ലിയോ പതിനാലാമൻ പാപ്പായും കാനഡയുടെ പ്രധാനമന്ത്രിയും തമ്മിൽ ഫോൺ സംഭാഷണം നടന്നു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായും കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർനിയും (Mark Carney) തമ്മിൽ ടെലഫോൺ സംഭാഷണം നടന്നതായി വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു. മെയ് 29 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു നടന്ന ഈ സംഭാഷണത്തിൽ, നിർമ്മിതബുദ്ധിയുമായി ബന്ധപ്പെടുത്തി പാപ്പാ അടുത്തിടെ പുറത്തിറക്കിയ ആദ്യ ചാക്രികലേഖനം "മഞ്ഞീഫിക്ക ഉമാനിത്താസ്" (Magnifica humanitas) പ്രത്യേകമായി പരാമർശിക്കപ്പെട്ടുവെന്ന് ഇതുസംബന്ധിച്ച് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിൽ വത്തിക്കാൻ പ്രെസ് ഓഫീസ് എഴുതി.
നിർമ്മിതബുദ്ധിയുടെ വളർച്ചയും അതിന്റെ വർദ്ധിച്ചുവരുന്ന ഉപയോഗവും സംബന്ധിച്ച് സംസാരിക്കവെ, അതിന് പിന്നിൽ ഉണ്ടാകേണ്ട ധാർമ്മികതയുടെ പ്രാധാന്യം പ്രത്യേകം അനുസ്മരിക്കപ്പെട്ടു. മനുഷ്യകേന്ദ്രീകൃതമായി വേണം നിർമ്മിതബുദ്ധിയെ സമീപിക്കേണ്ടതെന്ന കാര്യവും എടുത്തുപറയപ്പെട്ടു.
ഏതാനും മിനിറ്റുകൾ നീണ്ട സംഭാഷണത്തിൽ, പൊതുതാല്പര്യമുള്ളതും, പ്രാദേശിക, ആഗോളതലങ്ങളിൽ പ്രധാനപ്പെട്ടതുമായ മറ്റു വിഷയങ്ങളും പരാമർശിക്കപ്പെട്ടുവെന്ന് അറിയിച്ച പ്രെസ് ഓഫീസ്, ജനതകൾക്കിടയിൽ നിലനിൽക്കേണ്ട സമാധാനത്തിനായുള്ള പരിശ്രമങ്ങളുടെ പ്രാധാന്യം, പ്രത്യേകിച്ച് മദ്ധ്യപൂർവ്വദേശങ്ങളിലും ഉക്രൈനിലും സമാധാനം വീണ്ടെടുക്കേണ്ടതിന്റെ പ്രാധാന്യം ഇരുനേതൃത്വങ്ങളുടെയും സംഭാഷണത്തിൽ ഇടം പിടിച്ചുവെന്ന് അറിയിച്ചു.
ലിയോ പതിനാലാമൻ പാപ്പാ പത്രോസിന്റെ പിൻഗാമിയായി സ്ഥാനം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് 2025 മെയ് 18-ന് വത്തിക്കാനിൽ വിശുദ്ധ ബലിയർപ്പിച്ച അവസരത്തിലും കാനഡയുടെ പ്രധാനമന്ത്രി വത്തിക്കാനിൽ എത്തിയിരുന്നു. 2025 മാർച്ചിലാണ് കാനഡയുടെ പ്രധാനമന്ത്രിപദത്തിലേക്ക് കാർനി തിരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
