തിരയുക

യുവജന സമ്മേളനത്തിൽ പങ്കെടുക്കുന്നവർ യുവജന സമ്മേളനത്തിൽ പങ്കെടുക്കുന്നവർ  

മറ്റുള്ളവർക്ക് സമാധാനം പകരുന്ന ജീവിതം നയിക്കണം: യുവജനങ്ങളോട് പാപ്പാ

അമേരിക്കയിലെ സ്റ്റ്യൂബൻവിൽ വേനൽക്കാല യുവജന സമിതികളുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് നൽകിയ വീഡിയോ സന്ദേശത്തിൽ, ലിയോ പതിനാലാമൻ പാപ്പാ, യുവജനങ്ങളോട് യഥാർത്ഥ സമാധാനവും പരിപൂർണ സന്തോഷവും ദൈവത്തിൽ നിന്നുള്ള ദാനങ്ങളാണെന്ന് ഓർമ്മിപ്പിച്ചു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതവും ആത്മീയതയും ഉദാഹരണമാക്കി  യുവാക്കളെ പ്രാർത്ഥനയിലേക്കും വിശ്വാസത്തിലേക്കും ജീവിതവിളിയോടുള്ള തുറന്ന മനസ്സിലേക്കും ക്ഷണിച്ചുകൊണ്ട്, അമേരിക്കയിലെ സ്റ്റ്യൂബൻവിൽ വേനൽക്കാല  യുവജന സമിതികളുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ലിയോ പതിനാലാമൻ പാപ്പാ വീഡിയോ സന്ദേശം നൽകി.

 ഇന്നത്തെ യുവജനങ്ങളോട് വിശുദ്ധ ഫ്രാൻസിസ് പങ്കുവയ്ക്കുന്ന  സന്ദേശം സമാധാനത്തെയും സന്തോഷത്തെയും കുറിച്ചാണെന്ന്, പറഞ്ഞ പാപ്പാ, മറ്റുള്ളവർക്ക് സമാധാനം പകരുന്ന ജീവിതം നയിക്കാൻ യുവജനങ്ങളെ ആഹ്വാനം ചെയ്തു.

യഥാർത്ഥ സമാധാനം മനുഷ്യശ്രമങ്ങളുടെ ഫലമല്ലെന്നും, ഹൃദയത്തിൽ ദൈവത്തെ സ്വീകരിക്കുമ്പോൾ ലഭിക്കുന്ന ദൈവദാനമാണെന്നും പാപ്പാ വ്യക്തമാക്കി. വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും രാജ്യങ്ങളും ദൈവത്തിന്റെ സമാധാനത്തിന്റെ ഉപകരണങ്ങളാകാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപൂർണ സന്തോഷത്തെക്കുറിച്ച് സംസാരിക്കവെ, വിശുദ്ധ ഫ്രാൻസിസ് നൽകിയ പ്രസിദ്ധമായ പഠനം പാപ്പാ ഓർമ്മിപ്പിച്ചു. ബുദ്ധിമുട്ടുകളും നിരാകരണങ്ങളും സഹനത്തോടെയും ദൈവസ്നേഹത്തോടെയും സ്വീകരിക്കുന്നതിലാണ് യഥാർത്ഥ സന്തോഷം അടങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

ഇന്നത്തെ യുവജനജീവിതത്തിൽ ഡിജിറ്റൽ മാധ്യമങ്ങളുടെ അമിത ഉപയോഗത്തെക്കുറിച്ചും പാപ്പാ മുന്നറിയിപ്പ് നൽകി. മണിക്കൂറുകളോളം സ്ക്രീനുകൾക്കു മുന്നിൽ ചെലവഴിക്കുന്നതും സാമൂഹിക മാധ്യമങ്ങളിൽ നിരന്തരം സമയം ചിലവഴിക്കുന്നതും,  പ്രാർത്ഥനയ്ക്കും യഥാർത്ഥ സൗഹൃദങ്ങൾക്കും കുടുംബബന്ധങ്ങൾക്കും വിശ്വാസവളർച്ചയ്ക്കും വേണ്ട സമയം നഷ്ടപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന്, മദ്യദുരുപയോഗം, ഉപരിപ്ലവ ബന്ധങ്ങൾ, പ്രശസ്തിയോടും ബാഹ്യസൗന്ദര്യത്തോടുമുള്ള അമിത ആസക്തി എന്നിവയിൽ യഥാർത്ഥ സന്തോഷം കണ്ടെത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമ്പത്തും സൗന്ദര്യവും ആരോഗ്യവും പ്രശസ്തിയും താൽക്കാലികമാണെന്നും, ദൈവസ്നേഹത്തിൽ മാത്രമാണ് നിലനിൽക്കുന്ന സന്തോഷം കണ്ടെത്താനാകുകയെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

“ദൈവം നിങ്ങളെ നിബന്ധനകളില്ലാതെ സ്നേഹിക്കുന്നു” എന്ന സത്യം ജീവിതത്തിന്റെ കേന്ദ്രമാക്കാൻ യുവജനങ്ങളെ അദ്ദേഹം ആഹ്വാനം ചെയ്തു. പ്രാർത്ഥനയിലൂടെയും കൂദാശകളിലൂടെയും ദൈവവുമായി ആഴത്തിലുള്ള ബന്ധം വളർത്തുമ്പോൾ ഭയവും ഏകാന്തതയും നിരാശയും അകന്നുപോകുമെന്നും അദ്ദേഹം പറഞ്ഞു.

സന്ദേശത്തിന്റെ അവസാനത്തിൽ, മിഷനറി ജീവിതം, വൈദികശുശ്രൂഷ, സന്യാസജീവിതം, വിശുദ്ധമായ കുടുംബജീവിതം എന്നീ വിവിധ ജീവിതവിളികളോട് യുവജനങ്ങൾ തുറന്ന മനസ്സോടെ പ്രതികരിക്കണമെന്ന് പാപ്പാ അഭ്യർത്ഥിച്ചു. “ഇതാ ഞാൻ, എന്നെ അയയ്ക്കണമേ” എന്ന പ്രവാചകന്റെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട്, ദൈവത്തിന്റെ വിളിയോട് ഭയപ്പെടാതെ മുന്നോട്ട് വരാൻ പാപ്പാ  യുവാക്കളെ പ്രോത്സാഹിപ്പിച്ചു.

ക്രിസ്തുവിന്റെ സ്നേഹത്തിൽ വളരാനും യഥാർത്ഥ സന്തോഷം കണ്ടെത്താനും യുവജനങ്ങൾക്കായി പ്രാർത്ഥിച്ചുകൊണ്ട്, സമാധാനത്തിന്റെയും ശക്തിയുടെയും ദൈവിക അനുഗ്രഹങ്ങളും പാപ്പാ ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

20 ജൂൺ 2026, 09:18