തിരയുക

പാപ്പാ  വിശുദ്ധ ബലി അർപ്പിക്കുന്നു  പാപ്പാ വിശുദ്ധ ബലി അർപ്പിക്കുന്നു   (@Vatican Media)

ദൈവത്തെ അനുസരിക്കുന്നത് നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നു: പാപ്പാ

ലിയോ പതിനാലാമൻ പാപ്പായുടെ കാമറൂൺ സന്ദർശന വേളയിൽ, ബാമേണ്ടയിൽ, സമാധാനത്തിനും നീതിക്കും വേണ്ടി വിശ്വാസികൾക്കൊപ്പം, വിശുദ്ധ ബലിയർപ്പിച്ചു പ്രാർത്ഥിച്ചു. തദവസരത്തിൽ നൽകിയ വചന സന്ദേശത്തിൽ, സമാധാനവും അനുരഞ്ജനവും വാഴുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നു പാപ്പാ വ്യക്തമാക്കി
പാപ്പായുടെ സന്ദേശം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സമാധാനത്തിന്റെയും ഐക്യത്തിന്റെ തീർത്ഥാടനം എന്ന നിലയിൽ, ബമേണ്ട പ്രവിശ്യയിലെ ജനതയുടെ പോരാട്ടങ്ങളിലും പ്രതീക്ഷകളിലും പങ്കുചേരുവാൻ കഴിയുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം എടുത്തുപറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ വചന സന്ദേശം നൽകിയത്. വിശുദ്ധ ബലിയിൽ വിശ്വാസികളുടെ സജീവമായ ആഘോഷങ്ങളും, പ്രാർത്ഥനകളുടെ ആനന്ദവും, ദൈവത്തോടുള്ള ആശ്രയ ബോധവും, അചഞ്ചലമായ പ്രത്യാശയോടെ, മക്കളുടെ കഷ്ടപ്പാടുകളോട് പിതാവിനുള്ള സ്നേഹമസൃണമായ സ്നേഹത്തോട് ചേർന്നിരിക്കുന്നതിന്റെ അടയാളമാണെന്നു പാപ്പാ പറഞ്ഞു. "കർത്താവ് ഹൃദയം തകർന്നവർക്ക് സമീപസ്ഥനും, ആത്മാവിൽ തകർന്നവരെ സംരക്ഷിക്കുന്നുവെന്ന" വചനഭാഗവും പാപ്പാ ഓർമ്മപ്പെടുത്തി.

ഹൃദയത്തെ തകർക്കുകയും നമ്മെ ദുഃഖത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന നിരവധി സാഹചര്യങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നുവെന്നത് യാഥാർഥ്യമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.  മനുഷ്യാന്തസ് ബഹുമാനിക്കുന്നതിനും, മൗലീകാവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള,  സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും ഭാവിയെക്കുറിച്ചുള്ള നമ്മുടെ പ്രത്യാശ, മനോഹരമായ ഈ  ഭൂമിയെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളാൽ നമ്മെ  നിരന്തരം നിരാശപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹികവും, രാഷ്ട്രീയവുമായ അഴിമതിയും, വിദ്യാഭ്യാസത്തെയും ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെയും ബാധിക്കുന്ന ഗുരുതരമായ പ്രശ് നങ്ങളും, വിദേശ രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് യുവാക്കളുടെ വലിയ തോതിലുള്ള കുടിയേറ്റവും നാടിനെ ബാധിക്കുന്ന വലിയ പ്രശ്നങ്ങളെന്നും പാപ്പാ പറഞ്ഞു.

അതിനാൽ,  രാജ്യത്തിന്റെയും ഭൂഖണ്ഡത്തിന്റെയും വൈവിധ്യവും സമ്പന്നതയും ഒരുമിച്ച് കൊണ്ടുവന്ന് ഐക്യം പുനസ്ഥാപിക്കുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി. അപ്രകാരം, സമാധാനവും അനുരഞ്ജനവും വാഴുന്ന ഒരു സമൂഹം സൃഷ്ടിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിസ്സഹായമായ സാഹചര്യങ്ങളിൽ, കർത്താവിന്റെ വചനത്തിന്റെ ശക്തിയും പാപ്പാ എടുത്തു പറഞ്ഞു. അത് പുതിയ സാധ്യതകൾ തുറക്കുകയും,  പരിവർത്തനവും രോഗസൗഖ്യവും കൊണ്ടുവരികയും, നമ്മെ മാറ്റത്തിന്റെ വക്താക്കളാകുവാൻ സഹായിക്കുകയും ചെയ്യുമെന്നും  പാപ്പാ അടിവരയിട്ടു പറഞ്ഞു.

പീഡനത്തിന്റെ അവസരത്തിലും, അപ്പസ്തോലന്മാർ കൈമുതലാക്കിയ ധൈര്യവും പാപ്പാ ചൂണ്ടിക്കാണിച്ചു. ക്രിസ്തുവിനെ പരസ്യമായി പ്രഘോഷിക്കുന്നതിന്റെ പേരിൽ അവരെ  ചോദ്യം ചെയ്യുകയും ശാസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ, അവർ നൽകിയ മറുപടിയും പാപ്പാ അടിവരയിട്ടു: " മനുഷ്യരെക്കാള്‍ ദൈവത്തെയാണ് അനുസരിക്കേണ്ടത്. നിങ്ങള്‍ മരത്തില്‍ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്‍മാരുടെ ദൈവം ഉയിര്‍പ്പിച്ചു."(അപ്പ പ്ര 5:29-30).

ദൈവത്തെ അനുസരിക്കുന്നത് നമ്മെ അടിച്ചമർത്തുകയോ നമ്മുടെ സ്വാതന്ത്ര്യത്തെ അസാധുവാക്കുകയോ ചെയ്യുന്ന ഒന്നല്ല, മറിച്ച്, അത് നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നുവെന്നു പാപ്പാ പറഞ്ഞു. ഇതിനർത്ഥം, നമ്മുടെ ജീവിതം അവനിൽ ഏൽപ്പിക്കുകയും നമ്മുടെ ചിന്താഗതിയെയും പ്രവർത്തനത്തെയും പ്രചോദിപ്പിക്കാൻ അവന്റെ വചനത്തെ അനുവദിക്കുകയും ചെയ്യുക എന്നതാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

മനുഷ്യരേക്കാളും ഭൗമിക ചിന്താരീതികളേക്കാളും ദൈവത്തെ അനുസരിക്കുന്നവർ അവരുടെ ആന്തരിക സ്വാതന്ത്ര്യം വീണ്ടെടുക്കുകയും നന്മയുടെ മൂല്യം കണ്ടെത്തുന്നുവെന്നും, അപ്രകാരം, സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും നിർമ്മാതാക്കളായി അവർ മാറുന്നുവെന്നും, ഏവരെയും ആഹ്വാനം ചെയ്തു കൊണ്ട് പാപ്പാ പറഞ്ഞു.

 കത്തോലിക്കാ വിശ്വാസത്തെ മറ്റ് വിശ്വാസങ്ങളുമായും പാരമ്പര്യങ്ങളുമായും കൂട്ടിക്കുഴയ്ക്കുന്ന കെണിയിൽ വീഴാതിരിക്കാൻ, നമ്മുടെ ക്രിസ്തീയ ആചാരങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും പാപ്പാ ആവശ്യപ്പെട്ടു.  അപ്പസ്തോലന്മാരുടെ  രാജ്ഞിയും സഭയുടെ മാതാവുമായ പരിശുദ്ധ മറിയത്തിന്റെ സംരക്ഷണത്തിന് ഏവരെയും സമർപ്പിച്ചു പ്രാർത്ഥിച്ചുകൊണ്ടാണ്, പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ഏപ്രിൽ 2026, 09:01