ദൈവത്തിൽ ആശ്രയം വയ്ക്കുന്നവർക്ക് ഭയപ്പെടേണ്ടതായി വരികയില്ല: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സഹോദരന്മാരെ, സഹോദരിമാരെ , സുപ്രഭാതം! ശുഭ ഞായറാഴ്ച്ച!
ഉയിർപ്പു കാലത്തിലൂടെ നാം യാത്ര ചെയ്യുമ്പോൾ, ഇന്നത്തെ സുവിശേഷം, തന്നെത്തന്നെ ഒരു ഇടയനോടും, പിന്നീട് ആട്ടിൻതൊഴുത്തിന്റെ വാതിലിനോടും ഉപമിക്കുന്ന യേശുവിന്റെ വാക്കുകൾ നമുക്ക് എടുത്തുകാണിക്കുന്നു. യേശു ഇടയനെയും കള്ളനെയും വൈരുദ്ധ്യമായ രണ്ടു ഇടങ്ങളിൽ ചൂണ്ടികാണിക്കുന്നു. യഥാർത്ഥത്തിൽ അവൻ പ്രസ്താവിക്കുന്നു: "ആട്ടിന്‍തൊഴുത്തിലേക്കു വാതിലിലൂടെയല്ലാതെ മറ്റുവഴിക്കു കടക്കുന്നവന്‍ കള്ളനും കവര്‍ച്ചക്കാരനുമാണ്". തുടർന്ന്, കൂടുതൽ വ്യക്തമായി വീണ്ടും പറയുന്നു: "മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്". ഇവിടെ വ്യത്യാസം വളരെ വ്യക്തമാണ്. ഇടയന് തന്റെ ആടുകളുമായി ഒരു പ്രത്യേക ബന്ധമുണ്ട്, അതിനാൽ തൊഴുത്തിന്റെ വാതിലിലൂടെ അവൻ പ്രവേശിക്കുന്നു. എന്നാൽ ഒരുവന് വേലി ഭേദിച്ചു അകത്തു പ്രവേശിക്കണം എന്നുണ്ടെങ്കിൽ അവൻ ആടുകളെ മോഷ്ടിക്കുവാൻ ആഗ്രഹിക്കുന്ന ഒരു കള്ളൻ തന്നെയാണ്.
സൗഹൃദത്തിന്റെ ഒരു ബന്ധത്താൽ താൻ നമ്മളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് യേശു നമ്മോട് പറയുന്നു: അവൻ നമ്മെ അറിയുന്നു, അവൻ നമ്മെ പേരുചൊല്ലി വിളിക്കുന്നു, അവൻ നമ്മെ നയിക്കുന്നു, ഇടയൻ തന്റെ ആടുകളോട് ചെയ്യുന്നതുപോലെ, നാം നഷ്ടപ്പെടുമ്പോൾ അവൻ നമ്മെ അന്വേഷിക്കാൻ വരുന്നു, രോഗിയാകുമ്പോൾ നമ്മുടെ മുറിവുകൾ വച്ചുകെട്ടുന്നു. യേശു വരുന്നത് നമ്മുടെ ജീവിതവും സ്വാതന്ത്ര്യവും നമ്മിൽ നിന്നും കവർന്നെടുക്കാനല്ല, മറിച്ച് ശരിയായ പാതകളിലേക്ക് നമ്മെ നയിക്കാനാണ്. അവൻ വന്നിരിക്കുന്നത് നമ്മുടെ മനസ്സാക്ഷിയെ കൈയടക്കുവാനോ, വഞ്ചിക്കാനോ അല്ല, മറിച്ച് അവന്റെ ജ്ഞാനത്തിന്റെ വെളിച്ചത്താൽ അതിനെ പ്രകാശിപ്പിക്കാനാണ്. അവിടുന്ന് നമ്മുടെ ഭൗമിക സന്തോഷങ്ങളെ മലിനമാക്കാനല്ല, മറിച്ച് അവയെ കൂടുതൽ പൂർണ്ണവും ശാശ്വതവുമായ സന്തോഷത്തിലേക്ക് നയിക്കുവാനാണ് അവൻ വരുന്നത്. അവനിൽ ആശ്രയം വയ്ക്കുന്നവർക്ക് ഒരിക്കലും ഭയപ്പെടേണ്ടതായി വരികയില്ല. അവിടുന്ന് നമ്മുടെ ജീവൻ നഷ്ടപ്പെടുത്തുന്നില്ല, മറിച്ച് അത് നമുക്ക് സമൃദ്ധമായി നല്കാൻ വരുന്നു.
സഹോദരന്മാരെ, സഹോദരിമാരെ, ഇതേപ്പറ്റി ധ്യാനിക്കുവാനും, നമ്മുടെ ഹൃദയത്തിന്റെയും ജീവിതത്തിന്റെയും സുരക്ഷാവേലി കാത്തുസൂക്ഷിക്കുവാനും അവൻ നമ്മെ ക്ഷണിക്കുന്നു. അതിൽ പ്രവേശിക്കുന്നവർക്ക് നമ്മുടെ സന്തോഷം വർദ്ധിപ്പിക്കുവാനും, എന്നാൽ കള്ളനെ പോലെ, നമ്മിൽ നിന്നും അത് കവർന്നെടുക്കുവാനും സാധിക്കും.
കള്ളന്മാർ ബഹുമുഖങ്ങൾ ഉള്ളവരാണ്. പ്രത്യക്ഷപ്പെടാതെ, നമ്മുടെ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുകയോ, നമ്മുടെ അന്തസ്സിനെ ബഹുമാനിക്കാതിരിക്കുകയോ ചെയ്യുന്നവർ, മറ്റുള്ളവരെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ശാന്തമായ കാഴ്ചപ്പാട് പുലർത്തുന്നതിൽ നിന്ന് നമ്മെ തടയുന്ന വിശ്വാസങ്ങളും, മുൻവിധികളും, നിഷേധാത്മക തിരഞ്ഞെടുപ്പുകൾ നടത്താൻ നമ്മെ പ്രേരിപ്പിക്കുന്ന തെറ്റായ ആശയങ്ങൾ, നമ്മെ ആന്തരികമായി ശൂന്യമാക്കുകയും, പുറത്തുള്ളവയ്ക്ക് പ്രാധാന്യം നൽകി ജീവിക്കുവാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്ന, ഉപഭോക്തൃവാദത്താൽ അടയാളപ്പെടുത്തപ്പെട്ട ഉപരിപ്ലവമായ ജീവിതശൈലി എന്നിവയാണത്.
ഭൂമിയുടെ വിഭവങ്ങൾ കൊള്ളയടിച്ചും രക്തരൂക്ഷിതമായ യുദ്ധങ്ങൾ നടത്തിയും, ഏതെങ്കിലും രൂപത്തിൽ തിന്മയ്ക്ക് തിരി കൊളുത്തുകയും ചെയ്തു കൊണ്ട്, സമാധാനത്തിന്റെയും ശാന്തതയുടെയും ഭാവി സാധ്യതകൾ കവർന്നെടുക്കുന്ന കള്ളന്മാരെയും നാം മറന്നുപോകരുത്.
നമുക്ക് സ്വയം ചോദിക്കാം: നമ്മുടെ ജീവിതത്തിൽ ആരാൽ നയിക്കപ്പെടാനാണ് നാം ആഗ്രഹിക്കുന്നത്? നമ്മുടെ ചുറ്റുപാടിൽ പ്രവേശിക്കാൻ ശ്രമിച്ച "കള്ളന്മാർ" ആരാണ്? അവർ വിജയിച്ചിട്ടുണ്ടോ, അതോ അവരെ പിന്തിരിപ്പിക്കാൻ നമുക്ക് സാധിച്ചോ?
കർത്താവിൽ ആശ്രയിക്കാൻ ഇന്ന് സുവിശേഷം നമ്മെ ക്ഷണിക്കുന്നു: നമ്മിൽ നിന്ന് ഒന്നും മോഷ്ടിക്കുവാനല്ല അവൻ വരുന്നത്, നേരെമറിച്ച്, അവൻ നല്ല ഇടയനാണ്. നമ്മുടെ ജീവിതത്തെ അവൻ വർധിപ്പിച്ചുകൊണ്ട്, അത് സമൃദ്ധമായി നമുക്ക് നൽകുന്നു. പരിശുദ്ധ കന്യകാമറിയം എപ്പോഴും നമ്മുടെ യാത്രയിൽ നമ്മോടൊപ്പം ഉണ്ടാകട്ടെ, നമുക്കും ലോകത്തിനുവേണ്ടിയും പ്രാർത്ഥിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
