തിരയുക

അങ്കോളയിലെ കിലാമ്പ ക്യാക്സി പ്രദേശത്ത് ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ ബലിയർപ്പിക്കുന്നു അങ്കോളയിലെ കിലാമ്പ ക്യാക്സി പ്രദേശത്ത് ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ ബലിയർപ്പിക്കുന്നു  (@Vatican Media)

അങ്കോളയുടെ മണ്ണിൽ സമാധാനത്തിന്റെയും വിശ്വാസത്തിന്റെയും സന്ദേശവുമായി ലിയോ പതിനാലാമൻ പാപ്പാ

ലിയോ പതിനാലാമൻ പാപ്പാ ഏപ്രിൽ 13 മുതൽ 23 വരെ തീയതികളിൽ നടത്തുന്ന അപ്പസ്തോലികയാത്രയുടെ തുടർവിവരണം. അൾജീരിയയിലെയും കാമറൂണിലെയും സന്ദർശനങ്ങൾക്കും സമ്മേളനങ്ങൾക്കും ശേഷം ഏപ്രിൽ 18 ശനിയാഴ്ച വൈകുന്നേരം പാപ്പാ അങ്കോളയിലെത്തി. രാജ്യത്തെ പ്രസിഡന്റുമായും രാഷ്ട്രീയ, സാമൂഹികനേതൃത്വങ്ങളുമായും ഉള്ള കൂടിക്കാഴ്ചകൾ, കിലാമ്പ ക്യാക്സി എന്ന പേരിലുള്ള ജനവാസമേഖലയിലെ വിശുദ്ധബലിയർപ്പണം, എന്നിവയായിരുന്നു പാപ്പായുടെ അങ്കോളയിലെ അപ്പസ്തോലികയാത്രയിലെ ഇതുവരെയുള്ള പ്രധാന നിമിഷങ്ങൾ.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലിയോ പതിനാലാമൻ പാപ്പായുടെ മൂന്നാമത്തേതും, ആഫ്രിക്കയിലേക്കുള്ള ആദ്യത്തേതുമായ അപ്പസ്തോലികയാത്രയുടെ ഭാഗമായി, അൾജീരിയ, കാമറൂൺ എന്നിവിടങ്ങളിൽ നടന്ന കൂടിക്കാഴ്ചകളും, വിശുദ്ധബലിയർപ്പണങ്ങളും, യാത്രകളും സംബന്ധിച്ച വിവരണമാണല്ലോ കഴിഞ്ഞ ദിവസങ്ങളിൽ വത്തിക്കാനിലെ വാർത്താവിനിമയകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററിയുടെ വത്തിക്കാൻ റേഡിയോ, ഒസ്സെർവ്വത്തോറെ റൊമാനൊ പത്രം, വത്തിക്കാൻ ന്യൂസ് വെബ്‌സൈറ്റ്, വത്തിക്കാൻ മീഡിയയുടെ ടെലിവിഷൻ - യൂട്യൂബ് ചാനലുകൾ എന്നിവ റിപ്പോർട്ട് ചെയ്തിരുന്നത്.

ഏപ്രിൽ 13 തിങ്കളാഴ്ച തന്റെ അപ്പസ്തോലിക യാത്ര ആരംഭിച്ച പാപ്പാ, ഏപ്രിൽ 15 ബുധനാഴ്ച രാവിലെ വരെ അൾജീരിയയിൽ ആയിരുന്നു. തുടർന്ന് വൈകുന്നേരം മൂന്നുമണിയോടെ കാമറൂണിലെത്തിയ പാപ്പാ ഏപ്രിൽ 18 ശനിയാഴ്ച ഉച്ചവരെ അവിടെ തുടർന്നു. ഇരു രാജ്യങ്ങളിലുമുള്ള രാഷ്ട്രീയ, സാമൂഹിക നേതൃത്വങ്ങളുമായും, അവിടേക്കുള്ള നയതന്ത്രപ്രതിനിധികളുമായും, അതിലുപരി അതാതുരാജ്യങ്ങളിലെ പ്രാദേശിക കാതോലിക്കാസമൂഹങ്ങളുമായും പരിശുദ്ധ പിതാവ്, സമാധാനത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ക്രൈസ്തവസാക്ഷ്യത്തിന്റെയും മൂല്യങ്ങളെക്കുറിച്ച് ഉദ്ബോധിപ്പിച്ചുകൊണ്ടും, പൊതുനന്മ ലക്ഷ്യമാക്കി ധാർമ്മികതയോടെയുള്ള പ്രവർത്തനശൈലി തുടരേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ടും വിവിധ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.

കാമറൂണിൽനിന്ന് അങ്കോളയിലേക്ക്

നാല് രാജ്യങ്ങൾ ഉൾപ്പെടുന്ന തന്റെ അപ്പസ്തോലികയാത്രയിലെ കാര്യക്രമമനുസരിച്ച്, മൂന്നാമത്തെ രാജ്യമായ അങ്കോളയിലേക്ക് പോകാനായി. ഏപ്രിൽ 18 ശനിയാഴ്ച, കാമറൂണിലെ "യൗന്തേ വീൽ" വിമാനത്താവളത്തിൽ അർപ്പിച്ച വിശുദ്ധ ബലിക്ക് ശേഷം, അവിടെനിന്ന് ഏകദേശം ഇരുപത്തിരണ്ട് കിലോമീറ്ററുകൾ അകലെ, യൗന്തേ നഗരത്തിൽത്തന്നെയുള്ള "ൻസിമാലൻ" അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് പരിശുദ്ധ പിതാവ് കാറിൽ യാത്രയായി. വിമാനത്താവളത്തിലെത്തിയ പാപ്പായെ രാജ്യത്തിന്റെ പ്രധാനമന്ത്രി ജോസഫ് ഡിയോൺ ങ്കൂത്തെ സ്വീകരിച്ചു. തുടർന്ന് നടന്ന ദേശീയഗാനാലാപനങ്ങൾക്കും ഔദ്യോഗികബഹുമതിച്ചടങ്ങുകൾക്കും ഇരു രാജ്യങ്ങളുടെയും പ്രതിനിധിസംഘങ്ങളുടെ അഭിവാദ്യങ്ങൾക്കും ശേഷം, തെക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ അങ്കോളയുടെ തലസ്ഥാനമായ ലുവാണ്ടയിലേക്ക് ഉച്ചയ്ക്ക് 12.47-ന്, ഇന്ത്യയിലെ സമയം വൈകുന്നേരം 5.17-ന്, പാപ്പാ യാത്ര തിരിച്ചു.

തന്റെ പ്രഭാഷണങ്ങൾ ട്രംപിനുവേണ്ടിയുള്ള മറുപടിയല്ല

അങ്കോളയിലേക്കുള്ള വിമാനയാത്രയിൽ, കാമറൂണിൽ തനിക്ക് ലഭിച്ച വലിയ സ്വീകരണത്തിന് നന്ദി പറഞ്ഞ പാപ്പാ, തനിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരുടെ സാന്നിദ്ധ്യത്തിനും അവരുടെ പ്രവർത്തനങ്ങൾക്കും കൃതജ്ഞതയേകി. അഴിമതിക്കും, തെറ്റായ അധികാരവിനിയോഗത്തിനും എതിരായ ഉദ്ബോധനങ്ങൾ ഉൾക്കൊള്ളുന്നതും, സത്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും മൂല്യങ്ങൾ ജീവിക്കാൻ ക്ഷണിക്കുന്നതും വിവിധ മതവിശ്വാസങ്ങൾ ജീവിക്കുന്നവർ തമ്മിലുള്ള സമാധാനപൂർണമായ സഹവാസം പ്രോത്സാഹിപ്പിക്കുന്നതും, അതിലെല്ലാമുപരി സുവിശേഷസന്ദേശം പ്രഘോഷിക്കുന്നതുമായ തന്റെ പ്രഭാഷണങ്ങൾ ആഴ്ചകൾക്ക് മുൻപ് തയ്യാറാക്കപ്പെട്ടതാണെന്നും, അവയെ പ്രസിഡന്റ് ട്രംപുമായുള്ള ഒരു തർക്കരൂപത്തിൽ വ്യാഖ്യാനിക്കരുതെന്നും, തനിക്ക് അത്തരമൊരു ഉദ്ദേശമില്ലെന്നും യാത്രാമധ്യേ പാപ്പാ വ്യക്തമാക്കി.

ഏതാണ്ട് 1.630 കിലോമീറ്ററുകളോളം വരുന്ന ഈ യാത്രയിൽ പാപ്പായും, വത്തിക്കാനിൽനിന്നുള്ള പ്രതിനിധികളും, വിവിധയിടങ്ങളിൽനിന്നുള്ള മാധ്യമപ്രവർത്തകരും അടങ്ങുന്ന സംഘത്തെ വഹിച്ചുകൊണ്ടുള്ള ഇറ്റലിയുടെ ഈത്ത എയർവെയ്‌സിന്റെ വിമാനം, കാമറൂൺ, ഇക്വറ്റോറിയൽ ഗിനി, ഗാബോൻ, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങൾക്ക് മീതെ ഏകദേശം രണ്ടു മണിക്കൂറുകൾ കൊണ്ട് യാത്ര ചെയ്‌ത്‌ ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ, ഇന്ത്യയിൽ വൈകുന്നേരം ഏഴേകാലോടെ,  ലുവാണ്ടയിൽ എത്തിച്ചു.

അങ്കോളയിലേക്കുള്ള ഔദ്യോഗികസ്വീകരണം

തലസ്ഥാനനഗരിയായ ലുവാണ്ടയിലെത്തിയ പരിശുദ്ധ പിതാവിനെ അങ്കോളയിലേക്കുള്ള അപ്പസ്തോലിക നൂൺഷ്യോ ആർച്ച്ബിഷപ് ക്രിസ്പിൻ വീത്തോൾദ് ദുബിയേലും, രാജ്യത്തിന്റെ തലവൻ, പ്രസിഡന്റ് ജൊവാവോ മനുവേൽ ഗൊൺസാൽവെസ് ലൊറെൻസോയും ഉൾപ്പെടുന്ന സംഘം ആഘോഷപൂർവ്വം സ്വീകരിച്ചു. പരമ്പരാഗത വേഷം ധരിച്ച രണ്ടു കുട്ടികൾ പരിശുദ്ധ പിതാവിന് പൂക്കൾ നൽകി.

ഇരു രാജ്യങ്ങളുടെയും ദേശീയഗാനാലാപനങ്ങൾക്കും, മറ്റ് ഔദ്യോഗികബഹുമതിച്ചടങ്ങുകൾക്കും ശേഷം, ഇരു പ്രതിനിധിസംഘങ്ങളും പരസ്പരം അഭിവാദ്യം ചെയ്തു. തുടർന്ന് ഏതാണ്ട് നാലര കിലോമീറ്ററുകൾ അകലെയുള്ള പ്രസിഡന്റ് മന്ദിരത്തിലേക്ക് ഏവരും കാറിൽ യാത്രയായി.

പ്രസിഡന്റിന്റെ കൊട്ടാരവും ആദ്യസമ്മേളനങ്ങളും

അഴിമതിക്കെതിരായ പ്രവർത്തനശൈലിക്കായി വാദിച്ചിരുന്ന പ്രസിഡന്റ് ലൊറെൻസോ, 2017-ലാണ് അങ്കോളയുടെ പ്രസിഡന്റായത്. തുടർന്ന് 2022-ൽ നടന്ന ഇലക്ഷനിലും അദ്ദേഹം തിരഞ്ഞടുക്കപ്പെട്ടിരുന്നു. വൈകുന്നേരം മൂന്നേമുക്കലോടെ പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തിയ പാപ്പാ, അദ്ദേഹത്തിനൊപ്പം അവിടെയുള്ള പ്രധാന ശാലയിലൂടെ രണ്ടാം നിലയിലുള്ള ഓഫീസിലെത്തുകയും സ്വകാര്യകൂടിക്കാഴ്ച നടത്തുകയും ചെയ്തു. തുടർന്ന് ഇരുവരും രാജ്യത്തെ രാഷ്ട്രീയ, മത, സാമൂഹികനേതൃത്വങ്ങളും, രാജ്യത്തേക്കുള്ള നയതന്ത്രപ്രതിനിധികളും, വ്യവസായ, സാംസ്‌കാരിക രംഗത്തുനിന്നുള്ള ആളുകളും ഉൾപ്പെടുന്ന, നാനൂറോളം വരുന്ന സമൂഹവുമായുള്ള കൂടിക്കാഴ്ചയ്ക്കായി കാറിൽ യാത്രയായി.

നാലേകാലോടെ ആരംഭിച്ച ഈ സമ്മേളനത്തിൽ മുഷിമയിലെ പരിശുദ്ധ അമ്മയോടുള്ള ഭക്തിഗാനത്തിന് ശേഷം രാജ്യത്തിന്റെ പ്രസിഡന്റ് ലൊറെൻസോ പരിശുദ്ധ പിതാവിനെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു. തുടർന്ന് പാപ്പാ അങ്കോളയിലെ തന്റെ ആദ്യ പ്രഭാഷണം നടത്തി.

ലിയോ പതിനാലാമൻ പാപ്പാ അങ്കോളയിലെ അപ്പസ്തോലിക നൂൺഷ്യേച്ചറിൽ

അങ്കോളയിലേക്കുള്ള അപ്പസ്തോലികയാത്രയിലെ ആദ്യ ഔദ്യോഗികസമ്മേളനങ്ങൾ അവസാനിച്ച ശേഷം വൈകുന്നേരം നാലേമുക്കാലോടെ, സമ്മേളനസ്ഥലത്തുനിന്ന് രണ്ടു കിലോമീറ്ററുകളോളം അകലെയുള്ള അപ്പസ്തോലിക നൂൺഷ്യേച്ചറിലേക്ക് പാപ്പാ കാറിൽ യാത്രയായി. അഞ്ചുമണിയോടെ അവിടെയെത്തിയ പാപ്പാ രാജ്യത്തെ മെത്രാൻസമിതി അംഗങ്ങളുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തുകയും അത്താഴം കഴിച്ചശേഷം വിശ്രമിക്കുകയും ചെയ്തു.

കത്തോലിക്കാസമൂഹത്തിനൊപ്പമുള്ള വിശുദ്ധ കുർബാന

ഏതാണ്ട് മൂന്നര കോടിയോളം ആളുകളുള്ള അങ്കോളയിലെ രണ്ടുകോടിയോളം പേർ, ജനസംഖ്യയുടെ അൻപത്തിയെട്ട് ശതമാനത്തോളം ആളുകൾ, കത്തോലിക്കാവിശ്വാസത്തിൽ ജീവിക്കുന്നവരാണ്. രാജ്യത്ത്, ഇരുപത്തിയേഴ് മെത്രാന്മാരും ആയിരത്തിഅഞ്ഞൂറിൽപ്പരം വൈദികരും രണ്ടായിരത്തി അഞ്ഞൂറോളം സമർപ്പിതകളും അൻപത്തിയയ്യായിരത്തിഅഞ്ഞൂറിലധികം മതാദ്ധ്യാപകരുമുണ്ട്.

ഏപ്രിൽ 19 ഞായറാഴ്ച ലിയോ പതിനാലാമൻ പാപ്പായുടെ ഔദ്യോഗികചടങ്ങുകളിൽ ആദ്യത്തേത് രാജ്യത്തെ കത്തോലിക്കാസമൂഹവുമൊത്തുള്ള വിശുദ്ധ ബലിയർപ്പണമായിരുന്നു. ലുവാണ്ടയിലെ അപ്പസ്തോലിക നൂൺഷ്യേച്ചറിൽനിന്ന് ഏതാണ്ട് ഇരുപത്തിയെട്ട് കിലോമീറ്ററുകൾ അകലെ കിലാമ്പ ക്യാക്സി എന്ന പേരിലുള്ള ജനവാസമേഖലയിലായിരുന്നു ഇതിനായുള്ള വേദി ഒരുക്കപ്പെട്ടിരുന്നത്. രാവിലെ ഒൻപതുമണിയോടെ അപ്പസ്തോലിക നൂൺഷ്യേച്ചറിൽനിന്ന് കാറിൽ യാത്ര ആരംഭിച്ച പാപ്പാ ഒൻപതരയോടെ കിലാമ്പയിലെത്തുകയും തുടർന്ന് തുറന്ന വാഹനത്തിൽ ആളുകൾക്കിടയിലൂടെ സഞ്ചരിക്കുകയും ചെയ്‌തു.

രാവിലെ പത്തുമണിക്കായിരുന്നു ലത്തീൻ ആരാധനാക്രമപ്രകാരം പെസഹാക്കാലം മൂന്നാം ഞായറാഴ്ചയിലെ വായനകൾ ഉൾക്കൊള്ളുന്ന ഈ വിശുദ്ധ ബലി ആരംഭിച്ചത്. ഉത്ഥിതനായ ക്രിസ്തു അപ്പം മുറിച്ച് ആശീർവദിച്ച് നൽകുമ്പോൾ വിശ്വാസത്തിന്റെ കണ്ണുകൾ തുറക്കപ്പെടുന്ന എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരെക്കുറിച്ചുള്ള, വിശുദ്ധ ലൂക്കയുടെ സുവിശേഷം ഇരുപത്തിനാലാം അദ്ധ്യായം പതിമൂന്ന് മുതൽ മുപ്പത്തിയഞ്ചുവരെയുള്ള തിരുവചനങ്ങളായിരുന്നു ഈ ഞായറാഴ്ചയിലെ തിരുവചനഭാഗം. വചനവായനയെത്തുടർന്ന് പരിശുദ്ധ പിതാവ് സുവിശേഷസന്ദേശം നൽകി.

വിശുദ്ധബലിയർപ്പണത്തിന്റെ അവസാനഭാഗത്ത്, ലുവാണ്ട അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് ഫിലോമേനോ ദോ നാസിമെന്തോ വിയെയ്‌റ ദിയാസ് പരിശുദ്ധപിതാവിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു.

അതിനുശേഷം പെസഹാക്കാലത്തിന്റെ പ്രത്യേകതയായ "റെജീന ചേലി" "സ്വർല്ലോക രാജ്ഞീ ആനന്ദിച്ചാലും എന്നാരംഭിക്കുന്ന പെസഹാക്കാല ത്രികാലജപപ്രാർത്ഥനയുമുണ്ടായിരുന്നു. പോർച്ചുഗീസ് ഭാഷയിൽ ഈ പ്രാർത്ഥന നയിച്ച അവസരത്തിൽ പാപ്പാ, ഇപ്പോഴും ഉക്രൈനിൽ കനത്ത രീതിയിൽ തുടരുന്ന ആക്രമണങ്ങൾ മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് സാമീപ്യവും പ്രാർത്ഥനകളും വാഗ്ദാനം ചെയ്യുകയും, ലെബനനിലെ വെടിനിറുത്തലിൽ ആശ്വാസം പ്രകടിപ്പിക്കുകയും, മദ്ധ്യപൂർവ്വദേശങ്ങളിൽ നയതന്ത്രചർച്ചകളിലൂടെ സമാധാനം സ്ഥാപിക്കപ്പെടുന്നതിന് വേണ്ടി ആഹ്വാനം നൽകുകയും ചെയ്‌തു. ക്രിസ്തുവിന്റെ തിരുവുത്ഥാനത്തിന്റെ ഫലങ്ങളായ യഥാർത്ഥ നീതിയും സമാധാനവും നമുക്ക് ചുറ്റും ഉറപ്പാക്കാനുള്ള പരിശ്രമങ്ങളുടെ പ്രാധാന്യവും പാപ്പാ പ്രത്യേകം ഓർമ്മിപ്പിച്ചു.

ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ പരിശുദ്ധ പിതാവ് തിരികെ അപ്പസ്തോലിക നൂൺഷ്യേച്ചറിലേക്ക് കാറിൽ യാത്രയായി. പന്ത്രണ്ടേമുക്കാലോടെ അവിടെയെത്തിയ പാപ്പാ ഉച്ചഭക്ഷണം കഴിച്ചശേഷം വിശ്രമിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 ഏപ്രിൽ 2026, 13:11