തിരയുക

പാപ്പാ വചനസന്ദേശം നൽകുന്നു പാപ്പാ വചനസന്ദേശം നൽകുന്നു   (ANSA)

ക്രിസ്തുസ്നേഹത്തിന്റെ എളിമയാർന്നതും, വിശ്വസ്‌തവുമായ അടയാളമായി നിലകൊള്ളുക: അൾജീരിയയിലെ വിശ്വാസികളോട് പാപ്പാ

അൾജീരിയയിലേക്കുള്ള ലിയോ പതിനാലാമൻ പാപ്പായുടെ അപ്പസ്തോലിക സന്ദർശനത്തിന്റെ അവസാന ദിവസമായിരുന്ന, ഏപ്രിൽ മാസം പതിനാലാം തീയതി, അന്നബയിലെ വിശുദ്ധ അഗസ്റ്റിന്റെ ബസിലിക്ക ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിക്കുകയും, വചന സന്ദേശം നൽകുകയും ചെയ്തു. സന്ദേശത്തിൽ, അൾജീരിയയിലെ സമൂഹത്തിൽ ക്രിസ്ത്യാനികൾ, കണ്ടുമുട്ടുന്നവർക്കെല്ലാം ഒരു പുതു ജീവന്റെ സന്ദേശമായി തീരുവാൻ പാപ്പാ ആഹ്വാനം ചെയ്തു. സന്ദേശത്തിന്റെ മലയാള പരിഭാഷ.
പാപ്പായുടെ സന്ദേശം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി   

പ്രിയ സഹോദരന്മാരെ, സഹോദരിമാരെ

ദൈവീകമായ വചനങ്ങൾ, ചരിത്രത്തിലൂടെ കടന്നു, രക്ഷകന്റെ മനുഷ്യശബ്ദത്തിലൂടെ നവമാക്കപ്പെടുന്നു. പുരാതന ഇപ്പോണയിലെ മെത്രാനായിരുന്ന വിശുദ്ധ അഗസ്റ്റിന് സമർപ്പിക്കപ്പെട്ടിരിക്കുന്ന അന്നബായിലെ ഈ ബസിലിക്കയിൽ, എല്ലാക്കാലത്തും, സദ്വാർത്ത നൽകുന്ന സുവിശേഷം നാം ഇന്ന്  ശ്രവിക്കുന്നു. കാലാന്തരത്തിൽ, നമ്മെ സ്വീകരിക്കുന്ന ഈ സ്ഥലങ്ങളുടെ പേരുകൾ മാറ്റപ്പെട്ടുവെങ്കിലും, അവിടുത്തെ വിശുദ്ധർ, സ്വർഗ്ഗവും ഭൂമിയുമായുള്ള ബന്ധത്തിൽ നമ്മുടെ രക്ഷാധികാരികളായും വിശ്വസ്ത സാക്ഷികളായും തുടരുന്നു. നിക്കോദേമൊസിന്റെ രാത്രിയിൽ  കർത്താവ് പ്രകാശിപ്പിക്കുന്ന ചലനാത്മകത ഇതാണ്: ക്രിസ്തു അവന്റെ വിശ്വാസത്തിന്റെ ദുർബലതയിലും,  അന്വേഷണത്തിന്റെ ദൃഢതയിലും സന്നിവേശിപ്പിക്കുന്ന ശക്തിയാണിത്.

എവിടെനിന്നു വരുന്നുവെന്നോ, എവിടേക്ക് പോകുന്നുവെന്നു അറിയാത്ത ദൈവത്തിന്റെ ആത്മാവിനാൽ അയക്കപെടുന്ന നിക്കോദേമോസിന് യേശു പ്രധാനപ്പെട്ട ഒരു അതിഥിയാണ്. അവനെ പുതിയ ഒരു ജീവനിലേക്കു വിളിക്കുന്നു. തന്റെ സംഭാഷകനെയും നമ്മെയും അതിശയകരമായ ഒരു ദൗത്യം ഏൽപ്പിക്കുന്നു: "നിങ്ങൾ ഉന്നതത്തിൽ നിന്നും വീണ്ടും ജനിക്കണം". രക്ഷ അന്വേഷിക്കുന്ന ഓരോരുത്തർക്കും ഉള്ള ക്ഷണമാണിത്. ഉന്നതത്തിൽ നിന്നും, അതായത് ദൈവത്തിൽ നിന്നും വീണ്ടും  ജനിക്കുവാനുള്ള യേശുവിന്റെ ഈ  ആഹ്വാനത്തിൽ നിന്നാണ് മുഴുവൻ സഭയ്ക്കും, അതിനാൽ അൾജീരിയയിലെ ക്രിസ്തീയ സമൂഹത്തിനുമുള്ള ദൗത്യം ലഭിക്കുന്നത്.

ഈ വീക്ഷണകോണിൽ, വിശ്വാസം ഭൗമികമായ ബുദ്ധിമുട്ടുകളെ മറികടക്കുകയും, കർത്താവിന്റെ കൃപ മരുഭൂമിയെ അഭിവൃദ്ധിപ്പെടുത്തുകയും  ചെയ്യുന്നു. ഈ പ്രബോധനത്തിന്റെ സൗന്ദര്യം, എന്നാൽ അതിൽ തന്നെ ഒരു പരീക്ഷണവും  കൊണ്ടുവരുന്നു, സുവിശേഷം അതിലൂടെ  ഒരുമിച്ച് കടന്നുപോകാൻ നമ്മെ ക്ഷണിക്കുന്നു.

ക്രിസ്തുവിന്റെ വാക്കുകൾക്ക് യഥാർത്ഥത്തിൽ ഒരു കടമയുടെ എല്ലാ ശക്തിയുമുണ്ട്. : നിങ്ങൾ ഉന്നതത്തിൽ നിന്നും പുനർജനിക്കണം.  ഈ നിർബന്ധം നമ്മുടെ കാതുകളിൽ, അസാധ്യമായ ഒരു കല്പന പോലെ മുഴങ്ങികേൾക്കുന്നു. എന്നാൽ അത് നമുക്ക് നല്കിയവനെ ശ്രദ്ധയോടെ ശ്രവിക്കുമ്പോൾ, അത് കഠിനമായ അടിച്ചേല്പിക്കലോ, സമ്മർദ്ദമോ, പരാജയത്തിന് നേരെയുള്ള അപലപിക്കലോ അല്ല എന്നത് നമുക്ക് മനസിലാകും. നേരെമറിച്ച്, യേശു പ്രകടിപ്പിച്ച കടമ നമുക്ക് സ്വാതന്ത്ര്യത്തിന്റെ ദാനം നൽകുന്നു. അത് നമുക്ക് അപ്രതീക്ഷിതമായ ഒരു സാധ്യത വെളിപ്പെടുത്തുന്നു. നമുക്ക് ഉന്നതത്തിൽ നിന്നും ഒരു പുനർജനനം സാധ്യമാണ്. അതിനു ദൈവത്തിനു നന്ദി. അതിനാൽ, വിശ്വാസത്തിൽ നിന്നും ആരംഭിക്കുന്ന ജീവന്റെ കൂട്ടായ്‍മയിലേക്ക് മാനവരാശിയെ ക്ഷണിച്ചുകൊണ്ട്, അതിനെ  നവമാക്കുവാൻ ആഗ്രഹിക്കുന്ന അവന്റെ സ്നേഹ നിർഭരമായ ഇച്ഛയ്ക്കനുസരണം നാം അപ്രകാരം പുനർജനിക്കണം. നമ്മുടെ മുഴുവൻ അസ്തിത്വവും പുതുതാക്കുവാൻ, ക്രിസ്തു നമ്മോട് ആവശ്യപ്പെടുമ്പോൾ, അതിനുള്ള ശക്തിയും അവൻ നമുക്ക് പ്രദാനം ചെയ്യുന്നു. വിശുദ്ധ അഗസ്റ്റിൻ ഇത് ശരിയാണെന്നു സാക്ഷ്യപ്പെടുത്തി പറയുന്നത് ഇപ്രകാരമാണ്: കർത്താവേ അങ്ങ് കൽപ്പിക്കുന്നത് നൽകണമേ, അങ്ങ് ആഗ്രഹിക്കുന്നത് കല്പിക്കണമേ.

അതുകൊണ്ട് നീതിയുടെയും, സമാധാനത്തിന്റെയും ഐക്യത്തിന്റെയും രക്ഷയുടെയും ഭാവി എപ്രകാരം സാധ്യമാക്കാം എന്ന് നാം സ്വയം ചോദിക്കുമ്പോൾ, നിക്കോദേമോസിന്റെ അതെ ചോദ്യം തന്നെയാണ് ദൈവത്തോട് നാം ചോദിക്കുന്നതെന്ന്‌ നമുക്ക് ഓർക്കാം. നമ്മുടെ ചരിത്രത്തിനു യഥാർത്ഥത്തിൽ മാറ്റം സാധ്യമാണോ? പ്രശ്നങ്ങളാലും, കെണികളാലും കഷ്ടപ്പാടുകളും ഭാരപ്പെട്ടിരിക്കുന്ന അവസ്ഥയിൽ, നമ്മുടെ ജീവിതത്തിനു ഒരു പുനരാരംഭം സാധ്യമാണോ? അതെ! സ്നേഹം നിറഞ്ഞ കർത്താവിന്റെ സ്ഥിരീകരണം, നമ്മുടെ ഹൃദയങ്ങളെ പ്രത്യാശയാൽ നിറയ്ക്കുന്നു. വേദനയോ, പാപമോ നമ്മെ എത്രയധികം അടിച്ചമർത്തിയാലും, ക്രൂശിതരൂപം, ഈ ഭാരങ്ങളെല്ലാം, നമുക്കുവേണ്ടിയും, നമ്മോടൊപ്പവും വഹിക്കുന്നു. നമ്മുടെ ബലഹീനതകളാൽ നാം എത്രമാത്രം നിരുത്സാഹപ്പെട്ടാലും, ലോകത്തിനു ജീവൻ നൽകുവാൻ ക്രിസ്തുവിനെ മരിച്ചവരിൽ നിന്നും ഉയിർപ്പിച്ച ദൈവത്തിന്റെ ശക്തി കൃത്യമായി തക്കസമയത്ത് വെളിപ്പെടുന്നു. അങ്ങനെ വീണ്ടെടുപ്പുകാരനിലുള്ള വിശ്വാസത്തിൽ നിന്നും വരുന്ന നവ ജീവിതത്തിന്റെ സ്വാതന്ത്ര്യം നമുക്കോരോരുത്തർക്കും അനുഭവിക്കുവാൻ സാധിക്കുന്നു. ഒരിക്കൽ കൂടി വിശുദ്ധ അഗസ്റ്റിൻ നമുക്ക് ഒരു മാതൃക നൽകുന്നുണ്ട്. അവന്റെ ജ്ഞാനത്തേക്കാൾ, അവന്റെ മാനസാന്തരത്തിലേക്കു നമുക്ക് നോക്കാം. അവന്റെ അമ്മയായ വിശുദ്ധ മോനിക്കയുടെ കണ്ണുനീർ അകമ്പടി സേവിച്ച അവന്റെ പുതുജന്മത്തിൽ അവൻ പറയുന്നത് ഇപ്രകാരമാണ്: "എന്റെ ദൈവമേ നീ എന്നിൽ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. അല്ലെങ്കിൽ ഞാൻ നിന്നിൽ ഇല്ലായിരുന്നെകിൽ ഞാൻ ഉണ്ടാകുമായിരുന്നില്ല." 

അതിനാൽ ക്രൈസ്തവർ ഉന്നതത്തിൽ നിന്നും ജനിച്ചവരാണ്. ദൈവത്താൽ ക്രിസ്തുവിന്റെ സഹോദരീ സഹോദരന്മാരായി പുനർജനിക്കപ്പെടുന്നു. കൂദാശകളാൽ അവരെ പോഷിപ്പിക്കുന്ന സഭ, ഭൂമിയിലെ എല്ലാ ആളുകളെയും സ്വാഗതം ചെയ്യുന്ന ഗർഭപാത്രമാണ്. നമ്മൾ അല്പം മുൻപ് ശ്രവിച്ചതുപോലെ, പരിശുദ്ധാത്മാവിനാൽ നവീകരിക്കപ്പെട്ട മനുഷ്യരാശിയെ വേർതിരിക്കുന്ന ശൈലി വിവരിച്ചുകൊണ്ട്, അപ്പസ്തോല പ്രവർത്തനങ്ങൾ ഇതിനു സാക്ഷ്യം നൽകുന്നു. ഇന്നും  അപ്പസ്തോലിക പ്രവൃത്തികൾ നാം സ്വീകരിക്കുകയും, നടപ്പിലാക്കുകയും വേണം.  സഭാ പരിഷ്കരണത്തിനുള്ള ഒരു ആധികാരിക മാനദണ്ഡമായി ഇതിനെ ധ്യാനിക്കണം. ഹൃദയത്തിൽ നിന്നും ആരംഭിക്കേണ്ടുന്ന ഈ പരിവർത്തനം, യാഥാർഥ്യമാകുവാനും, എല്ലാവരെയും ഉൾക്കൊള്ളുവാനും, ഫലപ്രദമാകുവാനും വേണ്ടിയുള്ളതാണ്.

ഒന്നാമതായി, വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു. ഈ ആത്മീയ ഐക്യം, ഒരു യോജിപ്പാണ്. ക്രിസ്തുവിന്റേതുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, പരസ്പരം മിടിക്കുന്ന ഹൃദയങ്ങളുടെ കൂട്ടായ്മയെ ഉചിതമായി സൂചിപ്പിക്കുന്ന ഒരു വാക്കാണിത്. അതിനാൽ നവമാക്കപ്പെട്ട സഭ, ഒരു സാമൂഹിക കരാറിനെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് വിശ്വാസത്തിലും, സ്നേഹത്തിലും, ആശയങ്ങളിലും, ജീവിത തിരഞ്ഞെടുപ്പുകളിലും ഉള്ള ഒരു ഐക്യത്തിലാണ്. അതിന്റെ കേന്ദ്രബിന്ദുവോ, ഭൂമിയിലെ സകല മനുഷ്യരെയും രക്ഷിക്കുന്നതിന്, മനുഷ്യനായി അവതരിച്ച ദൈവത്തിന്റെ സ്നേഹവും. 

രണ്ടാമതായി, വിശ്വാസികളുടെ ഈ ആത്മീയ ഐക്യത്തിന്റെ ഭൗതികഫലത്തെ നമുക്ക് മനസിലാക്കാം: "അവർക്കിടയിൽ എല്ലാം പൊതുവായിരുന്നു". ഒരു ശരീരത്തിലെ അംഗങ്ങളായി പരസ്പരം അവരുടെ വസ്തുക്കൾ പങ്കുവച്ചുകൊണ്ട്, എല്ലാവരും എല്ലാം സ്വന്തമാക്കുന്നു. ആർക്കും ഒന്നും നിഷേധിക്കപെടുന്നില്ല, കാരണം ഓരോരുത്തരും അവർക്കുള്ളത് പങ്കുവയ്ക്കുന്നു. സ്വത്തിനെ ദാനമാക്കി മാറ്റുന്ന ഈ സാഹോദര്യം സമർപ്പണം, എതിരാളികളായ ഹൃദയങ്ങളെയും, സ്വയം ആസക്തരായ മനസ്സുകളെയും ഒഴിച്ച് മറ്റൊന്നിലും ഒരു ഉട്ടോപ്യൻ മാതൃക പ്രതിനിധീകരിക്കുന്നില്ല. നേരെ മറിച്ച്, സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും പിതാവായ ഏക ദൈവത്തിലുള്ള വിശ്വാസം, മനുഷ്യനെ ഒരു പൂർണ്ണ നീതി പ്രകാരം ഒന്നിപ്പിക്കുന്നു. അത് ഏവരെയും, കാരുണ്യപ്രവൃത്തിയിലേക്ക്, അതായത് ക്രിസ്തുവിൽ ദൈവം നമുക്ക് നൽകുന്ന സ്നേഹത്താൽ എല്ലാ സൃഷ്ടികളെയും സ്നേഹിക്കുവാൻ നമ്മെ ക്ഷണിക്കുന്നു. 

അതിനാൽ പ്രത്യേകിച്ച്, ദാരിദ്ര്യത്തിനും അടിച്ചമർത്തലിനും മുൻപിൽ, ക്രിസ്ത്യാനികൾ കാരുണ്യപ്രവൃത്തികളെ അവരുടെ അടിസ്ഥാന നിയമമായി കണക്കാക്കുന്നു. നമ്മുടെ ചുറ്റുമുള്ളവരോട്, അവർ നമ്മോട് എങ്ങനെ ചെയ്യണമെന്ന് നാം ആഗ്രഹിക്കുന്നുവോ, അതുപോലെ നാം അവരോടു ചെയ്യുന്നു. ദൈവം ഹൃദയങ്ങളിൽ ആലേഖനം ചെയ്യുന്ന ഈ നിയമത്താൽ പ്രചോദിതരായി, സഭ എപ്പോഴും നവമാക്കപ്പെടുന്നു. കാരണം നിരാശയുള്ളിടത്ത്, അത് പ്രത്യാശയെ ജ്വലിപ്പിക്കുന്നു, ദുരിതം ഉള്ളിടത്ത് അത് അന്തസ്സ് കൊണ്ടുവരുന്നു, സംഘർഷമുള്ളിടത്ത് അത് അനുരഞ്ജനം കൊണ്ടുവരുന്നു.

മൂന്നാമതായി, എല്ലാ  ഭാഷകളിലെയും, സംസ്കാരങ്ങളിലെയും ആളുകളെ ഉൾക്കൊള്ളുന്ന നവമായ ഈ ജീവിതത്തിന്റെ അടിസ്ഥാനം, അപ്പസ്തോല പ്രവർത്തനങ്ങളിൽ നമുക്ക് കാണാം. "അപ്പസ്‌തോലന്‍മാര്‍, കര്‍ത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു വലിയ ശക്തിയോടെ സാക്ഷ്യം നല്‍കി. അവരെല്ലാവരുടെയുംമേല്‍ കൃപാവരം സമൃദ്ധമായി ഉണ്ടായിരുന്നു."(അപ്പ പ്ര 4,33) ധാർമ്മിക പ്രതിബദ്ധതയെക്കാൾ, രക്ഷയുടെ അടയാളമായി അവർ കണ്ടത്, ദാനധർമ്മത്തിന്റെ പ്രചോദനമാണ്. ക്രിസ്തു മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേറ്റത്തിനാൽ, നമ്മുടെ ജീവിതത്തിനു പരിവർത്തനം ഉണ്ടാകുമെന്നു അപ്പസ്തോലന്മാർ പ്രഖ്യാപിക്കുന്നു. അതിനാൽ സുവിശേഷത്തിന്റെ ശുശ്രൂഷകരായ അജപാലകരുടെ ആദ്യ ദൗത്യം, ഭയം കൊണ്ടും, വിട്ടുവീഴ്ചകൾ കൊണ്ടും, നമ്മെ ദുർബലപ്പെടുത്തുവാൻ ആശങ്കകളെ അനുവദിക്കാതെ, ഒരു ഹൃദയത്തോടും, ഒരു ആത്മാവോടും കൂടി  ലോകത്തിൽ ദൈവത്തിനു സാക്ഷ്യം വഹിക്കുക എന്നതാണ്. മെത്രാന്മാർക്കും, വൈദികർക്കുമൊപ്പം, നമ്മെ ഏല്പിച്ചിരിക്കുന്നവരുടെ നന്മയ്ക്കായി, നമുക്ക് ഈ ദൗത്യം നിരന്തരം പുതുക്കാം. അങ്ങനെ മുഴുവൻ സഭയും, തന്റെ സേവനത്തിൽ, കണ്ടുമുട്ടുന്നവർക്കെല്ലാം ഒരു പുതു ജീവന്റെ സന്ദേശമായി തീരും.

ഈ നാട്ടിൽ, അൾജീരിയയിലെ പ്രിയപ്പെട്ട ക്രിസ്ത്യാനികളെ, ക്രിസ്തുസ്നേഹത്തിന്റെ എളിമയാർന്നതും, വിശ്വസ്‌തവുമായ അടയാളമായി നിലകൊള്ളുക. ലളിതമായ പ്രവൃത്തികളിലൂടെയും, യഥാർത്ഥ ബന്ധങ്ങളിലൂടെയും, ദൈനംദിന സംഭാഷണങ്ങളിലൂടെയും സുവിശേഷത്തിനു സാക്ഷ്യം വഹിക്കുക. അപ്രകാരം, നിങ്ങൾ ജീവിക്കുന്ന ഇടങ്ങളിലെല്ലാം, രുചിയും, പ്രകാശവും എത്തിക്കുന്നു. രാജ്യത്തെ നിങ്ങളുടെ സാന്നിധ്യം, ധൂപവർഗ്ഗത്തെ അനുസ്മരിപ്പിക്കുന്നു. തിളങ്ങുന്ന ഒരു ചെറിയ പദാർത്ഥം, കർത്താവിനു മഹത്വവും, നമ്മുടെ നിരവധി സഹോദരീ സഹോദരങ്ങൾക്ക് സന്തോഷവും, ആശ്വാസവും നൽകിക്കൊണ്ട് സുഗന്ധം പരത്തുന്നു.

ഈ ധൂപവർഗം ചെറുതും എന്നാൽ വിലപ്പെട്ടതുമായ ഒന്നാണ്. എന്നാൽ അത് കേന്ദ്രസ്ഥാനം ഏറ്റെടുക്കാതെ, നമ്മുടെ ഹൃദയങ്ങളെ ദൈവത്തിങ്കലേക്കു തിരിക്കുവാൻ നമ്മെ ക്ഷണിക്കുന്നു. വർത്തമാനകാല ബുദ്ധിമുട്ടുകളിൽ, സ്ഥിരോത്സാഹം കാണിക്കുന്നതിന്, പരസ്പരം പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ ഹൃദയങ്ങളുടെ ധൂപകലശത്തിൽ നിന്നും, സ്തുതിയും, അനുഗ്രഹവും യാചനയും ഉയരുകയും, കരുണ, ദാനധർമ്മം, ക്ഷമ എന്നിവയുടെ മധുരഗന്ധം പരത്തുകയും ചെയ്യുന്നു.

പരീക്ഷണ സമയങ്ങളിൽ സ്ഥിരോത്സാഹത്തിന്റെയും, ഉദാരമായ സ്വീകരണത്തിന്റെയും ചരിത്രമാണ് നിങ്ങളുടേത്. രക്തസാക്ഷികൾ പ്രാർത്ഥിച്ച  ഇടമാണിത്,   സത്യം അന്വേഷിച്ചുകൊണ്ടും, ക്രിസ്തുവിനെ തീക്ഷ്ണമായി  വിശ്വാസത്തോടെ സേവിച്ചുകൊണ്ടും, വിശുദ്ധ അഗസ്റ്റിൻ, തന്റെ അജഗണത്തെ സ്നേഹിച്ച ഇടമാണിത്. ലോകത്തിന്റെ രക്ഷയുടെ പ്രത്യാശയായി, ഉന്നതങ്ങളിൽ നിന്നും ജനിക്കുന്നവരുടെ സ്വാതന്ത്ര്യത്തോടെ, സഹോദരസ്നേഹത്തിനു സാക്ഷ്യം വഹിക്കുന്ന  നിങ്ങൾ ഈ പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരാണ്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 ഏപ്രിൽ 2026, 10:34