അംഗോളയിലെ മെത്രാന്മാരും, വൈദികരും സമർപ്പിതരും അജപാലനമേഖലയിൽ ശുശ്രൂഷ ചെയ്യുന്നവരുമായ ആളുകൾക്കൊപ്പമുള്ള സമ്മേളനത്തിൽ ലിയോ പതിനാലാമൻ പാപ്പാ അംഗോളയിലെ മെത്രാന്മാരും, വൈദികരും സമർപ്പിതരും അജപാലനമേഖലയിൽ ശുശ്രൂഷ ചെയ്യുന്നവരുമായ ആളുകൾക്കൊപ്പമുള്ള സമ്മേളനത്തിൽ ലിയോ പതിനാലാമൻ പാപ്പാ   (@Vatican Media)

ലിയോ പതിനാലാമൻ പാപ്പായുടെ അംഗോളയിലെ അപ്പസ്തോലികയാത്ര അവസാനിച്ചു

ലിയോ പതിനാലാമൻ പാപ്പാ ഏപ്രിൽ 13 മുതൽ 23 വരെ തീയതികളിൽ നടത്തുന്ന അപ്പസ്തോലികയാത്രയുടെ തുടർവിവരണം. അൾജീരിയയിലെയും കാമറൂണിലെയും സന്ദർശനങ്ങൾക്കും സമ്മേളനങ്ങൾക്കും ശേഷം ഏപ്രിൽ 18 ശനിയാഴ്ച അങ്കോളയിലെത്തിയ പാപ്പാ, രാജ്യത്തെ നാല് ദിനങ്ങൾ നീണ്ട യാത്ര പൂർത്തിയാക്കി ഇക്വറ്റോറിയൽ ഗിനിയിലേക്ക് യാത്രയായി. അസംഖ്യം വിശ്വാസികളുടെ സാന്നിദ്ധ്യത്തിൽ നടന്ന വിവിധ സമ്മേളനങ്ങളിലൂടെ, അംഗോളയിലെ സഭാമക്കളിൽ വിശ്വാസത്തിന്റെ ജ്വാല കൂടുതൽ ജ്വലിപ്പിക്കുന്നതായിരുന്നു പത്രോസിന്റെ പിൻഗാമിയുടെ സാന്നിദ്ധ്യം.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലിയോ പതിനാലാമൻ പാപ്പായുടെ മൂന്നാമത്തേതും, ആഫ്രിക്കയിലേക്കുള്ള ആദ്യത്തേതുമായ അപ്പസ്തോലികയാത്രയുടെ ഭാഗമായി, അൾജീരിയ, കാമറൂൺ, അംഗോള എന്നിവിടങ്ങളിലെ കൂടിക്കാഴ്ചകളും, വിശുദ്ധബലിയർപ്പണങ്ങളും, യാത്രകളും സംബന്ധിച്ച വിവരണമാണല്ലോ നാം തുടരുന്നത്. ഏപ്രിൽ 13 തിങ്കളാഴ്ച തന്റെ അപ്പസ്തോലിക യാത്ര ആരംഭിച്ച പാപ്പാ, ഏപ്രിൽ 15 ബുധനാഴ്ച രാവിലെ വരെ അൾജീരിയയിലും, ഏപ്രിൽ 15 ബുധനാഴ്ച വൈകുന്നേരം മുതൽ ഏപ്രിൽ 18 ശനിയാഴ്ച ഉച്ചവരെ കാമറൂണിലും ആയിരുന്നു. ഇരു രാജ്യങ്ങളിലുമുള്ള രാഷ്ട്രീയ, സാമൂഹിക നേതൃത്വങ്ങളുമായും, അവിടേക്കുള്ള നയതന്ത്രപ്രതിനിധികളുമായും, അതിലുപരി അതതുരാജ്യങ്ങളിലെ പ്രാദേശിക കാതോലിക്കാസമൂഹങ്ങളുമായും പാപ്പാ വിവിധ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.

പരിശുദ്ധ പിതാവ് അംഗോളയിൽ

തന്റെ അപ്പസ്തോലിക യാത്രയുടെ മൂന്നാം പാദമായ അംഗോളയിലേക്ക് ഏപ്രിൽ 18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് യാത്ര തിരിച്ച പാപ്പാ ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ, ഇന്ത്യയിൽ വൈകുന്നേരം ഏഴേകാലോടെ, തലസ്ഥാനമായ ലുവാണ്ടയിൽ എത്തി. രാജ്യത്തെത്തിയ പാപ്പായ്ക്ക് രാജ്യത്തിന്റെ പ്രസിഡന്‍റ് ജൊവാവോ മനുവേൽ ഗൊൺസാൽവെസ് ലൊറെൻസോ, അംഗോളയിലേക്കുള്ള അപ്പസ്തോലിക നൂൺഷ്യോ തുടങ്ങിയവർ ചേർന്ന് സ്വീകരണം നൽകി. തുടർന്ന് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയ പാപ്പാ, രാജ്യത്തെ രാഷ്ട്രീയ, മത, സാമൂഹികനേതൃത്വങ്ങളും, രാജ്യത്തേക്കുള്ള നയതന്ത്രപ്രതിനിധികളും, വ്യവസായ, സാംസ്‌കാരിക രംഗത്തുനിന്നുള്ള ആളുകളും ഉൾപ്പെടുന്ന സമൂഹവുമായുള്ള കൂടിക്കാഴ്ച നടത്തുകയും പിന്നീട് അപ്പസ്തോലിക നൂൺഷ്യേച്ചറിൽ എത്തുകയും ചെയ്തു.

ഏപ്രിൽ 19 ഞായറാഴ്ച പാപ്പാ കിലാമ്പ ക്യാക്സി എന്ന പേരിലുള്ള ജനവാസമേഖലയിൽ ഒന്നേകാൽ ലക്ഷത്തോളം ആളുകളുടെ പങ്കാളിത്തത്തോടെ വിശുദ്ധബലിയർപ്പിച്ചു. ഇതേ ദിവസം വൈകുന്നേരം നാലരയോടെ മുഷീമയിൽ പരിശുദ്ധ അമ്മയുടെ പേരിലുളള തീർത്ഥാടനകേന്ദ്രത്തിൽ മുപ്പത്തിനായിരത്തിൽപ്പരം ആളുകൾക്കൊപ്പം പരിശുദ്ധ പിതാവ് ജപമാലപ്രാർത്ഥനയർപ്പിച്ചു. ലുവാണ്ടയിൽനിന്ന് 110 കിലോമീറ്ററുകൾ അകലെയുള്ള മുഷീമയിലേക്കും തിരികെയും ഹെലികോപ്റ്റർ ഉപയോഗിച്ചാണ് പാപ്പാ യാത്ര ചെയ്തത്.

സൗറിമോയിലെ വയോധികരും വിശ്വാസികളും

അംഗോളയിലെ മൂന്നാം ദിവസമായ ഏപ്രിൽ 20 രാവിലെ ലുവാണ്ടയിൽനിന്നും 945 കിലോമീറ്ററുകൾ അകലെയുള്ള സൗറിമോയിലേക്ക് വിമാനത്തിലെത്തിയ പാപ്പാ, അവിടെ സർക്കാർ ഉടമസ്ഥതയിലുള്ള "ലാർ" വയോധികമന്ദിരം സന്ദർശിച്ചു. ഇതുവരെയുള്ള വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ വത്തിക്കാനിലെ വാർത്താവിനിമയകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററിയുടെ വത്തിക്കാൻ റേഡിയോ, ഒസ്സെർവ്വത്തോറെ റൊമാനൊ പത്രം, വത്തിക്കാൻ ന്യൂസ് വെബ്‌സൈറ്റ്, വത്തിക്കാൻ മീഡിയയുടെ ടെലിവിഷൻ - യൂട്യൂബ് ചാനലുകൾ എന്നിവ റിപ്പോർട്ട് ചെയ്തത്.

സൗറിമോയിലെ വിശുദ്ധ ബലിയർപ്പണം

സൗറിമോ അതിരൂപതയുടെ പരിസരത്തുള്ള വിശ്വാസിസമൂഹവുമൊത്തുള്ള കൂടിക്കാഴ്ചയുടെ ഭാഗമായി, വിശുദ്ധ ബലിയർപ്പിക്കുന്നതിനായാണ് പരിശുദ്ധ പിതാവ് സൗറിമോയിലെത്തിയത്. ബലിവേദിയിലേക്കുള്ള യാത്രയിൽ സ്വർഗ്ഗാരോപിതമാതാവിന്റെ പേരിലുള്ള സൗറിമോ അതിരൂപതാ കത്തീഡ്രൽ ദേവാലയത്തിൽ പ്രവേശിച്ച പാപ്പാ അല്പസമയം അവിടെ പ്രാർത്ഥനയിൽ ചിലവഴിച്ചിരുന്നു.

ബലിവേദി ഒരുക്കപ്പെട്ടിരുന്നയിടത്ത് രാവിലെ 10.50-ന് എത്തിച്ചേർന്ന പാപ്പാ നാൽപ്പത്തിനായിരത്തോളം വരുന്ന ജനസമൂഹത്തിനിടയിലൂടെ തുറന്ന വാഹനത്തിൽ സഞ്ചരിക്കുകയും, തുടർന്ന് 11.15-ന് വിശുദ്ധബലി അർപ്പിക്കുകയും ചെയ്തു. ഈ ആളുകളെ കൂടാതെ ഏതാണ്ട് ഇരുപതിനായിരത്തോളം പേർ ബലിയർപ്പണത്തിനായി ഒരുക്കിയ ഇടത്തിന് പുറത്തുണ്ടായിരുന്നതായി പ്രാദേശികനേതൃത്വങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായം ഇരുപത്തിരണ്ടുമുതൽ ഇരുപത്തിയൊൻപത് വരെയുള്ള വിശുദ്ധഗ്രന്ഥവായനയെത്തുടർന്ന് പരിശുദ്ധ പിതാവ് സുവിശേഷസന്ദേശം നൽകി. 

വിശുദ്ധ ബലിയുടെ അവസാനം സൗറിമോ അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് ഹൊസേ മാനുവൽ യമ്പാമ്പാ പരിശുദ്ധ പിതാവിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു. വിശുദ്ധബലിയർപ്പണത്തിന് ശേഷം ഏതാണ്ട് ഒരുമണിയോടെ വിമാനത്താവളത്തിലേക്ക് യാത്രയായ പാപ്പായെ പ്രാദേശികഭരണനേതൃത്വം അഭിവാദ്യം ചെയ്തു. തുടർന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ പരിശുദ്ധ പിതാവ് 945 കിലോമീറ്ററുകൾ അകലെയുള്ള ലുവാണ്ടയിലേക്ക് വിമാനത്തിൽ യാത്രയായി. പാപ്പായ്ക്കും കൂടെയുള്ളവർക്കും ഉച്ചഭക്ഷണം വിമാനത്തിലായിരുന്നു തയ്യാറാക്കപ്പെട്ടിരുന്നത്.

വൈകുന്നേരം മൂന്നേകാലോടെ ലുവാണ്ടയിലെത്തിയ പാപ്പാ അവിടെനിന്ന് അഞ്ചുകിലോമീറ്ററുകൾ അകലെയുള്ള അപ്പസ്തോലിക നൂൺഷ്യേച്ചറിലേക്ക് പോവുകയും വിശ്രമിക്കുകയും ചെയ്തു.

ലുവാണ്ടയിലെ വിശ്വാസികളുമൊത്തുള്ള കൂടിക്കാഴ്ച

ലുവാണ്ട അതിരൂപതയിലേതുൾപ്പെടെയുള്ള പ്രദേശത്തെ മെത്രാന്മാരും, വൈദികരും സമർപ്പിതരും അജപാലനമേഖലയിൽ ശുശ്രൂഷ ചെയ്യുന്നവരുമായ ആളുകൾക്കൊപ്പമുള്ള കൂടിക്കാഴ്ചയായിരുന്നു ഏപ്രിൽ 20 തിങ്കളാഴ്ച ഉച്ചകഴിഞ്ഞുള്ള പരിശുദ്ധ പിതാവിന്റെ പരിപാടികളിൽ പ്രധാനപ്പെട്ടത്. അതിനായി അപ്പസ്തോലിക നൂൺഷ്യേച്ചറിൽനിന്ന് ഏകദേശം മൂന്നര കിലോമീറ്ററുകൾ അകലെ ഫാത്തിമ മാതാവിന്റെ പേരിലുള്ള മനോഹരമായ ഇടവകദേവാലയത്തിലേക്ക് വൈകുന്നേരം അഞ്ചരയോടെ പാപ്പാ കാറിൽ യാത്രയായി. 1963-ൽ കപ്പൂച്ചിൻ വൈദികർ പണികഴിപ്പിച്ച ഈ ദേവാലയം 1964 ഡിസംബർ 8-ന് അന്നത്തെ ലുവാണ്ട അതിരൂപതാദ്ധ്യക്ഷൻ അർച്ചബിഷപ് മൊയ്‌സസ് ആൽവെസ് ദേ പിഞ്ചോ ആണ് കൂദാശ ചെയ്‌തത്‌.

ദേവാലയത്തിലെത്തിയ പാപ്പായെ മെത്രാൻസമിതി അദ്ധ്യക്ഷൻ ആർച്ച്ബിഷപ് ഹൊസേ മാനുവൽ യമ്പാമ്പാ, ഇടവക വികാരി എന്നിവർ ചേർന്ന് സ്വാഗതം ചെയ്തു. രണ്ടു കുട്ടികൾ പാപ്പായ്ക്ക് പൂക്കൾ സമ്മാനിച്ചു. തുടർന്ന് ഏവരെയും ആശീർവദിച്ചുകൊണ്ട് പരിശുദ്ധ പിതാവ് ദേവാലയത്തിലേക്ക് പ്രവേശിച്ചു.

അൻപതിനായിരത്തോളം ആളുകൾ പങ്കെടുത്ത ഈ സമ്മേളനത്തിൽ , മെത്രാൻസമിതി പ്രസിഡന്റിന്റെ സ്വാഗതത്തിനും, ഒരു വൈദികന്റേയും ഒരു മതാദ്ധ്യാപകന്റെയും രണ്ട് സന്ന്യസ്‌തകളുടെയും സാക്ഷ്യങ്ങൾക്കും ഗാനാലാപനങ്ങൾക്കും ശേഷം പരിശുദ്ധ പിതാവ് ഏവരെയും അഭിവാദ്യം ചെയ്‌ത്‌ സംസാരിച്ചു. 

തുടർന്ന് ഏവരും ഒരുമിച്ച് സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ചൊല്ലുകയും പാപ്പാ ഏവർക്കും ആശീർവാദം നൽകുകയും ചെയ്തു. അംഗോളയിലെ പൊതുചടങ്ങുകളിൽ അവസാനത്തേതായ ഈ സമ്മേളനം അവസാനിച്ചശേഷം പാപ്പാ തിരികെ നൂൺഷ്യേച്ചറിലെത്തുകയും അത്താഴം കഴിച്ച ശേഷം വിശ്രമിക്കുകയും ചെയ്‌തു.

അംഗോളയിൽനിന്ന് ഇക്വറ്റോറിയൽ ഗിനിയിലേക്ക്

അംഗോളയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയുടെ അവസാനദിനമായ ഏപ്രിൽ 21 ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് അപ്പസ്തോലിക നൂൺഷ്യേച്ചറിലെ ചാപ്പലിൽ വിശുദ്ധ ബലിയർപ്പിച്ച പാപ്പാ, അവിടെനിന്ന് യാത്ര പറഞ്ഞ്, രാവിലെ 8.35-ന് ലുവാണ്ടയിലെ അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് കാറിൽ യാത്രയായി. 8.45-ന് പരിശുദ്ധ പിതാവ് വിമാനത്താവളത്തിലെത്തി.

യാത്രയയപ്പ്

വിമാനത്താവളത്തിലെത്തിയ പാപ്പായെ അംഗോളയുടെ പ്രസിഡന്റ് ജൊവാവോ മനുവേൽ ഗൊൺസാൽവെസ് ലൊറെൻസോ ഉൾപ്പെടുന്ന ഔദ്യോഗികസംഘം സ്വീകരിച്ചു. തുടർന്ന് നടന്ന ദേശീയഗാനാലാപനങ്ങൾക്കും ഔദ്യോഗികബഹുമതിച്ചടങ്ങുകൾക്കും ഇരു രാജ്യങ്ങളുടെയും പ്രതിനിധിസംഘങ്ങളുടെ അഭിവാദ്യങ്ങൾക്കും ശേഷം, അംഗോളയുടെ തലസ്ഥാനമായ ലുവാണ്ടയിൽനിന്ന് ഏതാണ്ട് 1.564 കിലോമീറ്ററുകൾ അകലെ, ഇക്വറ്റോറിയൽ ഗിനിയുടെ തലസ്ഥാനമായ മലാബോയിലേക്ക് 9.19-ന് പരിശുദ്ധ പിതാവ് യാത്രയായി. പതിവുപോലെ ഇറ്റലിയുടെ ഈത്ത എയർവെയ്‌സാണ് ഈ യാത്രയിലും പാപ്പായെയും സംഘത്തെയും വഹിച്ചുകൊണ്ട് യാത്ര ചെയ്തത്. കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്, ഗാബോൻ, കാമറൂൺ എന്നീ രാജ്യങ്ങൾക്ക് മുകളിലൂടെയായിരുന്നു ഈ യാത്ര. രണ്ടു മണിക്കൂർ 12 മിനിറ്റുകൾ കൊണ്ട് യാത്ര പൂർത്തിയാക്കിയ വിമാനം പ്രാദേശികസമയം രാവിലെ 11.31-ന് മലാബോയിലെ അന്താരാഷ്ട്രവിമാനത്താവളത്തിൽ എത്തി.

ഫ്രാൻസിസ് പാപ്പായുടെ ഒന്നാം മരണവാർഷികം

യാത്രാമദ്ധ്യേ മാധ്യമപ്രവർത്തകരോട് സംസാരിച്ച പാപ്പാ, തന്റെ മുൻഗാമിയായിരുന്ന ഫ്രാൻസിസ് പാപ്പായുടെ മരണത്തിന്റെ ഒന്നാം വാർഷികത്തെക്കുറിച്ച് പരാമർശിച്ചു. സഭയ്ക്കും സമൂഹത്തിനും, തന്റെ ജീവിതം കൊണ്ടും സാക്ഷ്യം കൊണ്ടും സാമീപ്യം കൊണ്ടും ഏറെ ശുശ്രൂഷകളും സഹായവും ചെയ്ത ഒരു വ്യക്തിയായിരുന്നു ഫ്രാൻസിസ് പാപ്പയെന്ന് ലിയോ പതിനാലാമൻ പാപ്പാ അനുസ്മരിച്ചു. പാവപ്പെട്ടവരോടും വയോധികരോടും രോഗികളോടും പാപ്പായ്ക്കുണ്ടായിരുന്ന പ്രത്യേക പരിഗണനയും സ്നേഹവും ലിയോ പതിനാലാമൻ പാപ്പാ എടുത്തുപറഞ്ഞു. ആഗോള സാഹോദര്യത്തിന്റെ മൂല്യവും പ്രാധാന്യവും സംബന്ധിച്ച് സംസാരിക്കുന്നതിലും, ദൈവകരുണയെക്കുറിച്ച് ഉദ്ബോധിപ്പിക്കുന്നതിലും തന്റെ മുൻഗാമി കാണിച്ച ശ്രദ്ധയും പരിശുദ്ധ പിതാവ് പരാമർശിച്ചു. മുഴുവൻ സഭയ്ക്കും ലോകത്തിനുമായി ഫ്രാൻസിസ് പാപ്പായെ നൽകിയ ദൈവത്തിന് ലിയോ പതിനാലാമൻ പാപ്പാ നന്ദി പറഞ്ഞു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ഏപ്രിൽ 2026, 14:16