കർത്താവായ യേശുവിൽ വെളിപ്പെടുത്തപ്പെട്ട സ്നേഹത്തിന്റെ ദിവ്യശക്തിയിലൂടെ മാത്രമേ ലോകരക്ഷ സാധ്യമാകൂ: ലിയോ പതിനാലാമൻ പാപ്പാ
ഫാ. ഡൊമിനിക് സാവിയോ മൂഴിക്കര, ഒ ഐ സി
കർത്താവായ യേശുവിൽ വെളിപ്പെടുത്തപ്പെട്ടതും പരിശുദ്ധ മറിയത്തിലൂടെ ലോകത്തിനു നല്കപ്പെട്ടതുമായ സ്നേഹത്തിന്റെ ദിവ്യശക്തിയിലൂടെ മാത്രമേ ലോകരക്ഷ സാധ്യമാകുകയുള്ളുവെന്ന് ലിയോ പതിനാലാമൻ പാപ്പാ. തന്റെ തിരഞ്ഞെടുപ്പിന്റെ ആദ്യവാർഷികദിനമായ മെയ് എട്ടാം തീയതി, പോംപെയ്‌യിലെ ജപമാല മാതാവിന്റെ ദേവാലയ ചത്വരത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച അവസരത്തിൽ, പരിശുദ്ധ മറിയത്തിന്റെ സ്തോത്രഗീതത്തെ ആസ്പദമാക്കി നൽകിയ സുവിശേഷ സന്ദേശത്തിലാണ് പരിശുദ്ധ പിതാവ് ഇത്തരമൊരു ഉദ്‌ബോധനം നടത്തിയത്. വിശ്വാസം, സമാധാനം, കാരുണ്യം, ജപമാല എന്നിവയുടെ പ്രാധാന്യം ഊന്നിപ്പറയുന്നതായിരുന്നു പാപ്പായുടെ പ്രഭാഷണം. പരിശുദ്ധ മറിയത്തിന്റെയും, സഖറിയയുടെയും ശിമയോന്റെയും സ്തോത്രഗീതങ്ങൾ ഇന്നും സഭയുടെ പ്രാർത്ഥനാജീവിതത്തെ നയിക്കുന്നുവെന്നും, ഇവ ദൈവവാഗ്ദാനങ്ങളുടെ പൂർത്തീകരണത്തെ പ്രഖ്യാപിക്കുന്നവയാണെന്നും പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി.
നൂറ്റിയൻപത് വർഷങ്ങൾക്ക് മുൻപ് വിശുദ്ധ ബർത്തോളോ ലോംഗോയും ഭാര്യ മരിയാന ദെ ഫുസ്കോയും ചേർന്ന് ഈ വിശുദ്ധാലയത്തിന്റെ അടിത്തറ പാകിയതിലൂടെ ഒരു ദേവാലയം മാത്രമല്ല, മറിച്ച് ഒരു “മരിയൻ നഗരം” തന്നെ രൂപംകൊണ്ടുവെന്ന് പാപ്പാ വിശേഷിപ്പിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ 2003-ൽ ഈ സ്ഥലത്തെ “നവസുവിശേഷവൽക്കരണത്തിന്റെ കേന്ദ്രമെന്നാണ്” വിശേഷിപ്പിച്ചതെന്നും അദ്ദേഹം പരാമർശിച്ചു.
താൻ വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ വർഷം പോംപെയിലെ ജപമാല മാതാവിന്റെ തിരുനാൾദിനത്തിലായിരുന്നുവെന്ന് അനുസ്മരിച്ച പരിശുദ്ധ പിതാവ്, തന്റെ അപ്പസ്തോലികശുശ്രൂഷ പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് സമർപ്പിക്കാനാണ് ഇവിടെ എത്തിയതെന്ന് വ്യക്തമാക്കി. “ലിയോ” എന്ന പേര് സ്വീകരിച്ചതിലൂടെ ജപമാല പ്രാർത്ഥനയെ ശക്തമായി പ്രോത്സാഹിപ്പിച്ച ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ പാത പിന്തുടരുകയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറിയത്തിന്റെ “ഇതാ ഞാൻ” എന്ന പ്രത്യുത്തരം വഴി ദൈവവചനം മനുഷ്യവതാരം ചെയ്‌തുവെന്നും അങ്ങനെ ഭൂമിയിൽ തിരുസഭയുടെ പ്രാരംഭം കുറിക്കപ്പെട്ടുവെന്നും, ആ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ മറിയം ദൈവമാതാവും സഭാമാതാവുമായി തീർന്നുവെന്നും പാപ്പാ വിശദീകരിച്ചു.
ജപമാല പ്രാർത്ഥനയെക്കുറിച്ച് പ്രതിപാദിച്ച ലിയോ പാപ്പാ, “നന്മ നിറഞ്ഞവളെ” എന്ന പ്രാർത്ഥന ഗബ്രിയേൽ ദൂതന്റെ അഭിവാദ്യത്തിന്റെ പ്രതിധ്വനിയാണെന്നും, അത് വിശ്വാസിയുടെ മനസ്സിനെ യേശുവിലേക്കു നയിക്കുന്നുവെന്നും പറഞ്ഞു. ജപമാല ഒരു മരിയൻ ഭക്തിപ്രാർത്ഥന മാത്രമല്ല, ക്രിസ്തുകേന്ദ്രിതവും വിശുദ്ധ കുർബാന കേന്ദ്രികൃതവുമായ ആത്മീയാനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“യേശുവിന്റെ വിശുദ്ധ നാമത്തിലാണ് രക്ഷ,” എന്ന് ഓർമ്മിപ്പിച്ച പരിശുദ്ധ പിതാവ്, ജപമാലയുടെ ആവർത്തനം വിശ്വാസികളെ നസ്രത്തിലെ കുടുംബജീവിതത്തിന്റെയും അന്ത്യഅത്താഴമേശയിലെ അനുഭവങ്ങളിലേക്കും നയിക്കുന്നുവെന്ന് പറഞ്ഞു. സ്നേഹവും കാരുണ്യവും ജീവിക്കാതെ, ജപമാലയർപ്പണം പൂർണ്ണമാകില്ലെന്ന് വ്യക്തമാക്കിയ പാപ്പാ, വിശുദ്ധ ബർത്തോളോ ലോംഗോ അനാഥർക്കും തടവുകാരുടെ മക്കൾക്കും അഭയം നൽകിയതിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇന്നും പോംപെയ്‌യിലെ ഈ വിശുദ്ധാലയം ദുർബലർക്കും ഉപേക്ഷിക്കപ്പെട്ടവർക്കുമുള്ള ശുശ്രൂഷ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കുടുംബബന്ധങ്ങളുടെ തകർച്ചയും ലോകശാന്തിക്ക് നേരെയുള്ള ഭീഷണികളും ഇന്നത്തെ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളികളാണെന്ന് പാപ്പാ പറഞ്ഞു. ആയുധവ്യാപാരത്തെക്കാൾ മനുഷ്യജീവിതത്തിന്റെ മഹത്വത്തിന് മുൻഗണന നൽകേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി തുടരുന്ന യുദ്ധങ്ങളെക്കുറിച്ച് ദുഃഖം പ്രകടിപ്പിച്ച ലിയോ പാപ്പാ, സമാധാനം മനുഷ്യഹൃദയങ്ങളിൽ നിന്നാണ് ഉദിക്കുന്നതെന്ന് പറഞ്ഞു. സമാധാനത്തിനായി ലോകമെമ്പാടുമുള്ള വിശ്വാസികൾ പ്രാർത്ഥിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ലോകത്തെ രക്ഷിക്കാൻ ഭൂമിയിലെ യാതൊരു ശക്തിക്കും കഴിയില്ലെന്നും, അത് ദൈവത്തിന്റെ സ്നേഹത്തിന്റെ ശക്തിക്ക് മാത്രമേ സാധിക്കൂവെന്നും പറഞ്ഞുകൊണ്ടാണ് മാർപാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
