തിരയുക

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (@Vatican Media)

വിശുദ്ധിയും സുവിശേഷത്തിലെ വിശിഷ്ടോപദേശങ്ങളും സഭയിൽ: ലിയോ പതിനാലാമൻ പാപ്പായുടെ ഉദ്‌ബോധനം

ഏപ്രിൽ എട്ടാം തീയതി ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ. വിശുദ്ധിക്കും, സുവിശേഷത്തിലെ വിശിഷ്ടോപദേശങ്ങളായ ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ പുണ്യങ്ങൾക്കും ക്രൈസ്തവജീവിതത്തിലും സഭയിലും ഉള്ള പ്രാധാന്യത്തെക്കുറിച്ചാണ് പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണത്തിലൂടെ ഉദ്ബോധിപ്പിച്ചത്.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

2026 ജനുവരിയിലെ ആദ്യ ബുധനാഴ്ച അറിയിച്ചുരുന്നതുപോലെ രണ്ടാം വത്തിക്കാൻ കൗൺസിലിനെയും അതിന്റെ പ്രമുഖ രേഖകളെയും കുറിച്ചുള്ള പഠന-ഉദ്ബോധന പരമ്പരയാണ് ഈ വർഷത്തിലെ ബുധനാഴ്ചകളിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ നടത്തിവരുന്നത്. ഇതനുസരിച്ച്, ജനതകളുടെ പ്രകാശം എന്നർത്ഥം വരുന്ന, "ലുമെൻ ജെൻസ്യും" (Lumen gentium) എന്ന പ്രമാണരേഖയെ ആധാരമാക്കി, "വിശുദ്ധിയും സുവിശേഷത്തിലെ വിശിഷ്ടോപദേശങ്ങളും സഭയിൽ" എന്ന വിഷയത്തിൽ, ക്രൈസ്തവജീവിതത്തിൽ ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ പുണ്യങ്ങൾക്കുള്ള പ്രാധാന്യത്തെക്കുറിച്ചാണ് ഏപ്രിൽ എട്ടാം തീയതി ബുധനാഴ്ച പാപ്പാ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പതിവുപോലെ ഉദ്‌ബോധനം നടത്തിയത്. പൊതുകൂടിക്കാഴ്ചയ്ക്ക് മുൻപായി പരിശുദ്ധ പിതാവ് ചത്വരത്തിലുണ്ടായിരുന്ന ആയിരക്കണക്കിന് വരുന്ന ആളുകൾക്കിടയിലൂടെ തുറന്ന വാഹനത്തിൽ സഞ്ചരിക്കുകയും കൊച്ചു കുട്ടികൾക്ക് ആശീർവാദം നൽകുകയും ചെയ്തു. ബസലിക്കയ്ക്ക് മുന്നിൽ ഒരുക്കപ്പെട്ടിരുന്ന വേദിയിൽ പത്തുമണിയോടെ, ഇന്ത്യയിലെ സമയം ഉച്ച കഴിഞ്ഞ് ഒന്നരയോടെ എത്തിയ പാപ്പാ, കുരിശടയാളം വരച്ചുകൊണ്ട് ഔദ്യോഗിക കൂടിക്കാഴ്ച ആരംഭിച്ചു.

പരിശുദ്ധ പിതാവിന്റെ പ്രബോധനപ്രഭാഷണത്തിന് മുൻപായി വിശുദ്ധ പൗലോസ് തെസലോക്കക്കാർക്കെഴുതിയ ഒന്നാം ലേഖനം നാലാം അദ്ധ്യായം ഒന്ന് മുതൽ മൂന്ന് വരെയുള്ള വാക്യങ്ങൾ വായിക്കപ്പെട്ടു.

"സഹോദരരേ, അവസാനമായി ഞങ്ങൾ കർത്താവായ യേശുവിൽ നിങ്ങളോട് അപേക്ഷിക്കുകയും യാചിക്കുകയും ചെയ്യുന്നു: ജീവിക്കേണ്ടതും ദൈവത്തെ പ്രീതിപ്പെടുത്തേണ്ടതും എങ്ങനെയെന്ന് നിങ്ങൾ ഞങ്ങളിൽനിന്ന് പഠിച്ചു; അതനുസരിച്ച് ഇപ്പോൾ നിങ്ങൾ ജീവിക്കുന്നതുപോലെ ഇനിയും മുന്നേറുവിൻ. കർത്താവായ യേശുവിന്റെ നാമത്തിൽ ഞങ്ങൾ എന്തെല്ലാം അനുശാസനങ്ങളാണ് നൽകിയതെന്ന് നിങ്ങൾക്കറിയാം. നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവം അഭിലഷിക്കുന്നത്." (തെസ. 4, 1-3).

വചനവായനയെത്തുടർന്ന് പാപ്പാ ഇറ്റാലിയൻ ഭാഷയിൽ തന്റെ പ്രഭാഷണം നടത്തി.

പ്രിയ സഹോദരീസഹോദരന്മാരെ, ശുഭദിനം, സ്വാഗതം!

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ സഭയെക്കുറിച്ചുള്ള പ്രമാണരേഖയായ ലുമെൻ ജെൻസ്യും ഒരു മുഴുവൻ അദ്ധ്യായവും, അഞ്ചാം അദ്ധ്യായം, എല്ലാ വിശ്വാസികൾക്കുമുള്ള വിശുദ്ധിയിലേക്കുള്ള പൊതുവായ വിളിയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. പുണ്യങ്ങൾ പ്രവർത്തിച്ചും, ക്രിസ്തുവിനോട് അനുരൂപപ്പെട്ടും ദൈവകൃപയിൽ ജീവിക്കാനാണ് നാമെല്ലാവരും വിളിക്കപ്പെട്ടിരിയ്ക്കുന്നത്. കൗൺസിൽ പ്രമാണരേഖയനുസരിച്ച് വിശുദ്ധി എന്നത്, ചിലർക്ക് മാത്രമായുള്ള ഒരു പ്രത്യേക ആനുകൂല്യമല്ല, മറിച്ച്, ജ്ഞാനസ്നാനമേറ്റ എല്ലാവരെയും, സ്നേഹത്തിന്റെ പൂർണതയിലേക്ക്, അതായത്, ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹത്തിന്റെ പൂർണ്ണതയ്ക്കായി പരിശ്രമിക്കാൻ ആഹ്വാനം ചെയ്യുന്ന ഒരു കൃപയാണ്. സ്നേഹം എന്നത് യഥാർത്ഥത്തിൽ, എല്ലാ വിശ്വാസികളും വിളിക്കപ്പെട്ടിരിക്കുന്ന വിശുദ്ധിയുടെ കേന്ദ്രമാണ്. പിതാവ് പുത്രനായ യേശുവിലൂടെ പകരുന്ന ഈ പുണ്യം "വിശുദ്ധീകരണത്തിന്റെ എല്ലാ മാർഗ്ഗങ്ങളെയും നിയന്ത്രിക്കുകയും, അവയ്ക്ക് രൂപം നൽകുകയും അവയെ അവയുടെ ലക്ഷ്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു" (LG, 42). സഭയുടെ ആരംഭത്തിലെന്നപോലെ, "വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും പരമോന്നത സാക്ഷ്യമായ" (LG, 50) രക്തസാക്ഷിത്വമാണ് വിശുദ്ധിയുടെ ഏറ്റവും ഉയർന്ന തലം. ഇതുകൊണ്ടുതന്നെ, മുൻപ് സംഭവിച്ചിരുന്നതുപോലെയും, ഇന്നും സംഭവിക്കുന്നതുപോലെയും, രക്തം ചൊരിയുന്നിടത്തോളം ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്താൻ തയ്യാറായിരിക്കണമെന്ന് എല്ലാ വിശ്വാസികളെയും കൗൺസിൽ രേഖ പഠിപ്പിക്കുന്നു (LG, 42). നീതിക്കുവേണ്ടി സ്വയം സമർപ്പിച്ചുകൊണ്ട്, ക്രൈസ്തവർ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും അടയാളങ്ങൾ സമൂഹത്തിൽ നൽകുമ്പോഴെല്ലാം, സാക്ഷ്യത്തിനായുള്ള ഈ സന്നദ്ധതയാണ് സാക്ഷാത്കരിക്കപ്പെടുന്നത്.

എല്ലാ കൂദാശകളും, അതിൽ ഏറ്റവും പ്രത്യേകമായി വിശുദ്ധ കുർബാന, വിശുദ്ധിയുടെ മാതൃകയും അളവുകോലുമായ ക്രിസ്തുവിലേക്ക് ഓരോ വ്യക്തികളെയും ചേർത്തുവച്ചുകൊണ്ട്, വിശുദ്ധിയുടെ ജീവിതത്തെ വളർത്തിയെടുക്കുന്ന പോഷണമാണ്. സഭയുടെ തലവനും ഇടയനുമായ അവൻ അതിനെ വിശുദ്ധീകരിക്കുന്നു. ഈയൊരു വീക്ഷണകോണിൽ, നമ്മുടെ അനുദിനജീവിതത്തിൽ, സന്തോഷത്തോടെ അവനെ സ്വാഗതം ചെയ്യുകയും, ഉത്തരവാദിത്വത്തോടെ നാം അവനോട് പ്രതികരിക്കുകയും ചെയ്യുമ്പോൾ പ്രകടമാകുന്ന അവന്റെ ദാനമാണ് വിശുദ്ധി. സഭ അധികാരികതയുള്ളവളായിരിക്കാൻ, ജ്ഞാനസ്നാനപ്പെട്ട എല്ലാവരും വിശുദ്ധർ, അതായത്" യോഗ്യരും, ശക്തരും വിശ്വസ്തരുമായ അവളുടെ മക്കളായിരിക്കണമെന്ന്" ഇതുമായി ബന്ധപ്പെട്ട്, 1965 ഒക്ടോബർ 20-ന് അനുവദിച്ച പൊതുകൂടിക്കാഴ്ചയിൽ വിശുദ്ധ പോൾ ആറാമൻ പാപ്പാ ഓർമ്മിപ്പിച്ചിരുന്നു. ഓരോ വ്യക്തിയുടെയും ജീവിതം, പരിശുദ്ധാത്മാവിന്റെ കൃപയാൽ ക്രിസ്തുവിന്റേതിനോട് അനുരൂപപ്പെടുന്ന ആന്തരികമായ ഒരു പരിവർത്തനം പോലെയാണ് ഇത് സാധ്യമാകുന്നത് (Rm 8, 29; LG, 40).

"അപൂർണ്ണതകളില്ലാത്ത വിശുദ്ധയെന്ന്" (LG, 39) കരുതപ്പെടുന്നവളായതുകൊണ്ട് കത്തോലിക്കാസഭയുടെ വിശുദ്ധിയെ വിശ്വാസത്തിൽ സ്വീകരിക്കേണ്ട ഘടനാപരമായ ഒരു പ്രത്യേകതയായാണ് ലുമെൻ ജെൻസ്യും വിശേഷിപ്പിക്കുന്നത്. എന്നാൽ, ഇത് അവൾ  പൂർണ്ണവും കുറ്റമറ്റതുമായ രീതിയിൽ വിശുദ്ധയാണ് എന്ന അർത്ഥത്തിലല്ല. മറിച്ച്, അവളുടെ നിത്യമായ ലക്ഷ്യത്തിലേക്കുള്ള തീർത്ഥാടനത്തിൽ, ലോകത്തിന്റെ പീഡനങ്ങൾക്കും ദൈവം നൽകുന്ന ആശ്വാസങ്ങൾക്കും നടുവിലൂടെ മുന്നോട്ട് പോയി, ഈ കൃപയോട് അനുരൂപപ്പെടാനായി വിളിക്കപ്പെട്ടിരിക്കുന്നു എന്ന അർത്ഥത്തിലാണ് (St. Augustin, De civ. Dei 51,2; LG, 8). സഭയിലെ, അതായത് നമ്മിലെ, പാപമെന്ന ദുഃഖകരമായ യാഥാർത്ഥ്യം, സ്നേഹത്തിൽ നമ്മെ നവീകരിക്കുന്ന കർത്താവിൽ ശരണപ്പെട്ടുകൊണ്ട്, ജീവിതത്തിൽ ഒരു ഗൗരവതരമായ മാറ്റത്തിന് നാമോരോരുത്തരെയും ക്ഷണിക്കുന്നുണ്ട്. സഭയെ വിശുദ്ധീകരിക്കുന്ന ഈ അനന്തമായ കൃപ, നമുക്ക് അനുദിനം നിർവ്വഹിക്കാനായി ഒരു നിയോഗം നൽകുന്നുണ്ട്: നമ്മുടെ പരിവർത്തനം. അതുകൊണ്ടുതന്നെ, എത്ര പ്രധാനപ്പെട്ടതാണെങ്കിലും, വെറുമൊരു ധാർമ്മിക പ്രതിബദ്ധതയിലേക്ക് ചുരുക്കാൻ കഴിയുന്ന ഒരു പ്രയോഗികസ്വഭാവം മാത്രമല്ല വിശുദ്ധിക്കുള്ളത്, മറിച്ച്, വ്യക്തിപരവും സാമൂഹികവുമായ ക്രൈസ്തവജീവിതത്തിന്റെ സത്തയെ സംബന്ധിച്ചുള്ളതാണത്.

ഈയൊരു കാഴ്ചപ്പാടിൽ, ആറാം അദ്ധ്യായത്തിൽ കൗൺസിൽ പ്രമാണരേഖ ചർച്ച ചെയ്യുന്ന സമർപ്പിതജീവിതം നിർണ്ണായകമായ ഒരു പങ്ക് ഏറ്റെടുക്കുന്നുണ്ട് (43-47). ചരിത്രത്തിന്റെ വർത്തമാനകാലത്തിൽ അനുഭവിച്ചറിയുന്ന, നവലോകത്തിന്റെ പ്രവാചകപരമായ അടയാളമാണ് ഇത് ദൈവത്തിന്റെ വിശുദ്ധ ജനത്തിനിടയിൽ നൽകുന്നത്. സഭയെന്ന രഹസ്യത്തിൽ ഇപ്പോൾത്തന്നെ നിലനിൽക്കുന്ന, ദൈവരാജ്യത്തിന്റെ അടയാളങ്ങളായ, ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ സുവിശേഷത്തിലെ വിശിഷ്ടോപദേശങ്ങളാണ്, സമർപ്പിതജീവിതത്തിന്റെ വ്യത്യസ്ത രീതികൾക്ക് രൂപം നൽകുന്നത്. ഈ മൂന്ന് പുണ്യങ്ങളും സ്വാതന്ത്ര്യത്തെ ചങ്ങലയ്ക്കിടുന്ന നിർദ്ദേശങ്ങളല്ല, മറിച്ച്, ചില വിശ്വാസികൾ തങ്ങളെത്തന്നെ പൂർണ്ണമായും ദൈവത്തിന് സമർപ്പിച്ച, പരിശുദ്ധാത്മാവിന്റെ വിമോചനകൃപകളാണ്. കണക്കുകൂട്ടലുകളിലും കൂട്ടിക്കിഴിച്ചിലുകളിലും നിന്ന് സ്വതന്ത്രമായി, ദൈവത്തിന്റെ കരുതലിൽ പൂർണ്ണമായി സ്വയം സമർപ്പിക്കുന്നതിനെയാണ് ദാരിദ്ര്യം സൂചിപ്പിക്കുന്നത്. സംശയത്തിലും അധിപത്യമനോഭാവത്തിലും നിന്ന് സ്വയം വിമോചിപ്പിച്ച്, പിതാവിന് തന്നെത്തന്നെ നൽകിയ ക്രിസ്തുവാണ് അനുസരണത്തിന് മാതൃക.ദൈവത്തിന്റെയും സഭയുടെയും ശുശ്രൂഷയ്ക്കായി സ്നേഹത്തിൽ പൂർണ്ണവും ശുദ്ധവുമായ ഒരു ഹൃദയത്തെ ദാനമായി നൽകുന്നതാണ് ബ്രഹ്മചര്യം.

സമ്പൂർണ്ണമായ ഒരു അനുകരണം വഴി, ഈയൊരു ജീവിതശൈലിയോട് അനുരൂപപ്പെട്ട്, മുഴുവൻ സഭയ്ക്കും വിശുദ്ധിയിലേക്കുള്ള സാർവ്വത്രിക ആഹ്വാനത്തിന് സാക്ഷ്യം വഹിക്കുകയാണ് സമർപ്പിതരായ വ്യക്തികൾ ചെയ്യുന്നത്. യേശുവിന്റെ ജീവിതത്തിൽ, കുരിശോളം, ഉള്ള പങ്കാളിത്തമാണ് സുവിശേഷത്തിലെ വിശിഷ്ടോപദേശങ്ങൾ വ്യക്തമാക്കുന്നത്. ക്രൂശിതന്റെ ത്യാഗത്തിലൂടെയാണ്, നാമെല്ലാവരും രക്ഷിക്കപ്പെട്ടവരും വിശുദ്ധീകരിക്കപ്പെട്ടവരുമാകുന്നത്. ഈയൊരു സംഭവത്തെക്കുറിച്ച് ധ്യാനിക്കുമ്പോൾ, ദൈവം വീണ്ടെടുക്കാത്ത ഒരു മാനുഷിക അനുഭവങ്ങളുമില്ലെന്ന് നമുക്ക് കാണാം. കർത്താവിന്റെ സഹനത്തോട് ഐക്യപ്പെട്ടുകൊണ്ട് അനുഭവിക്കുന്ന സഹനം പോലും വിശുദ്ധിയുടെ മാർഗ്ഗമായി മാറുന്നു. അങ്ങനെ, ജീവിതത്തെ പരിവർത്തനപ്പെടുത്തുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന കൃപ, വിദൂരമായ ഒരു ആദർശത്തെയല്ല, സ്നേഹം മൂലം മനുഷ്യനായിത്തീർന്ന ദൈവവുമായുള്ള കണ്ടുമുട്ടലിനെ നമ്മുടെ ലക്ഷ്യമാക്കി ചൂണ്ടിക്കാണിച്ചുതന്നുകൊണ്ട്, എല്ലാ പരീക്ഷണങ്ങളിലും നമ്മെ ശക്തിപ്പെടുത്തുന്നു. അവതരിച്ച വചനത്തിന്റെ സംശുദ്ധ മാതാവായ കന്യകാമറിയം നമ്മുടെ വിശ്വാസയാത്രയെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ.

ഇറ്റാലിയൻ ഭാഷയിലുള്ള തന്റെ പൊതുവായ പ്രഭാഷണത്തിന് ശേഷം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത പാപ്പാ "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന ലത്തീൻ ഭാഷയിൽ ചൊല്ലുകയും, തുടർന്ന് ഏവർക്കും തന്റെ ആശീർവാദം നൽകുകയും ചെയ്തു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 ഏപ്രിൽ 2026, 12:32