തിരയുക

വിശുദ്ധ ബലിയുടെ പ്രദക്ഷിണം  വിശുദ്ധ ബലിയുടെ പ്രദക്ഷിണം   (@Vatican Media)

യേശുവിന്റെ പുനരുത്ഥാനം നമ്മുടെ ദൃഷ്ടികൾ ഉയർത്തുവാനും, ഹൃദയം വിശാലമാക്കുവാനും ക്ഷണിക്കുന്നു: പാപ്പാ

ഈസ്റ്റർ ദിനത്തിൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ലിയോ പതിനാലാമൻ പാപ്പാ മുഖ്യകാർമ്മികത്വം വഹിച്ചു. പരാജയപ്പെടാത്ത പ്രത്യാശയിലേക്കും, അസ്തമിക്കാത്ത വെളിച്ചത്തിലേക്കും, ഒന്നിനും മായ്ച്ചുകളയാൻ കഴിയാത്ത സന്തോഷത്തിന്റെ പൂർണ്ണതയിലേക്കും നമ്മെ നയിക്കുന്നതാണ്, ക്രിസ്തുവിന്റെ ഉത്ഥാനം എന്ന് പാപ്പാ വചനസന്ദേശത്തിൽ എടുത്തു പറഞ്ഞു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സൃഷ്ടി മുഴുവനും ഇന്ന് പുതിയ വെളിച്ചത്താൽ പ്രകാശിക്കുന്നു, ഭൂമിയിൽ നിന്ന് ഒരു സ്തുതിഗീതം ഉദിക്കുന്നു, നമ്മുടെ ഹൃദയങ്ങൾ സന്തോഷിക്കുന്നു: ക്രിസ്തു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു, അവനോടൊപ്പം നാമും പുതിയ ജീവനിലേക്ക് ഉയിർത്തെഴുന്നേൽക്കുന്നു! ഈസ്റ്റർ  ദിനത്തിന്റെ ഈ വിളംബരം എടുത്തുപറഞ്ഞുകൊണ്ടാണ് പാപ്പാ, ഈസ്റ്റർ ദിന വിശുദ്ധബലി മധ്യേയുള്ള വചന സന്ദേശം ആരംഭിച്ചത്. യേശുവിന്റെ പുനരുത്ഥാനം, പരാജയപ്പെടാത്ത പ്രത്യാശയിലേക്കും, അസ്തമിക്കാത്ത വെളിച്ചത്തിലേക്കും, ഒന്നിനും മായ്ച്ചുകളയാൻ കഴിയാത്ത സന്തോഷത്തിന്റെ പൂർണ്ണതയിലേക്കും നമ്മെ നയിക്കുന്നുവെന്നും, മരണം എന്നന്നേക്കുമായി കീഴടക്കപ്പെട്ടുവെന്നും, ഇനി നമ്മുടെ മേൽ അധികാരമില്ലെന്നും പാപ്പാ പറഞ്ഞു.

എന്നാൽ, നമ്മുടെ ഉള്ളിലും പുറത്തും നമ്മെ ഭീഷണിപ്പെടുത്തുന്ന മരണത്തിന്റെ ശക്തി എന്നാൽ പുനരുത്ഥാനത്തിന്റെ സന്ദേശം ഉൾക്കൊള്ളുവാൻ  തടസപ്പെടുത്തുവെന്നതും പാപ്പാ ചൂണ്ടിക്കാട്ടി. നിരാശയോ, ഏകാന്തതയോ നമ്മുടെ പ്രതീക്ഷകളെ ഇല്ലാതാക്കുമ്പോഴും, ആകുലതകളോ, നീരസങ്ങളോ ജീവിതത്തിന്റെ ആനന്ദത്തെ വീർപ്പുമുട്ടിക്കുമ്പോഴും, ദുഃഖമോ ക്ഷീണമോ അനുഭവപ്പെടുമ്പോഴും, വഞ്ചിക്കപ്പെടുകയോ തിരസ്കരിക്കപ്പെടുകയോ ചെയ്യപ്പെടുമ്പോഴും, ബലഹീനത, കഷ്ടപ്പാട് എന്നിവ ഉണ്ടാകുമ്പോഴും, പുറത്തുകടക്കാനുള്ള വഴി കാണാത്ത ഒരു തുരങ്കത്തിൽ നമ്മുടെ ജീവിതം അവസാനിച്ചുവെന്ന് തോന്നൽ നമുക്ക് ഉണ്ടാകുന്നുണ്ടെന്നു പാപ്പാ പറഞ്ഞു.

പുറമെയും, അനീതിയിലും പക്ഷപാതപരമായ സ്വാർത്ഥതയിലും ദരിദ്രരുടെ അടിച്ചമർത്തലിലും ഏറ്റവും ദുർബലമായവരോടുള്ള ശ്രദ്ധയില്ലായ്മയിലും, അതുപോലെ തന്നെ യുദ്ധത്തിലും, സൃഷ്ടിക്കെതിരെയുള്ള കടന്നുകയറ്റത്തിലും, ഇതുപോലെ മരണത്തിന്റെ ഭീഷണി ഉയരുന്നുവെന്നു പാപ്പാ ചൂണ്ടിക്കാട്ടി. ഇത്തരം യാഥാർഥ്യങ്ങളുടെ മധ്യത്തിലാണ്, യേശുവിന്റെ പുനരുത്ഥാനം, നമ്മുടെ ദൃഷ്ടികൾ ഉയർത്തുവാനും, ഹൃദയം വിശാലമാക്കുവാനും നമ്മെ പ്രചോദിപ്പിക്കുന്നതെന്നു പാപ്പാ പറഞ്ഞു.

"മരണത്തിന്റെ ശക്തി നമ്മുടെ ജീവിതത്തിന്റെ ആത്യന്തിക വിധിയല്ല. നാം എന്നെന്നേക്കുമായി പൂർണ്ണതയിലേക്ക് നയിക്കപ്പെടുന്നു കാരണം,  ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിൽ നാമും ഉയിർത്തെഴുന്നേറ്റിരിക്കുന്നു", പാപ്പാ പറഞ്ഞു. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിൽ ഓരോ ദിവസവും ഒരു പുതിയ സൃഷ്ടി സാധ്യമാണെന്ന് ഈ തിരുനാൾ നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു. മഗ്‌ദലനമറിയത്തെപോലെ, യേശുവിന്റെ പുനരുത്ഥാനത്തിന്റെ സന്തോഷം എല്ലാവരോടും പ്രഘോഷിക്കുവാൻ നമുക്കും, തിടുക്കത്തിൽ യാത്രയാകാം എന്ന ആഹ്വാനവും പാപ്പാ നൽകി. മരണത്തിന്റെ ഇടങ്ങളിൽ, ജീവന്റെ വെളിച്ചം പ്രകാശിക്കട്ടെഎന്നാ ആശംസയും പാപ്പാ ഉപസംഹാരമായി നൽകി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 ഏപ്രിൽ 2026, 14:03