തിരയുക

ലിയോ പതിനാലാമൻ പാപ്പായും ഇസ്രായേൽ പ്രസിഡന്റ് ഹെർസോഗും - ഫയൽ ചിത്രം ലിയോ പതിനാലാമൻ പാപ്പായും ഇസ്രായേൽ പ്രസിഡന്റ് ഹെർസോഗും - ഫയൽ ചിത്രം 

സംഘർഷങ്ങൾ അവസാനിപ്പിക്കാനായി നയതന്ത്രചർച്ചകൾ വേണം: പാപ്പായും ഇസ്രായേൽ പ്രസിഡന്റും തമ്മിൽ ടെലിഫോൺ സംഭാഷണം

ലിയോ പതിനാലാമൻ പാപ്പായും ഇസ്രായേൽ പ്രസിഡന്റ് ഹെർസോഗും തമ്മിൽ ഏപ്രിൽ 3-ന് ടെലിഫോൺ സംഭാഷണം നടന്നതായി വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു. മദ്ധ്യപൂർവ്വ ദേശങ്ങളിൽ സമാധാനം ഉറപ്പാക്കാൻ വേണ്ടി നയതന്ത്രചർച്ചകൾ പുനഃരാരംഭിക്കേണ്ടതിന്റെ ആവശ്യം സംഭാഷണത്തിൽ എടുത്തുപറയപ്പെട്ടു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പെസഹാ തിരുനാളിന്റെ കൂടി പശ്ചാത്തലത്തിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായും ഇസ്രായേൽ പ്രസിഡന്റ് ഇസാക്ക് ഹെർസോഗും തമ്മിൽ ടെലിഫോൺ സംഭാഷണം നടന്നു. ഏപ്രിൽ 3 വെള്ളിയാഴ്ച രാവിലെ നടന്ന ഈ സംഭാഷണത്തിൽ, സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി നയതന്ത്ര ചർച്ചകൾ നടത്തേണ്ടതിന്റെ ആവശ്യം എടുത്തുപറയപ്പെട്ടതായി, ഇതേ ദിവസം പുറത്തുവിട്ട ഒരു അറിയിപ്പിലൂടെ വത്തിക്കാൻ പ്രെസ് ഓഫീസ് വ്യക്തമാക്കി.

മദ്ധ്യപൂർവ്വദേശങ്ങളിൽ നീതിപൂർണ്ണമായ സമാധാനം കൊണ്ടുവരുന്നത് മുന്നിൽക്കണ്ട്, നിലവിലെ ഗുരുതരമായ സംഘർഷങ്ങൾക്ക് അറുതിവരുത്തുവാനായി എല്ലാ നയതന്ത്രചർച്ചാസാധ്യതകളും ഉപയോഗിക്കണമെന്ന കാര്യമാണ് ഫോൺ സംഭാഷണത്തിലുണ്ടായിരുന്ന പ്രധാനപ്പെട്ട ഒരു ചിന്തയെന്നാണ് പ്രെസ് ഓഫീസ് അതിന്റെ കുറിപ്പിൽ എഴുതിയത്.

അതേസമയം, സാധാരണ ജനത്തിന്റെ സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും, അന്താരാഷ്ട്രനിയമങ്ങളോടും, മാനവികനിയമങ്ങളോടും ഉണ്ടാകേണ്ട ആദരവും ഫോൺ സംഭാഷണത്തിൽ എടുത്തുപറയപ്പെട്ടുവെന്നും പരിശുദ്ധ സിംഹാസനം അറിയിച്ചു.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഹനൂക്ക ആഘോഷത്തിനിടയിൽ നടന്ന ഭീകര ആക്രമണത്തിന്റെ കൂടി പശ്ചാത്തലത്തിൽ, കഴിഞ്ഞ ഡിസംബർ 17 ബുധനാഴ്ചയും ഇരു രാഷ്ട്രനേതൃത്വങ്ങളും തമ്മിൽ ടെലിഫോൺ സംഭാഷണം നടന്നിരുന്നു.

പാലസ്തീന-ഇസ്രായേൽ സംഘർഷത്തിന്റെയും, മദ്ധ്യപൂർവ്വദേശങ്ങളിൽ തുടരുന്ന മറ്റു സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ, അവയ്ക്ക് പിന്നിൽ ആയിരിക്കുന്ന ഏവരോടും സമാധാനത്തിനായി പ്രവർത്തിക്കാനും, സാധാരണജനത്തിന്റെ ജീവിതം ദുരിതപൂർണ്ണമാക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാനും പരിശുദ്ധ പിതാവ് തന്റെ പൊതുകൂടിക്കാഴ്ചാവേളകളിലും, മറ്റു സന്ദർഭങ്ങളിലും പലവുരു ആഹ്വാനം ചെയ്തിരുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 ഏപ്രിൽ 2026, 14:02