ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിൽ ലിയോ പതിനാലാമൻ പാപ്പാ ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിൽ ലിയോ പതിനാലാമൻ പാപ്പാ   (ANSA)

സ്വർഗത്തെ ഭൂമിയിൽ തന്നെ അനുഭവിക്കാം: പാപ്പാ

മെയ് മാസം മൂന്നാം തീയതി ഞായറാഴ്‌ച വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിൽ ലിയോ പതിനാലാമൻ പാപ്പാ പങ്കുവച്ച ചിന്തകളുടെ മലയാള പരിഭാഷ.
പാപ്പായുടെ സന്ദേശം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പ്രിയ സഹോദരന്മാരെ, സഹോദരിമാരെ, ശുഭ ഞായറാഴ്ച്ച

ഈസ്റ്റർ കാലഘട്ടത്തിൽ , നവജാത സഭയെപ്പോലെ, യേശുവിന്റെ സഹനം, മരണം, പുനരുത്ഥാനം എന്നിവയുടെ വെളിച്ചത്തിൽ അവയുടെ പൂർണ്ണ അർത്ഥം വെളിപ്പെടുത്തുന്ന  യേശുവിന്റെ വാക്കുകളിലേക്ക് നമുക്ക് കടന്നുചെല്ലാം.   മുമ്പ് ശിഷ്യന്മാരെ ഒളിച്ചോടുവാൻ പ്രേരിപ്പിച്ചതോ,  അസ്വസ്ഥരാക്കിയതോ  ആയ കാര്യങ്ങൾ ഇപ്പോൾ,   ഹൃദയത്തെ ഊഷ് മളമാക്കുകയും പ്രത്യാശ നൽകുകയും ചെയ്തുകൊണ്ട്, ഓർമ്മയിൽ തെളിഞ്ഞുവരുന്നു.

ഈ ഞായറാഴ്ച പ്രഘോഷിച്ച സുവിശേഷം (യോഹന്നാൻ  14:1-12) അന്ത്യ അത്താഴവേളയിൽ  തന്റെ ശിഷ്യന്മാരുമായി, ഗുരു  നടത്തിയ സംഭാഷണത്തെ നമുക്ക്  കാട്ടിത്തരുന്നു. അവന്റെ പുനരുത്ഥാനത്തിന്റെ രഹസ്യത്തിൽ ഇനിമുതൽ നമ്മെ ഉൾപ്പെടുത്തുന്ന  ഒരു വാഗ് ദാനം ഇവിടെ പ്രത്യേകമായി നമുക്കു കേൾക്കാം. യേശു പറയുന്നു: ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും. ദൈവത്തിൽ ഏവർക്കും സ്ഥാനമുണ്ടെന്ന് ഇപ്രകാരം അപ്പസ്തോലന്മാർ കണ്ടെത്തുന്നു. അവരിൽ രണ്ടുപേർ യോർദ്ദാൻ നദിയിൽ യേശുവുമായുള്ള ആദ്യ കണ്ടുമുട്ടലിൽ നിന്ന് തന്നെ ഈ അനുഭവത്തിലേക്ക് കടന്നുവന്നിരുന്നു.  അവർ അവനെ പിന്തുടരുന്നതു കണ്ടപ്പോൾ യേശു അവരെ ശ്രദ്ധിക്കുകയും , തനിക്കൊപ്പം അന്ന് ഉച്ചതിരിഞ്ഞു, തന്റെ ഭവനത്തിൽ താമസിക്കുവാൻ ക്ഷണിക്കുകയും ചെയ്യുന്നു.

 മരണത്തിനു മുൻപുള്ള മണിക്കൂറിലും, യേശു ഒരു ഭവനത്തെക്കുറിച്ചു സംസാരിക്കുന്നു, ഇത്തവണ ഈ ഭവനം ഏറെ വിശാലമാണ്. അത് അവിടുത്തെ പിതാവിന്റെയും നമ്മുടെ പിതാവിന്റെയും ആലയമാണ്, അവിടെ എല്ലാവർക്കും ഇടമുണ്ട്.  ഓരോ സഹോദരനും സഹോദരിയും കടന്നെത്തുമ്പോൾ,  തയ്യാറായ മുറികൾ കണ്ടെത്തുന്നതിനും, എല്ലായ്പ്പോഴും കാത്തിരിക്കുകയും ഒടുവിൽ കണ്ടെത്തുകയും ചെയ്യുന്ന അനുഭവം ഉളവാക്കുന്നതിനുമായി, മുറികൾ ഒരുക്കുന്ന ദാസനായി പുത്രൻ സ്വയം വിശേഷിപ്പിക്കുന്നു.

പ്രിയ സുഹൃത്തുക്കളെ, നാം ഇപ്പോഴും യാത്ര ചെയ്യുന്ന പഴയ ലോകത്ത്, ശ്രദ്ധ ആകർഷിക്കുന്നത് പ്രത്യേക സ്ഥലങ്ങൾ, ചുരുക്കം ചിലർക്ക് മാത്രം കൈയ്യെത്തുന്ന അനുഭവങ്ങൾ, മറ്റാർക്കും കഴിയാത്തിടത്ത് പ്രവേശിക്കാനുള്ള പദവി എന്നിവയൊക്കെയാണ്. പകരം, ഉയിർത്തെഴുന്നേറ്റവൻ നമ്മെ കൊണ്ടുപോകുന്ന പുതിയ ലോകത്ത്, ഏറ്റവും വിലപ്പെട്ടത് എല്ലാവർക്കും കൈയ്യെത്തും ദൂരത്താണ്. എന്നാൽ ഇതിനർത്ഥം അതിന്റെ ആകർഷണീയത നഷ്ടപ്പെടുന്നു എന്നല്ല. നേരെമറിച്ച്, ഇപ്പോൾ എല്ലാവർക്കുമായി തുറക്കപ്പെട്ടിരിക്കുന്നത്  സന്തോഷം പകരുന്നു. കൃതജ്ഞത മാത്സര്യത്തിന്റ സ്ഥാനം ഏറ്റെടുക്കുന്നു, അതിഥിസേവനം ഒഴിവാക്കുന്നതിനെ മാറ്റിമറിക്കുന്നു, സമൃദ്ധി ആരെയും അസമത്വത്തിലേക്ക് നയിക്കുന്നില്ല. എല്ലാറ്റിനുമുപരിയായി, ആരും മറ്റൊരാളുമായി ആശയക്കുഴപ്പത്തിലാകുന്നില്ല, ആരും നഷ്ടപ്പെട്ടു പോകുന്നില്ല. മരണം നമ്മുടെ പേരും ഓർമ്മയും മായ്ച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തുന്നു, പക്ഷേ ദൈവത്തിൽ എല്ലാവരും ഒടുവിൽ സ്വയം കണ്ടെത്തുന്നു. സത്യത്തിൽ, ജീവിതകാലം മുഴുവൻ നമ്മൾ തിരയുന്ന ഇടം ഇതാണ്; ചിലപ്പോൾ അല്പം ശ്രദ്ധയ്ക്കും അംഗീകാരത്തിനുമായി നമ്മൾ എന്തിനും തയ്യാറാവാറുണ്ട്.

"വിശ്വസിക്കുക"  യേശു നമ്മോടു പറയുന്നു. ഇതാണ്  ആ രഹസ്യം! "ദൈവത്തിൽ വിശ്വസിക്കുവിൻ  ; എന്നിലും വിശ്വസിക്കുവിൻ  " (യോഹ 14:1). ഈ വിശ്വാസമാണ് നമ്മുടെ ഹൃദയങ്ങളെ, എല്ലാം നേടാനും, സ്വന്തമാക്കുവാനുമുള്ള ഉത്ക്കണ്ഠയിൽ നിന്നും, അഭിമാനകരമായ സ്ഥാനം പിന്തുടരാനുള്ള വഞ്ചനയിൽ നിന്നും, സ്വതന്ത്രമാക്കുന്നതും. ഓരോരുത്തർക്കും ഇതിനകം തന്നെ ദൈവീക രഹസ്യത്തിൽ അനന്തമായ ഒരു  മൂല്യമുണ്ട്, അതാണ് സത്യമായ യാഥാർത്ഥ്യവും. യേശു നമ്മെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കുന്നതിലൂടെ നാം പരസ്പരം ഈ അവബോധം വളർത്തിയെടുക്കുന്നു.

ഇത് പുതിയ കല്പനയാണ്: ഇപ്രകാരം സ്വർഗത്തെ ഭൂമിയിൽ തന്നെ അനുഭവിക്കാം. സാഹോദര്യവും സമാധാനവുമാണ് നമ്മുടെ വിധി എന്ന് എല്ലാവരോടും വെളിപ്പെടുത്താം. സ്നേഹത്തിൽ, വാസ്തവത്തിൽ, അനേകം സഹോദരീസഹോദരന്മാരുടെ മദ്ധ്യേ, ഓരോരുത്തരും താൻ  അതുല്യനാണെന്ന് കണ്ടെത്തുന്നു. അതിനാൽ  ഓരോ ക്രിസ്തീയ സമൂഹവും എല്ലാവർക്കും തുറന്നിട്ടിരിക്കുന്നതും, ഓരോരുത്തരെയും  ശ്രദ്ധിക്കുന്നതുമായ  ഒരു ഭവനമാകട്ടെ എന്ന് നമുക്ക് സഭയുടെ മാതാവായ, പരിശുദ്ധ  മറിയത്തോട് പ്രാർത്ഥിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 മേയ് 2026, 14:35