പാപ്പാ സംസാരിക്കുന്നു പാപ്പാ സംസാരിക്കുന്നു   (@VaticanMedia)

സഭയുടെ സിനഡൽ യാത്രയ്ക്ക് കരുത്തുപകർന്ന് ലിയോ പതിനാലാമൻ പാപ്പാ

വത്തിക്കാനിൽ, ജൂൺ മാസം 23 മുതൽ 25 വരെ നടന്ന വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള സിനഡിന്റെ ചുമതല വഹിക്കുന്ന ആളുകളുടെ യോഗം പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ചയോടെ സമാപിച്ചു. സിനഡൽ ശൈലിയുള്ള പ്രവർത്തനങ്ങൾ സഭയിലെമ്പാടും ഉണ്ടാകണമെന്ന്, പാപ്പാ തന്റെ സന്ദേശത്തിൽ എടുത്തു പറഞ്ഞതായി, സിനഡിന്റെ പൊതു കാര്യാലയത്തിൽ നിന്നും പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള സിനഡിന്റെ ചുമതല വഹിക്കുന്ന ആളുകളുടെ   യോഗം വത്തിക്കാനിൽ വച്ച്, ജൂൺ മാസം 23 മുതൽ 25 വരെ നടന്നു. തദവസരത്തിൽ, അംഗങ്ങളുമായി  പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തി.  സിനഡിന്റെ പൊതു കാര്യാലയത്തിൽ നിന്നും പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ വിവരങ്ങൾ അറിയിച്ചത്.

കത്തോലിക്കാ സഭയുടെ സിനഡൽ പരിവർത്തനത്തിനായി വിവിധ ഭൂഖണ്ഡങ്ങളിൽ പ്രവർത്തിക്കുന്ന സഭാ നേതൃത്വത്തിന് ശക്തമായ പിന്തുണയും പ്രോത്സാഹനവും നൽകുന്നതായിരുന്നു, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുമായുള്ള,  കൂടിക്കാഴ്ച്ചയെന്നതു സിനഡിന്റെ ജനറൽ സെക്രട്ടറി കർദിനാൾ മാരിയോ ഗ്രെക്ക് പങ്കുവച്ചു. യോഗം പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ചയോടെയാണ് സമാപിച്ചത്.

സഭയുടെ സിനഡൽ പ്രക്രിയയുടെ നടപ്പിലാക്കൽ ഘട്ടത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഏഷ്യ , ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, യൂറോപ്പ്, ഓഷ്യാനിയ, മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വത്തിക്കാനിൽ ഒത്തുചേർന്നത്.

2027-2028 കാലഘട്ടത്തിലെ പ്രധാന  നാല് ഘട്ടങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു: 2027-ന്റെ ആദ്യ പകുതിയിൽ രൂപതാ തലങ്ങളിൽ സിനഡ് തീരുമാനങ്ങളുടെ നടപ്പിലാക്കലിനെക്കുറിച്ച് വിലയിരുത്തലുകൾ നടത്തുക,  2027-ന്റെ രണ്ടാം പകുതിയിൽ ദേശീയ, പ്രാദേശിക മെത്രാൻ സമിതികളുടെ തലത്തിൽ ചർച്ചകൾ നടത്തുക, 2028-ന്റെ ആദ്യ നാല് മാസങ്ങളിൽ ഭൂഖണ്ഡാന്തര അസംബ്ലികൾ ചേരുക, 2028 ഒക്ടോബറിൽ വത്തിക്കാനിൽ പരിശുദ്ധ പിതാവിനോടൊപ്പം ആഗോള സഭാ അസംബ്ലി നടത്തുക എന്നിവയാണവ.

ഈ  ഘട്ടം കേവലം മുൻപത്തെ പ്രക്രിയയുടെ ആവർത്തനമല്ലെന്ന് സിനഡ് ജനറൽ സെക്രട്ടറി കർദിനാൾ മാരിയോ ഗ്രെക്ക് വ്യക്തമാക്കി. ഓരോ പ്രാദേശിക സഭയും തങ്ങളുടെ പ്രത്യേക സാഹചര്യങ്ങൾക്കനുസരിച്ച് സിനഡ് തീരുമാനങ്ങളെ പ്രായോഗികമാക്കുന്ന പുതിയൊരു ശൈലിയാണ് ഈ ഘട്ടത്തിൽ സ്വീകരിക്കുക. അതിനാൽ  സിനഡാലിറ്റിയെ ഒരു പ്രത്യേക സമയബന്ധിതമായ ഒരു  സംഭവമായി കാണാതെ സഭയുടെ സ്ഥിരമായ ജീവിതശൈലിയായി മാറ്റണമെന്നതും പത്രക്കുറിപ്പിൽ എടുത്തു പറയുന്നു.

സിനഡ് അണ്ടർസെക്രട്ടറി സിസ്റ്റർ നതാലി ബെക്വാർട്ടിന്റെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനയോടെയാണ് സമ്മേളനം ആരംഭിച്ചത്. രൂപതാ-ദേശീയ തലങ്ങളിലുള്ള പ്രവർത്തനങ്ങളിൽ ഭൂഖണ്ഡാന്തര സമിതികൾ നൽകേണ്ട പിന്തുണയെക്കുറിച്ച് അവർ വിശദീകരിച്ചു.

വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം സഭ വലിയ ആവേശത്തോടെയാണ് ഈ പാതയിൽ മുന്നേറുന്നത്. എങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ, രാഷ്ട്രീയ അസ്ഥിരത, ഭൂമിശാസ്ത്രപരമായ തടസ്സങ്ങൾ എന്നിവ പലയിടങ്ങളിലും വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. പരിശീലനം, സിനഡൽ ആത്മീയതയുടെ വളർച്ച, പ്രാദേശിക സംസ്കാരങ്ങളുമായുള്ള ഇണങ്ങിച്ചേരൽ എന്നിവയ്ക്ക് കൂടുതൽ മുൻഗണന നൽകണമെന്ന് യോഗം വിലയിരുത്തി.

ഭൂഖണ്ഡാന്തര സമിതികളുടെ ദൗത്യം മേൽനോട്ടം വഹിക്കലല്ല, മറിച്ച് പ്രാദേശിക സഭകളെ സഹായിക്കുകയും അവയ്ക്കിടയിൽ പരസ്പര സഹകരണം ഉറപ്പാക്കുകയുമാണെന്ന് സമ്മേളനം ഓർമ്മിപ്പിച്ചു. 2028-ലെ സഭാ അസംബ്ലി ഈ യാത്രയുടെ അവസാനമല്ല, മറിച്ച് സഭയുടെ പരിവർത്തന പ്രക്രിയയിലെ ഒരു സുപ്രധാന ഘട്ടം മാത്രമാണെന്നും അംഗങ്ങൾ  വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

27 ജൂൺ 2026, 11:38