തിരയുക

ഉർബി എത് ഓർബി സന്ദേശം നൽകുന്നു ഉർബി എത് ഓർബി സന്ദേശം നൽകുന്നു  

സ്നേഹവും സമാധാനവും ലോകത്തിന് പകർന്ന് ലിയോ പതിനാലാമൻ പാപ്പായുടെ ഈസ്റ്റർ സന്ദേശം

ഉത്ഥാനത്തിരുന്നാൾ ദിനത്തിൽ ഞായറാഴ്ച, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിയായപ്പോൾ ലിയോ പതിനാലാമൻ പാപ്പാ "ഉർബി എത് ഓർബി" എന്നറിയപ്പെടുന്ന, റോം നഗരത്തിനും ലോകം മുഴുവനും വേണ്ടിയുള്ള ആശീർവാദം നൽകി. ക്രിസ്തുവിന്റെ പുനരുത്ഥാനം വെറുപ്പിന് മേൽ സ്നേഹത്തിന്റെയും, ഇരുട്ടിന് മേൽ വെളിച്ചത്തിന്റെയും, മരണത്തിന് മേൽ ജീവന്റെയും വിജയമാണെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ക്രിസ്തുവിന്റെ ഉയിർപ്പിന്റെ ഓർമ്മ പുതുക്കുന്ന 2026-ലെ വിശുദ്ധ ഈസ്റ്റർ ദിനത്തിൽ, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ മുന്നിലുള്ള മട്ടുപ്പാവിൽനിന്ന് ലിയോ പതിനാലാമൻ പാപ്പാ "ഉർബി എത് ഓർബി" റോം നഗരത്തിനും ലോകം മുഴുവനും വേണ്ടിയുള്ള ആശീർവാദം നൽകി. "സഹോദരീ സഹോദരന്മാരേ, ക്രിസ്തു ഉയിർത്തെഴുന്നേറ്റു! ഏവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ," എന്ന വാക്കുകളോടെയാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ക്രിസ്തുവിന്റെ പുനരുത്ഥാനം വെറുമൊരു ചരിത്ര സംഭവമല്ല, മറിച്ച് ക്രൈസ്തവ വിശ്വാസത്തിന്റെ ആധാരശിലയാണെന്ന് പറഞ്ഞ പാപ്പാ, ഈസ്റ്റർ ഒരു വിജയത്തിന്റെ ആഘോഷമാണെങ്കിലും, അത് വളരെ വലിയ വില നൽകി നേടിയതാണെന്ന് അനുസ്മരിപ്പിച്ചു.

സ്നേഹം വെറുപ്പിന് മേലും, വെളിച്ചം ഇരുട്ടിന് മേലും വിജയം വരിച്ചിരിക്കുന്നു. എന്നാൽ ഈ വിജയത്തിന് പിന്നിൽ ദൈവപുത്രനായ ക്രിസ്തു അനുഭവിച്ച കഠിനമായ പീഡനങ്ങളും ക്രൂശുമരണവുമുണ്ടെന്നുള്ള യാഥാർഥ്യം മറന്നുപോകരുതെന്നും പറഞ്ഞ പാപ്പാ, അന്യായമായ വിചാരണകൾക്കും പരിഹാസങ്ങൾക്കും വിധേയനായി, തന്റെ രക്തം മുഴുവൻ ലോകത്തിനായി ചിന്തി ബലിയാടായവനാണ്  ക്രിസ്തുവെന്നും,  മനുഷ്യരാശിയെയും പ്രപഞ്ചത്തെയും തിന്മയുടെ കരാളഹസ്തങ്ങളിൽ നിന്ന് മോചിപ്പിക്കാനാണ് അവൻ ഇത്ര വലിയ ത്യാഗം സഹിച്ചതെന്നും അടിവരയിട്ടു.

ലൗകികമായ ആയുധങ്ങളോ അധികാരമോ ഉപയോഗിച്ചല്ല ക്രിസ്തു തിന്മയുടെ അധിപനെ പരാജയപ്പെടുത്തിയത്. മറിച്ച്, പിതാവായ ദൈവത്തിന്റെ ഹിതത്തിന് പൂർണ്ണമായി കീഴ്‌വഴങ്ങിക്കൊണ്ടുള്ള  സ്നേഹത്തിന്റെ ശക്തിയിലൂടെയാണെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. "ക്രിസ്തുവിന്റെ പുനരുത്ഥാന ശക്തി തികച്ചും അക്രമരഹിതമാണ്," എന്ന വസ്തുത, നിശബ്ദവും എന്നാൽ സർഗ്ഗാത്മകവുമായ ഗോതമ്പുമണിയുടെ ഉപമയിലൂടെയും, തനിക്കേറ്റ മുറിവുകൾക്ക് പകരം വീട്ടാൻ ശ്രമിക്കാതെ, തന്നെ ദ്രോഹിച്ചവർക്കായി പ്രാർത്ഥിക്കുന്ന ക്ഷമിക്കുന്ന ഹൃദയത്തിന്റെ മാതൃകയിലൂടെയും പാപ്പാ വിശദീകരിച്ചു.

"ക്രിസ്തുവിന്റെ പുനരുത്ഥാനം പുതിയ മനുഷ്യരാശിയുടെ ആരംഭമാണ്, അത് യഥാർത്ഥ വാഗ്ദത്ത ദേശത്തിലേക്കുള്ള പ്രവേശനമാണ്, അവിടെ നീതിയും സ്വാതന്ത്ര്യവും സമാധാനവും വാഴുന്നു, അവിടെ എല്ലാവരും പരസ്പരം സഹോദരീസഹോദരന്മാരായി, ഒരേ പിതാവിന്റെ മക്കളായി അംഗീകരിക്കുന്നു ", പാപ്പാ പറഞ്ഞു.

ബലപ്രയോഗത്തിലൂടെയല്ല, സംഭാഷണത്തിലൂടെയാണ് സമാധാനം പിന്തുടരുന്നതെന്നു പറഞ്ഞ പാപ്പാ, അപരനെ, ആധിപത്യം സ്ഥാപിക്കാനുള്ള ആഗ്രഹത്തോടെയല്ല, മറിച്ച് അവനെ കണ്ടുമുട്ടാനുള്ള ആഗ്രഹത്തോടെ സ്വീകരിക്കണമെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം, ഫ്രാൻസിസ് പാപ്പാ, ഊർബി എത് ഓർബി സന്ദേശം നൽകിക്കൊണ്ട്, പറഞ്ഞ നിസ്സംഗതയുടെ ആഗോളവത്ക്കരണത്തെ പാപ്പാ ഒരിക്കൽക്കൂടി അനുസ്മരിപ്പിച്ചു.

ക്രിസ്തുവിന്റെ കുരിശ് എപ്പോഴും മരണത്തെ ചുറ്റിപ്പറ്റിയുള്ള കഷ്ടപ്പാടുകളെയും വേദനയെയും അതിൽ  ഉണ്ടാകുന്ന പീഡനത്തെയും ഓർമ്മിപ്പിക്കുന്നുവെന്നും എന്നാൽ, നമുക്ക് ജീവനും സമാധാനവും നല്കാൻ വേണ്ടി, ക്രിസ്തു മരണത്തിലൂടെ കടന്നുപോയി എന്നതും പാപ്പാ എടുത്തു പറഞ്ഞു. 

അവസാനമായി, ഏപ്രിൽ മാസം പതിനൊന്നാം തീയതി,വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വച്ച് നടക്കുന്ന, സമാധാനത്തിനു വേണ്ടിയുള്ള ജാഗരണപ്രാർത്ഥനയിൽ തന്നോടൊപ്പം പങ്കുചേരുവാൻ പാപ്പാ ഏവരെയും ക്ഷണിച്ചു. സന്ദേശത്തിനു ശേഷം, വിവിധ ഭാഷകളിൽ പാപ്പാ, ഈസ്റ്റർ ആശംസകൾ നൽകുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 ഏപ്രിൽ 2026, 14:07