പാപ്പാ വിശുദ്ധ ബലിക്കായി എത്തുന്നു പാപ്പാ വിശുദ്ധ ബലിക്കായി എത്തുന്നു   (@Vatican Media)

സമാധാനത്തിനും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി വിശക്കുന്നവർക്ക്, അപ്പം എത്തിക്കുവാനുള്ള പ്രേരണ യേശു നൽകുന്നു: പാപ്പാ

ലിയോ പതിനാലാമൻ പാപ്പായുടെ കാമറൂൺ സന്ദർശന വേളയിൽ, ഡുവാലയിലെ, ജപോമ സ്റ്റേഡിയത്തിൽ വിശ്വാസികൾക്കൊപ്പം, വിശുദ്ധ ബലിയർപ്പിച്ചു പ്രാർത്ഥിച്ചു. ഒന്നേകാൽ ലക്ഷം ആളുകൾ വിശുദ്ധ ബലിയിൽ പങ്കെടുത്തു. സന്ദേശത്തിൽ, യേശുവിന്റെ സ്നേഹത്തിനും, കാരുണ്യപ്രവൃത്തികൾക്കും ഇന്നത്തെ ലോകത്തിൽ സാക്ഷ്യം നൽകുവാൻ ഏവരെയും ആഹ്വാനം ചെയ്തു.
പാപ്പായുടെ സന്ദേശം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വിശുദ്ധ യോഹന്നാന്റെ സുവിശേഷം, ആറാം അധ്യായം ഒന്ന് മുതൽ പതിനഞ്ചു വരെയുള്ള തിരുവചന ഭാഗത്തെ അടിസ്ഥാനമാക്കിയാണ് പാപ്പാ, തന്റെ വചന സന്ദേശം പങ്കുവച്ചത്. കാമറൂണിലെ സഭയ്ക്ക്, ഈ സുവിശേഷ ഭാഗം, ദൈവസ്നേഹത്തിന്റെയും, പരസ്പരമുള്ള കൂട്ടായ്മയുടെയും  പ്രതിധ്വനി ഉളവാക്കുന്നുവെന്നു പാപ്പാ പറഞ്ഞു. അനേകായിരങ്ങൾക്ക്, അഞ്ചപ്പവും രണ്ടു മീനും, തികയാതെ വരുമെന്ന അപ്പസ്തോലന്മാരുടെ അഭിപ്രായത്തോട്, യേശു ഉന്നയിക്കുന്ന ചോദ്യം പാപ്പാ, ആവർത്തിച്ചു: എപ്രകാരം ഈ പ്രശ്നം പരിഹരിക്കാം?

ഈ ചോദ്യം കുടുംബം പുലർത്തുന്ന അപ്പന്മാരോടും, അമ്മമാരോടും, അജഗണങ്ങളെ പരിപാലിക്കുന്ന അജപാലകരോടും,  ഉള്ളതാണെന്നും പാപ്പാ പറഞ്ഞു. അതുപോലെ തന്നെ സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ ഉത്തരവാദിത്വപ്പെട്ടവരോടും ഉള്ളതാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ജീവിക്കുന്നതിനു ആഹാരം വളരെ പ്രധാനപെട്ടതാണെന്നും, എന്നാൽ മനുഷ്യന്റെ വിശപ്പിനു മുൻപിൽ, ദൈവം  എവിടെയാണെന്നുമുളള ചോദ്യവും പാപ്പാ ഉന്നയിച്ചു. എന്നാൽ ഇതിനുള്ള ഉത്തരം നമ്മിൽ നിന്നും ലഭിക്കുന്നതിന് മുൻപ് തന്നെ, അവൻ നമ്മുടെ പരിമിതമായതിനെ, ആശീർവ്വദിക്കുകയും, പങ്കുവയ്ക്കുകയും ചെയ്യുന്നു. പങ്കുവയ്ക്കൽ എന്ന വലിയ അത്ഭുതമാണ്, ഇവിടെ സംഭവിക്കുന്നതെന്നും, ഇത് പിടിച്ചുവയ്ക്കുന്നതിലൂടെയല്ല മറിച്ച് സമർപ്പിക്കുന്നതിലൂടെയാണ് യാഥാർഥ്യമാകുന്നതെന്നും പാപ്പാ പറഞ്ഞു.

യേശുവിന്റെ പ്രവൃത്തിയുടെ വ്യതിരിക്തതയും പാപ്പാ അടിവരയിട്ടു. യേശു തന്റെ പിതാവിന് നന്ദിയർപ്പിച്ചു, മുറിച്ച്, ശിഷ്യന്മാരുടെ കൈകളിൽ ഏൽപ്പിക്കുന്ന അപ്പങ്ങൾ, അപരന് നൽകുംതോറും വർധിക്കുന്നത് കണ്ടപ്പോൾ, അവനെ ഒരു പ്രവാചകനായി ആളുകൾ കണ്ടുവെന്നും, എന്നാൽ യേശു ആ അവസരത്തിൽ തന്നെത്തന്നെ  ഒരു സേവകനായി മാത്രമാണ് കരുതിയതെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. ഈ സ്നേഹത്തിന്റെ വെളിപ്പെടുത്തലാണ്, അപ്പം വർധിപ്പിക്കുന്ന അത്ഭുതത്തിൽ വെളിപ്പെടുന്നതെന്നും പാപ്പാ പറഞ്ഞു.

ദൈവം മനുഷ്യരാശിയെ ജീവന്റെ അപ്പം കൊണ്ട് എങ്ങനെ പരിപോഷിപ്പിക്കുന്നുവെന്ന് മാത്രമല്ല, നമ്മെപ്പോലെ സമാധാനത്തിനും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി വിശക്കുന്നവർക്ക്, അപ്പം എത്തിക്കുവാനുള്ള പ്രേരണ നമുക്ക് നൽകുന്നുവെന്നും പാപ്പാ പറഞ്ഞു. അതിനാൽ വിശുദ്ധ കുർബാന വഴിയായി നമുക്ക് നൽകപ്പെടുന്ന ആഹാരം ക്രിസ്തു തന്നെയാണെന്നും, അവൻ എപ്പോഴും തന്റെ സഭയെ സമൃദ്ധമായി പരിപോഷിപ്പിക്കുകയും, യാത്രയിൽ നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് എടുത്തു പറഞ്ഞു. വിശുദ്ധ കുർബാനയ്ക്ക് ചുറ്റും, ഒരുമിച്ചു കൂടുമ്പോൾ, അത് ചരിത്രത്തിന്റെ പരീക്ഷണങ്ങളിലും, അനീതികളിലും പ്രഘോഷിക്കപ്പെടുന്ന പ്രത്യാശ നമ്മിൽ ഉണർത്തുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

നമ്മെ രക്ഷിക്കാൻ മനുഷ്യനായി അവതരിച്ചതിലൂടെ, ഏറ്റവും ലളിതവും ദൈനംദിനവുമായ ആവശ്യങ്ങളിൽ നിന്ന് തുടങ്ങി മനുഷ്യരാശിയുടെ എല്ലാ ആവശ്യങ്ങളും യേശു  പങ്കുവയ്ക്കുന്നുവെന്നും, അതിനാൽ അവന്റെ സ്നേഹത്തിനു സാക്ഷ്യം വഹിക്കുവാനുള്ള വിളിയാണ് ഏവരും സ്വീകരിച്ചിരിക്കുന്നതെന്നും പാപ്പാ പറഞ്ഞു.

തുടർന്ന്, യുവജനങ്ങളെ പ്രത്യേകമായി അഭിസംബോധന ചെയ്തുകൊണ്ട്, നല്ല ആഗ്രഹങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും അന്തസ്സ് കവർന്നെടുക്കുകയും ചെയ്യുന്ന എല്ലാത്തിൽ നിന്നും മോചനം നേടിക്കൊണ്ട്, മനുഷ്യജീവന്റെ മൂല്യങ്ങളായ, വിശ്വാസം, കുടുംബം, ആതിഥ്യമര്യാദ, തൊഴിൽ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുവാൻ ആഹ്വാനം ചെയ്തു. അപ്രകാരം, ഭാവിയുടെ നായകന്മാരാകുവാൻ പാപ്പാ ഏവരെയും ക്ഷണിച്ചു.

ആദ്യ ക്രിസ്ത്യാനികൾ പ്രയാസങ്ങളെയും,  ഭീഷണികളെയും അഭിമുഖീകരിച്ച്  യേശുവിനു  ധീരമായി സാക്ഷ്യം വഹിക്കുകയും,  അപമാനങ്ങൾക്കിടയിൽ  സ്ഥിരോത്സാഹം കാണിക്കുകയും ചെയ്തതുപോലെ, പുതിയ ലോകത്തിനുവേണ്ടി ആത്മാവിനെ ഒരു പ്രവചനമാക്കി മാറ്റണമെന്ന് പാപ്പാ പറഞ്ഞു. ഉയിർത്തെഴുന്നേറ്റ യേശുവിനെ പ്രഖ്യാപിക്കുക എന്നതിനർത്ഥം കഷ്ടപ്പെടുന്നതും അടിച്ചമർത്തപ്പെട്ടതുമായ ഒരു രാജ്യത്ത് നീതിയുടെ അടയാളങ്ങൾ കണ്ടെത്തുകയെന്നും, വൈരാഗ്യത്തിനും അഴിമതിക്കും ഇടയിൽ സമാധാനത്തിന്റെ അടയാളങ്ങൾ വെളിപ്പെടുത്തുകയെന്നും, അന്ധവിശ്വാസത്തിൽ നിന്നും നിസ്സംഗതയിൽ നിന്നും നമ്മെ മോചിപ്പിക്കുന്ന വിശ്വാസത്തിന്റെ അടയാളങ്ങൾ പരിപോഷിപ്പിക്കുക എന്നതുമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ഏപ്രിൽ 2026, 12:42