ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (@Vatican Media)

സംഘർഷങ്ങളും വിദ്വേഷവും നിറഞ്ഞ ഒരു ലോകത്ത് സമാധാനത്തിന്റെ സന്ദേശമേകാൻ ക്ഷണവുമായി ലിയോ പതിനാലാമൻ പാപ്പാ

സ്വാർത്ഥതയിൽനിന്ന് അകന്ന് ശുശ്രൂഷ ചെയ്യാനും, സമാധാനത്തിന്റെ സന്ദേശം എങ്ങും പകരാനും വിശ്വാസികളെ, പ്രത്യേകിച്ച് പുരോഹിതരെയും മെത്രാന്മാരെയും ക്ഷണിച്ച് ലിയോ പതിനാലാമൻ പാപ്പാ. ഏപ്രിൽ 2 വ്യാഴാഴ്ച പെസഹാവ്യാഴദിനത്തിൽ വിശുദ്ധ തൈലം ആശീർവദിക്കുന്ന തിരുക്കർമ്മങ്ങൾ ഉൾപ്പെടെയുള്ള "തൈല പരികർമ്മ പൂജയുടെ" അവസരത്തിലാണ്, ലോകത്ത് സമാധാനത്തിന്റെ നറുമണം പരത്താൻ പരിശുദ്ധ പിതാവ് സഭാസമൂഹത്തോട് ആവശ്യപ്പെട്ടത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ക്രൈസ്തവർക്ക് ക്രിസ്തുവിന്റെ സമാധാനം പരത്തുന്നതിലുള്ള ഉത്തരവാദിത്വം ഓർമ്മിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ. വലിയ ആഴ്ചയിലെ തിരുക്കർമ്മങ്ങളുടെ ഭാഗമായി, വിശുദ്ധ തൈലങ്ങൾ ആശീർവദിക്കുന്നതും “ക്രിസം മാസ് എന്ന പേരിൽ അറിയപ്പെടുന്നതുമായ” "തൈല പരികർമ്മ പൂജ" വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ ഏപ്രിൽ രണ്ടാം തീയതി വ്യാഴാഴ്ച രാവിലെ ഒൻപതരയ്ക്ക് അർപ്പിച്ച അവസരത്തിലാണ് മരണത്തിന്റെ ഇരുൾ പടർന്ന ലോകത്ത് ക്രിസ്തുവിന്റെ സമാധാനത്തിന്റെ നറുമണവും പ്രകാശവും പരത്താൻ പുരോഹിതരോടും മെത്രാന്‍മാരോടും, ഒപ്പം എല്ലാ ക്രൈസ്തവരോടും പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടത്.

എല്ലാ ക്രൈസ്തവരും ക്രിസ്തുവിന്റെ നിയോഗം തുടരാനാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പറഞ്ഞ പാപ്പാ, തങ്ങളുടേതായ വിളിയനുസരിച്ചും, പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിച്ചും, മറ്റുള്ളവർക്കൊപ്പവും ഈ നിയോഗം നാം തുടരേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു. കർത്താവിന്റെ അന്ത്യ അത്താഴം ഉൾപ്പെടെ ആഘോഷിക്കപ്പെടുന്ന ഈ ദിനത്തിൽ, ആരാധനാക്രമവർഷത്തിന്റെ അവസാനവുമായി ബന്ധപ്പെട്ട് സംസാരിച്ച പരിശുദ്ധ പിതാവ്, ആരാധനാക്രമവർഷത്തിന് മനുഷ്യരുടെ ഹൃദയങ്ങളെ മാറ്റിമറിക്കാനും, മുറിവുകളെ ഉണക്കാനും, അനുരഞ്ജനപ്പെടുത്താനും, ഏവരെയും ഒരുമിച്ച് നിറുത്താനും ഉള്ള ശക്തിയുണ്ടെന്നും പ്രസ്താവിച്ചു.

ക്രിസ്തുവിന്റെ ശരീരമായ സഭയിലെ അംഗങ്ങൾ എന്ന നിലയിൽ എല്ലാ ക്രൈസ്തവരും, പ്രത്യേകിച്ച് അഭിഷിക്തരായവർ, ദൈവജനത്തിന് ശുശ്രൂഷ ചെയ്യാനായി അയക്കപ്പെട്ടവരാണെന്ന് പാപ്പാ പറഞ്ഞു. നമ്മുടെ വ്യക്തിപരമായ താത്പര്യങ്ങളും ബന്ധങ്ങളും മാറ്റിവച്ചുവേണം അത് നിർവ്വഹിക്കേണ്ടതെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു. ഇന്നലെകളുമായുള്ള അനുരഞ്ജനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, അത്തരമൊരു പ്രവൃത്തി സമാധാനപൂർണ്ണമായ ജീവിതത്തിനും ആവശ്യമാണെന്ന് ഓർമ്മിപ്പിച്ചു.

മറ്റുള്ളവരുമായുള്ള കണ്ടുമുട്ടലിനെക്കുറിച്ച് സംസാരിക്കവെ, സ്വാർത്ഥതാത്പര്യങ്ങളോ, കണക്കുകൂട്ടലുകളോ മുന്നിൽ വയ്ക്കാതെയും, മറ്റുള്ളവരുടെമേൽ ആധിപത്യം സ്ഥാപിക്കുന്നതിനുള്ള ആഗ്രഹത്തെ അതിജീവിച്ചും മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യവും പരിശുദ്ധ പിതാവ് പരാമർശിച്ചു.

ക്രൈസ്തവനിയോഗം ജീവിക്കുമ്പോൾ, മറ്റുള്ളവരാൽ തിരസ്കരിക്കപ്പെടാനും, തെറ്റിദ്ധരിക്കപ്പെടാനുമുള്ള സാധ്യതകളും മുന്നിലുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കുരിശുകൾ അംഗീകരിച്ചുകൊണ്ട് മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, അതിന് സമൂഹത്തിലും നമ്മിലും മാറ്റങ്ങൾ കൊണ്ടുവരാനുള്ള കഴിവുണ്ടെന്ന് പ്രസ്താവിച്ചു.

പരാജയങ്ങളുടെയും കുറവുകളുടെയും മുന്നിൽ ദൈവത്തിന്റെ കൃപയിലും അനുഗ്രഹങ്ങളിലും ശരണം വച്ചുകൊണ്ട് മുന്നോട്ടു പോകേണ്ടതുണ്ടെന്നു പറഞ്ഞ പാപ്പാ, വിശുദ്ധരുടെ ജീവിതം ഇതാണ് നമുക്ക് കാണിച്ചുതരുന്നതെന്ന് ഓർമ്മിപ്പിച്ചു. ഭയം വെടിഞ്ഞ്, ധൈര്യപൂർവ്വം ക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവും പ്രഘോഷിക്കാൻ നമുക്കാകണമെന്നും അതിനായി നാം ഒരിക്കൽ നൽകിയ സമ്മതം നവീകരിച്ചുകൊണ്ട്, ക്രിസ്തുവിന്റെ സന്ദേശത്തിന്റെ നറുമണം എങ്ങുമെത്തിക്കാമെന്നും പാപ്പാ പറഞ്ഞു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ഏപ്രിൽ 2026, 13:42