നമ്മുടെ നീതിക്കുള്ള വ്യവസ്ഥയാണ് ദൈവത്തിന്റെ സ്നേഹം: പാപ്പാ
ഫാ.ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഇന്നത്തെ സുവിശേഷത്തിൽ, അന്ത്യ അത്താഴ വേളയിൽ യേശു തന്റെ ശിഷ്യന്മാരെ അഭിസംബോധന ചെയ്ത ചില വാക്കുകൾ നാം ശ്രവിച്ചു. അപ്പവും വീഞ്ഞും തന്റെ സ്നേഹത്തിന്റെ സജീവമായ അടയാളമായി സമർപ്പിക്കുമ്പോൾ, ക്രിസ്തു പറയുന്നു: "നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെങ്കിൽ, നിങ്ങൾ എന്റെ കൽപ്പനകൾ പാലിക്കും" ( യോഹന്നാൻ 14:15). ഈ പ്രസ്താവന ഒരു തെറ്റിദ്ധാരണയിൽ നിന്ന്, അതായത്, നാം കൽപ്പനകൾ പാലിച്ചാൽ മാത്രമാണ് നാം സ്നേഹിക്കപ്പെടുന്നത് എന്ന തെറ്റായ ആശയത്തിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നു: അങ്ങനെയായിരുന്നുവെങ്കിൽ, നമ്മുടെ നീതി ദൈവസ്നേഹത്തിനുള്ള ഒരു വ്യവസ്ഥയായിരിക്കുമായിരുന്നു. നേരെമറിച്ച്, നമ്മുടെ നീതിക്കുള്ള ഒരു വ്യവസ്ഥയാണ് ദൈവത്തിന്റെ സ്നേഹം. ക്രിസ്തു ലോകത്തിന് വെളിപ്പെടുത്തുന്നതുപോലെ, നമ്മോടുള്ള അവന്റെ സ്നേഹം നാം തിരിച്ചറിഞ്ഞാൽ, ദൈവഹിതമനുസരിച്ച്, നാം യഥാർത്ഥത്തിൽ അവന്റെ കൽപ്പനകൾ പാലിക്കുന്നു. അപ്പോൾ യേശുവിന്റെ വാക്കുകൾ ഒരു ബന്ധത്തിലേക്കുള്ള ഒരു ക്ഷണമാണ്, അല്ലാതെ ഒരു ഭീഷണിയോ, സംശയാസ്പദമായ അനിശ്ചിതത്വമോ അല്ല.
അതുകൊണ്ടാണ് കർത്താവ് നമ്മെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കാൻ കല്പിക്കുന്നത് (യോഹ 13:34): യേശുവിന്റെ സ്നേഹമാണ് നമ്മിൽ സ് നേഹത്തിന് ജന്മം നല്കുന്നത്. ക്രിസ്തു തന്നെയാണ് യഥാർത്ഥ സ്നേഹത്തിന്റെ മാനദണ്ഡം, കാരണം അത്, വിശ്വസ്തവും, ശുദ്ധവും, ഉപാധികൾ ഇല്ലാത്തതുമാണ്. സംശയലേശമെന്യേ, ഒന്നും സ്വന്തമാക്കുവാൻ ആഗ്രഹിക്കാതെ സ്വയം സമർപ്പിക്കുന്നതും, പകരം ഒന്നും സ്വീകരിക്കാതെ, സ്വന്തം ജീവൻ അർപ്പിക്കുന്നതുമാണ് ആ സ്നേഹം. പ്രഥമമായി ദൈവം നമ്മെ സ്നേഹിക്കുന്നതുകൊണ്ട്, നമുക്കും സ്നേഹിക്കാം. നാം യഥാർത്ഥത്തിൽ ദൈവത്തെ സ്നേഹിക്കുമ്പോൾ, അന്യോന്യം നാമും യഥാർത്ഥമായി സ്നേഹിക്കുന്നു.
ഇത് ജീവിതത്തിലെന്നപോലെ സംഭവിക്കുന്നു: അത് ലഭിച്ചവർക്ക് മാത്രമേ ജീവിക്കാൻ കഴിയൂ, അതിനാൽ സ്നേഹിക്കപ്പെട്ടവർക്ക് മാത്രമേ സ്നേഹിക്കാൻ കഴിയൂ. അതിനാൽ കർത്താവിന്റെ കല്പനകൾ വ്യാജമായ സ്നേഹങ്ങളിൽ നിന്ന് നമ്മെ സൗഖ്യമാക്കുന്ന ഒരു ജീവിതക്രമമാണ്. അവ ഒരു ആത്മീയ ശൈലിയാണ്, അതാണ് രക്ഷയിലേക്കുള്ള വഴി. അവിടുന്ന് നമ്മെ സ്നേഹിക്കുന്നതുകൊണ്ട്, നമ്മുടെ ജീവിതത്തിലെ പരീക്ഷണങ്ങളിൽ കർത്താവ് നമ്മെ തനിച്ചാക്കിവിടുന്നില്ല: മറിച്ച് തന്റെ പാറക്ലേത്ത, സഹായകനെ നമുക്ക് വാഗ്ദാനം ചെയ്യുന്നു, അവൻ "സത്യത്തിന്റെ ആത്മാവാണ്"(യോഹ 14:17). ദരിദ്രരെ അടിച്ചമർത്തുന്ന, ദുർബലരെ ഒഴിവാക്കുന്ന, നിരപരാധികളെ കൊല്ലുന്ന, തിന്മയിൽ നിലനിൽക്കുന്നിടത്തോളം കാലം "ലോകത്തിന് സ്വീകരിക്കുവാൻ കഴിയാത്ത" ഒരു ദാനമാണിത്. നേരെമറിച്ച്, യേശുവിന് എല്ലാവരോടും ഉള്ള സ്നേഹവുമായി പൊരുത്തപ്പെടുന്നവർ, പരിശുദ്ധാത്മാവിൽ, ഒരിക്കലും മാറിപ്പോകാത്ത ഒരു സമീപസ്ഥനെ കണ്ടെത്തുന്നു. "നിങ്ങൾ അവനെ അറിയുന്നു", യേശു പറയുന്നു, "കാരണം അവൻ നിങ്ങളോടുകൂടെ വസിക്കുന്നു, അവൻ നിങ്ങളിൽ ആയിരിക്കുന്നു".
അതിനാൽ എപ്പോൾ വേണമെങ്കിലും, എവിടെയും നമുക്ക് സ്നേഹമായ ദൈവത്തിനു സാക്ഷ്യം വഹിക്കാൻ കഴിയും: ഈ വാക്ക് മനുഷ്യ മനസ്സിന്റെ ഒരു ആശയമല്ല, മറിച്ച് ദൈവിക ജീവിതത്തിന്റെ യാഥാർത്ഥ്യത്തെ അർത്ഥമാക്കുന്നു, അതിലൂടെ എല്ലാം ശൂന്യതയിൽ നിന്ന് സൃഷ്ടിക്കപ്പെടുകയും മരണത്തിൽ നിന്ന് വീണ്ടെടുക്കപ്പെടുകയും ചെയ്തിരിക്കുന്നു. യഥാർത്ഥവും നിത്യവുമായ സ്നേഹം നമുക്ക് ചൊരിയുന്നതിലൂടെ, യേശു പ്രിയപുത്രനെന്ന നിലയിലുള്ള തന്റെ സ്വത്വം നമുക്ക് പങ്കുവെക്കുന്നു. "ഞാന്‍ എന്റെ പിതാവിലും നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലുമാണെന്ന് ആദിവസം നിങ്ങള്‍ അറിയും." (യോഹ 14,20).
ജീവിതത്തിന്റെ ഈ ആകർഷണീയമായ കൂട്ടായ്മ, എന്നാൽ, സഹായകന്റെ എതിരാളിയായ, ദുഷ്ടാത്മാവിനെ നിഷേധിക്കുകയും ചെയ്യുന്നു. , പരിശുദ്ധാത്മാവ് സത്യത്തിന്റെ ശക്തിയാണെങ്കിൽ, ദുഷ്ടാത്മാവ്, "നുണകളുടെ പിതാവ്" ആണ് (യോഹന്നാൻ 8:44), മനുഷ്യനെ ദൈവത്തിനെതിരെയും, മനുഷ്യരെ മനുഷ്യർക്കെതിരെയും തിരിച്ചുകൊണ്ടു, തിന്മയിൽ നിന്ന് നമ്മെ രക്ഷിക്കുകയും സഭയിൽ സഹോദരീസഹോദരന്മാരുടെ ഒരു ജനമെന്ന നിലയിൽ നമ്മെ ഒന്നിപ്പിക്കുകയും ചെയ്യുന്ന യേശുവിന്റെ പ്രവൃത്തിക്ക് നേരെ വിപരീതമാണ് അവന്റെ പ്രവൃത്തി.
പ്രിയപ്പെട്ടവരെ, ഈ ദാനത്തോടുള്ള നന്ദി നിറഞ്ഞവരായി, ദൈവസ്നേഹത്തിന്റെ മാതാവായ കന്യകാമറിയത്തിന്റെ സഹായത്തിനു നമ്മെ സ്വയം സമർപ്പിക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
