ഘാനയിൽ പുതിയതായി ഒരു രൂപത കൂടി
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
കിഴക്കൻ ഘാനയിൽ സ്ഥിതി ചെയ്യുന്ന, ഡോൺകോർക്രോമിലെ അപ്പസ്തോലിക വികാരിയാത്തിനെ, അതേ പേരിലും പ്രദേശിക ഘടനയിലും ഉള്ള ഒരു രൂപതയായി ലിയോ പതിനാലാമൻ പാപ്പാ ഉയർത്തി. മെയ് മാസം പന്ത്രണ്ടാം തീയതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പ്രസിദ്ധീകരിച്ചത്.
അതേസമയം, രൂപതയുടെ പ്രഥമ അധ്യക്ഷനായി, എസ് വി ഡി സഭാംഗമായ, മോൺസിഞ്ഞോർ ജോൺ അൽഫോൺസ് അസീഡുവിനേയും പാപ്പാ നിയമിച്ചു. ഇതുവരെ ഡോങ്കോർക്രോമിലെ അപ്പസ്തോലിക വികാരിയായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം.
അക്ര മെത്രാപ്പോലീത്തൻ അതിരൂപതയുടെ കീഴിലാണ് ഈ പുതിയ രൂപത സ്ഥാപിതമായിരിക്കുന്നത്. 5,040 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള, രൂപതയുടെ അതിർത്തിക്കുള്ളിൽ, 228,754 ജനങ്ങൾ അധിവസിക്കുന്നു, ഇതിൽ, 37,462 പേർ കത്തോലിക്കരാണ്. ഒമ്പത് ഇടവകകൾ, 14 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മൂന്ന് ജീവകാരുണ്യ സംഘടനകൾ എന്നിവ ഈ രൂപതയിൽ ഉൾപ്പെടുന്നു.
14 രൂപതാ വൈദികരും, എട്ട് സന്യാസ വൈദികരും, 22 സന്യാസിനികളും രൂപതയിൽ സേവനം ചെയ്യുന്നു. രണ്ട് സെമിനാരി വിദ്യാർത്ഥികളും രൂപതയ്ക്കായി പരിശീലനത്തിൽ ഉണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
