തിരയുക

നവോന്മേഷം ഉൾക്കൊള്ളുവാൻ സ്പാനിഷ് ജനതയെ ക്ഷണിച്ച് ലിയോ പതിനാലാമൻ പാപ്പാ

സ്പെയിനിലേക്കുള്ള തന്റെ അപ്പസ്തോലികയാത്രയുടെ ഭാഗമായി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ ജൂൺ മാസം ഏഴാം തീയതി ഉച്ച കഴിഞ്ഞ്, നടത്തിയ സംഗമങ്ങളുടെയും, ജൂൺ മാസം എട്ടാം തീയതി പ്രഭാത വേളയിൽ നടത്തിയ പരിപാടികളുടെയും സംക്ഷിപ്ത വിവരണം.
ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വൻ ജനപങ്കാളിത്തം

ലിയോ പതിനാലാമൻ പാപ്പായുടെ സ്‌പെയിൻ സന്ദർശനം, വൻ ജനപങ്കാളിത്തത്തോടെ പുരോഗമിക്കുകയാണ്. ആദ്യ രണ്ടു ദിവസങ്ങളിലും, വിവിധ ആരാധനക്രമ ആഘോഷങ്ങളിലും, സംഗമങ്ങളിലും, യുവജനങ്ങളുടെ ജാഗരണ പ്രാർത്ഥനയിലും, ലക്ഷക്കണക്കിന് ആളുകളാണ്, പാപ്പായോടൊപ്പം പ്രാർത്ഥിക്കുവാൻ വേണ്ടി എത്തി ചേർന്നത്. മണിക്കൂറുകൾ നീണ്ട നിരയിൽ അതി രാവിലെ തന്നെ ഇടം പിടിച്ചുകൊണ്ട്, ക്രിസ്തുവിന്റെ വികാരിയെ ഒന്ന് കാണുവാനും, അദ്ദേഹത്തെ ശ്രവിക്കുവാനും അപ്രകാരം ക്രൈസ്തവ ജീവിതത്തിൽ ഒരു നവോന്മേഷം നേടുവാനും അനേകായിരങ്ങൾ എത്തിച്ചേർന്നത്, സ്‌പെയിൻ എന്ന രാജ്യത്തെ മാത്രമല്ല, ലോകത്തിലുള്ള സകലജനതയ്ക്കും ഏറെ പ്രചോദനം പകരുന്നതായിരുന്നു. ജൂൺ മാസം ഏഴാം തീയതി, ഞായറാഴ്ച്ച, മാഡ്രിഡിൽ തന്നെയുള്ള സിബേലെസ് ചത്വരത്തിൽ (Plaza de Cibeles) അർപ്പിച്ച വിശുദ്ധ ബലിയും, തുടർന്ന് നടത്തിയ ദിവ്യകാരുണ്യപ്രദക്ഷിണവും, തികച്ചും ആത്മീയതയുടെ അനുഭവം, ഏവർക്കും നൽകുന്നതായിരുന്നു. പന്ത്രണ്ട് ലക്ഷത്തോളം ആളുകളാണ് തിരുക്കർമ്മങ്ങളിൽ സംബന്ധിച്ചത്.

അഗസ്റ്റീനിയൻ സഹോദരങ്ങൾക്കൊപ്പം

അന്നേ ദിവസം മധ്യാഹ്നത്തിന് ശേഷം, പാപ്പാ ആദ്യമായി കടന്നു ചെന്നത്, താൻ അംഗമായിരുന്ന അഗസ്റ്റീനിയൻ സന്യാസ സഭയിലെ സഹോദരങ്ങളെ കാണുന്നതിനും, അവർക്കൊപ്പം അല്പസമയം ആയിരിക്കുന്നതിനും വേണ്ടിയാണ്. മാഡ്രിഡിലെ അപ്പസ്തോലിക നൂൺഷിയേച്ചറിൽ, വിവിധ സമൂഹങ്ങളിൽ നിന്നുള്ള 220 അഗസ്തീനിയൻ പിതാക്കന്മാരെയും, രാജ്യത്തെ വിവിധ അഗസ്തീനിയൻ കുടുംബത്തിലെ അംഗങ്ങളെയും പാപ്പാ സ്വീകരിച്ചു. ഫ്രാൻസിസ് പാപ്പായും, തന്റെ അപ്പസ്തോലിക യാത്രകളുടെ വേളകളിൽ, താൻ അംഗമായിരുന്ന ഈശോ സഭയിലെ അംഗങ്ങളെ കാണുമായിരുന്നു. ഈ പാരമ്പര്യം ലിയോ പതിനാലാമൻ പാപ്പായും തുടർന്ന് പോരുന്നു. ഏകദേശം ഒരു മണിക്കൂർ സമയം, സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ട ശേഷമാണ്, കൂടിക്കാഴ്ച്ച അവസാനിച്ചത്.

പ്രവിശ്യാ സുപ്പീരിയറുടെ ആശംസയെത്തുടർന്ന്, തന്റെ വ്യക്തിപരമായ സന്ദേശത്തിൽ, പാപ്പാ,  ദൈവവിളിയുടെ മൂല്യവും, ധ്യാനത്തിന്റെയും, സ്വയാവബോധത്തിന്റെയും പ്രാധാന്യവും എടുത്തു പറഞ്ഞു. അഗസ്‌തീനിയൻ സന്യാസികൾക്കിടയിലെ  കൂട്ടായ്മയും ഹൃദയ ഐക്യവും ലോകത്തിന് എങ്ങനെ ഒരു സന്ദേശമാകുമെന്നും പാപ്പാ ചൂണ്ടിക്കാട്ടി. സ്പെയിനിൽ അഗസ്തീനിയൻ സഭയിലെ അംഗങ്ങൾ ചെയ്യുന്ന സേവനങ്ങൾക്ക് നന്ദി പറഞ്ഞതോടൊപ്പം, ദൈവജനത്തിനുവേണ്ടി മുന്നോട്ട് പോകാനും കൂടുതൽ കഠിനാധ്വാനം ചെയ്യാനും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

അഗസ്റ്റീനിയൻ സഹോദരങ്ങൾക്കൊപ്പം
അഗസ്റ്റീനിയൻ സഹോദരങ്ങൾക്കൊപ്പം   (@Vatican Media)

മോവിസ്റ്റാർ അങ്കണത്തിൽ

അഗസ്തീനിയൻ സഭയിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷം, പാപ്പാ, വൈകുന്നേരം തന്റെ അടുത്ത പൊതു പരിപാടിക്കായി, മാഡ്രിഡിലെ മോവിസ്റ്റാർ അങ്കണത്തിലേക്ക് കടന്നു ചെന്നു. നൂൺഷിയേച്ചറിൽ നിന്നും ഏകദേശം ഏഴര കിലോമീറ്ററുകൾ അകലെയായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.  കച്ചേരികൾക്കും മറ്റ് സാംസ്കാരിക, കായിക, സംഘടിത  പരിപാടികൾക്കുമുള്ള വേദിയായി ഈ സ്ഥലം ഇന്ന് ഉപയോഗിക്കുന്നു. ഇവിടെ ഏതാണ്ട്, 17,000 പേരെ ഒരേ സമയം ഉൾക്കൊള്ളുവാനും സാധിക്കും. "സംസ്കാരം, കല, സമ്പദ്‌വ്യവസ്ഥ, കായികം എന്നീ മേഖലകളുമായി ബന്ധങ്ങളുടെ ശൃംഖല സ്ഥാപിക്കുക" എന്നതായിരുന്നു സമ്മേളനത്തിന്റെ തലക്കെട്ട്. സ്‌പെയിനിലെ പൊതുസമൂഹത്തിന്റെ വലിയ ഒരു പങ്കാളിത്തം സമ്മേളനനഗരിയിൽ കാണാമായിരുന്നു.

 ദൈവാനുഭവത്തിന്റെ സാക്ഷ്യങ്ങൾ

നഗരിയുടെ പുറത്തു  എത്തിച്ചേർന്ന പാപ്പായെ, മാഡ്രിഡ് അതിരൂപതയുടെ ആർച്ചുബിഷപ്പ്, കർദിനാൾ ഹോസെ കോബോ കാനോ ഔദ്യോഗികമായി സ്വീകരിച്ചു. തുടർന്ന്, പ്രേക്ഷകവേദിയിൽ സന്നിഹിതരായ വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നതിനായി, കാല്നടയായി പാപ്പാ കടന്നു ചെന്നു. തദവസരത്തിൽ ഹർഷാരവങ്ങളോടെയും, ആർപ്പുവിളികളോടെയും പാപ്പായെ ജനം വരവേറ്റു. തുടർന്ന്, വേദിയിൽ എത്തിച്ചേർന്ന പാപ്പായെ വരവേൽപ്പ് ഗാനം ആലപിച്ചുകൊണ്ട്, ഹൃദ്യമായി സ്വാഗതം ചെയ്തു. ശേഷം,   കർദിനാൾ ഹോസെ കോബോ ഔദ്യോഗിക സ്വാഗത പ്രസംഗം നടത്തി.

"പരിശുദ്ധ പിതാവേ, അങ്ങയുടെ ശബ്ദം വ്യക്തമായ ഒരു സ്വരം പോലെ പ്രതിധ്വനിക്കുന്നു. ഈ വൈവിധ്യമാർന്ന സദസിനെ ഒരുമിച്ചുകൂട്ടിയതിനു നന്ദി. അതിനാൽ ഈ സംഭാഷണം പങ്കുവയ്ക്കുന്ന ഒരു യാത്രയാണ്" കർദിനാളിന്റെ സ്വാഗത പ്രസംഗത്തിൽ അടിവരയിടപ്പെട്ട വാക്കുകളാണിവ.

തുടർന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ആളുകൾ അവരുടെ അനുഭവങ്ങളും സാക്ഷ്യങ്ങളും പങ്കുവച്ചു. സ്പാനിഷ് നടനായ, അന്തോണിയോ ബന്ദെറാസിന്റെ സാക്ഷ്യം വളരെ ഹൃദ്യമായിരുന്നു. ജാഗരണ പ്രാർത്ഥനയ്ക്ക്, " ഗോഡ്‌സ്പെൽ " എന്ന സംഗീത ആവിഷ്കാരത്തിനു നേതൃത്വം നൽകിയതും അന്തോണിയോ ആയിരുന്നു. തന്റെ കുട്ടികാലത്ത്  ദൈവത്തെക്കുറിച്ചുള്ള  ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയ വിശുദ്ധ വാരത്തിലെ അനുഭവം അദ്ദേഹം പങ്കുവച്ചു. നിർമ്മിതബുദ്ധി നമ്മിൽ നിന്ന് കവർന്നെടുക്കുന്ന  അഗാധതയും,  ആത്മാവും വീണ്ടെടുക്കാൻ കല നമ്മെ സഹായിക്കുന്നു, അത് മാനവികതയുടെ സേവനത്തിലായിരിക്കണമെന്നും അദ്ദേഹം സാക്ഷ്യപ്രസ്താവനയിൽ എടുത്തുപറഞ്ഞു.

മാഡ്രിഡിന്റെ വിദ്യാഭ്യാസ, സാംസ്കാരിക സമൂഹത്തെ പ്രതിനിധീകരിച്ച് കോംപ്ലൂട്ടൻസ് സർവകലാശാലയുടെ റെക്ടറും സംസാരിച്ചു. തുടർന്ന്, കലാപരിപാടികളും, പല ബിസിനസ്സ്, തൊഴിൽ ലോകങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സാക്ഷ്യങ്ങൾക്കും ശേഷം, 2016 ലെ റിയോ ഡി ജനീറോയിൽ ഒളിമ്പിക് ബാഡ്മിന്റൺ ചാമ്പ്യനായ കരോലിന മാരിനും , ഒന്നിലധികം മെഡലുകൾ നേടിയ പാരാലിമ്പിക് നീന്തൽ ചാമ്പ്യനായ തെരേസ പെരാലസും സംസാരിച്ചു. കായിക പരിശീലനം ശരീരത്തിനും ആത്മാവിനും ആരോഗ്യകരമായ ഒരു പങ്കിട്ട പ്രവർത്തനമാണെന്നു അവരുടെ സാക്ഷ്യങ്ങളിൽ എടുത്തു പറഞ്ഞു. തുടർന്ന് പാപ്പാ സന്ദേശം നൽകി.

പാപ്പായുടെ വാക്കുകൾക്ക് ശേഷം, സംഗീത കച്ചേരിയും നടന്നു. സമ്മേളനത്തിന്റെ അവസാനം, പാപ്പാ ഏവർക്കും തന്റെ അപ്പസ്തോലിക ആശീർവാദവും നൽകി. സമാപന ഗാനവും ആലപിച്ചശേഷം, പാപ്പാ, കർദിനാൾ ഹൊസെയോടൊപ്പം സമ്മേളന നഗരിക്ക് വെളിയിൽ എത്തുകയും, ആർച്ചുബിഷപ്പിന്റെ ഭവനത്തിലേക്ക് യാത്രയാവുകയും ചെയ്തു. രാത്രി ഭക്ഷണത്തിനുശേഷം പാപ്പാ വിശ്രമത്തിനായി നൂൺഷിയെച്ചറിലേക്ക് തിരികെ പോവുകയും ചെയ്തു.

മോവിസ്റ്റാർ അങ്കണത്തിൽ
മോവിസ്റ്റാർ അങ്കണത്തിൽ   (@Vatican Media)

സ്‌പെയിനിൽ മൂന്നാം ദിവസം

തന്റെ അപ്പസ്തോലിക യാത്രയുടെ മൂന്നാംദിനമായ ജൂൺ മാസം എട്ടാം തീയതി രാവിലെ പാപ്പാ അഭിസംബോധന ചെയ്തത്, സ്‌പെയിൻ രാഷ്ട്രത്തിന്റെ പ്രധാന മന്ത്രിയെയും, പാർലമെന്റ് അംഗങ്ങളെയുമാണ്. നൂൻഷിയെച്ചറിൽ വിശുദ്ധബലി അർപ്പണത്തിനുശേഷം,പ്രാദേശിക  സമയം 9.30 ഓടെ പ്രധാനമന്ത്രി പെദ്രോ സാഞ്ചേസ് പെരെസ് ഹസ്തേഹോണുമായി പാപ്പാ കൂടിക്കാഴ്ച നടത്തി. 2018 ജൂൺ മാസം രണ്ടാം തീയതിയാണ് അദ്ദേഹം സ്‌പെയിനിന്റെ പ്രധാന മന്ത്രിയായി ചുമതലയേൽക്കുന്നത്. കഴിഞ്ഞ മെയ് മാസം  ഇരുപത്തിയേഴാം തീയതി, അദ്ദേഹത്തെ പാപ്പാ, അപ്പസ്തോലിക കൊട്ടാരത്തിൽ സ്വീകരിച്ചിരുന്നു. തികച്ചും സൗഹൃദപരമായ സംഭാഷണത്തിന് ശേഷം, സ്പെയിനിലെ പാർലമെന്റിന്റെ താഴത്തെ സഭയായ കാമറ ദേയി ദെപ്പുത്താത്തിയിലേക്ക് കടന്നു ചെന്നു. അനുപാതിക പ്രതിനിധിത്വ സംവിധാനപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന 350 അംഗങ്ങളാണ് ഇതിൽ ഉള്ളത്. ഇതിന്റെ ആസ്ഥാനമായ പാലാസിയോ ദെ ലാസ് കോർട്ടസിലാണ് പാപ്പായുടെ അടുത്ത പൊതുപരിപാടിക്ക് വേദിയൊരുങ്ങിയത്.

പാർലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്യുന്നു

 പാർലമെന്റ് അംഗങ്ങളുമായുള്ള സമ്മേളനത്തിന് എത്തിച്ചേർന്ന പാപ്പായെ, പ്രധാന പ്രവേശന കവാടത്തിൽ, പ്രസിഡന്റായ ഫ്രാൻസിന ആർമെൻഗോൾ, സെനറ്റിന്റെ പ്രസിഡന്റായ പെദ്രോ റൊയാൻ ഒഹേദ,  മറ്റ് ആറു ഉന്നത അധികാരികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് സ്പെയിനിന്റെയും വത്തിക്കാന്റെയും ദേശീയ ഗാനങ്ങൾ ആലപിക്കപ്പെട്ടു. അതിനുശേഷം, കോൺഗ്രസിന്റെയും സെനറ്റിന്റെയും പ്രസിഡന്റുമാർ ചേർന്ന് പരിശുദ്ധ പിതാവിനെ സലോൻ ദെ പാസോസ് പെർദിദോസ് (Salón de Pasos Perdidos) എന്ന ഹാളിലേക്ക് അനുഗമിച്ചു. ഔദ്യോഗികമായി ഫോട്ടോ എടുക്കുകയും, ഉപചാര പുസ്തകത്തിൽ കൈയൊപ്പ് വയ്ക്കുകയും, മണിക്കൂറുകളുടെ പുസ്തകം എന്ന ഗ്രന്ഥത്തിന്റെ പരിഷ്കരിച്ച  പതിപ്പ് നൽകുകയും ചെയ്തു. സ്വാഗത പ്രസംഗത്തിന് ശേഷം പാപ്പാ തന്റെ സന്ദേശം നൽകി.

പാർലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്യുന്നു
പാർലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്യുന്നു   (@Vatican Media)

മെത്രാന്മാർക്കൊപ്പം കൂടിക്കാഴ്ച്ച

തുടർന്ന്, അവിടെനിന്നും, ഏകദേശം പത്തര കിലോമീറ്ററുകൾ അകലെയുള്ള സ്പാനിഷ് മെത്രാൻ സമിതിയുടെ ഭരണ സിരാകേന്ദ്രത്തിലേക്ക് പാപ്പാ യാത്രയായി.  പ്രധാന പ്രവേശന കവാടത്തിൽ, സമിതിയുടെ പ്രസിഡന്റ്, ആർച്ച്ബിഷപ്പ് ലൂയിസ് ഹാവിയർ ആർഗ്വെല്ലോ ഗാർസിയ, മാഡ്രിഡ് ആർച്ചുബിഷപ്പ്, സമിതിയുടെ   സെക്രട്ടറിയായ മോൺസിഞ്ഞോർ  ഫ്രാൻസിസ്കോ സെസാർ ഗാർസിയ മാഗാൻ എന്നിവർ ചേർന്ന് പാപ്പായെ സ്വീകരിച്ചു. ഏവരെയും അഭിവാദ്യം ചെയ്ത ശേഷം,  പ്ലീനറി അസംബ്ലി ഹാളിലേക്കു പാപ്പാ പ്രവേശിച്ചു.  സമിതി പ്രസിഡന്റ് സ്വാഗതം ആശംസിച്ചതിനു ശേഷം പാപ്പാ തന്റെ സന്ദേശം നൽകി.

മെത്രാന്മാർക്കൊപ്പം
മെത്രാന്മാർക്കൊപ്പം   (@Vatican Media)

തുടർന്ന് ഉപചാരഗ്രന്ഥത്തിൽ ഒപ്പുവയ്ക്കുകയും, സമ്മാനങ്ങൾ കൈമാറുകയും, ആശീർവാദം നൽകുകയും ചെയ്തു. മെത്രാന്മാരെ പാപ്പാ വ്യക്തിപരമായി കാണുകയും, അവരോട് സംസാരിക്കുകയും ചെയ്ത ശേഷം, സന്ദർശന സ്മാരക ഫലകം ഉദ്ഘാടനവും നടത്തി. തുടർന്ന് നൂൺഷിയെച്ചറിലേക്ക് മടങ്ങിയ പാപ്പാ, മെത്രാന്മാർക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും, വിശ്രമിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

08 ജൂൺ 2026, 13:51