ലിയോ പതിനാലാമൻ പാപ്പായും കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പേത്രോയും ലിയോ പതിനാലാമൻ പാപ്പായും കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പേത്രോയും  (@Vatican Media)

തെക്കുപടിഞ്ഞാറൻ കൊളമ്പിയയിലെ സംഘർഷങ്ങളിൽ ആശങ്കപ്രകടിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ

തെക്കേ അമേരിക്കൻ രാജ്യമായ കൊളമ്പിയയുടെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ തുടരുന്ന സംഘർഷങ്ങളിൽ ആശങ്കയറിയിച്ചും ആക്രമണത്തിന്റെ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും തന്റെ സാമീപ്യമറിയിച്ചും പാപ്പാ. ഏപ്രിൽ 29 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ സംസാരിക്കവെ, അക്രമത്തിന്റെ മാർഗ്ഗം ഉപേക്ഷിക്കാനും സമാധാനത്തിനായി പരിശ്രമിക്കാനും ഏവരെയും പാപ്പാ ആഹ്വാനം ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

നിരവധി ആളുകളുടെ മരണത്തിനും അനേകർക്ക് പരിക്കുകൾക്കും കാരണമായി ഇപ്പോഴും, കൊളമ്പിയയിൽ തുടരുന്ന സംഘർഷങ്ങളിൽ തന്റെ ആശങ്കയറിയിച്ചും, സമാധാനത്തിന് ആഹ്വാനം ചെയ്തും ലിയോ പതിനാലാമൻ പാപ്പാ. ഏപ്രിൽ 29 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാമധ്യേ സ്പാനിഷ് ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഏപ്രിൽ 24-ന് ആരംഭിച്ച ഈ ആക്രമണങ്ങളിൽ പാപ്പാ ആശങ്കയറിയിച്ചത്.

സംഘർഷങ്ങളിൽ ഏർപ്പെട്ട എല്ലാ കക്ഷികളോടും ആക്രമണത്തിന്റെ മനോഭാവം കൈവെടിയാനും സമാധാനത്തിന്റെ മാർഗ്ഗം തേടാനും പരിശുദ്ധ പിതാവ് അഭ്യർത്ഥിച്ചു. വിവിധയിടങ്ങളിൽ സാധാരണ ജനത്തിനും സേനാവിഭാഗങ്ങൾക്കും എതിരെ നടന്ന ശക്തമായ ആക്രമണങ്ങളിൽപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും പാപ്പാ തന്റെ സാമീപ്യം വാഗ്ദാനം ചെയ്തു. നിരവധി ജീവനുകളാണ് ഈ ദാരുണസംഭവത്തിൽ പൊലിഞ്ഞതെന്ന് പാപ്പാ അനുസ്മരിച്ചു. 

നിരവധി മരണങ്ങൾക്ക് കാരണമായി രാജ്യത്ത് തുടരുന്ന സംഘർഷങ്ങൾ, മെയ് 31-ന് നടക്കാനിരിക്കുന്ന പ്രസിഡന്റ് ഇലക്ഷന്റെ കൂടി പശ്ചാത്തലത്തിലാണ് കൂടുതൽ ശക്തമായത്.

കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ഇരുപത്തിയാറിടങ്ങളിലാണ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഏപ്രിൽ 25 ശനിയാഴ്ച കാലി, പോപ്പയാൻ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡിലുണ്ടായ ഒരു സ്‌ഫോടനത്തിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു.

2016-ൽ നടന്ന സമാധാനക്കരാറിൽ ഒപ്പുവയ്ക്കാത്ത വിപ്ലവകാരികളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് സർക്കാർ വൃത്തങ്ങൾ ആരോപിച്ചു. 2023-ൽ സർക്കാരുമായി ഇവർ സംവാദങ്ങൾ ആരംഭിച്ചുവെങ്കിലും 2024 ഏപ്രിലിൽ സർക്കാരിനെതിരായ സംഘർഷങ്ങൾ പുനഃരാരംഭിക്കുകയായിരുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 ഏപ്രിൽ 2026, 13:13