപ്പാ അടിവരയിട്ടു. വിശപ്പ്, ദാഹം, അക്രമം, ഭയം, പ്രവാസം എന്നിവ മനുഷ്യന്റെ അന്തസ്സിനെ മുറിവേൽപ്പിക്കുന്ന ഇടങ്ങളെ സഭയ്ക്ക് അവഗണിക്കാൻ കഴിയില്ലയെന്നും, മനുഷ്യന്റെ നിലവിളികൾക്ക് നേരെ മുഖം മറയ്ക്കുവാൻ യേശുവിന്റെ ശിഷ്യന്മാർക്ക് സാധിക്കുകയില്ലെന്നും പാപ്പാ പറഞ്ഞു.
തുടർന്ന് സമുദ്രത്തെക്കുറിച്ചുള്ള ബൈബിൾ പ്രതീകങ്ങളെയും പാപ്പാ ചൂണ്ടിക്കാണിച്ചു. വെല്ലുവിളികളുടെയും, അന്ധകാരത്തിന്റെയും, ക്രമം ഇല്ലായ്മയുടേയുമൊക്കെ പ്രതീകമായിട്ടാണ് വചനം, കടലിനെ ചൂണ്ടിക്കാട്ടുന്നതെങ്കിൽ, ഇന്നും ഇത്തരം ഭീകരമായ അവസ്ഥകൾ കടലിനെ ചുറ്റിപ്പറ്റി ഉണ്ടെന്നത് സത്യമാണെന്നും പറഞ്ഞ പാപ്പാ, നിരാശയിലേക്ക് മനുഷ്യനെ തള്ളിവിടുന്ന മാഫിയ സംഘങ്ങളെ പ്രത്യേകം പരാമർശിച്ചു. എന്നാൽ കടലിന്റെ ശക്തിക്കു മുൻപിലും, വിശ്വാസം ക്ഷയിക്കുകയില്ല എന്ന ഉറപ്പ് പാപ്പാ ഏവർക്കും നൽകി. അരാജകത്വത്തെ കീഴടക്കുകയും തിന്മയ്ക്ക് പരിധി നിശ്ചയിക്കുകയും, മരണത്തിനുമപ്പുറം ഒരു വഴി നമുക്കായി തുറക്കുകയും ചെയ്യുന്ന ഒരു ദൈവത്തിലാണ് നാം വിശ്വസിക്കുന്നതെന്നും പാപ്പാ പറഞ്ഞു. പഴയനിയമത്തിൽ ഇസ്രായേൽ ജനതയെ ചെങ്കടൽ കടത്തി രക്ഷിച്ചതും, പുതിയ നിയമത്തിൽ യേശു കടലിനെ ശാന്തമാക്കിയതും ഉദ്ധരിച്ച പാപ്പാ, യേശുവിന്റെ വാക്കുകൾ, ഇന്നും നമ്മുടെ സഹോദരങ്ങളെ, അടിമകളാക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന ശക്തികൾക്കെതിരെ മുഴങ്ങുന്നുവെന്നും, സഭയ്ക്ക്, അവരുടെ നിലവിളികൾക്ക് മുൻപിൽ നിശബ്ദമായിരിക്കുക സാധ്യമല്ലെന്നും പറഞ്ഞു.
അഭയാർത്ഥികളെ രക്ഷിക്കുക എന്നാൽ, അവരെ സ്വന്തം കുടുംബത്തിന്റെ ഭാഗമായി കാണുക എന്നതാണെന്നും, നമ്മുടെ ചെറിയ പ്രവർത്തനങ്ങൾ, എല്ലാം പരിഹരിക്കുന്നതല്ല, മറിച്ച്, എല്ലാം ദൈവത്തിന്റെ കൈകളിൽ ഏൽപ്പിക്കുന്നതിന്റെയും മനുഷ്യൻ കഷ്ടപ്പെടുന്നിടത്ത് സന്നിഹിതനായിരിക്കുന്നതിന്റെയും മൂർത്തമായ അടയാളമാണെന്നും പാപ്പാ പറഞ്ഞു.
ഓരോ മനുഷ്യ ജീവിതവും ദൈവത്തിൽനിന്നുള്ള അനുഗ്രഹമാണെന്ന് അഭയാർഥികളുടെ സാക്ഷ്യം നമ്മെ പഠിപ്പിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. തുടർന്ന് സ്ത്രീകൾക്കെതിരെ നടക്കുന്ന ചൂഷണങ്ങളെ പരാർശിച്ച പാപ്പാ, മറ്റുള്ളവർ നിങ്ങളുടെ ശരീരത്തിന് വില നൽകിയിട്ടുണ്ടെങ്കിൽ, ദൈവം നിങ്ങളെ വിലമതിക്കാനാവാത്ത ഒരു വ്യക്തിയായിട്ടാണ് എപ്പോഴും കാണുന്നതെന്ന് എടുത്തു പറഞ്ഞു. വേദനയുടെ ഭൂതകാലത്തിൽ തളച്ചിടപ്പെടാതെ, ദൈവം ഭാവിയുടെ ഒരു വാഗ്ദാനം ഒരുക്കുന്നത് സ്വീകരിക്കുവാനും പാപ്പാ ആഹ്വാനം ചെയ്തു. "നിങ്ങളെ പലരും ഒരു വസ്തുവായി കണക്കാക്കിയിട്ടുണ്ടെങ്കിൽ, സഭ ഇന്ന് നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു: നിങ്ങൾ ഒരു മകളാണ്, നിങ്ങൾ ഒരു സഹോദരിയാണ്, നിങ്ങൾ ഒരു അനുഗ്രഹമാണ്", പാപ്പാ പറഞ്ഞു.
വ്യാജ വാഗ്ദാനങ്ങൾ നൽകുന്നവരുടെ വാക്കുകളെ വിശ്വസിക്കരുത് എന്ന മുന്നറിയിപ്പ്, അഭയാർത്ഥികളായവർക്ക് നൽകിയ പാപ്പാ, ദുർബലരെ ക്രിമിനൽ ശൃംഖലകളുടെ കൈകളിൽ വിട്ടുകൊടുക്കാതിരിക്കാനും സംരക്ഷിക്കാനും ഉത്തരവാദിത്വപ്പെട്ടവരെ ഓർമ്മിപ്പിക്കുകയും ചെയ്തു. കാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള ശക്തി വിശുദ്ധ കുർബാനയിൽ നിന്നുമാണെന്നും പാപ്പാ എടുത്തു പറഞ്ഞു. ജീവൻ തേടാൻ ഇത്രയധികം സഹോദരീസഹോദരന്മാർ മരണം പണയപ്പെടുത്തേണ്ടി വന്നാൽ നാം ഏതുതരം ലോകമാണ് നിർമ്മിച്ചിരിക്കുന്നത്? എന്ന ചോദ്യമാണ്, ഓരോ അഭയാർത്ഥിയുടെയും വരവ് നമ്മോട് ഉന്നയിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
വിശപ്പില്ലാതെ യുദ്ധമില്ലാതെ, പീഡനങ്ങളില്ലാതെ, അക്രമമില്ലാതെ സ്വന്തം വീട്ടിൽ താമസിക്കാനുള്ള അവകാശം സംജാതമാകട്ടെയെന്ന ആശംസയും പാപ്പാ നൽകി. നിസ്സംഗത ഒഴിവാക്കിക്കൊണ്ട്, മാനവകുലത്തിന്റെ സംരക്ഷണത്തിനായി യത്നിക്കുവാനുള്ള ഏവരുടെയും കടമയും പാപ്പാ ചൂണ്ടിക്കാട്ടി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
