സഭ എന്തിനെക്കുറിച്ച് പ്രഘോഷിക്കുന്നുവോ അത് തന്നെയായി സഭ മാറണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
വെനിസ്വേലയിൽ അടുത്തിടെയുണ്ടായ ഭൂകമ്പത്തിൽ, ഇരകളായ സഹോദരങ്ങളോടുള്ള തന്റെയും, കർദ്ദിനാൾ തിരുസംഘത്തിന്റെയും ഐക്യദാർഢ്യം അറിയിച്ചുകൊണ്ടാണ് പാപ്പാ, കൺസിസ്റ്ററിയുടെ ഉപസംഹാര പ്രസംഗം ആരംഭിച്ചത്. ജൂൺ മാസം 26, 27 തീയതികളിലായിട്ടാണ്, കർദിനാൾമാരുടെ അസാധാരണ കൺസിസ്റ്ററി വത്തിക്കാനിൽ നടന്നത്. കൺസിസ്റ്ററി വേളയിൽ നടന്ന വിവിധ ചർച്ചകളുടെ അവസരത്തിൽ, കർദിനാൾമാർ കാണിച്ച സ്വാതന്ത്ര്യത്തിനും സാഹോദര്യത്തിനും സഭാത്മക ചൈതന്യത്തിനും പാപ്പാ പ്രത്യേകം നന്ദിയർപ്പിച്ചു. കർദ്ദിനാൾമാരുടെ ചിന്തകൾ മാത്രമല്ല, ആ ചിന്തകൾക്ക് രൂപം നൽകിയ അനുഭവങ്ങളും ഏറെ പ്രധാനപ്പെട്ടതായിരുന്നുവെന്നു പാപ്പാ ചൂണ്ടിക്കാണിച്ചു.
ഈ ദിവസങ്ങളിൽ കർത്താവിന്റെ ഹിതം തേടുകയായിരുന്നുവെന്നും, ഇത് ക്രിസ്തു തന്റെ സഭയിൽ തുടർന്നും പ്രവർത്തിക്കുന്നു എന്ന ബോധ്യത്തിൽ നിന്നുമാണ് പ്രാവർത്തികമാക്കിയതെന്നും പാപ്പാ പങ്കുവച്ചു. വ്യത്യസ്തമായ സഭകളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും വരുന്ന കർദ്ദിനാൾമാർ പരസ്പരം ശ്രവിക്കുന്നതും സുവിശേഷത്തിന് ഏറ്റവും അനുയോജ്യമായത് എന്താണെന്ന് ഒരുമിച്ച് അന്വേഷിക്കുന്നതും കാണുന്നത് തനിക്ക് ഏറെ ആശ്വാസവും, പ്രത്യാശയും നൽകുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.
"കർത്താവ് തന്റെ സഭയെ ഏൽപ്പിച്ച ദാനത്തെ നാം എങ്ങനെ ഒരുമിച്ച് സംരക്ഷിക്കും?" എന്ന ചോദ്യമാണ് സിനഡാലിറ്റിയുടെ കേന്ദ്രമെന്നും, നമ്മുടെ സഭകളെ സുവിശേഷാധിഷ്ഠിതമായ ഒരു ശൈലിയിൽ വളരാൻ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. സിനഡാലിറ്റി എന്നത് കൂടിക്കാഴ്ചകളിൽ നിന്ന് ജനിക്കുകയും, ശ്രവണത്തിലൂടെ വളരുകയും, വിവേചനത്തിലൂടെ പക്വത പ്രാപിക്കുകയും ചെയ്യുന്ന ഒരു ആത്മീയ ശൈലി ആണെന്നുള്ള കർദിനാൾ മാരിയോ ഗ്രെക്കിന്റെ വാക്കുകളും പാപ്പാ ചൂണ്ടിക്കാണിച്ചു. വിനയത്തോടും സ്വാതന്ത്ര്യത്തോടും കൂടി നാം പരസ്പരം ശ്രവിക്കുമ്പോൾ, പരിശുദ്ധാത്മാവിന് ഇടം നൽകുമ്പോൾ, നമ്മുടെ സംഭാഷണങ്ങൾ വെറും ആശയ വിനിമയങ്ങളായി അവശേഷിക്കില്ല; മറിച്ച് അവ മാനസാന്തരത്തിന്റെ വേദികളായി മാറുകയും കർത്താവിനോടുള്ള വിശ്വസ്തതയിൽ നാം ഒരുമിച്ച് വളരുകയും ചെയ്യുമെന്നു പാപ്പാ ഉദ്‌ബോധിപ്പിച്ചു.
യുദ്ധങ്ങളും അക്രമങ്ങളും ദാരിദ്ര്യവും അനീതികളും ജനങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന ദുരിതങ്ങളെക്കുറിച്ച് കർദിനാൾമാർ പങ്കുവച്ച കാര്യങ്ങൾ അനുസ്മരിച്ച പാപ്പാ, ഇന്ന് പലരും യഥാർത്ഥ ബന്ധങ്ങൾക്കും പ്രത്യാശയ്ക്കും വേണ്ടി ആളുകൾ ദാഹിക്കുന്നുവെന്നതും എടുത്തു പറഞ്ഞു. ആധികാരികതയ്ക്കും യഥാർത്ഥ ബന്ധങ്ങൾക്കും വേണ്ടിയുള്ള യുവജനങ്ങളുടെ അന്വേഷണം, സുവിശേഷം ഇന്നും മനുഷ്യഹൃദയത്തിന്റെ ആഴത്തിലുള്ള പ്രതീക്ഷകളെ നിറവേറ്റുന്നു എന്നതിന്റെ തെളിവാണെന്നും പാപ്പാ പങ്കുവച്ചു.
തുടർന്ന് കുടുംബ ബന്ധങ്ങളെക്കുറിച്ച് കൺസിസ്റ്ററിയിൽ പരാമർശിച്ചതിനെ പാപ്പാ ചൂണ്ടിക്കാട്ടി. കുടുംബം മുറിവേൽപ്പിക്കപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യുമ്പോൾ സമൂഹം മുഴുവൻ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നുവെന്നു പാപ്പാ ഉദ്‌ബോധിപ്പിച്ചു, അടുത്ത ഒക്ടോബർ മാസത്തിൽ, 'അമോരിസ് ലെത്തീത്സ്യ 'യ്ക്ക് (Amoris Laetitia) ശേഷം കൈവരിച്ച പുരോഗതി വിലയിരുത്താൻ പൗരസ്ത്യ സഭകളുടെ തലവൻമാരുടെയും, മെത്രാൻ സമിതി പ്രസിഡന്റുമാരുടെയും യോഗം ചേരുമെന്നും, തദവസരത്തിൽ, തങ്ങളുടെ സഭകളിലെ കുടുംബങ്ങളുടെ അനുഭവങ്ങൾ കൂടുതൽ അറിയണമെന്നും, പങ്കുവയ്ക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്നും പാപ്പാ പറഞ്ഞു.
യുദ്ധം എന്നത് കേവലം സംസ്ഥാനങ്ങൾ തമ്മിലുള്ള സംഘർഷം മാത്രമല്ല, മറിച്ച്, നമ്മുടെ ചിന്താധാരകളിലും, അധികാര വിനിയോഗത്തിലും, സമ്പദ്‌വ്യവസ്ഥയിലും, സാങ്കേതികവിദ്യയിലും, മതത്തിലും പോലും കടന്നുകൂടിയിട്ടുള്ള ഒരു 'ശക്തിയുടെ സംസ്കാരത്തിൽ' നിന്നും ഉടലെടുക്കുന്നതാണെന്നു പാപ്പാ ചൂണ്ടിക്കാട്ടി. സഹകരണത്തിന്റെയും സംവാദത്തിന്റെയും സംസ്കാരം കെട്ടിപ്പടുക്കുക എന്നതാണ് ഇത് മറികടക്കുവാനുള്ള ഏക പോം വഴിയെന്നും പാപ്പാ എടുത്തു പറഞ്ഞു. അക്രമങ്ങൾക്കെതിരെയുള്ള അഹിംസാപരമായ പ്രവൃത്തികൾ, സ്നേഹം വെറുപ്പിനേക്കാൾ ശക്തമാണെന്നും ക്ഷമ പ്രതികാരത്തിന്റെ ചങ്ങലകളെ തകർക്കുമെന്നും നമ്മെ ബോധ്യപ്പെടുത്തുന്നുവെന്നും, ഇതാണ് ഉത്ഥിതന്റെ ശക്തിയെന്നും പാപ്പാ പങ്കുവച്ചു.
സഭ എന്തിനെക്കുറിച്ച് പ്രഘോഷിക്കുന്നുവോ അത് തന്നെയായി സഭ മാറണമെന്ന ആഹ്വാനവും പാപ്പാ നൽകി. ധ്രുവീകരണങ്ങൾ നിറഞ്ഞ ഒരു കാലഘട്ടത്തിൽ, സഭ ശ്രവിക്കുന്നതും സംവദിക്കുന്നതും തന്നെ ഒരു സുവിശേഷ പ്രഘോഷണമായി മാറുന്നുവെന്നും, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട് നാം കർത്താവിന്റെ ഇഷ്ടം തേടുന്നത് തുടരുകയാണെങ്കിൽ, നമ്മുടെ കൂട്ടായ്മ സഭയുടെ ദൗത്യത്തിന് കൂടുതൽ ഫലപ്രദമാകുമെന്നും പാപ്പാ പറഞ്ഞു. പരസ്പരം ശ്രവിക്കുന്നതിലൂടെ കർത്താവിനെ ശ്രവിക്കാൻ പഠിക്കുക എന്നതാണ് കൺസിസ്റ്ററിയുടെ ശരിയായ ആത്മാവെന്നതും പാപ്പാ ചൂണ്ടിക്കാണിച്ചു. വൈവിധ്യങ്ങൾക്കിടയിലും ഐക്യം കാത്തുസൂക്ഷിക്കാനും വിനയത്തോടും പ്രത്യാശയോടും കൂടി സമാധാനത്തിന്റെ സുവിശേഷത്തെ സേവിക്കാനും പരിശുദ്ധ അമ്മ ഏവരെയും പഠിപ്പിക്കട്ടെ എന്ന ആശംസയോടെയാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
