മനുഷ്യന്റെ സമഗ്രവികസനത്തിന് സഹായിക്കുന്നതും സത്യാന്വേഷിയുമാകണം വിദ്യാഭ്യാസം: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഗവേഷണങ്ങളിലൂടെയും ഉദ്ബോധനങ്ങളിലൂടെയും, പ്രാദേശിക, ദേശീയ, അന്താരാഷ്ട്രസമൂഹത്തിന് നൽകുന്ന വിവിധ സേവനങ്ങളിലൂടെയും മനുഷ്യന്റെ അന്തസ്സും സാംസ്കാരികപൈതൃകവും പരിപാലിക്കുകയും വളർത്തുകയും ചെയ്യുകയെന്നത് ഒരു അക്കാദമിക് സമൂഹത്തിന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണെന്ന് ലിയോ പതിനാലാമൻ പാപ്പാ. ബൊളീവിയയിലെ "സാൻ പാബ്ലോ" (San Pablo) കത്തോലിക്കാ യൂണിവേഴ്സിറ്റിയുടെ അറുപതാം സ്ഥാപനവാർഷികവുമായി ബന്ധപ്പെട്ട് നൽകിയ ഒരു സന്ദേശത്തിലാണ്, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ “എക്സ് കോർദെ എക്ലേസിയെ” എന്ന അപ്പോസ്തോലിക ഭരണഘടനയെ ഉദ്ധരിച്ചുകൊണ്ട് സർവ്വകലാശാലകളുൾപ്പെടെയുള്ള വിദ്യാഭ്യാസമേഖലയ്ക്ക് സമൂഹത്തോടും മനുഷ്യരോടുമുള്ള കടമകളെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്. അതേസമയം സത്യത്തെ സ്നേഹപൂർവ്വം അന്വേഷിക്കാനും അറിയിക്കാനും സർവകലാശാലകൾക്ക് കടമയുണ്ടെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
സ്ഥാപനത്തിന്റെ അറുപത് വർഷങ്ങൾ ആഘോഷിക്കുകയെന്നാൽ, സഭയ്ക്കും സമൂഹത്തിനും നൽകാനായ ഫലപ്രദമായ സേവനങ്ങൾ അംഗീകരിക്കുകയും തിരിച്ചറിയുകയും ചെയ്യുക എന്നുകൂടിയാണെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ എഴുതി. ഒരു സർവ്വകലാശാലയെ സാങ്കേതികപരമായ പരിശീലനത്തിന്റെയോ, ഉപകാരപ്രദമായ അറിവുകളുടെ നിർമ്മാണയിടമായോ മാത്രം കാണരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
വ്യക്തികൾക്ക് സമഗ്രമായ പരിശീലനം നൽകുകയെന്നതാണ് സർവകലാശാലകൾക്ക് ചെയ്യാനാകുന്ന സേവനമെന്ന് എഴുതിയ പാപ്പാ, ഒരുവന്റെ യഥാർത്ഥ ലക്ഷ്യവും, അവൻ അംഗമായിരിക്കുന്ന വിവിധ സമൂഹങ്ങളുടെ നന്മയും ലക്ഷ്യമാക്കിയുള്ളതാകണം ഈയൊരു വിദ്യാഭ്യാസശൈലിയെന്ന് (Gravissimus educationis, n. 1) വിശദീകരിച്ചു. ഈയൊരർത്ഥത്തിൽ ബൗദ്ധിക, ധാർമ്മിക തലങ്ങൾ വളർത്താനും, ഉത്തരവാദിത്വപൂർണ്ണമായ സ്വാതന്ത്ര്യം, പൊതുനന്മയ്ക്കായുള്ള ശ്രമങ്ങൾ എന്നിവയ്ക്കായി ഒരുക്കാനും, ശരിയായി ചിന്തിക്കാനും, തുറന്ന മനസ്സോടെ സംവദിക്കാനും, സത്യസന്ധതയോടെ പ്രവർത്തിക്കാനും വിദ്യാർത്ഥികളെ അഭ്യസിപ്പിക്കാനും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാകണമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
സാൻ പാബ്ലോ യൂണിവേഴ്സിറ്റിയുടെ "സ്നേഹത്തിലുള്ള സത്യം" (Veritas in Caritate) എന്ന ആപ്തവാക്യം പരാമർശിച്ച പാപ്പാ, വിശ്വാസത്തിൽ അധിഷ്ഠിതമായി സർവ്വകലാശാലകൾക്കുള്ള കടമയെയാണ് ഇത് അനുസ്മരിപ്പിക്കുന്നതെന്ന് പ്രസ്താവിച്ചു. ക്രൈസ്തവപരമ്പര്യമനുസരിച്ച് സത്യമെന്നത് ഒരു ബൗദ്ധിക ആദർശമോ, അമൂർത്തസങ്കലപ്പമോ മാത്രമല്ലെന്നും, "സത്യമായി" തന്നെത്തന്നെ വെളിപ്പെടുത്തുന്ന യേശുക്രിസ്തുവിലാണ് (യോഹ. 14, 6) അതിന്റെ വ്യക്തിത്വം കണ്ടെത്തുന്നതെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
സത്യം അന്വേഷിക്കുന്നതിൽ കാത്തുസൂക്ഷിക്കേണ്ട ശാസ്ത്രീയ സത്യസന്ധ്യത പരാമർശിച്ച പാപ്പാ, ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം സത്യം പറയുകയെന്നത്, വ്യക്തിയെ അവന്റെ പൂർണതയിലേക്ക് വളർത്താനും അവനെ സൗഖ്യപ്പെടുത്താനും, നയിക്കാനും സഹായിക്കുന്ന പ്രവൃത്തിയാണെന്ന് പാപ്പാ എഴുതി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
