തിരയുക

കർദിനാൾമാർക്കൊപ്പം  പാപ്പാ കൺസിസ്റ്ററിയിൽ പങ്കെടുക്കുന്നു  കർദിനാൾമാർക്കൊപ്പം പാപ്പാ കൺസിസ്റ്ററിയിൽ പങ്കെടുക്കുന്നു   (@Vatican Media)

കർദ്ദിനാൾമാരുടെ അസാധാരണ കൺസിസ്റ്ററിക്ക് തുടക്കമായി

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ വിളിച്ചുചേർത്ത, കർദ്ദിനാൾമാരുടെ അസാധാരണ കൺസിസ്റ്ററി സമ്മേളനം, ജൂൺ മാസം ഇരുപത്തിയാറാം തീയതി ആരംഭിച്ചു. സാമൂഹിക മാറ്റങ്ങൾ, ധ്രുവീകരണങ്ങൾ, രാഷ്ട്രീയ സംഘർഷങ്ങൾ, അക്രമം, ന്യൂനപക്ഷങ്ങളോടുള്ള അനാദരവ്, സഭയോടുള്ള ശത്രുത, വർദ്ധിച്ചുവരുന്ന സെമിറ്റിക് വിരുദ്ധത (antisemitism), കുടുംബ പ്രതിസന്ധി, വയോധികരുടെയും യുവാക്കളുടെയും ഏകാന്തത തുടങ്ങിയ വിഷയങ്ങൾ ആദ്യദിന പ്രാരംഭ ഘട്ട ചർച്ചകളിൽ ഇടം നേടി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ വിളിച്ചുചേർത്ത അസാധാരണ കൺസിസ്റ്ററിയുടെ  ആദ്യ ഘട്ടത്തിൽ 178 കർദ്ദിനാൾമാർ പങ്കെടുത്തു. രാവിലെ 9:30-ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ  ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം, പരിശുദ്ധ പിതാവും, കർദ്ദിനാൾമാരും പോൾ ആറാമൻ ശാലയിലേക്ക് ചർച്ചകൾക്കായി എത്തിച്ചേർന്നു. കർദ്ദിനാൾ സംഘത്തിന്റെ ഡീൻ ആയ കർദ്ദിനാൾ ജോവാന്നി  ബാത്തിസ്ത്ത  റെ സ്വാഗതം ആശംസിക്കുകയും ലിയോ പതിനാലാമൻ പാപ്പാ ആമുഖ പ്രഭാഷണം നടത്തുകയും ചെയ്തു.

പ്രാർത്ഥനയ്ക്ക് ശേഷം വിവിധ ഗ്രൂപ്പുകളിലായി കർദ്ദിനാൾമാർ ആശയങ്ങൾ പങ്കുവെച്ചു. ലോകം നേരിടുന്ന കഠിനമായ സാമൂഹിക മാറ്റങ്ങളെക്കുറിച്ചും മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും എല്ലാ ഗ്രൂപ്പുകളും ആശങ്ക രേഖപ്പെടുത്തി. സമൂഹങ്ങളിലും കൂട്ടായ്മകളിലും വർദ്ധിച്ചുവരുന്ന ധ്രുവീകരണം രാഷ്ട്രീയ സംഘർഷങ്ങൾക്കും അക്രമങ്ങൾക്കും കാരണമാകുന്നുവെന്നും, വ്യാജവാർത്തകളും തെറ്റായ ആശയവിനിമയ രീതികളും ഇതിന് ആക്കം കൂട്ടുന്നുവെന്നും കർദ്ദിനാൾമാർ പറഞ്ഞു. ഒപ്പം, തർക്കങ്ങൾ പരിഹരിക്കാൻ അക്രമം ഒരു മാർഗമായി മാറുന്നതും അന്താരാഷ്ട്ര തലത്തിലുള്ള യുദ്ധങ്ങളും ചർച്ചയായി.

പലയിടങ്ങളിലും മത-വംശീയ ന്യൂനപക്ഷങ്ങൾ നേരിടുന്ന വിവേചനവും സഭയ്ക്കെതിരായ ശത്രുതയും സെമിറ്റിക് വിരുദ്ധതയും ചൂണ്ടിക്കാണിക്കപ്പെട്ടു.അമിതമായ വ്യക്തിവാദം, കുടുംബ ബന്ധങ്ങളിലെ തകർച്ച, വയോധികരുടെയും യുവാക്കളുടെയും ഏകാന്തത എന്നിവ ആത്മഹത്യയിലേക്കും മയക്കുമരുന്ന് ഉപയോഗത്തിലേക്കും നയിക്കുന്നതായി വിലയിരുത്തപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും യുവാക്കളെ ബാധിക്കുന്നുവെന്ന  കണ്ടെത്തലും സമ്മേളനത്തിൽ പങ്കുവച്ചു. ജനനനിരക്കിലെ കുറവ്, ക്രിമിനൽ സംഘങ്ങളുടെ വളർച്ച, മയക്കുമരുന്ന് കടത്ത്, പരിസ്ഥിതി പ്രതിസന്ധി, കുടിയേറ്റ പ്രശ്നങ്ങൾ, അഴിമതി എന്നിവയും ചർച്ചകളിൽ ഉയർന്നുവന്നു.

ഈ പ്രതിസന്ധികൾക്കിടയിൽ സഭ ഒരു 'അമ്മ'യെപ്പോലെയും എല്ലാവരെയും സ്വാഗതം ചെയ്യുന്ന ഇടമായും മാറണമെന്ന് കർദ്ദിനാൾമാർ അഭിപ്രായപ്പെട്ടു. സമൂഹത്തിലെ,  പല സ്ഥാപനങ്ങൾക്കും  വിശ്വാസ്യത നഷ്ടപ്പെടുമ്പോൾ, സമാധാനത്തിനും മനുഷ്യാന്തസ്സിനും വേണ്ടി സംസാരിക്കാൻ സഭയ്ക്ക് ഉത്തരവാദിത്തമുണ്ടെന്ന് അംഗങ്ങൾ  ഓർമ്മിപ്പിച്ചു.

പാപ്പായുടെ ഉപസംഹാര പ്രസംഗത്തിൽ, ചർച്ചകളിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു. ലോകത്ത് നിലനിൽക്കുന്ന കഷ്ടപ്പാടുകളെ നാം കാണാതിരിക്കരുതെന്നും പറഞ്ഞ പാപ്പാ, ഏകാന്തതയും കഷ്ടപ്പാടും ഈ കാലഘട്ടത്തിന്റെ വെല്ലുവിളികളാണെന്നും, ഇതിന് മറുപടിയായി സഭ ഒരു 'കൂട്ടായ്മ' സൃഷ്ടിക്കണമെന്നും ആഹ്വാനം ചെയ്തു. എന്നാൽ,  ഇത് കേവലം കൂദാശകളുടെ പരികർമ്മത്തിലൂടെ  മാത്രമല്ല, മറിച്ച്, മനുഷ്യർ തമ്മിലുള്ള കൂടിക്കാഴ്ചകൾക്ക് അവസരമൊരുക്കുന്നതിലൂടെയുമാണ് സാധ്യമാകേണ്ടതെന്നും  പാപ്പാ  ഓർമ്മിപ്പിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

27 ജൂൺ 2026, 11:41