വൈദികർക്കുവേണ്ടി വിശ്വാസികളുടെ പ്രാർത്ഥനകൾ അഭ്യർത്ഥിച്ച് ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന വൈദികർക്ക് വേണ്ടി പ്രാർത്ഥനകൾ അഭ്യർത്ഥിച്ചും, നല്ലിടയനായ യേശുവിന് അവരെ സമർപ്പിച്ചും ലിയോ പതിനാലാമൻ പാപ്പാ. ഏപ്രിൽ മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗവുമായി, പരിശുദ്ധ പിതാവിന്റെ പേരിലുള്ള പ്രാർത്ഥനാശൃംഖല മാർച്ച് 31-ന് പുറത്തുവിട്ട ഒരു വീഡിയോയിലാണ് ഇത്തരമൊരു അഭ്യർത്ഥന. ഏകാന്തതയുടെ ഭാരം അനുഭവപ്പെടുകയും, ഹൃദയത്തിൽ ഇരുൾ നിറയുകയും, പ്രത്യാശയ്ക്കപ്പുറം ക്ഷീണവും തളർച്ചയും വലുതാണെന്ന തോന്നൽ ഉളവാകുകയും ചെയ്യുന്ന ജീവിതസാഹചര്യങ്ങൾ വൈദികർ അഭിമുഖീകരിക്കുന്നുണ്ടെന്ന് പരിശുദ്ധ പിതാവ് തന്റെ വീഡിയോയിൽ പരാമർശിച്ചു.
വൈദികരുടെ ഉള്ളിലെ സംഘർഷങ്ങളും അവരുടെ മുറിവുകളും അറിയുന്നവനാണ് ദൈവമെന്ന തിരിച്ചറിവോടെ, അവരിൽ ദൈവത്തിന്റെ, വ്യവസ്ഥകളില്ലാത്ത സ്നേഹത്തെകുറിച്ചുള്ള ബോധ്യം പുതുക്കാനും, വെറും ജോലിക്കാരോ, ധീരരായ ഒറ്റയാൾ പട്ടാളക്കാരോ അല്ല തങ്ങളെന്നും, മറിച്ച് സ്നേഹിക്കപ്പെടുന്ന മക്കളും, എളിമയവരും എന്നാൽ വിലയേറിയവരുമായ ശിഷ്യരും, ദൈവജനത്തിന്റെ പ്രാർത്ഥനകളുടെ പിൻബലമുള്ള ഇടയന്മാരുമാണെന്ന ഉറപ്പിൽ ജീവിക്കാനും അവർക്ക് സാധിക്കേണ്ടതുണ്ടെന്നും തന്റെ സന്ദേശത്തിൽ അനുസ്മരിച്ച പാപ്പാ, അതുകൊണ്ടുതന്നെ അവർക്കുവേണ്ടി ദൈവസഹായം തേടേണ്ടതിന്റെ ആവശ്യം എടുത്തുപറയുന്നുണ്ട്..
ഒരു സമൂഹമെന്ന നിലയിൽ തങ്ങളുടെ വൈദികരുടെ സംരക്ഷണം ഏറ്റെടുക്കുകയും, വിധിക്കുന്നതിന് പകരം അവരെ ശ്രവിക്കുകയും, അവരിൽ പൂർണ്ണത പ്രതീക്ഷിക്കാതെ അവരുടെ പ്രവർത്തനങ്ങൾക്ക് നന്ദി പറയുകയും, ജ്ഞാനസ്നാനത്തിലൂടെ തങ്ങൾക്ക് ലഭിച്ച നിയോഗം അവർക്കൊപ്പം പങ്കിടുന്നതിനും, പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയും ദൈവരാജ്യം അറിയിക്കുന്നതിനും, വൈദികരെ തങ്ങളുടെ സാന്നിദ്ധ്യവും ആത്മാർത്ഥമായ പ്രാർത്ഥനയും കൊണ്ടും പിന്തുണയ്ക്കുന്നതിനും ഉള്ള ദൈവജനത്തിന്റെ ഉത്തരവാദിത്വം പരാമർശിച്ചുകൊണ്ട്, അതിനായി കഴിവുനേടാൻ ദൈവം സഹായിക്കട്ടെയെന്ന് ജനങ്ങൾക്കൊപ്പവും ജനങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കുന്നുണ്ട്. തങ്ങളെ പലപ്പോഴും പിന്തുണയ്ക്കുന്ന വൈദികരെ പിന്തുണയ്ക്കാനുള്ള വിശ്വാസികളുടെ ഉത്തരവാദിത്വത്തിലേക്കും പാപ്പാ വിരൽ ചൂണ്ടുന്നുണ്ട്.
സുവിശേഷത്തിന്റെ ആനന്ദം വൈദികരിൽ പുനരുജ്ജീവിപ്പിക്കാനും, ആരോഗ്യകരമായ സൗഹൃദങ്ങളും, സഹോദര്യപൂർണ്ണമായ പിന്തുണ നൽകുന്ന ആളുകളുടെ കൂട്ടായ്‌മയും, പ്രതീക്ഷകൾക്ക് വിപരീതമായി കാര്യങ്ങൾ പോകുമ്പോൾ ഒരല്പം സരസമായി അവയെ കൈകാര്യം ചെയ്യാനുള്ള കഴിവും, തങ്ങളുടെ വിളിയുടെ ഭംഗി വീണ്ടും കണ്ടെത്തുന്നതിനുള്ള കൃപയും അവർക്ക് നൽകാൻ പരിശുദ്ധാത്മാവിന്റെ സഹായവും പാപ്പാ വൈദികർക്കുവേണ്ടി അഭ്യർത്ഥിച്ചു.
ആത്മാവിന്റെ ശക്തിയിലുള്ള വിശ്വാസം വൈദികരിൽ നഷ്ടപ്പെടാതിരിക്കാനും, എളിമയോടെയും ഉദാരമനസ്കതയോടെയും ദൈവത്തിന്റെ സഭയെ ശുശ്രൂഷിക്കാനും ഉള്ള കഴിവിനുവേണ്ടിയും പാപ്പാ പ്രാർത്ഥിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
