തിരയുക

 പാപ്പാ കൺസിസ്റ്ററിയിൽ പങ്കെടുക്കുന്നു  പാപ്പാ കൺസിസ്റ്ററിയിൽ പങ്കെടുക്കുന്നു  

സമാധാനത്തിന്റെ സന്ദേശവും, അത് വീണ്ടെടുക്കുവാനുള്ള ഉത്തരവാദിത്വവും അനുസ്മരിപ്പിച്ചുകൊണ്ട്, ആദ്യ ദിന കൺസിസ്റ്ററിയുടെ രണ്ടാം ഭാഗം

യുദ്ധത്തിന്റെ യുക്തികളെ ഉപേക്ഷിക്കണമെന്നും ക്ഷമയുടെയും ശ്രവണത്തിന്റെയും ഭാഷ സഭയും ലോകവും സ്വീകരിക്കണമെന്നും കൺസിസ്റ്ററി വേളയിൽ, കർദ്ദിനാൾമാർ അഭ്യർത്ഥിച്ചു. ലിയോ പാപ്പായുടെ 'മാഞ്ഞിഫിക്ക ഉമാനിത്താസ്' (Magnifica humanitas) എന്ന ചാക്രിക ലേഖനത്തിലെ, അഞ്ചാം അധ്യായത്തെ ആസ്പദമാക്കി "അധികാരത്തിന്റെ സംസ്കാരവും സ്നേഹത്തിന്റെ നാഗരികതയും" എന്ന വിഷയത്തിലായിരുന്നു പ്രധാന ചർച്ചകൾ.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ലോകത്ത് സമാധാനവും ‘സ്നേഹത്തിന്റെ നാഗരികതയും’ കെട്ടിപ്പടുക്കുന്നതിനായുള്ള ശക്തമായ ആഹ്വാനത്തോടെ വത്തിക്കാനിൽ ചേർന്ന അസാധാരണ കൺസിസ്റ്ററിയുടെ ഒന്നാം ദിവസത്തെ രണ്ടാം ഘട്ട ചർച്ചകൾ സമാപിച്ചു. പോൾ ആറാമൻ ശാലയിൽ  നടന്ന സമ്മേളനത്തിൽ, യുദ്ധത്തിന്റെ യുക്തികളെ ഉപേക്ഷിക്കണമെന്നും ക്ഷമയുടെയും ശ്രവണത്തിന്റെയും ഭാഷ സഭയും ലോകവും സ്വീകരിക്കണമെന്നും കർദ്ദിനാൾമാർ ആവശ്യപ്പെട്ടു. 'ന്യായമായ യുദ്ധം' (just war) എന്ന യുക്തിക്ക് പകരം 'ആനുപാതികമായ പ്രതിരോധത്തിനുള്ള അവകാശം' (right to a proportionate defense) എന്നതിനെക്കുറിച്ച് സംസാരിക്കേണ്ടതിന്റെ ആവശ്യകത പല ഗ്രൂപ്പുകളും ചൂണ്ടിക്കാട്ടി.

വെനസ്വേലയിലെ ദൗർഭാഗ്യകരമായ സാഹചര്യത്തെയും ഭൂകമ്പത്തിൽ ഇരയായവരെയും സ്മരിച്ചുകൊണ്ടാണ് ജൂൺ 26-ന് ഉച്ചകഴിഞ്ഞ് പോൾ ആറാമൻ ശാലയിൽ  അസാധാരണ കൺസിസ്റ്ററി ആരംഭിച്ചത്. ലിയോ പതിനാലാമൻ പാപ്പായുടെ 'മാഞ്ഞിഫിക്ക ഉമാനിത്താസ്' (Magnifica humanitas) എന്ന ചാക്രിക ലേഖനത്തിലെ, അഞ്ചാം അധ്യായത്തെ ആസ്പദമാക്കി "അധികാരത്തിന്റെ സംസ്കാരവും സ്നേഹത്തിന്റെ നാഗരികതയും" എന്ന വിഷയത്തിലായിരുന്നു പ്രധാന ചർച്ചകൾ. വിശ്വാസ കാര്യങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് പ്രാരംഭ പ്രഭാഷണം നടത്തി. ചർച്ചകളിൽ 11 ഗ്രൂപ്പുകൾ തങ്ങളുടെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

അധികാരത്തിന്റെ സംസ്കാരം മനുഷ്യത്വത്തെ എങ്ങനെ ഇല്ലാതാക്കുന്നുവെന്നും, യുദ്ധത്തെയും ധ്രുവീകരണത്തെയും സ്വാഭാവികമായി കാണാനുള്ള പ്രവണതയെയും കുറിച്ച് അവർ സംസാരിച്ചു. അക്രമത്തോടുള്ള സഹിഷ്ണുത വർദ്ധിക്കുന്നതിനെതിരെയും പരിഹാരങ്ങൾ ലളിതവൽക്കരിക്കുന്നതിനെതിരെയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. സമാധാനവും സ്നേഹത്തിന്റെ നാഗരികതയും കെട്ടിപ്പടുക്കുന്നതിൽ സഭയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് ചർച്ചകൾ അടിവരയിട്ടു. കേൾക്കാനും ക്ഷമിക്കാനും അനുരഞ്ജനപ്പെടാനുമുള്ള ഭാഷ സഭയ്ക്കുള്ളിൽ ആദ്യം പ്രയോഗിക്കണമെന്നും അത് ലോകത്തിന് മാതൃകയാകണമെന്നും കർദ്ദിനാൾമാർ പറഞ്ഞു.

സഭയ്ക്കുള്ളിലെ ഐക്യവും മറ്റ് മതങ്ങളുമായുള്ള സംവാദം വളരെ  പ്രധാനമാണെന്ന് ചർച്ചയിൽ ഉയർന്നു വന്നു. "ആഗോളതലത്തിലുള്ള ഉദാസീനത" മറ്റുള്ളവരുടെ ദുരിതങ്ങളോട് നമ്മെ തണുപ്പൻ മനോഭാവമുള്ളവരാക്കുന്നുവെന്നും, എന്നാൽ ക്രിസ്തുവിലുള്ള വിശ്വാസവും സുവിശേഷവും വെറും സിദ്ധാന്തങ്ങളല്ല, മറിച്ച് ലോകത്തെ മാറ്റാനുള്ള ശക്തിയാണെന്ന്  സമ്മേളനത്തിൽ  ഓർമ്മിപ്പിച്ചു. രാഷ്ട്രീയ അധികാരം സാമ്പത്തിക ശക്തിയുടെ തടവറയിൽ നിന്ന് മോചിതമാകണമെന്നും കുടുംബം, വിദ്യാഭ്യാസം, സുവിശേഷവൽക്കരണം എന്നിവയ്ക്ക് ഊന്നൽ നൽകണമെന്നും ചർച്ചയിൽ നിർദ്ദേശമുയർന്നു.

സുവിശേഷം ഒരിക്കലും ബലം പ്രയോഗിച്ച് അടിച്ചേൽപ്പിക്കാനാവില്ലെന്ന് യോഗം വിലയിരുത്തി. അതിനാൽ 'ന്യായമായ യുദ്ധം' എന്ന സങ്കൽപ്പത്തിന് പകരം 'ആനുപാതികമായ പ്രതിരോധം' എന്നതിനെക്കുറിച്ച് സംസാരിക്കണം. യുദ്ധങ്ങളെ അപലപിച്ചുകൊണ്ടുള്ള ലിയോ പതിനാലാമൻ പാപ്പായുടെ പ്രഥമ ചാക്രികലേഖനത്തിനു അഭിനന്ദനങ്ങളും, കർദ്ദിനാൾമാർ നേർന്നു. അടിമത്തത്തെ അപലപിക്കുന്നതിൽ സഭയ്ക്കുണ്ടായ കാലതാമസത്തെക്കുറിച്ച് പാപ്പാ ഈ ചാക്രിക ലേഖനത്തിൽ തുറന്ന മനസോടെ പങ്കുവച്ചതിനെ കർദ്ദിനാൾമാർ സ്വാഗതം ചെയ്തു. വൈകുന്നേരം 7:30 നു ലിയോ പതിനാലാമൻ പാപ്പാ നടത്തിയ പ്രാർത്ഥനയോടെ രണ്ടാം ഘട്ട ചർച്ചകൾ അവസാനിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

27 ജൂൺ 2026, 11:46