തിരയുക

ഇക്വറ്റോറിയൽ ഗിനിയയിലേക്ക് പാപ്പായുടെ സന്ദർശനം ആരംഭിച്ചു

ലിയോ പതിനാലാമൻ പാപ്പായുടെ ആഫ്രിക്കയിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ അവസാന ഘട്ടം ഇക്വറ്റോറിയൽ ഗിനിയയിൽ ആരംഭിച്ചു. "ക്രിസ്തു, ഇക്വറ്റോറിയൽ ഗിനിയുടെ വെളിച്ചം, പ്രത്യാശയുടെ ഭാവിയിലേക്ക്" എന്നതാണ് പാപ്പായുടെ സന്ദർശനത്തിന്റെ ആപ്തവാക്യം
ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഇക്വറ്റോറിയൽ ഗിനിയയുടെ ചരിത്രം

ലിയോ പതിനാലാമൻ പാപ്പായുടെ ആഫ്രിക്കൻ സന്ദർശനത്തിന്റെ നാലാമത്തേതും അവസാനത്തേതുമായ ഘട്ടം ഇക്വേറ്റോറിയൽ ഗിനിയയിലാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നായ ഇക്വറ്റോറിയൽ ഗിനിയ  മൂന്നു പ്രധാന ഭൂഭാഗങ്ങൾ ചേർന്നതാണ്. റയോ മുനി എന്ന കര പ്രദേശവും, ബിയോകോ എന്ന ദ്വീപും,  ഗിനി ഉൾക്കടലും. ആഫ്രിക്കൻ വൻ‌കരയിൽ സ്പാനിഷ് ഔദ്യോഗികഭാഷയായി ഉള്ള ഏക രാജ്യമാണ് ഇക്വറ്റോറിയൽ ഗിനിയ. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ള ഐക്യരാഷ്ട്ര സഭയിലെ ഏറ്റവും ചെറിയ രാജ്യവും ഇക്വിറ്റോറിയൽ ഗിനിയ ആണ്. അടുത്തകാലത്ത് ഇവിടെ വലിയതോതിൽ എണ്ണനിക്ഷേപങ്ങൾ കണ്ടെത്തിയത് ഇക്വിറ്റോറിയൽ ഗിനിയയുടെ സാമ്പത്തിക, രാഷ്ട്രീയ സ്ഥിതിയിൽ ഗണ്യമായ മാറ്റങ്ങൾ കൊണ്ടുവന്നു. ഈ പ്രദേശത്ത്  യൂറോപ്പിൽ നിന്നും ആദ്യമായി എത്തിയത് 1471-ൽ പോർച്ചുഗീസുകാരായിരുന്നു.

സ്പാനിഷ്, ഇംഗ്ലീഷ് മേൽക്കോയ്മയ്ക്കു ശേഷം, 1968-ൽ സ്വതന്ത്ര ഇക്വറ്റോറിയൽ ഗിനിയ റിപ്പബ്ലിക് രൂപീകരിച്ചു. 1968-ലെ ആദ്യ തിരഞ്ഞെടുപ്പിൽ ഫ്രാൻസിസ്കോ മക്കിയാസ് നുഗുമ പുതുതായി രൂപീകരിച്ച റിപ്പബ്ലിക്കിന്റെ നേതാവായി. എന്നാൽ അദ്ദേഹത്തിന്റെ സ്വേച്ഛാധിപത്യപരമായ ഭരണം, രാജ്യത്തെ സാമൂഹികവും രാഷ്ട്രീയവുമായ തകർച്ചയിലേക്ക് നയിച്ചു. തിയോഡോറോ ഒബിയാങ് നുഗുമ എംബാസോഗോ 1979-ൽ ഒരു അട്ടിമറിയിലൂടെ അദ്ദേഹത്തെ പുറത്താക്കി, ഭരണത്തിലേക്ക് കടന്നു വന്നു. ഗുരുതരമായ സാമൂഹിക അസമത്വങ്ങളാൽ തകർക്കപ്പെട്ടെങ്കിലും വികസനത്തിന് ഗണ്യമായ അവസരങ്ങൾ ഇന്ന് ഈ രാജ്യത്തുണ്ട്.

ഇക്വറ്റോറിയൽ ഗിനിയയിലെ കത്തോലിക്കാ സഭ

ഏകദേശം രണ്ടു കോടിയോളം വരുന്ന ജനസംഖ്യയിൽ, 12 ലക്ഷത്തോളം കത്തോലിക്കാരാണുള്ളത്. അഞ്ചു രൂപതകളിലായി  99 ഇടവകകളും ഈ രാജ്യത്തുണ്ട്. വൈദിക ദൈവവിളി ഈ രാജ്യത്ത്, അനുഗ്രഹപ്രദമായ രീതിയിൽ ഉള്ളതിനാൽ, 172 രൂപതാ വൈദികരും, 93 സന്യാസ വൈദികരും, 197 സമർപ്പിതരും ഈ രാജ്യത്ത് സേവനം ചെയ്യുന്നു. നിരവധി സെമിനാരി  വിദ്യാർത്ഥികളും  ഈ രാജ്യത്തിൻറെ ഭാവി അജപാലനത്തിനായി തയ്യാറെടുക്കുന്നു. ഇപ്രകാരം ഘടനയിൽ ചെറുതാണെങ്കിലും, അജപാലന ശുശ്രൂഷയിൽ കത്തോലിക്കാ സഭ ഏറെ മുൻപിൽ നിൽക്കുന്ന ഈ രാജ്യത്തേക്കുള്ള, പത്രോസിന്റെ പിൻഗാമിയുടെ സന്ദർശനം, ഏറെ പ്രാധാന്യമർഹിക്കുന്നു.

യാത്രയുടെ ഔദ്യോഗിക ലോഗോയിൽ ആലേഖനം ചെയ്തിരിക്കുന്ന വാചകം, പാപ്പായുടെ ഈ യാത്രയെ നിർവചിക്കുവാൻ ഏറെ സഹായകരമാണ്. "ക്രിസ്തു, ഇക്വറ്റോറിയൽ ഗിനിയുടെ വെളിച്ചം, പ്രത്യാശയുടെ ഭാവിയിലേക്ക്"  എന്നതാണ് ആപ്തവാക്യം.  ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെയും ക്രിസ്തീയ വിശ്വാസത്തിന്റെയും പ്രതീകമായ ഒരു സ്വർണ്ണ കുരിശ് ലോഗോയിൽ ചിത്രീകരിച്ചിരിക്കുന്നത്, എല്ലാത്തരം ദുരിതങ്ങൾക്കും, കഷ്ടപ്പാടുകൾക്കും വേദനകൾക്കുമപ്പുറം ഉത്ഥിതനായ ക്രിസ്തു നൽകുന്ന നിത്യജീവന്റെ വെളിച്ചം ഉണ്ടെന്നും, അത് ആളുകളിൽ ജ്വലിപ്പിക്കുക എന്നതാണ് ക്രിസ്തുവിന്റെ വികാരിയായ പാപ്പായുടെ യാത്രയുടെ ലക്ഷ്യമെന്നും എടുത്തു കാണിക്കുന്നു.

അംഗോളയിൽ നിന്ന് ഇക്വറ്റോറിയൽ ഗിനിയയിലേക്ക്

ഏപ്രിൽ മാസം ഇരുപത്തിയൊന്നാം തീയതി, അംഗോളയുടെ  തലസ്ഥാനമായ ലുവാണ്ടയിൽ നിന്നും, പ്രാദേശിക സമയം ഒൻപതു മണിയോടെയാണ്, പാപ്പാ, ഇക്വറ്റോറിയൽ ഗിനിയയിലെ മലാബോയിലേക്ക് യാത്രയായത്. ലുവാണ്ട വിമാനത്താവളത്തിൽ, അംഗോള രാഷ്ട്രപതി, ജോആവോ മാനുവൽ ഗോൺസാൽവേസ് ലൗറെൻസോ പാപ്പായെ സ്വീകരിച്ചു യാത്രയാക്കി. 1546 കിലോമീറ്ററുകൾ, രണ്ടര മണിക്കൂർ സഞ്ചരിച്ചാണ് പാപ്പാ, ഇക്വറ്റോറിയൽ ഗിനിയയിലെ മലാബോയിൽ  എത്തിച്ചേർന്നത്.

രാജ്യത്തെ ഏക അതിരൂപത സ്ഥിതി ചെയ്യുന്ന മലാബോ, പഴയ തലസ്ഥാനം കൂടിയാണ്. കഴിഞ്ഞ കാലഘട്ടങ്ങളിൽ, സ്വേച്ഛാധിപത്യപരമായ ഭരണം ദേവാലയങ്ങളും, കത്തോലിക്കാ വിദ്യാലയങ്ങളും അടപ്പിക്കുകയും, വൈദികരെ അറസ്റ്റ് ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും, ഇന്ന് ഏറെ സമാധാനപരമായ ഒരു അന്തരീക്ഷമാണ് എവിടെയും. 2024 ലെ ആഗോള സമാധാന സൂചിക പ്രകാരം , ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യങ്ങളിൽ 94-ാമത്തെ സ്ഥാനമാണ് ഇക്വറ്റോറിയൽ ഗിനിയയ്ക്കുള്ളത്.

സ്വീകരണം

മലാബോയിലേക്ക് എത്തിച്ചേർന്ന പാപ്പായെ, രാഷ്ട്രത്തിന്റെ തലവൻ തെയോദോറോ ഒബിയാങ് ഗ്വെമ ബസൊഗോയും, പത്നി കോൺസ്‌തൻസിയ മാങ്കെ ഒബിയാങ്ങും ചേർന്ന് സ്വീകരിച്ചു. തുടർന്ന്, രണ്ടു കുരുന്നുകൾ പാപ്പായ്ക്ക് ബൊക്കെ സമർപ്പിച്ചു തങ്ങളുടെ രാജ്യത്തേക്ക് സ്വാഗതം ചെയ്തു. ആചാരപ്രകാരം ഇരുപത്തിയൊന്ന് തവണ വെടി മുഴക്കുകയും, ബാൻഡ് സംഘം ആന്തങ്ങൾ ആലപിക്കുകയും ചെയ്തു. ശേഷം, പാപ്പായ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി, ഇരു രാജ്യങ്ങളിലെയും പ്രതിനിധികളെ പരസ്പരം പരിചയപ്പെടുത്തുകയും ചെയ്തു.

തുടർന്ന് വിമാനത്താവളത്തിൽ നിന്നും ഏകദേശം ഒൻപതു കിലോമീറ്ററുകൾ അകലെയുള്ള, പ്രെസിഡെൻഷ്യൽ കൊട്ടാരത്തിലേക്ക് പാപ്പാ കാറിൽ യാത്രയായി. കൊട്ടാരത്തിൽ എത്തിച്ചേർന്ന പാപ്പായെ, രാഷ്ട്രത്തിന്റെ തലവനും, പത്നിയും ചേർന്ന് സ്വീകരിക്കുകയും, നയതന്ത്രപ്രതിനിധികളുടെ ശാലയിലേക്ക് ആനയിക്കുകയും ചെയ്തു. ശാലയിലേക്ക് എത്തുന്നതിനു മുൻപായി, ഇരുവരും പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.

നയതന്ത്ര പ്രതിനിധികളുമായി പ്രഥമകൂടിക്കാഴ്ച്ച

ഏകദേശം നാനൂറോളം, ഭരണാധികാരികളും, പൗര പ്രമുഖന്മാരും, നയതന്ത്ര ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു. പാപ്പായെ സ്വാഗതം ചെയ്തുകൊണ്ട്, രാഷ്ട്രത്തലവൻ സംസാരിച്ചു. പരിശുദ്ധ പിതാവിന്റെ സന്ദർശനം ഇക്വറ്റോറിയൽ ഗിനിയ രാജ്യത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്നും, അതിനാൽ ഒരു ഭവനത്തിലെന്ന പോലെ പരിശുദ്ധ പിതാവിനെയും സംഘത്തെയും സ്വീകരിക്കണമെന്നത്, മുഴുവൻ ജനതയുടെ ആഗ്രഹമാണെന്നും അദ്ദേഹം പ്രസംഗത്തിൽ എടുത്തു പറഞ്ഞു. 1982 ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ സന്ദർശനം പോലെ, ലിയോ പതിനാലാമൻ പാപ്പായുടെ  സാന്നിധ്യം രാജ്യത്തെ  ക്രിസ്തീയ വിശ്വാസത്തെ വീണ്ടും ശക്തിപ്പെടുത്തുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോളവൽക്കരിക്കപ്പെട്ട ലോകത്ത് രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും രാജ്യങ്ങളുടെ അതിർത്തികൾ മറികടക്കുന്ന ഒരു സമയത്ത് ക്രിസ്തുവിന്റെ അജഗണമെന്ന നിലയിൽ, വിശ്വാസവും ഭക്തിയും ഊട്ടിയുറപ്പിക്കുന്നതിനെയാണ് ഈ സന്ദർശനം പ്രതിനിധാനം ചെയ്യുന്നതെന്നും പ്രസിഡന്റ് അടിവരയിട്ടു പറഞ്ഞു.  തുടർന്ന് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചു...

കൂടിക്കാഴ്ചയ്ക്കുശേഷം, പാപ്പാ, സന്ദർശക ഡയറിയിൽ ഇപ്രകാരം കുറിച്ചു:  "ഇക്വറ്റോറിയൽ ഗിനിയയിലേക്ക് 170 വർഷങ്ങൾക്കു മുൻപ് എത്തിയ സുവിശേഷത്തിന്റെ വെളിച്ചം, അവിടുത്തെ ജനങ്ങളെ നീതിയുടെയും സമാധാനത്തിന്റെയും വഴിയിൽ എന്നും നയിക്കട്ടെ." സ്പാനിഷ് ഭാഷയിലാണ് പാപ്പാ സന്ദേശം കുറിച്ചത്. തുടർന്ന് ആർച്ചുബിഷപ്പിന്റെ ഭവനത്തിലേക്ക് പാപ്പാ യാത്രയായി. പോകുന്ന വഴിയിൽ മലാബോ കത്തീഡ്രൽ ദേവാലയത്തിൽ കയറുകയും അല്പസമയം പ്രാർത്ഥനയിൽ ചിലവഴിക്കുകയും ചെയ്തു. ഹങ്കറിയിലെ വിശുദ്ധ എലിസബത്തിന്റെ നാമത്തിലുള്ളതാണ് ഈ കത്തീഡ്രൽ ദേവാലയം. 2020ൽ ഈ ദേവാലയത്തിൽ അഗ്നിബാധയുണ്ടാവുകയും ഏറെ നാഷനഷ്ട്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. തുടർന്ന് ആർച്ചുബിഷപ്പിന്റെ ഭവനത്തിൽ എത്തി പാപ്പാ ഉച്ചഭക്ഷണം കഴിച്ചു. 

സാംസ്കാരിക ലോകവുമായുള്ള കൂടിക്കാഴ്ച്ച

പ്രാദേശികസമയം ഉച്ചകഴിഞ്ഞു, തന്റെ രണ്ടാമത്തെ കൂടിക്കാഴ്ചയ്ക്കായി, പാപ്പാ, ദേശീയ സർവ്വകലാശാലയുടെ, കാമ്പസിലേക്ക് കാറിൽ യാത്രയായി. രാജ്യത്തിൻറെ വിദ്യാഭ്യാസമേഖലക്ക് ഗണ്യമായ സംഭാവനകൾ നൽകിയിട്ടുള്ള ഈ വിദ്യാക്ഷേത്രത്തിൽ, പാപ്പായുടെ സന്ദർശനത്തെ മുൻനിർത്തി, കാമ്പസിന് 'ലിയോ പതിനാലാമൻ' എന്ന പേരാണ് നൽകിയിട്ടുള്ളത്. ആരോഗ്യം, എഞ്ചിനീയറിംഗ് തുടങ്ങി വിവിധ കോഴ്‌സുകൾ ഇവിടെ പഠിപ്പിക്കുന്നു. സാംസ്കാരിക ലോകവുമായുള്ള കൂടിക്കാഴ്ചയ്ക്കായി എത്തിച്ചേർന്ന പാപ്പായെ, സർവകലാശാല റെക്ടർ ഫിലിബെർത്തോ തുത്തുമു സ്വീകരിച്ചു, മലാബോ അതിരൂപത മെത്രാപ്പോലീത്ത മോൺസിഞ്ഞോർ ഹുവാൻ സുയെ എടാങ് മായെ പാപ്പായെ അനുഗമിച്ചു. തുടർന്ന് മറ്റു വിശിഷ്ടാതിഥികൾക്കൊപ്പം പാപ്പാ കൂടിക്കാഴ്ചയ്ക്കായി സജ്ജീകരിച്ചിരുന്ന വേദിയിലേക്ക് കടന്നു ചെന്നു. തദവസരത്തിൽ, വിദ്യാർത്ഥികൾ, പാപ്പായെ ഏറെ സന്തോഷത്തോടെ തങ്ങളുടെ മധ്യത്തിലേക്ക് സ്വാഗതം ചെയ്തു.

റെക്ടർ സ്വാഗതം ആശംസിച്ച ശേഷം വിവിധ സാക്ഷ്യങ്ങളും പങ്കുവയ്ക്കപ്പെട്ടു. പഠനം മാത്രമല്ല മൂല്യങ്ങളിലും തങ്ങൾക്കുള്ള ഉത്തരവാദിത്വം മനസിലാക്കുന്നുവെന്നു, വിദ്യാർത്ഥി തന്റെ സാക്ഷ്യത്തിൽ എടുത്തു പറഞ്ഞു. 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാനും ഇക്വറ്റോറിയൽ ഗിനിയയുടെ സുസ്ഥിര വികസനത്തിന് സംഭാവന നൽകാനും തയ്യാറായ, കഴിവുള്ള, വിമർശനാത്മകവും പ്രതിബദ്ധതയുള്ളതുമായ തലമുറകളെ പരിശീലിപ്പിക്കുക എന്നതാണ് തങ്ങളുടെ ഉത്തരവാദിത്വമെന്നു ഒരു അധ്യാപകനും എടുത്തുപറഞ്ഞു. സംഗീതവും കൂടിക്കാഴ്ചയിൽ അകമ്പടി സേവിച്ചു. തുടർന്ന് പാപ്പാ തന്റെ സന്ദേശം നൽകി

കൂടിക്കാഴ്ചയുടെ അവസാനം, പാപ്പാ ആശീർവാദവും നൽകി. കാമ്പസിന്റെ പുതിയ നാമവും പാപ്പാ പ്രദർശിപ്പിച്ചു. ശേഷം, പാപ്പാ തന്റെ മൂന്നാമത്തെ പരിപാടിക്കായി, മനോരോഗചികിത്സാകേന്ദ്രമായ, ഷാൻ പിയർ ഒലി ആശുപത്രിയിലേക്ക് കാറിൽ യാത്രയായി. പോകുന്ന വഴികളിലെല്ലാം നിരവധിയാളുകൾ പാപ്പായെ ഒരു നോക്ക് കാണുന്നതിനും, അഭിവാദ്യം ചെയുന്നതിനുമായി കൂടിച്ചേർന്നിരുന്നു. സംപക എന്ന ജില്ലയിലാണ് ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത്. 2014 ൽ ആരംഭിച്ച ഈ ചികിത്സാകേന്ദ്രം, നിരവധിയാളുകൾക്ക് അഭയമായി ഇന്ന് രാജ്യത്ത് സ്ഥിതി ചെയ്യുന്നു.

മനോരോഗചികിത്സാകേന്ദ്രമായ, ഷാൻ പിയർ ഒലി ആശുപത്രിയിൽ സന്ദർശനം

ആശുപത്രി വളാകത്തിൽ  എത്തിയ പാപ്പായെ, ആശുപത്രി ഡയറ്കടർ ബെക്കീർ ബെൻ ഹദ് അലിയും, വൈസ് ഡയറക്റ്ററും ചേർന്ന് ബൊക്കെ നൽകി സ്വീകരിച്ചു. പ്രധാന അങ്കണത്തിലെത്തി, പാപ്പാ രോഗികളെയും, ജീവനക്കാരെയും കാണുകയും, കൂടിക്കാഴ്ച്ച ആരംഭിക്കുകയും ചെയ്തു. പാപ്പായെ സ്വാഗതം ചെയ്തു കൊണ്ട് പാട്ടുകൾ പാടുകയും, നൃത്തമവതരിപ്പിക്കുകയും ചെയ്ത ശേഷം, ആശുപത്രി ഡയറക്ടർ സ്വാഗത പ്രസംഗം നടത്തി. തുടർന്ന് രോഗികളിൽ ഒരാൾ തന്റെ സാക്ഷ്യം പങ്കുവച്ചു. മറ്റൊരാൾ താൻ  ചിട്ടപ്പെടുത്തിയ ഒരു കവിത അവതരിപ്പിച്ചു. ശേഷം, പാപ്പാ തന്റെ സന്ദേശം ആരംഭിച്ചു...

അവസാനം, ആശീർവാദം നൽകിയ പാപ്പാ, രോഗികളുടെ കരവിരുതുകളുടെ ശേഖരം സന്ദർശിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. തുടർന്ന്, ആർച്ചുബിഷപ്പിന്റെ ഭവനത്തിൽ തിരികെ എത്തിയ പാപ്പാ, ചില സ്വകാര്യ കൂടികാഴ്ചകൾക്കും, അത്താഴത്തിനും ശേഷം വിശ്രമിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 ഏപ്രിൽ 2026, 13:31