വിശ്വാസത്തിന്റെ വാക്കുകളാലും, സ്നേഹത്തിന്റെ പ്രവൃത്തികളാലും, യേശുവിന്റെ ഉത്ഥാനത്തിനു നാം സാക്ഷ്യം വഹിക്കണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഈസ്റ്റർ ജാഗരണ ശുശ്രൂഷയിൽ, തെളിയിച്ച ദീപം, ലോകത്തിനു വേണ്ടിയുള്ള ദീപമായി മാറുവാൻ സഭയെ ഒന്നിപ്പിക്കുന്ന, ഉത്ഥാനത്തിന്റെ പ്രഭയാണെന്നു എടുത്തു പറഞ്ഞുകൊണ്ടാണ്, പാപ്പാ തന്റെ വചന സന്ദേശം ആരംഭിച്ചത്. ഈ ആഹ്വാനത്തിന് ആമേൻ പറയുമ്പോൾ, ഈ ദൗത്യം ഏറ്റെടുക്കുവാനും അതിനുവേണ്ടി അധ്വാനിക്കുവാനുമുള്ള നമ്മുടെ സന്നദ്ധതയെയാണ് നാം അറിയിച്ചതെന്നും പാപ്പാ കൂട്ടിച്ചേർത്തു. ചരിത്രത്തിന്റെ ആരംഭത്തിൽ ശൂന്യതയിൽ നിന്ന് നമുക്ക് അസ്തിത്വം നൽകുകയും, കുരിശിൽ തന്റെ അതിരില്ലാത്ത സ്നേഹം നമുക്ക് കാണിച്ചു തരികയും ചെയ്തവൻ, തന്റെ ഉയിർപ്പിലൂടെ നമുക്ക് ജീവൻ പ്രദാനം ചെയ്തുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ആദിയിൽ തന്റെ രൂപത്തിലും, സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചുകൊണ്ട്, സകല സൃഷ്ടവസ്തുക്കൾക്കും കാവൽക്കാരൻ ആകുവാനുള്ള ചുമതല നൽകിയ സ്രഷ്ടാവിന്റെ പദ്ധതിയോട് സഹകരിക്കാതെ ഇരുന്നപ്പോഴും, അവനെ ഉപേക്ഷിക്കാതെ, തന്റെ കരുണയുടെ മുഖം അവനു വെളിപ്പെടുത്തിയെന്നു പറഞ്ഞ പാപ്പാ, ഈസ്റ്റർ ജാഗരണത്തിന്റെ രഹസ്യം, അനുരഞ്ജനത്തിന്റെയും കൃപയുടെയും പാതയാണെന്നും അടിവരയിട്ടു. തുടർന്ന്, പഴയനിയമ വായനകളുടെ അടിസ്ഥാനത്തിൽ, രക്ഷാചരിത്രത്തിന്റെ നിമിഷങ്ങളിലെല്ലാം ദൈവം, ഭിന്നിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്ന പാപത്തിന്റെ കാഠിന്യത്തോട്, സ്നേഹത്താൽ എപ്രകാരം പ്രതികരിച്ചുവെന്നു വിശദീകരിച്ചു.
തുടർന്ന്, സുവിശേഷ ഭാഗം അടിസ്ഥാനമാക്കി, പുനരുത്ഥാനത്തിന്റെ വിവരണം പാപ്പാ എടുത്തു പറഞ്ഞു. "വേദനയെയും ഭയത്തെയും മറികടന്ന് സ്ത്രീകൾ കല്ലറയിലേക്ക് പോയപ്പോൾ, അവർ പ്രതീക്ഷിച്ചത്, മുദ്രവെച്ചിരിക്കുന്ന കല്ലും, കാവൽ നിൽക്കുന്ന പട്ടാളക്കാരും ആയിരുന്നു എന്നാൽ ക്രിസ്തുവിലുള്ള പ്രത്യാശ നശിപ്പിക്കുകയും, നമ്മെ അടയ്ക്കുകയും ദൈവത്തിൽ നിന്ന് നമ്മെ വേർപെടുത്തുകയും ചെയ്യുന്ന തടസങ്ങൾ വലിയ പാപമാണ്", പാപ്പാ പറഞ്ഞു. പുനരുത്ഥാനത്തിന്റെ ആദ്യ സാക്ഷികളായ ഈ സ്ത്രീകൾ, ദൈവസ്നേഹത്തിന്റെ ശക്തി കണ്ടുവെന്നും, അത് ഏതൊരു തിന്മയെക്കാളും ശക്തവുമായിരുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ദൈവത്തിന്റ സ്നേഹം, മരണത്തിനുമപ്പുറം നമുക്ക് നിത്യജീവൻ പകരുന്നതാണെന്നും, വിശ്വാസത്തിന്റെ വാക്കുകളിലൂടെയും, ദാനധർമ്മങ്ങളിലൂടെയും ഈ സ്നേഹത്തിനു നാം സാക്ഷ്യം വഹിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
ഇന്നത്തെ ലോകത്തിലും, പലതരം ശവകുടീരങ്ങൾ യാഥാർഥ്യമാണെന്നും, പലപ്പോഴും, അവിശ്വാസം, ഭയം, സ്വാർത്ഥത, നീരസം, യുദ്ധം, അനീതി, ജനങ്ങളും രാജ്യങ്ങളും തമ്മിലുള്ള വേർതിരിവ് തുടങ്ങിയവ, മനുഷ്യഹൃദയങ്ങളെ അടിച്ചമർത്തുകയും, ബന്ധങ്ങളെ ശിഥിലമാക്കുകയും ചെയ്യുന്നുവെന്നും പറഞ്ഞ പാപ്പാ, എന്നാൽ ഇവയിൽ നമ്മ തളർന്നു പോകരുതെന്നും, മറിച്ച് ഉയിർത്തെഴുന്നേറ്റവന്റെ കൃപയാൽ കാരുണ്യത്തിലും സത്യത്തിലും ശക്തിപ്രാപിക്കപ്പെട്ട്, സംസാരിക്കുവാനും, പ്രവർത്തിക്കുവാനും സാധിക്കണമെന്നും കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
