ലിയോ പതിനാലാമൻ പപ്പായയും പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ഫ്രാഞ്ചിഷെക് തുസ്‌കും സംഘവും ലിയോ പതിനാലാമൻ പപ്പായയും പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ഫ്രാഞ്ചിഷെക് തുസ്‌കും സംഘവും  (ANSA)

പോളണ്ടിലെ ക്രൈസ്തവസഭയും പൊതുസമൂഹവുമായുള്ള ബന്ധം ചർച്ച ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പായും പോളണ്ട് പ്രധാനമന്ത്രി തുസ്‌കും

ലിയോ പതിനാലാമൻ പപ്പായയും പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ഫ്രാഞ്ചിഷെക് തുസ്‌കും മെയ് ഏഴിന് തമ്മിൽ വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി. രാജ്യത്തെ പ്രാദേശികസഭ പൊതുസമൂഹത്തിന് നൽകുന്ന സംഭാവനകൾ, ദേശീയ, അന്തർദേശീയ പ്രതിസന്ധികൾ, പോളണ്ടിന് യൂറോപ്പിലുള്ള സ്ഥാനം തുടങ്ങിയവ ചർച്ചകളിൽ ഇടംപിടിച്ചുവെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പരിശുദ്ധ സിംഹാസനവും പോളണ്ടും തമ്മിലുള്ള നല്ല ഉഭയകക്ഷിബന്ധവും, പൊതുസമൂഹത്തിൽ രാജ്യത്തെ കത്തോലിക്കാസഭ നൽകുന്ന സംഭാവനകളും ചർച്ച ചെയ്‌ത്‌ ലിയോ പതിനാലാമൻ പപ്പായയും പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ഫ്രാഞ്ചിഷെക് തുസ്‌കും (Donald Franciszek Tusk). മെയ് 7 വ്യാഴാഴ്ച രാവിലെയാണ് പാപ്പായും തുസ്‌കും വത്തിക്കാൻ രാഷ്ട്ര നേതൃത്വവുമൊത്തുള്ള ഈ കൂടിക്കാഴ്ചകൾ നടന്നതെന്ന് ഇതേദിവസം പുറത്തുവിട്ട ഒരു അറിയിപ്പിലൂടെ വത്തിക്കാൻ പ്രെസ് ഓഫീസ് വ്യക്തമാക്കി.

വത്തിക്കാനിലെ സ്റ്റേറ്റ് സെക്രെട്ടറിയേറ്റ് സമുച്ചയത്തിലെ അപ്പസ്തോലിക കൊട്ടാരത്തിൽ വച്ച് പരിശുദ്ധ പിതാവുമൊത്ത് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ, വത്തിക്കാനും വിദേശരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം തലവൻ ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ എന്നിവരുമായും പോളണ്ട് പ്രധാനമന്ത്രി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.

ഇരു രാജ്യങ്ങളും തമ്മിൽ തുടരുന്ന നല്ല ഉഭയകക്ഷിബന്ധം, ചർച്ചകളിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു. ഇതുകൂടാതെ, പോളണ്ടിലെ സാമൂഹിക, സാമ്പത്തിക സ്ഥിതി, രാജ്യത്തെ പ്രാദേശികകത്തോലിക്കാസഭയും രാജ്യവുമായുള്ള ബന്ധം, പ്രത്യേകിച്ച്, വിദ്യാഭ്യാസ തലത്തിലും, ധാർമ്മികവിഷയങ്ങളിലുമുള്ള സഭയുടെ ഇടപെടലുകൾ എന്നിവയും ചർച്ചാവിഷയമായി.

നിലവിലെ അന്താരാഷ്ട്ര സാമൂഹികസ്ഥിതി, ഉക്രൈനിലെ സംഘർഷങ്ങൾ, യൂറോപ്യൻ യൂണിയനിൽ പോളണ്ടിനുള്ള സ്ഥാനം തുടങ്ങിയ വിഷയങ്ങളും ഇരു രാഷ്ട്രനേതൃത്വങ്ങളും വിചിന്തനം ചെയ്തു.

2007 മുതൽ 2014 വരെ പോളണ്ട് പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുള്ള തുസ്‌ക്, 2023-ലാണ് വീണ്ടും ഈ സ്ഥാനത്തേക്ക് നിയുക്തനായത്. 2014 മുതൽ 2019 വരെ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റായും ഒരു ചരിത്രകാരൻ കൂടിയായ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 മേയ് 2026, 10:15