വേദനകൾക്ക് നടുവിൽ പ്രത്യാശയുടെ കിരണമായ യേശുവിനെ പകർന്നു കൊണ്ട് പാപ്പായുടെ കാമറൂൺ സന്ദർശനം പര്യവസാനിച്ചു

ലിയോ പതിനാലാമൻ പാപ്പായുടെ ആഫ്രിക്കൻ സന്ദർശനത്തിന്റെ രണ്ടാം ഘട്ടം കാമറൂണിൽ പൂർത്തിയായി. സന്ദർശനത്തിന്റെ മൂന്നും നാലും ദിവസങ്ങളിലെ പരിപാടികളുടെ വിവരണം.
വിവരണം -ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പിതൃതുല്യമായ സാന്നിധ്യം

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ ആഫ്രിക്കൻ സന്ദർശനത്തിന്റെ രണ്ടാം ഘട്ടം കാമറൂണിൽ പുരോഗമിക്കുകയാണ്. ആഭ്യന്തര യുദ്ധങ്ങളാലും, തീവ്രവാദ സംഘടനകളുടെ നിരന്തരമായ പീഡനങ്ങളാലും, സാമൂഹികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥകളാലും, പട്ടിണി, ദാരിദ്ര്യം, രോഗങ്ങൾ എന്നിവയുടെ വിട്ടുമാറാത്ത സാഹചര്യങ്ങളാലും പൊറുതി മുട്ടിയ, കാമറൂൺ ജനതയ്ക്ക് പാപ്പായുടെ സന്ദർശനം പകരുന്ന സന്തോഷവും, പ്രത്യാശയും അതിരില്ലാത്തതാണെന്നു പറയാതിരിക്കുക വയ്യ. പാപ്പാ ചെല്ലുന്ന ഇടങ്ങളിലെല്ലാം തിങ്ങിനിറയുന്ന ജനസഞ്ചയവും, അവരുടെ സ്നേഹത്തിന്റെ പ്രകടനമായി പാപ്പായ്ക്ക് വിളിക്കുന്ന ജയ്‌വിളികളും, പത്രോസിന്റെ പിൻഗാമിക്ക്, ക്രിസ്തുവിന്റെ വികാരിക്ക്, ഇന്നും ജനഹൃദയങ്ങളിൽ നൽകപ്പെടുന്ന ആത്മീയമഹത്വം എടുത്തുകാണിക്കുന്നു. പാപ്പായെ കാണുവാൻ ജനക്കൂട്ടത്തിനിടയിൽ നിന്നും ഓടിച്ചെന്ന ഒരു കൊച്ചുബാലികയെ, പാപ്പാ, താഴെ ഇരുന്നുകൊണ്ട് വാരിപുണർന്ന ഒരു ചിത്രം, ഒരു പക്ഷെ ഇതിനോടകം ലോകം മുഴുവൻ ഏറെ ജനപ്രീതി പിടിച്ചുപറ്റിയ ഒന്നാണ്. അപരന്റെ ഹൃദയത്തിന്റെ നൊമ്പരം കേൾക്കുവാൻ അപരനോളം താഴണം എന്നതിന് പാപ്പായുടെ സന്ദർശന വേളയിലെ ഓരോ ചിത്രങ്ങളും നമുക്ക് മാതൃക നൽകുന്നു.

വിശ്വാസികളുടെ പങ്കാളിത്തം

കാമറൂൺ സന്ദർശനത്തിന്റെ  മൂന്നാം ദിവസമായ ഏപ്രിൽ മാസം പതിനേഴാം തീയതി, ഡുവാലയിലെ, ജപോമ സ്റ്റേഡിയത്തിൽ പരിശുദ്ധ പിതാവ് അർപ്പിച്ച വിശുദ്ധ കുർബാനയ്ക്ക് സാക്ഷ്യം വഹിക്കുവാൻ എത്തിയത് ഒന്നേകാൽ ലക്ഷത്തിനു മുകളിൽ ആളുകളാണ്. എന്നാൽ ഇത് ഒരു ജനസഞ്ചയം മാത്രമായിരുന്നില്ല, മറിച്ച് വിശ്വാസ ആഘോഷത്തിന് സാക്ഷ്യം വഹിക്കുവാൻ എത്തിയ, പ്രത്യാശയോടെ ഭാവിയിലേക്ക് നോക്കുവാൻ ദൈവാനുഗ്രഹം യാചിച്ചുവന്ന വിശ്വാസികളുടെ ഒരു സമൂഹമായിരുന്നു. പരിശുദ്ധ പിതാവിന്റെ സന്ദേശങ്ങളിലും, പ്രാർത്ഥനകളിലും അടിവരയിടപ്പെട്ടതും, കാമറൂണിലെ ജനതയുടെ വേദനയും, കഷ്ടപ്പാടുകളും, ഒപ്പം അവർക്കു വേണ്ടിയുള്ള പ്രാർത്ഥനാ യാചനകളുമായിരുന്നു.

വിശുദ്ധ കുർബാനയ്ക്കു ശേഷം, പാപ്പാ, ഡുവാലയിലെ, സെന്റ് പോൾ ആശുപത്രിയിൽ  സ്വകാര്യ സന്ദർശനം നടത്തിയതും ഏറെ ഹൃദയ സ്പർശിയായിരുന്നു.  ഡുവാല അതിരൂപതയുടെ കീഴിലുള്ള ഈ ആശുപത്രി സാധാരണക്കാരായ ജനതയ്ക്കു വേണ്ടിയുള്ളതാണ്. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ രോഗികൾക്കും, ജീവനക്കാർക്കും പാപ്പായുടെ സന്ദർശനം നൽകിയ സന്തോഷം ഏറെ വലുതാണ്.

സന്ദർശനത്തിനൊടുവിൽ, പ്രാദേശിക സമയം ഉച്ചയ്ക്ക് 2:00 മണിക്ക് , പാപ്പാ, തിരികെ യൗണ്ടെയിലേക്ക് മടങ്ങുന്നതിനായി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. പ്രാദേശിക സമയം ഉച്ചകഴിഞ്ഞു 2.56 നു വിമാനം യൗണ്ടേ വിമാനത്താവളത്തിൽ എത്തിച്ചേരുകയും, പ്രാദേശിക  ഭരണാധികാരികൾ പാപ്പായെ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ നൂൺഷ്യോയുടെ ഭവനത്തിലേക്ക് യാത്രയായി. പാപ്പായുടെ മറ്റൊരു പ്രധാന പരിപാടി സർവകലാശാല വിദ്യാർത്ഥികളുമായുള്ള കൂടിക്കാഴ്ചയായിരുന്നു.

സർവ്വകലാശാല സന്ദർശനം

1989-ൽ വത്തിക്കാന്റെ മേൽനോട്ടത്തിൽ, ആറ് മധ്യ ആഫ്രിക്കൻ രാജ്യങ്ങൾക്കായി (കാമറൂൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, കോംഗോ-ബ്രാസാവിൽ, ഗാബോൺ, ഇക്വറ്റോറിയൽ ഗിനിയ, ചാഡ്) സ്ഥാപിതമായതാണിത്. 1991-ൽ 111 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ സർവ്വകലാശാലയിൽ ഇന്ന് ദൈവശാസ്ത്രം, തത്വശാസ്ത്രം,  പൊളിറ്റിക്കൽ സയൻസ്, മാനേജ്‌മെന്റ് തുടങ്ങി നിരവധി ശാഖകളുണ്ട്. "സത്യത്തിന്റെയും നീതിയുടെയും സേവനത്തിൽ"  എന്നതാണ് ഈ സർവ്വകലാശാലയുടെ മുദ്രാവാക്യം. ക്രൈസ്തവ വീക്ഷണത്തിലൂടെ മനുഷ്യന്റെ ദാർശനികവും ദൈവശാസ്ത്രപരവുമായ വളർച്ചയ്ക്കും സാമൂഹിക വികസനത്തിനും സർവ്വകലാശാല മുൻഗണന നൽകുന്നു. ഇതുതന്നെയാണ് പാപ്പായുടെ സന്ദേശങ്ങളിലും എടുത്തു പറയുന്നത്: സാമൂഹിക നീതിയും, ആത്മീയ സത്യത്തിന്റെയും അന്വേഷകരാകുക. ആഫ്രിക്കൻ സമൂഹത്തിന്റെ വികാസത്തിനും ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും സർവ്വകലാശാല നടത്തുന്ന ശ്രമങ്ങൾക്കുള്ള ഒരു അംഗീകാരം കൂടിയാണ് പാപ്പായുടെ സന്ദർശനം.

യുവത്വത്തിന്റെ ചലനാത്മകത

സർവകലാശാല കാമ്പസിൽ എത്തിച്ചേർന്ന പാപ്പായെ, റെക്ടർ തോമസ് ബിൻവെനു ഷൗംഗി (Thomas Bienvenu Tchoungui) സ്വീകരിച്ചു. രാഷ്ട്രങ്ങൾ തമ്മിലുള്ള ഐക്യത്തിന്റെയും സഭാ കൂട്ടായ്മയുടെയും അടിത്തറയായ വൈവിധ്യങ്ങളിൽ ഉടലെടുക്കുന്ന ഐക്യത്തിന്റെ മാതൃക നൽകുവാൻ ഈ സർവകലാശാലാ പരിശ്രമിക്കുന്നുവെന്നു, ആമുഖ പ്രസംഗത്തിൽ റെക്ടർ എടുത്തു പറഞ്ഞു.  സുരക്ഷ, സാമൂഹിക, സാമ്പത്തിക വെല്ലുവിളികളിൽ നിന്നും കരകയറുവാനുള്ള, യുവത്വത്തിന്റെ ചലനാത്മകതയാണ്, ഇന്ന് ഈ സർവകലാശായിൽ പഠിക്കുന്ന 8000 ലധികം വിദ്യാർത്ഥികളുടെ സാക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന സർവകലാശാല  ആശുപത്രിക്ക് ലിയോ പതിനാലാമന്റെ സന്ദർശനത്തിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പേര് നൽകുമെന്നും ബിൻവെനു ഷൗംഗി പ്രസംഗത്തിൽ പറഞ്ഞു.

വിദ്യാർത്ഥികളുടെ സാക്ഷ്യങ്ങൾ

സമ്മേളന അവസരത്തിൽ, വിദ്യാർത്ഥികളുടെ സാക്ഷ്യങ്ങളും, സംഗീത പരിപാടികളും ഉണ്ടായിരുന്നു. വലിയ കഷ്ടപ്പാടുകൾ സഹിച്ച്" പഠിക്കാൻ പ്രാപ്തരാക്കുന്ന മാതാപിതാക്കളോടുള്ള വിദ്യാർത്ഥികളുടെ നന്ദി സാക്ഷ്യത്തിൽ എടുത്തു പറഞ്ഞപ്പോൾ, ഏവരുടെയും വികാരം അണപൊട്ടിയൊഴുകി. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ, ബൗദ്ധികവും പ്രൊഫഷണലുമായ ലക്ഷ്യങ്ങൾക്ക് ഒരിക്കലും തടസ്സമാകരുതെന്നും, അതിനാൽ കൂടുതൽ സ്‌കോളർഷിപ്പുകൾ കണ്ടെത്തുവാൻ ഏവരും സഹകരിക്കണമെന്നും മറ്റൊരു വിദ്യാർത്ഥി അപേക്ഷിച്ചു. സൈബർ കുറ്റകൃത്യങ്ങളുടെ പുതിയ വെല്ലുവിളികൾ, കുടിയേറ്റത്തിനുള്ള പ്രലോഭനം എന്നീ ആശങ്കകളും വിദ്യാർഥികൾ പങ്കുവച്ചു.  തുടർന്ന് പാപ്പാ തന്റെ സന്ദേശം  നൽകി

സന്ദേശാനന്തരം, പാപ്പാ പ്രാർത്ഥനയ്ക്ക് നേതൃത്വം കൊടുക്കുകയും, അപ്പസ്തോലിക ആശീർവാദവും നൽകുകയും ചെയ്തു. തുടർന്ന്, പാപ്പാ സർവകലാശാലയിലെ അധ്യാപകരെയും, പ്രതിനിധികളെയും അഭിവാദ്യം  ചെയ്യുകയും. അപ്പസ്തോലിക നൂൻഷ്യേച്ചറിലേക്ക് തിരികെ പോയി അത്താഴത്തിനു ശേഷം, വിശ്രമിക്കുകയും ചെയ്തു.

അവസാനദിന പരിപാടി

ഏപ്രിൽ മാസം പതിനെട്ടാം തീയതി, തന്റെ കാമറൂൺ സന്ദർശനത്തിന്റെ നാലാം ദിനം ആരംഭിക്കുന്നത് വിശുദ്ധ ബലിയർപ്പണത്തോടെയാണ്. കാമറൂൺ സന്ദർശനത്തിന്റെ അവസാന ദിനം കൂടിയായതിനാൽ, വിശുദ്ധ ബലിയിൽ ധാരാളം ആളുകളുടെ പങ്കാളിത്തം ശ്രദ്ധിക്കപ്പെട്ടു. യൗണ്ടേ വില്ലെ യിലെ വിമാനത്താവളത്തിൽ വച്ചാണ് വിശുദ്ധ കുർബാനയർപ്പിച്ചത്. അപ്പസ്തോലിക നൂൺഷ്യോയുടെ ഭവനത്തിൽ നിന്നും, 13,4 കിലോമീറ്ററുകൾ അകലെയാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

വിമാനത്താവളത്തിൽ എത്തിയ പാപ്പാ, തുറന്ന വാഹനത്തിൽ സഞ്ചരിച്ച്,  വിശ്വാസികളെ അഭിവാദ്യം ചെയ്തു. പരമ്പരാഗത വേഷങ്ങൾ അണിഞ്ഞായിരുന്നു ആളുകൾ വിശുദ്ധ ബലിക്കായി എത്തിയത്. പാപ്പാ അഭിവാദ്യം ചെയ്തു കടന്നുപോകവേ, പശ്ചാത്തലത്തിൽ സംഗീതവും ആലപിച്ചുകൊണ്ടേയിരുന്നു. സുരക്ഷാക്രമീകരണങ്ങൾ ഉണ്ടായിരുന്നതിനാൽ, പ്രഭാതത്തിൽ, അഞ്ചു മണിക്ക് തന്നെ ആളുകൾ പ്രവേശന കവാടത്തിൽ കാത്തു നിൽക്കുകയായിരുന്നു. പാപ്പാ കടന്നു പോകുന്ന വഴികളിൽ, വെളുത്ത നിറത്തിലുള്ള കൃത്രിമ പൂക്കൾ വീശിക്കൊണ്ട് പാപ്പായെ വരവേറ്റു. തുടർന്ന്, ആരാധന ക്രമ വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ട്, പ്രദക്ഷിണമായി പ്രധാന ബലിവേദിയിലേക്ക്  പാപ്പായും സഹകാർമ്മികരും എത്തി.

ശേഷം വിശുദ്ധ കുർബാന ആരംഭിച്ചു. അപ്പസ്തോലരുടെ രാജ്ഞിയായ പരിശുദ്ധ മറിയത്തിന്റെ തിരു സ്വരൂപവും ബലിവേദിക്കരികിൽ സജ്ജീകരിച്ചിരുന്നു. ബലിവേദിയും, ക്രൂശിതരൂപവും, പരിശുദ്ധ മറിയത്തിന്റെ രൂപവും ധൂപിച്ചതിനു ശേഷം, ത്രിത്വ സ്തുതിയോടെ വിശുദ്ധ ബലിക്ക് തുടക്കമായി. ഫ്രഞ്ച് ഭാഷയിലാണ് പാപ്പാ വിശുദ്ധ ബലിയർപ്പിച്ചത്. ഏറെ ഭക്തി നിർഭരമായിരുന്നു, വിശ്വാസികളുടെ പങ്കാളിത്തം. വിശുദ്ധ ഗ്രന്ഥ വായനകൾക്ക് ശേഷം പരിശുദ്ധ പിതാവ് വചന സന്ദേശം നൽകി.

തുടർന്ന്, വിവിധ  പ്രാർത്ഥനകൾ, ഫ്രഞ്ച്, ഇംഗ്ലീഷ്, അതുപോലെ പ്രാദേശിക ഭാഷകളിലാണ് ചൊല്ലിയത്.

കൃതജ്ഞതകൾ

വിശുദ്ധ കുർബാനയുടെ അവസാനം, യൗണ്ടേ അതിരൂപതയുടെ അധ്യക്ഷൻ, മോൺസിഞ്ഞോർ ഷാൻ എംബാർഗ പരിശുദ്ധ പിതാവിന് കൃതജ്ഞതയർപ്പിച്ചു സംസാരിച്ചു. കാമറൂണിലെ യുവാക്കളും അവരുടെ കുടുംബങ്ങളും ക്രിസ്ത്യൻ, മുസ്ലീം, പരമ്പരാഗത സമൂഹങ്ങളും കാമറൂണിൽ സമാധാനം ഉറപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു. പൊതുനന്മയോടുള്ള സ്നേഹത്താൽ, സത്യസന്ധതയോടും ഔദാര്യത്തോടും കൂടി തങ്ങളുടെ രാഷ്ട്ര-കുടുംബത്തെ സേവിക്കാൻ അവർ സ്വയം പ്രതിജ്ഞാബദ്ധരാകും, മോൺസിഞ്ഞോർ എടുത്തു പറഞ്ഞു. പാപ്പായ്ക്ക് വേണ്ടി തങ്ങൾ എന്നും പ്രാർത്ഥിക്കുമെന്ന ഉറപ്പും ആർച്ചുബിഷപ്പ് വിശ്വാസികളുടെ നാമത്തിൽ നൽകി. ആർച്ചുബിഷപ്പിന്‌ പാപ്പയുടെ ഒരു സ്നേഹസമ്മാനവും നൽകി.

കർത്താവായ ക്രിസ്തുവിനോടു ഉറച്ചുനിൽക്കുവാനും,   അവിടുത്തെ ആത്മാവിന്റെ ശക്തിയാൽ നാടിന്റെ ഉപ്പും വെളിച്ചവും ആയിരിക്കുവാനുള്ള ക്ഷണം നൽകിക്കൊണ്ട്, പാപ്പായും കാമറൂണിലെ ജനതയ്ക്ക് നന്ദിയർപ്പിച്ചു.

വിമാനത്താവളത്തിൽ യാത്രയയപ്പ്

തുടർന്ന്, ആഫ്രിക്കയിലെ തന്റെ മൂന്നാം ഘട്ട സന്ദർശനത്തിന് വേദിയാകുന്ന അംഗോളയിലേക്ക് പോകുന്നതിനായി പാപ്പാ യൗണ്ടേ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചു. 21,8 കിലോമീറ്ററുകൾ അകലെയാണ്, ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വിമാനത്താവളത്തിലെത്തിയ പാപ്പായെ, കാമറൂൺ പ്രധാനമന്ത്രി ജോസഫ് ഡിയോൺ ഗുട്ടെ സ്വീകരിച്ചു. പാപ്പായോടുള്ള ബഹുമാനസൂചകമായി, ആന്തം  ആലപിക്കുകയും, ബാന്റ് സംഘം പശ്ചാത്തല സംഗീതം ഒരുക്കുകയും. ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു. വത്തിക്കാന്റെയും, കാമറൂണിന്റെയും പ്രതിനിധിസംഘങ്ങൾ പരസ്പരം അഭിവാദ്യം ചെയ്ത ശേഷം, പാപ്പാ  വിമാനത്തിലേക്ക് കടക്കുകയും, അംഗോളയുടെ തലസ്ഥാനമായ ലുവാണ്ടയിലേക്ക് യാത്രയാകുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ഏപ്രിൽ 2026, 13:49