‘ലിയോ ഇൻ റോം’: വത്തിക്കാൻ ന്യൂസിന്റെ പുതിയ ഡോക്യുമെൻ്ററി ജൂലൈ 1-ന് പുറത്തിറങ്ങും
വത്തിക്കാൻ ന്യൂസ്
കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്, ലിയോ പതിനാലാമൻ പാപ്പായായി, തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ്, റോമിൽ ചിലവഴിച്ച 20 വർഷത്തെ ജീവിത്തെ ആസ്പദമാക്കിക്കൊണ്ട്, 'ലിയോ ഇൻ റോം' എന്ന പുതിയ ഡോക്യുമെൻ്ററി വത്തിക്കാൻ ന്യൂസ് ജൂലൈ 1-ന് പുറത്തിറക്കും. വത്തിക്കാൻ്റെ ആശയവിനിമയ വിഭാഗംനിർമ്മിച്ച ഈ ഡോക്യുമെൻ്ററി, അദ്ദേഹത്തിൻ്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന പരമ്പരയിലെ മൂന്നാം ഭാഗമാണ്. പെറുവിലെ മിഷനറി പ്രവർത്തനങ്ങളെക്കുറിച്ചുള്ള 'ലിയോൺ ഡി പെറു' അമേരിക്കയിലെ അദ്ദേഹത്തിൻ്റെ വളർച്ചയെക്കുറിച്ചുള്ള 'ലിയോ ഫ്രം ചിക്കാഗോ' എന്നിവയായിരുന്നു ഇതിന് മുൻപ് പുറത്തിറങ്ങിയ ഭാഗങ്ങൾ.
1981-ൽ അമേരിക്കയിൽ നിന്ന് ഇറ്റലിയിലേക്കുള്ള അദ്ദേഹത്തിൻ്റെ യാത്ര മുതൽ ചിത്രം ആരംഭിക്കുന്നു. തുടർന്ന് അഗസ്റ്റീനിയൻ സഭയുടെ തലവനായി അദ്ദേഹം സേവനമനുഷ്ഠിച്ച രണ്ട് കാലഘട്ടങ്ങൾ, മെത്രാൻമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായുള്ള നിയമനം, 2023-ലെ കർദ്ദിനാൾ പദവി തുടങ്ങിയ പ്രധാന നാഴികക്കല്ലുകൾ ഡോക്യുമെൻ്ററിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സഹപ്രവർത്തകർ, സുഹൃത്തുക്കൾ, സഹപാഠികൾ എന്നിവരുടെ അനുഭവങ്ങളും ഇതിൽ പങ്കുവെക്കുന്നു.
ജൂലൈ 1 ബുധനാഴ്ച റോം സമയം വൈകുന്നേരം 6 മണിക്ക് (ഇന്ത്യൻ സമയം രാത്രി 9:30-ഓടെ) വത്തിക്കാൻ ന്യൂസിൻ്റെ യൂട്യൂബ് ചാനലിൽ ചിത്രം ലഭ്യമാകും. ഇംഗ്ലീഷ്, ഇറ്റാലിയൻ, സ്പാനിഷ് എന്നീ മൂന്ന് ഭാഷകളിലായാണ് ഇത് ആദ്യഘട്ടത്തിൽ പുറത്തിറക്കുന്നത്. അന്നേ ദിവസം വൈകുന്നേരം 5 മണിക്ക് വത്തിക്കാൻ ഫിലിം ലൈബ്രറിയിൽ അംഗീകൃത മാധ്യമപ്രവർത്തകർക്കായി പ്രത്യേക പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
മാധ്യമപ്രവർത്തകരായ ഫിലിപ്പെ ഹെരേര-എസ്പാലിയറ്റ്, സാൽവത്തോറെ ചെർനൂത്സിയോ, തിത്സ്യാന കമ്പിസി എന്നിവർ ചേർന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഹൈമേ വിസ്കൈനോ ഹാരോ, സ്തേഫാനോ അനെല്ല എന്നിവരാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
