പേപ്പൽ ഫൗണ്ടേഷൻ അംഗങ്ങളുമായി പാപ്പാ കൂടിക്കാഴ്ച്ച നടത്തി
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
മെയ് മാസം രണ്ടാം തീയതി, ലോകമെമ്പാടും സഭയുടെ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി, സാമ്പത്തിക സഹായം നൽകുന്ന പേപ്പൽ ഫൗണ്ടേഷൻ അംഗങ്ങളുമായി ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച്ച നടത്തി. വികസ്വര രാജ്യങ്ങളിലെ കത്തോലിക്കാ സഭയുടെ ആവശ്യങ്ങൾക്കായുള്ള പരിശുദ്ധ പിതാവിന്റെ അഭ്യർത്ഥനകൾ നിറവേറ്റുന്നതിനായി, 1988 ൽ തുടങ്ങി, അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനയാണിത്. തന്റെ സന്ദേശത്തിൽ, സംഘടനയുടെ നല്ല പ്രവർത്തനങ്ങൾക്ക്, താൻ പെറുവിലെ ചിക്ളായൊയിൽ മെത്രാനായിരുന്ന അവസരത്തിൽ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നു പാപ്പാ എടുത്തു പറഞ്ഞു.
രൂപതയേയും, വിശ്വാസികളെയും സഹായിക്കുന്നതിൽ സംഘടന കാണിച്ച ഔദാര്യത്തെയും പാപ്പാ പ്രത്യേകം അനുസ്മരിച്ചു. സാർവത്രിക സഭയുടെ ആവശ്യങ്ങൾ പരിപാലിക്കാനുള്ള ദൗത്യത്തിൽ പത്രോസിന്റെ പിൻഗാമിയെ സഹായിക്കാനുള്ള, സംഘടനയുടെ പരിശ്രമങ്ങൾക്ക് പാപ്പാ നന്ദിയർപ്പിച്ചു. ഓരോ വർഷവും, സംഘടനയിൽ സഹായങ്ങൾ നൽകുവാനുള്ള അംഗത്വമെടുക്കുന്നവരുടെ എണ്ണം വർധിക്കുന്നുവെന്നതും, അതേസമയം സേവനത്തിന്റെ വാതായനങ്ങൾ കൂടുതൽ തുറക്കുന്നുവെന്നതും ഏറെ സന്തോഷം പകരുന്നുവെന്നും പാപ്പാ പറഞ്ഞു.
പ്രേഷിത പ്രവർത്തനങ്ങളുടെയും, സമാധാനത്തിന്റെയും സന്ദേശം ഉണർത്തുന്ന ഈസ്റ്റർ കാലഘട്ടത്തിൽ, സംഘടനയിലെ അംഗങ്ങൾ നടത്തുന്ന ഈ സന്ദർശനം, സുവിശേഷാധിഷ്ഠിതമാണെന്നും, കർത്താവിന്റെ സന്ദേശം, വാക്കുകളിലൂടെയും, ജീവകാരുണ്യ പ്രവൃത്തികളിലൂടെയും ലോകത്തെ അറിയിക്കുവാനുള്ള കടമ, ജ്ഞാനസ്നാനം സ്വീകരിച്ച ഓരോ വ്യക്തികളിലും നിക്ഷിപ്തമായിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. വിശുദ്ധ യാക്കോബ് ആദ്യകാല ക്രിസ്തീയ സമൂഹത്തെ ഉദ്ബോധിപ്പിച്ചതുപോലെ, പ്രവൃത്തികളില്ലാത്ത വിശ്വാസം മൃതവും, ആരെയും രക്ഷിക്കുവാൻ സാധിക്കുകയില്ലെന്നും പറഞ്ഞ പാപ്പാ, ഏറ്റവും ദരിദ്രരുടെയും ഏറ്റവും ദുർബലരുടെയും ആവശ്യങ്ങൾ പരിപാലിക്കണമെന്ന്, കർത്താവ് തന്റെ ശിഷ്യഗണത്തിൽ നിന്നും പ്രതീക്ഷിക്കുവെന്നതാണ് സുവിശേഷം ചൂണ്ടിക്കാണിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
ഫൗണ്ടേഷന്റെ വിവിധ പദ്ധതികളിലൂടെ ലോകമെമ്പാടുമുള്ള ആളുകൾക്ക് നൽകിയ സഹായങ്ങൾ സുവിശേഷവത്കരണത്തിന്റെ ഭാഗമാണെന്നും, ഈ സഹായങ്ങൾ സ്വീകരിച്ചവർക്ക്, ദൈവത്തിന്റെ നന്മയും ദയയും അടുത്തനുഭവിക്കുവാൻ സാധിച്ചുവെന്നും പാപ്പാ പറഞ്ഞു. വൈദികർക്കും സമർപ്പിതർക്കും, വിവിധ പൊന്തിഫിക്കൽ സർവകലാശാലകളിൽ നിന്നും വിദ്യാഭ്യാസം നേടുന്നതിനും സംഘടനാ നൽകിയ സഹായങ്ങൾ പാപ്പാ അനുസ്മരിച്ചു. സഭയിലെ ഭാവി നേതൃനിരയിലേക്ക് അവരെ ഉയർത്തുവാൻ ഈ വിദ്യാഭ്യാസം ഏറെ പ്രയോജനകരമായെന്നതും പാപ്പാ ചൂണ്ടിക്കാണിച്ചു.
നിങ്ങൾക്ക് സമാധാനം എന്ന ഉത്ഥിതനായ ക്രിസ്തുവിന്റെ അഭിവാദ്യം, ഇന്നും ശിഷ്യന്മാർ സമാധാനത്തിന്റെ ഉപകരണങ്ങൾ ആയിരിക്കണമെന്നുള്ള അവന്റെ ആഗ്രഹമാണ് വെളിപ്പെടുത്തുന്നതെന്നും പാപ്പാ പറഞ്ഞു. യഥാർത്ഥ ഐക്യം കേവലം സംഘർഷത്തിന്റെ അഭാവമല്ല, മറിച്ച് ഒരു ആധികാരിക സമഗ്ര മനുഷ്യ വികസനത്തെ സജീവമായി പ്രോത്സാഹിപ്പിക്കുന്നതിൽ നിന്നാണ് വരുന്നതെന്ന്, വിശുദ്ധ പോൾ ആറാമൻ പാപ്പയുടെ വാക്കുകളിൽ, പരിശുദ്ധ പിതാവ് അടിവരയിട്ടു പറഞ്ഞു. വിശുദ്ധ പത്രോസിന്റെ പിൻഗാമി എന്ന നിലയിൽ തന്റെ ശുശ്രൂഷയ്ക്കും, സഭയുടെ ആവശ്യങ്ങൾക്കും വേണ്ടി ഫൗണ്ടേഷൻ അംഗങ്ങളുടെ പ്രാർത്ഥനകളും പാപ്പാ അഭ്യർത്ഥിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
