ആഫ്രിക്കയിലേക്കുള്ള അപ്പസ്തോലികയാത്ര അവസാനിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ തിരികെ വത്തിക്കാനിലേക്ക്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മോണോഗാമോയിലെ വിശുദ്ധ കുർബാന
ഇക്വറ്റോറിയൽ ഗിനിയിലെ തന്റെ അപ്പസ്തോലികയാത്രയുടെ ഭാഗമായി, ഏപ്രിൽ 22 ബുധനാഴ്ച്ച രാവിലെ പരിശുദ്ധ പിതാവ് മലബോയിൽനിന്ന് (Malabo) 322 കിലോമീറ്ററുകൾ അകലെയുള്ള മോണോഗാമോയിൽ (Mongomo) അമലോത്ഭവമാതാവിന്റെ പേരിലുള്ള ബസലിക്ക ദേവാലയത്തിൽ വിശുദ്ധബലിയർപ്പിക്കാനായി യാത്രയായി. ഇതിനായി രാവിലെ ഏഴേമുക്കാലോടെ മലബോയിലെ അതിരൂപതമന്ദിരത്തിൽനിന്നും നഗരത്തിലെ അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് കാറിൽ യാത്രയായ് പാപ്പാ എട്ടുമണിയോടെ അവിടെ എത്തുകയും എട്ടേകാലോടെ മോണോഗാമോയിലേക്ക് യാത്രയാകുകയും ചെയ്തു. ഒരു മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം, മോണോഗാമോയിലെ പ്രസിഡന്റ് ഒബിയാങ് ങ്ഗ്വേമ അന്താരാഷ്ട്രവിമാനത്താവളത്തിലെത്തിയ പരിശുദ്ധ പിതാവിനെ പ്രാദേശിക നേതൃത്വം സ്വീകരിച്ചു. 9.20-ന് വിമാനത്താവളത്തിൽനിന്ന് മുപ്പത്തിയേഴ് കിലോമീറ്ററുകൾ അകലെ അമലോത്ഭവമാതാവിന്റെ പേരിലുള്ള ബസലിക്കയിലേക്ക് പാപ്പാ കാറിൽ യാത്രയായി.
മോണോഗാമോ നഗരം
ഗാബോൻ അതിർത്തിയോടടുത്തുള്ള മോണോഗാമോ നഗരം തൊണ്ണൂറുകളിൽ വരെ ഒരു സാധാരണ വനപ്രദേശനഗരം മാത്രമായിരുന്നു. എന്നാൽ തൊണ്ണൂറുകളിൽ പെട്രോൾഖനികളുമായി ബന്ധപ്പെട്ട കണ്ടുപിടുത്തങ്ങളോടെ പ്രദേശത്തിന് ഏറെ വികസനം കൈവന്നു. ഫാങ് ജനതയാണ് ഇവിടെ കൂടുതലായുള്ളത്.
അമലോത്ഭവമാതാവിന്റെ പേരിലുള്ള ബസലിക്ക
വലിപ്പത്തിൽ മദ്ധ്യആഫ്രിക്കയിലെ ഒന്നാമത്തേതും, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ രണ്ടാമത്തേതുമായ മതസമുച്ചയമാണ് മോണോഗാമോയിൽ അമലോത്ഭവമാതാവിന്റെ പേരിലുള്ള ബസലിക്ക (Basilica of the Immaculate Conception). വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ ഘടനയിൽനിന്ന് പ്രേരണയുൾക്കൊണ്ട് നിർമ്മിക്കപ്പെട്ട ഈ ദേവാലയം, 2011 ഡിസംബർ 7-നാണ് മൈനർ ബസലിക്കയായി കൂദാശ ചെയ്യപ്പെട്ടത്. ഫ്രാൻസിസ് പാപ്പാ 2017 ഏപ്രിൽ 1-ന് മോണോഗാമോയെ രൂപതയാക്കി ഉയർത്തിയതോടെ ഈ ആരാധനാലയത്തിന് കൂടുതൽ പ്രാധാന്യം കൈവന്നു.
മോണോഗാമോ ബസലിക്കയിലെ വിശുദ്ധബലിയർപ്പണം
പത്തുമണിയോടെ ബസലിക്കയ്ക്കടുത്തെത്തിയ പാപ്പാ തുടർന്ന് തുറന്ന വാഹനത്തിൽ ആളുകൾക്കിടയിലൂടെ സഞ്ചരിക്കുകയും പത്തരയോടെ ഏതാണ്ട് ഒരു ലക്ഷത്തോളം ആളുകളുടെ പങ്കാളിത്തത്തോടെ വിശുദ്ധബലിയർപ്പിക്കുകയും ചെയ്തു. വിശുദ്ധ ബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായം മുപ്പത്തിയഞ്ചുമുതൽ നാൽപ്പതുവരെയുള്ള തിരുവചനഭാഗത്ത്, തന്റെ പുത്രനെ കാണുകയും അവനിൽ വിശ്വസിക്കുകയും ചെയ്യുന്നവർക്ക് നിത്യജീവനുണ്ടാകണമെന്ന പിതാവിന്റെ ഇഷ്ടത്തെക്കുറിച്ച് പ്രതിപാദിക്കുന്ന യേശുവിന്റെ വചസ്സുകളെ അധികരിച്ച് പരിശുദ്ധ പിതാവ് വചനസന്ദേശം നൽകി.
വിശുദ്ധബലിയുടെ അവസാനം മോണോഗാമോ രൂപതാധ്യക്ഷൻ ബിഷപ് ഹുവാൻ ദൊമിങ്കോ-ബേക്ക എസോണോ അയാങ് പരിശുദ്ധ പിതാവിന്റെ അപ്പസ്തോലികസന്ദർശനത്തിന് നന്ദി പറഞ്ഞ് സംസാരിച്ചു. തുടർന്ന് ബസലിക്കയ്ക്ക് പുറത്തെത്തിയ പാപ്പാ, "സമാധാനത്തിന്റെ നഗരം" എന്ന പുതിയ തലസ്ഥാനനഗരിയിൽ പണിചെയ്യപ്പെടാനുള്ള കത്തീഡ്രൽ ദേവാലയത്തിന്റെ മൂലക്കല്ല് ആശീർവദിച്ചു.
ഫ്രാൻസിസ് പാപ്പായുടെ പേരിലുള്ള വിദ്യാഭ്യാസകേന്ദ്രം
മോണോഗാമോ ബസലിക്കയിൽ വിശുദ്ധബലിയർപ്പിച്ച ശേഷം രൂപതാമെത്രാനൊപ്പം അതിനടുത്ത് ഫ്രാൻസിസ് പാപ്പായുടെ പേരിലുള്ള "സാങ്കേതികപരിശീലനകേന്ദ്രം" പാപ്പാ സന്ദർശിച്ചു. തുടർന്ന് ഇരുവരും തൊട്ടടുത്തുള്ള അതിരൂപതാമന്ദിരത്തിലേക്ക് പോവുകയും ഒരുമണിയോടെ ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു.
ബാത്തയിലെ ജയിൽസന്ദർശനം
ബാത്ത എന്ന തീരദേശനഗരത്തിലുള്ള ജയിൽ (Bata Prison) സന്ദശിക്കാനായി രണ്ടരയോടെ മോണോഗാമോയിലെ രൂപതമന്ദിരത്തിൽനിന്ന് ഏതാണ്ട് മുപ്പത്തിയേഴ് കിലോമീറ്ററുകൾ അകലെയുള്ള അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് പാപ്പാ കാറിൽ യാത്രയായി. അവിടെനിന്ന് മൂന്നേകാലോടെ വിമാനയാത്ര ആരംഭിച്ച പാപ്പാ ഏതാണ്ട് 138 കിലോമീറ്ററുകൾ 40 മിനുറ്റുകൾ കൊണ്ട് താണ്ടി, നാലുമണിയോടെ ബാത്തയിലെത്തി.
യാക്കോബ്, പിലാർ മാതാവ് എന്നിവരുടെ പേരിലുള്ള കത്തീഡ്രൽ
ബാത്തയിലെ ജയിൽ സന്ദർശിക്കാനായി കാറിൽ യാത്ര തിരിച്ച പാപ്പാ, ഇടയ്ക്ക്, വിശുദ്ധ യാക്കോബിന്റെയും പിലാർ മാതാവിന്റെയും പേരിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ പ്രവേശിക്കുകയും, വിശുദ്ധ കുർബാനയ്ക്ക് മുന്നിൽ അൽപസമയം ആരാധനയിൽ ചിലവഴിക്കുകയും ചെയ്തു. 1951-ൽ പണിയാരംഭിച്ച് 1954 ഡിസംബർ 8-ന് പണി പൂർത്തിയായ ഈ ദേവാലയം ദേശീയ പൈതൃകനിരയിൽപ്പെട്ടതാണ്.
കഠിനതടവിന് വിധിക്കപ്പെട്ടവർ താമസിക്കുന്നതും, പലപ്പോഴും വിവാദപരമായ കേസുകളുമായി ബന്ധപ്പെട്ട് പേരുകേട്ടതുമായ ബാത്ത ജയിലിന് മുന്നിലെത്തിയ പാപ്പായെ, നീതിന്യായവകുപ്പ്മന്ത്രി റെജിനാൾദോ ബിയോഗോ മ്പാ ന്ദോങ് അംഗ്വേസോമോയും ജയിൽ ഡയറക്ടറും ജയിൽ ചാപ്ലൈനും ചേർന്ന് സ്വീകരിച്ചു.
തുടർന്നുനടന്ന സമ്മേളനത്തിൽ ഗാനാലാപനങ്ങൾ, ഡയറക്ടറുടെ സ്വാഗതം, ഒരു തടവുപുള്ളിയുടെ സാക്ഷ്യം എന്നിവയ്ക്ക് ശേഷം പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം നടത്തി.
തുടർന്ന് ചാപ്ലയിൻ പാപ്പായ്ക്ക് നന്ദി പറഞ്ഞു, ജയിൽപ്പുള്ളികൾ നിർമ്മിച്ച ഒരു തടിക്കുരിശ് പരിശുദ്ധ പിതാവിന് സമ്മാനമായി നൽകപ്പെട്ടു. തുടർന്ന് നടന്ന പ്രാർത്ഥനയ്ക്ക് ശേഷം പരിശുദ്ധ പിതാവ് ഏവർക്കും ആശീർവാദം നൽകി.
സ്ഫോടന ഇരകളുടെ സ്മാരകം
ജയിൽ സന്ദർശനത്തിന് ശേഷം, ബാത്ത ജില്ലയിൽ, 2021 മാർച്ച് 7-ന് ഒരു മിലിട്ടറി കേന്ദ്രത്തിൽ നടന്ന വൻ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട നൂറിലധികം പേരുടെയും, പരിക്കേറ്റ അറുനൂറിലധികം ആളുകളുടെയും പേരിലുള്ള സ്മാരകവും പാപ്പാ സന്ദർശിച്ചു. സ്മാരകത്തിലെത്തിയ പാപ്പായെ പ്രതിരോധമന്ത്രിയും സ്മാരകം ഡയറക്ടറും ചേർന്ന് സ്വീകരിച്ചു. തുടർന്ന് നടന്ന ഔദ്യോഗികബഹുമതിച്ചടങ്ങുകൾക്ക് ശേഷം പാപ്പാ സ്മാരകത്തിൽ പൂക്കൾ സമർപ്പിക്കുകയും അപകടത്തിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
യുവജനങ്ങളും കുടുംബങ്ങളുമായുള്ള കൂടിക്കാഴ്ച
ബാത്ത സ്ഫോടനസ്മാരകത്തിലെ സന്ദർശനത്തിന് ശേഷം അവിടെനിന്ന് അഞ്ചേകാൽ കിലോമീറ്ററുകൾ അകലെയുള്ള ബാത്ത സ്റ്റേഡിയത്തിലേക്ക്, പ്രദേശത്തെ യുവജനങ്ങളും കുടുംബങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കായി പാപ്പാ കാറിൽ യാത്രയായി. ആറുമണിയോടെ അവിടെയെത്തിയ പാപ്പാ തുറന്ന വാഹനത്തിൽ ആളുകൾക്കിടയിലൂടെ സഞ്ചരിക്കുകയും ആറേകാലോടെ സമ്മേളനം ആരംഭിക്കുകയും ചെയ്തു.
ബാത്ത രൂപതയുടെ അഡ്മിനിസ്ട്രേറ്റർ ബിഷപ് മിഗെൽ ആംഹെൽ ങ്ഗ്വേമ ബീ പരിശുദ്ധ പിതാവിനെ സ്വാഗതം ചെയ്‌ത് സംസാരിച്ചു. തുടർന്ന് നടന്ന, പരമ്പരാഗതനൃത്തങ്ങളുടെയും ഗാനാലാപനങ്ങളുടെയും യുവജനങ്ങളുടെ സാക്ഷ്യങ്ങളുടെയും ശേഷം പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം നടത്തി.
തുടർന്ന് ഏവരും വിശ്വാസപ്രമാണം ചൊല്ലുകയും പ്രാർത്ഥനയ്ക്ക് ശേഷം പാപ്പാ ഏവർക്കും ആശീർവാദം നൽകുകയും ചെയ്തു.
തിരികെ മലബോയിലേക്ക്
യുവജനങ്ങളും കുടുംബങ്ങളുമായുള്ള സമ്മേളനത്തിന് ശേഷം 14 കിലോമീറ്ററുകൾ അകലെയുള്ള ബാത്ത അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് വൈകുന്നേരം ഏഴരയോടെ കാറിലെത്തിയ പാപ്പാ, പ്രാദേശികഭരണനേതൃത്വത്തിന്റെ അഭിവാദ്യം സ്വീകരിച്ചശേഷം മലാബോയിലേക്ക് വിമാനത്തിൽ യാത്രയായി. 240 കിലോമീറ്ററുകൾ നീണ്ട ഈ യാത്ര ഏതാണ്ട് 50 മിനിറ്റുകൾ കൊണ്ട് പൂർത്തിയാക്കി എട്ടരയോടെ മലാബോ അന്തരാഷ്ട്രവിമാനത്താവളത്തിലെത്തിയ പാപ്പായെ പ്രാദേശികഭരണനേതൃത്വം സ്വീകരിച്ചു. തുടർന്ന് 11 കിലോമീറ്ററുകൾ അകലെയുള്ള അതിരൂപതാമന്ദിരത്തിലേക്ക് കാറിൽ യാത്രയായ പാപ്പാ, അത്താഴം കഴിച്ചശേഷം വിശ്രമിച്ചു.
അപ്പസ്തോലികയാത്രയുടെ അവസാനദിനം
ആഫ്രിക്കയിലക്കുള്ള തന്റെ അപ്പസ്തോലികയാത്രയുടെ അവസാനദിനമായ ഏപ്രിൽ 23 വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ അപ്പസ്തോലിക നൂൺഷ്യേച്ചറിൽനിന്ന് യാത്ര പറഞ്ഞിറങ്ങിയ പാപ്പാ, ഒൻപതേകാലോടെ ആറ് കിലോമീറ്ററുകൾ അകലെയുള്ള മലാബോ സ്റ്റേഡിയത്തിലെത്തി. 2007-ൽ ഉദ്‌ഘാടനം ചെയ്യപ്പെട്ട ഈ സ്റ്റേഡിയത്തിൽ വിവിധ കായികമത്സരങ്ങൾ നടക്കാറുണ്ടെങ്കിലും, ഇക്വറ്റോറിയൽ ഗിനിയുടെ ദേശീയ ഫുടബോൾ ടീമിന്റെ കളിക്കളമായാണ് ഇത് കണക്കാക്കപ്പെടുന്നത്.
മലാബോ സ്റ്റേഡിയത്തിലെ വിശുദ്ധ കുർബാന
തന്റെ അപ്പസ്തോലികയാത്രയുടെ അവസാന ചടങ്ങായ മലാബോ സ്റ്റേഡിയത്തിലെ വിശുദ്ധ കുർബാനയ്ക്കായി ഒൻപതരയോടെ അവിടെയെത്തിയ പാപ്പാ ആളുകൾക്കിടയിലൂടെ തുറന്ന വാഹനത്തിൽ സഞ്ചരിക്കുകയും രാവിലെ 10 മണിക്ക് വിശുദ്ധ ബലി ആരംഭിക്കുകയും ചെയ്തു. ഏതാണ്ട് ഇരുപതിനായിരത്തോളം ആളുകളാണ് വിശുദ്ധ ബലിയിൽ പങ്കെടുത്തത്.
സ്വർഗ്ഗത്തിൽനിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ് എന്ന ക്രിസ്തുവചനങ്ങൾ ഉൾക്കൊള്ളുന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായം നാല്പത്തിനാലുമുതൽ അൻപത്തിയൊന്ന് വരെയുള്ള തിരുവചനങ്ങൾ ഉൾക്കൊള്ളുന്ന സുവിശേഷവയനയെത്തുടർന്ന് പരിശുദ്ധ പിതാവ് വചനസന്ദേശം നൽകി.
വിശുദ്ധബലിയർപ്പണത്തിന്റെ അവസാനം, മലാബോ അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് ഹുവാൻ ൻസ്യൂവേ എദ്ജാങ് മയേ പരിശുദ്ധ പിതാവിന്റെ അപ്പസ്തോലികസന്ദർശനത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു. തുടർന്ന് പന്ത്രണ്ടുമണിയോടെ പരിശുദ്ധ പിതാവ് മലാബോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്രയായി.
യാത്രയയപ്പും റോമിലേക്കുള്ള മടക്കയാത്രയും
മലാബോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പാപ്പായെ രാജ്യത്തിന്റെ പ്രസിഡന്റ് തെയോദോറോ ഒബിയാങ് നഗ്വേമ മ്പാസോഗോ ഉൾപ്പെടുന്ന സംഘം സ്വീകരിച്ചു. തുടർന്ന് നടന്ന ദേശീയഗാനാലാപനങ്ങൾക്കും ഔദ്യോഗികബഹുമതിച്ചടങ്ങുകൾക്കും ഇരു രാജ്യങ്ങളുടെയും പ്രതിനിധിസംഘങ്ങളുടെ അഭിവാദ്യങ്ങൾക്കും ശേഷം പരിശുദ്ധ പിതാവും സംഘവും ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ റോമിലെ ഫ്യുമിച്ചീനോയിലുള്ള ലെയോനാർദോ ദാ വിഞ്ചി അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് യാത്രയായി.
സമാധാനത്തിന്റെയും നീതിയുടെയും അഴിമതിരഹിതഭരണത്തിന്റെയും പ്രാധാന്യം, അധികാരദുർവിനിയോഗം, പ്രകൃതിവിഭവങ്ങളുടെ ചൂഷണം എന്നീ തിന്മകളിൽനിന്ന് അകന്നുനിൽക്കേണ്ടതിന്റെ ആവശ്യം, വിവിധ ജന, മത വിഭാഗങ്ങൾ തമ്മിൽ അനുരഞ്ജനവും ക്ഷമയും പ്രോത്സാഹിപ്പിച്ചും, സഹോദര്യത്തിലും ജീവിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങി മത, സാമൂഹിക ജീവിതങ്ങളിലും, അന്താരാഷ്ട്രീയ ബന്ധങ്ങളിലും ഉണ്ടാകേണ്ട മൂല്യങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങളും സാക്ഷ്യവും നൽകിക്കൊണ്ടാണ് പരിശുദ്ധ പിതാവ് ഈ യാത്ര പൂർത്തിയാക്കിയത്. എല്ലാത്തിലുമുപരി, ആഫ്രിക്കയിലെ കത്തോലിക്കാസഭയ്ക്കും ക്രൈസ്തവവിശ്വാസികൾക്കും തങ്ങളുടെ വിശ്വാസ, സാമൂഹിക ജീവിതത്തിൽ ഏറെ വലിയ മുതൽക്കൂട്ടുകൂടിയായിരുന്നു പത്രോസിന്റെ പിൻഗാമിയുടെ സാന്നിദ്ധ്യവും ഉദ്ബോധനങ്ങളും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
