ലെബനിലെ വൈദികർക്ക് ഇടയന്റെ പിന്തുണയേകി ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
യുദ്ധങ്ങളും സംഘർഷങ്ങളും ദുരിതപൂർണ്ണമാക്കിയ ലെബനനിലെ സഭയ്ക്ക് സാന്ത്വനവും ധൈര്യവും പകർന്നും, സാമീപ്യമായും ലിയോ പതിനാലാമൻ പാപ്പായുടെ വീഡിയോ കോൾ. മെയ് ആറാം തീയതി രാവിലെ വത്തിക്കാനിൽ പൊതുകൂടിക്കാഴ്ച അനുവദിക്കുന്നതിന് തൊട്ടുമുൻപായി ഒൻപതേമുക്കാലിനാണ് രാജ്യത്തേക്കുള്ള അപ്പസ്തോലിക നൂൺഷ്യോയും തെക്കൻ ലെബനനിലുള്ള പത്തോളം വൈദികരും ഉൾക്കൊള്ളുന്ന ഒരു സംഘവുമായി പാപ്പാ സംസാരിച്ചത്. തീറോയിലെ ഗ്രീക്ക് കത്തോലിക്കാ മെത്രാനും, വികാരി ജനറലും ഫോൺ സംഭാഷണത്തിൽ പങ്കെടുത്തു.
ഏതാനും മിനിറ്റുകൾ നീണ്ട ടെലഫോൺ സംഭാഷണത്തിൽ, ഇസ്രയേലുമായി അതിരുപങ്കിടുന്ന പ്രദേശത്ത് വിവിധ ഇടവകകളിൽ ശുശ്രൂഷ ചെയ്യുന്ന ഈ വൈദികർക്ക് പരിശുദ്ധ പിതാവ് തന്റെ സാമീപ്യവും പ്രാർത്ഥനകളും വാഗ്ദാനം ചെയ്തു. മിസൈലുകളും ബോംബുകളും ഉപയോഗിച്ചുള്ള ഇസ്രായേൽ ആക്രമണത്തിന്റെ ഭാഗമായി തകർന്ന ഈ പ്രദേശത്ത് സേവനമനുഷ്ഠിക്കുന്ന തങ്ങൾക്ക് ധൈര്യം പകരുന്നതായിരുന്നു പാപ്പായുടെ വാക്കുകളെന്ന് വൈദികർ പിന്നീട് പറഞ്ഞു. ഏവർക്കും പരിശുദ്ധ പിതാവ് തന്റെ അപ്പസ്തോലിക ആശീർവാദവും നൽകി.
ലെബനനിലേക്കുള്ള അപ്പസ്തോലിക നൂൺഷ്യോ തനിക്ക് ലിയോ പതിനാലാമൻ പാപ്പാ അനുവദിച്ച കൂടിക്കാഴ്ചയിൽ സംബന്ധിക്കാനായി വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ എത്തിയ അവസരത്തിലാണ്, മുൻകൂട്ടി തീരുമാനിച്ച പ്രകാരം, ഈയൊരു സംഭാഷണം ഉണ്ടായത്.
പരിശുദ്ധ പിതാവിന്റെ വിളി, തങ്ങൾക്ക് ഏറെ പ്രത്യാശയും വിശ്വാസവും നല്കുന്നതായിരുന്നുവെന്ന് ഫോൺ വിളിയെക്കുറിച്ച് പ്രതികരിക്കവേ, ർമേയ്ഷ് ഇടവകവികാരി ഫാ. ടോണി ഏലിയാസ് പറഞ്ഞു. പരിശുദ്ധ പിതാവുമായി സംസാരിക്കാനും, അദ്ദേഹത്തിന്റെ ആശീർവാദം ലഭിക്കാനും അവസരമൊരുക്കിയ ആർച്ച്ബിഷപ് ബോർജ്ജ്യയ്ക്ക് നന്ദി പറഞ്ഞ അദ്ദേഹം, തങ്ങളുടെ രാജ്യത്ത്, ബോംബാക്രമണങ്ങൾ മൂലം തകർന്ന വീടുകൾക്കിടയിലൂടെയും വഴികളിലൂടെയും കടന്നുവരികയും കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന ഈ അപ്പസ്തോലിക നൂൺഷ്യോയിൽ തങ്ങൾക്ക് വിശുദ്ധനായ ഒരു സംരക്ഷകനെ, വിശുദ്ധ പൗലോസിനെയാണ് കാണാനാകുന്നതെന്ന് പ്രസ്താവിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
