ജീവിതത്തിൽ എല്ലാം സാധ്യമാക്കുന്ന ചാലകശക്തിയാണ് ജപമാല പ്രാർത്ഥന: ലിയോ പതിനാലാമൻ പാപ്പാ
ഫാ. ഡൊമിനിക് സാവിയോ മൂഴിക്കര, ഒ ഐ സി
എല്ലാറ്റിന്റെയും അടിസ്ഥാനം പ്രാർത്ഥനയാണെന്നും ജപമാല പ്രാർത്ഥന മനുഷ്യജീവിതത്തിൽ എല്ലാം സാധ്യമാക്കുന്ന ചാലകശക്തിയാണെന്നും ലിയോ പാപ്പാ. താൻ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാർഷിക ദിനമായ മെയ് എട്ടാം തീയതി തെക്കേ ഇറ്റലിയിലെ പോംപെയിലെ പ്രസിദ്ധമായ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നടത്തിയ അജപാലന സന്ദർശന മദ്ധ്യേയാണ് പരിശുദ്ധ പിതാവ് ജപമാല പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിച്ചത്. പോംപെയ് നഗരത്തിന്റെയും ദേവാലയത്തിന്റെയും അടിസ്ഥാനമായി നിലകൊള്ളുന്ന പരിശുദ്ധ മറിയത്തോടുള്ള ജപമാല ഭക്തി എപ്പോഴും സജീവമായി നിലനിർത്താനും, പുരാതനവും മനോഹരവുമായ ഈ പ്രാർത്ഥന പ്രചരിപ്പിക്കാനും പാപ്പാ അഭ്യർത്ഥിച്ചു. വിശുദ്ധ ജോൺ പോൾ പാപ്പയുടെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ട്, യേശുവിന്റെ ജീവിതരഹസ്യങ്ങളെ, പരിശുദ്ധ അമ്മയുടെ ലാളിത്യം നിറഞ്ഞതും മാതൃത്വപരവുമായ കണ്ണുകളിലൂടെ ധ്യാനിക്കുന്നതിലൂടെ, യേശുവിന്റെ പ്രവർത്തികൾ നമ്മുടെ ഹൃദയങ്ങളിൽ ആഴ്ന്നിറങ്ങുകയും നമ്മുടെ അസ്തിത്വത്തെ രൂപാന്തരപ്പെടുത്തുകയും ചെയ്യുമെന്നു പാപ്പാ കൂട്ടിച്ചേർത്തു.
പോംപെയിൽ വിശുദ്ധ ബർത്തോളോ ലോങ്കോ തുടക്കം കുറിച്ച ഉപവിപ്രവർത്തന കേന്ദ്രമായ “സാല ട്രാപ്പാനി”യിൽ നടന്ന കൂടിക്കാഴ്ചയിൽ, പരിശുദ്ധ പിതാവ് അവിടെ ശുശ്രൂഷ ചെയ്യുന്നവരെ, പ്രത്യേകിച്ച് അന്തേവാസികളായ കുട്ടികളുടെയും അംഗവൈകല്യമുള്ളവരുടെയും പാവപ്പെട്ടവരുടെയും ജീവിതത്തിൽ സ്നേഹവും പ്രത്യാശയും പകരുന്ന അവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. തീർത്ഥാടന ദേവാലയത്തോടു ചേർന്നുള്ള വിദ്യാലയങ്ങൾ, അഭയകേന്ദ്രങ്ങൾ, ദരിദ്രർക്കായുള്ള ഭക്ഷണശാല എന്നിവയെ പ്രത്യേകം പരാമർശിച്ച പാപ്പാ, ഫ്രാൻസിസ് മാർപാപ്പയുടെ പേര് നൽകിയിട്ടുള്ള ദരിദ്രർക്കായുള്ള അന്നദാനകേന്ദ്രത്തെ പ്രശംസിച്ചു.
പോംപെയെ ലോകമെമ്പാടുമറിയപ്പെടുന്ന മരിയൻ തീർത്ഥാടന കേന്ദ്രമായി മാറ്റാൻ വിശുദ്ധ ബർത്തോളോ ലോങ്കോയുടെ വിശ്വാസവും സമർപ്പണവും ഏറെ സഹായിച്ചിട്ടുണ്ടെന്നും, ആ വിശുദ്ധന്റെ ജീവിതവഴികളെ അനുധാവനം ചെയ്ത് ഇവിടം സന്ദർശിക്കാൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്നും പാപ്പാ പറഞ്ഞു. പോംപെയ് നഗരം, ഹൃദയത്തിൽ സ്നേഹത്തിന്റെ ചൂട് പകരുന്ന ഇടമാണെന്നും, "വിശ്വാസത്തിന്റെയും കാരുണ്യത്തിന്റെയും രണ്ടു ചിറകുകകളിൽ പറന്നുയരുന്നതാണ് ക്രിസ്തീയ പുണ്യജീവിതമെന്ന" വിശുദ്ധന്റെ ദർശനം പോംപെയിലൂടെ ഇന്നും ലോകമെങ്ങും സജീവമാണെന്നും പരിശുദ്ധ പിതാവ് അഭിപ്രായപ്പെട്ടു.
കുട്ടികളെയും യുവാക്കളെയും അഭിസംബോധന ചെയ്ത പാപ്പാ, തങ്ങളെ സ്നേഹത്തോടെ നയിക്കുന്നവരിൽ വിശ്വാസം പുലർത്താനും, എല്ലായ്‌പ്പോഴും ഒപ്പം നിൽക്കുന്ന യേശുക്രിസ്തുവിൽ ആത്മവിശ്വാസം അർപ്പിക്കാനും ആഹ്വാനം ചെയ്തു. ലോകത്തിന് ഇന്ന് ഏറ്റവും ആവശ്യമുള്ള പ്രത്യാശയുടെയും സ്നേഹത്തിന്റെയും യഥാർത്ഥസാക്ഷികൾ കുട്ടികളും യുവാക്കളുമാണെന്നും പരിശുദ്ധ പിതാവ് അവരോട് പറഞ്ഞു. അവസാനമായി, ലോകമെമ്പാടുമുള്ള മനുഷ്യരെ ദൈവസ്നേഹത്തിലേക്ക് നയിക്കുന്ന അനുഗ്രഹഭൂമിയാണ് പോംപെയെന്ന് വിശേഷിപ്പിച്ച പരിശുദ്ധ പിതാവ് മനുഷ്യരാശിയുടെ സമാധാനത്തിനും ഐക്യത്തിനുമായി പ്രാർത്ഥിക്കാൻ എല്ലാവരെയും ആഹ്വാനം ചെയ്തു.
വിശുദ്ധ ബർത്തോളോ ലോംഗോ (1841–1926), ഇറ്റലിയിലെ ലാത്തിയാനോയിലാണ് ജനിച്ചത്. യൗവനത്തിന്റെ തെറ്റുകളെയും ആത്മീയ പ്രതിസന്ധികളെയും പരിശുദ്ധ അമ്മയോടുള്ള ജപമാല പ്രാർത്ഥനയിലൂടെ തരണം ചെയ്യുകയും മനസാന്തരപ്പെടുകയും ചെയ്ത അദ്ദേഹം, പോംപെയ് നഗരത്തിൽ എത്തുകയും അവിടെയുള്ള പാവപ്പെട്ടവർക്കും അനാഥർക്കും തടവുകാരുടെ മക്കൾക്കുമായി വിദ്യാഭ്യാസവും സംരക്ഷണവും നൽകുന്ന നിരവധി കാരുണ്യപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. വിശുദ്ധ ജപമാല പ്രാർത്ഥന പ്രചരിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധനായ അദ്ദേഹം പോംപെയിൽ മരിയൻ തീർത്ഥാടനകേന്ദ്രത്തിന്റെ സ്ഥാപനത്തിലും മുഖ്യ പങ്കു വഹിച്ചു. “വിശ്വാസവും കാരുണ്യവും കൈകോർക്കുന്നതാണ് ക്രിസ്തീയജീവിതം" എന്ന ദർശനത്തിന്റെ സാക്ഷ്യമായി വിശുദ്ധ ബർത്തോളോ ലോംഗോയുടെ ജീവിതം തിരുസഭയിൽ ആദരിക്കപ്പെടുന്നു. 2025 ഒക്ടോബർ 19-ന് ലിയോ പതിനാലാമൻ പാപ്പായാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
