തിരയുക

മധ്യാഹ്ന പ്രാർത്ഥനാവേളയിൽ വിശ്വാസികൾ മധ്യാഹ്ന പ്രാർത്ഥനാവേളയിൽ വിശ്വാസികൾ   (ANSA)

ലോകമാതൃദിനത്തോടനുബന്ധിച്ച്, ആഗോള തലത്തിൽ ആശംസകളും പ്രാർത്ഥനകളും അറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ

മെയ് മാസം പത്താം തീയതി ഞായറാഴ്ച, വത്തിക്കാനിൽ നടന്ന മധ്യാഹ്നപ്രാർത്ഥനയ്ക്ക് ശേഷം, ലിയോ പതിനാലാമൻ പാപ്പാ എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ നേർന്നു.

ഫാ. ഡൊമിനിക് സാവിയോ മൂഴിക്കര ഓ ഐ സി

ലോക മാതൃ ദിനത്തോടനുബന്ധിച്ച്, ലിയോ പതിനാലാമൻ പാപ്പാ, മെയ് മാസം പത്താം തീയതി ഞായറാഴ്ച, വത്തിക്കാനിൽ നടന്ന  മധ്യാഹ്നപ്രാർത്ഥനയ്ക്ക് ശേഷം എല്ലാ അമ്മമാർക്കും ആശംസകളും, പ്രാർത്ഥനകളും നേർന്നു. തുടർന്ന്,  കത്തോലിക്കാ-കോപ്റ്റിക് സഭകളുടെ  പരസ്പര സൗഹൃദത്തിന്റെ വാർഷികദിനത്തോടനുബന്ധിച്ച്,   കോപ്റ്റിക്  സഭാതലവനായ  പരിശുദ്ധ  തവാദ്രോസ് രണ്ടാമനും  കോപ്റ്റിക് സഭയ്ക്കും പ്രാർത്ഥനാശംസകൾ അറിയിക്കുകയും,  കാനറി ദ്വീപുകളിലെ ജനങ്ങളുടെ  ആതിഥേയമനോഭാവത്തെ പ്രശംസിക്കുകയും ചെയ്തു.

യേശുവിന്റെ മാതാവും, നമ്മുടെ അമ്മയുമായ  പരിശുദ്ധ  മറിയം വഴിയായി എല്ലാ അമ്മമാർക്കും, പ്രത്യേകിച്ച് ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽ കഴിയുന്ന അമ്മമാർക്കും വേണ്ടി നന്ദി നിറഞ്ഞ ഹൃദയത്തോടെ  പ്രാർത്ഥിക്കണമെന്ന  ആഹ്വാനവും പരിശുദ്ധ പിതാവ്, തദവസരത്തിൽ  നൽകി.

കോപ്റ്റിക്-കത്തോലിക്ക സൗഹൃദ ദിനത്തോടനുബന്ധിച്ച്,  സാഹോദര്യത്തിന്റെ ഈ  യാത്ര ക്രിസ്തുവിൽ പൂർണ്ണ ഐക്യത്തിലേക്ക്  ഇരു സഭകളെയും നയിക്കട്ടെയെന്ന ആശംസകളും,  പ്രാർത്ഥനകളും  പാപ്പാ നൽകി.

കാനറി ദ്വീപുകളിലെ ജനങ്ങളുടെ ആതിഥേയമനോഭാവത്തെയും പരിശുദ്ധ പിതാവ് പ്രത്യേകമായി പ്രശംസിച്ചു. ഹാന്റാവൈറസ് രോഗബാധിതരായ  ‘ഹോണ്ടിയസ്’ യാത്രാകപ്പലിലെ ആളുകളെ  ദ്വീപുനിവാസികൾ  സ്വീകരിച്ചതിനെ അഭിനന്ദിച്ച അദ്ദേഹം, അടുത്ത മാസം ദ്വീപുകൾ സന്ദർശിക്കാനാകുന്നതിലുള്ള  തന്റെ സന്തോഷവും  പങ്കുവച്ചു. ജൂൺ 6 മുതൽ 12 വരെ സ്പെയിനിലേക്ക് നടക്കുന്ന ലിയോ പാപ്പയുടെ  അപ്പസ്തോലിക യാത്രയുടെ അവസരത്തിൽ, ടെനെറിഫെയും ഗ്രാൻ കനേറിയയും ഉൾപ്പെടുന്ന കാനറി ദ്വീപുകളിൽ  കുടിയേറ്റക്കാരെയും അവരെ സഹായിക്കുന്ന സംഘടനകളെയും സന്ദർശ്ശിക്കുമെന്നും പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 മേയ് 2026, 14:10