ലിയോ പതിനാലാമൻ പാപ്പാ. ലിയോ പതിനാലാമൻ പാപ്പാ. 

ക്രിസ്തുവിനെ പ്രഘോഷിക്കാൻ എല്ലാ ക്രൈസ്തവർക്കും വിളിയും കടമയുമുണ്ട്: ലിയോ പതിനാലാമൻ പാപ്പാ

സുവിശേഷമായി കടന്നുവരികയും, ഉത്ഥിതനായ പിതാവിനരികിലേക്ക് പോവുകയും ചെയ്ത ക്രിസ്തു, സവിശേഷമായ വിധത്തിൽ പരിശുദ്ധാത്മാവെന്ന ദാനത്തിലൂടെ നമുക്കിടയിൽ സന്നിഹിതനാണെന്നും, നമ്മോടൊത്തുള്ള, എമ്മാനുവേലായ അവനെ, മറ്റുള്ളവരോട് പ്രഘോഷിക്കാൻ നമുക്ക് കടമയുണ്ടെന്നും ലിയോ പതിനാലാമൻ പാപ്പാ. "അങ്ങയുടെ രാജ്യം വരേണമേ" എന്ന പേരിൽ, വിവിധ ക്രൈസ്തവസഭകൾ ചേർന്ന് നടത്തുന്ന പ്രാർത്ഥനായജ്ഞത്തിലേക്കായി നൽകിയ വീഡിയോ സന്ദേശത്തിലാണ്, ലോകത്ത് രക്ഷകനായ ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള ക്രൈസ്തവരുടെ വിളിയെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഉത്ഥിതനായ ക്രിസ്തുവിനെ പ്രഘോഷിക്കാതിരിക്കാൻ ക്രൈസ്തവർക്കാകില്ലെന്ന് ലിയോ പതിനാലാമൻ പാപ്പാ. "അങ്ങയുടെ രാജ്യം വരേണമേ" (Thy Kingdom Come 2026) എന്ന പേരിൽ നടക്കുന്ന എക്യൂമെനിക്കൽ പ്രാർത്ഥനായജ്ഞത്തിനായി മെയ് 13 ബുധനാഴ്ച നൽകിയ ഒരു വീഡിയോ സന്ദേശത്തിലൂടെയാണ്, ക്രിസ്തുവിനെ സ്വീകരിച്ചവർക്ക് ക്രിസ്തുസാക്ഷ്യമേകാനുള്ള വിളിയെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്. ക്രിസ്തുവിനെ കൂടുതൽ ആളുകൾ അറിയുവാൻ വേണ്ടിയുള്ള പരിശ്രമത്തിന്റെ ഭാഗമായി ആരംഭിച്ച ഈ പ്രസ്ഥാനം ഉയിർപ്പുകാലവുമായി ബന്ധപ്പെട്ടു നടത്തുന്ന പ്രാർത്ഥനായജ്ഞത്തിന് തന്റെ ആത്മീയസാന്നിദ്ധ്യം പരിശുദ്ധ പിതാവ് വാഗ്ദാനം ചെയ്തു.

ആഗമനകാലവും ഉയിർപ്പ് കാലവും, ക്രിസ്തുവിന്റെ സാന്നിദ്ധ്യവുമായി ബന്ധപ്പെട്ട ചിന്തകൾ കൂടുതലായി ഉയർത്തുന്ന കാലങ്ങളാണെന്ന് പ്രസ്താവിച്ച പാപ്പാ, എന്നാൽ മഗ്ദലന മറിയത്തെപ്പോലെ നമുക്കും കൂടെയുള്ളപ്പോഴും ഉത്ഥിതനെ വേഗത്തിൽ തിരിച്ചറിയാൻ സാധിച്ചേക്കില്ലെന്ന് ഓർമ്മിപ്പിച്ചു. ഉത്ഥിതനായ ക്രിസ്തു സ്വർഗ്ഗാരോപിതനാണെങ്കിലും പരിശുദ്ധാത്മാവെന്ന ദാനത്തിലൂടെ അവൻ നമുക്കൊപ്പമുണ്ടെന്നും, അവൻ സഭയിൽ സന്നിഹിതനാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ക്രിസ്തുവിലാണ് ജീവന്റെ പൂർണ്ണതയും അർത്ഥവും കാണാൻ നമുക്ക് സാധിക്കുകയെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പാ, ഇത് നമുക്ക് മറച്ചുവയ്ക്കാനാകില്ലാത്ത ഒരു സത്യമാണെന്നും, ധൈര്യപൂർവ്വം പ്രഘോഷിക്കപ്പെടേണ്ട ഒന്നാണെന്നും പ്രസ്താവിച്ചു. നമ്മോടൊപ്പമുള്ള സുവിശേഷമാകുന്ന ക്രിസ്തുവിനെക്കുറിച്ച് മറ്റുള്ളവരോട് പറയാനുള്ള ഒരു സവിശേഷാവസരമാണ് "ദൈ കിങ്‌ഡം കം" പ്രസ്ഥാനം ഒരുക്കിയിരിക്കുന്ന 2026-ലെ നൊവേനയുടെ ആഴ്ചയെന്ന് വിശേഷിപ്പിച്ച പാപ്പാ, അതുവഴി, യേശുവിൽ വെളിപ്പെടുന്ന രക്ഷയും സ്വാതന്ത്ര്യവും പ്രദാനം ചെയ്യുന്ന ദൈവസ്നേഹം മറ്റുള്ളവർ അറിയാൻ കാരണമാകട്ടെയെന്ന് ആശംസിച്ചു.

ഈ വർഷത്തിലെ ഈസ്റ്റർ ദിനത്തിൽ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ താൻ നടത്തിയ പ്രഭാഷണത്തെ പരാമർശിച്ചുകൊണ്ട്, സഹോദരങ്ങളോട് ക്രിസ്തുവിന്റെ ഉയിർപ്പിനെക്കുറിച്ച് അറിയിക്കാനായി ഓടിയ സ്ത്രീകളെപ്പോലെ, സമാധാനവും ഐക്യവും നിറഞ്ഞ ഒരു പുതുലോകത്തിന് ജന്മം നൽകാനായി നമുക്കും പരിശ്രമിക്കാമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. ക്രൈസ്തവർ അനേകരുണ്ടെങ്കിലും ക്രിസ്തു ഒന്നുമാത്രമാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 മേയ് 2026, 12:26