പഠിപ്പിക്കുന്നതിനേക്കാൾ ഉപരി ജീവിതസാക്ഷ്യങ്ങളാൽ സമർപ്പിതരും അത്മായപ്രേഷിതരും സഭയെ സേവിക്കണം: പാപ്പാ

അംഗോളയിലേക്കുള്ള പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ സന്ദർശന വേളയിൽ, ഏപ്രിൽ മാസം ഇരുപതാം തീയതി, മെത്രാന്മാർ, വൈദികർ, സമർപ്പിതർ, അത്മായ പ്രേഷിതർ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. സുതാര്യതയോടെയും സാഹോദര്യം വളർത്തണമെന്നും, അഹങ്കാരത്തിനും, സ്വാർത്ഥതയ്ക്കും വശംവദരാകാതിരിക്കണമെന്നും, ജനങ്ങളിൽ നിന്ന്, പ്രത്യേകിച്ച് ദരിദ്രരിൽ നിന്ന് മാറിനിൽക്കരുതെന്നും, പദവികൾ തേടുന്നത് ഒഴിവാക്കണമെന്നും പാപ്പാ എടുത്തു പറഞ്ഞു.
പാപ്പായുടെ സന്ദേശം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

അംഗോളയിലെ കത്തോലിക്കാ സമൂഹവുമായി കൂടിക്കാഴ്‌ച നടത്തുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം പങ്കുവച്ചുകൊണ്ടാണ് പാപ്പാ, തന്റെ സന്ദേശം ആരംഭിച്ചത്. അംഗോളയിലെ സമൂഹത്തിൽ സ്പന്ദിക്കുന്ന ക്രിസ്തീയചൈതന്യം തിരിച്ചറിയേണ്ടത്, സാർവത്രിക സഭയെ പ്രതിനിധീകരിച്ച് തന്റെ  ഉത്തരവാദിത്തമാണെങ്കിലും അതിനുള്ള പ്രതിഫലം നൽകേണ്ടത് കർത്താവിന്റെ കടമയാണെന്ന് പറഞ്ഞ പാപ്പാ, അവൻ തന്റെ വാഗ്ദാനങ്ങളിൽ വീഴ്ച്ച വരുത്തുകയില്ലെന്നും എടുത്തു പറഞ്ഞു. കർത്താവിനു വേണ്ടി ത്യാഗം ചെയ്യുമ്പോഴും, ഉപേക്ഷിക്കുമ്പോഴും, അവൻ തന്നെത്തന്നെ നമുക്ക് ദാനമായി നൽകുന്നുവെന്നും, നാം നമ്മെ പൂർണ്ണമായി അവനു സമർപ്പിക്കുകയാണെങ്കിൽ, നൂറിരട്ടിയായി അവൻ നമുക്ക് നൽകുമെന്നും പറഞ്ഞ പാപ്പാ, യഥാർത്ഥ ജീവൻ കണ്ടെത്തുവാൻ ക്രിസ്തുവിലേക്ക് നമ്മുടെ വാതിലുകൾ തുറക്കുവാനും ആഹ്വാനം ചെയ്തു.

ക്രിസ്തുവിനോട് "അതെ" എന്ന് പറയാൻ ഭയപ്പെടരുതെന്നും,  ജീവിതം പൂർണ്ണമായും അവന്റെ മാതൃകയിൽ ഉറപ്പിക്കുവാനും സെമിനാരി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പാ പറഞ്ഞു. നാളയെ ഭയപ്പെടരുതെന്നും, നിങ്ങൾ പൂർണ്ണമായും കർത്താവിനുള്ളവരാണെന്നും, അനുസരണത്തിലും ദാരിദ്ര്യത്തിലും ബ്രഹ്മചര്യത്തിലും അവനെ പിന്തുടരുന്നത് ഏറെ മൂല്യവത്താണെന്നും, അവൻ നമ്മിൽ നിന്നും  ഒന്നും എടുക്കുകയല്ല, മറിച്ച് അവൻ നമ്മിൽ നിന്ന് എടുക്കുന്നതും സ്വയം ഏറ്റെടുക്കുന്നതും പാപം മാത്രമാണെന്നും, അവനിൽ നിന്നും നമുക്ക് എല്ലാം ലഭിക്കുകയാണ് ചെയ്യുന്നതെന്നും പാപ്പാ പറഞ്ഞു.

പ്രേഷിതദൗത്യത്തിൽ, ദുഷ്ടന്റെ കെണികളെ മറികടക്കാനുള്ള ശക്തിയും, നിത്യജീവന്റെ പ്രത്യാശയും കർത്താവ് നമുക്ക് ദാനമായി നൽകുന്നുവെന്നും പാപ്പാ എടുത്തു പറഞ്ഞു. ഈ സമ്മാനങ്ങളിൽ ഏറ്റവും വലുത് പരിശുദ്ധാത്മാവാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. ജ്ഞാനസ്നാന സമയത്, നമ്മുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങി വന്ന പരിശുദ്ധാത്മാവ്, ക്രിസ്തുവിനോട് നമ്മെ അനുരൂപപ്പെടുത്തിയെന്നും, സുവിശേഷത്തിൽ നിന്ന് ആരംഭിച്ച്, സ്വതന്ത്രവും, അനുരഞ്ജനപരവും, മനോഹരവും, മഹത്തായതുമായ ഒരു അംഗോളൻ സമൂഹം രൂപപ്പെടുത്തിയെടുക്കുവാൻ ഏവരെയും അയച്ചുവെന്നും പാപ്പാ അടിവരയിട്ടു.

ക്രൈസ്തവരെന്ന നിലയിൽ, എല്ലാ പ്രവൃത്തികളുടെ അടിസ്ഥാനം യേശുവിന്റെ ശിഷ്യന്മാരായിരിക്കുക എന്നതാണെന്നും, അവന്റെ പ്രതിച്ഛായയാകേണ്ടത് ഏവരുടെയും കടമയാണെന്നും പാപ്പാ ഓർമ്മപ്പെടുത്തി. ക്രിസ്തു തന്റെ  ശിഷ്യന്മാരോട് ആവശ്യപ്പെടുന്നത് അവനോട് അടുത്ത് ഐക്യപ്പെട്ടിരിക്കുക എന്നതാണെന്നു വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ സുവിശേഷം ഉദ്ധരിച്ച് പറഞ്ഞ പാപ്പാ,  "വിശ്വസ്ത ശിഷ്യന്മാർ, സന്തോഷമുള്ള ശിഷ്യന്മാർ" എന്ന അംഗോള സഭയുടെ ത്രിവർഷ- അജപാലന  പരിപാടിയുടെ ആപ്തവാക്യം അടിവരയിട്ടുകൊണ്ട്, സമാധാനത്തിന്റെ സുവിശേഷം പ്രഖ്യാപിക്കുന്നതിൽ സ്ഥിരോത്സാഹം കാണിക്കുവാൻ ഏവരെയും ആഹ്വാനം ചെയ്തു.

"അംഗോളയിലെ സഭയ്ക്ക് കർത്താവ് ഏതൊക്കെ വഴികളാണ് തുറക്കുന്നത്?",  എന്ന ചോദ്യം ഉന്നയിച്ച പാപ്പാ, ആദ്യത്തെ പാത ക്രിസ്തുവിനോടുള്ള വിശ്വസ്തതയാണെന്നും, അതിനായി തുടർച്ചയായ രൂപീകരണത്തെ ഏറെ വിലമതിക്കണമെന്നും, ജീവിതത്തിന്റെ യോജിപ്പിൽ ജാഗ്രത പാലിക്കണെമന്നും  പാപ്പാ പറഞ്ഞു.

ആളുകൾക്ക് നൽകുന്ന പ്രാരംഭ രൂപീകരണത്തെയും പാപ്പാ പ്രത്യേകം പരാമർശിച്ചു. അന്ധവിശ്വാസത്തിന്റെ അപകടകരമായ മിഥ്യാധാരണയിൽ നിന്ന് അവരെ രക്ഷിക്കുന്നതിനായി, ആന്തരിക ജീവിതത്തിന്റെ ഐക്യത്തെക്കുറിച്ചും, നമ്മെകുറിച്ചുതന്നെയും, നമുക്ക് ലഭിച്ച ദൈവ ദാനങ്ങളെക്കുറിച്ചും, സാഹിത്യം, സംഗീതം, കായികം, കലകൾ, എല്ലാറ്റിനുമുപരി ആരാധനയുടെയും ധ്യാനത്തിന്റെയും പ്രാർത്ഥനാത്മകതയിലേക്ക് ഗൗരവപൂർവ്വം അവരെ  നയിക്കണമെന്നും  പാപ്പാ ഉപദേശിച്ചു.

അതിനാൽ പഠിപ്പിക്കുന്നതിനേക്കാൾ ഉപരി ജീവിതസാക്ഷ്യങ്ങളാൽ അവരോട് സംവദിക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. സമർപ്പിതർക്കും, വിശ്വാസികൾക്കും ഇടയിൽ തുറന്നുപറച്ചിലോടെയും, സുതാര്യതയോടെയും സാഹോദര്യം വളർത്തണമെന്നും, അഹങ്കാരത്തിനും, സ്വാർത്ഥതയ്ക്കും വശംവദരാകാതിരിക്കണമെന്നും,  ജനങ്ങളിൽ നിന്ന്, പ്രത്യേകിച്ച് ദരിദ്രരിൽ നിന്ന് മാറിനിൽക്കരുതെന്നും, പദവികൾ തേടുന്നത് ഒഴിവാക്കണമെന്നും പാപ്പാ എടുത്തു പറഞ്ഞു.

യുദ്ധത്തിന്റെ വിപത്തിനെ അപലപിക്കുന്നതിലും, പീഡിതരായ ജനങ്ങളെ അവരുടെ പക്ഷത്ത് നിന്ന് പിന്തുണയ്ക്കുന്നതിലും, കെട്ടിപ്പടുക്കുന്നതിലും പുനർനിർമ്മിക്കുന്നതിലും, സായുധ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള വഴികളും പരിഹാരങ്ങളും നിർദ്ദേശിക്കുന്നതിലും മുൻകാലങ്ങളിൽ, അജപാലകരെന്ന  നിലയിൽ കാണിച്ചിട്ടുള്ള പ്രതിബദ്ധതയും ധൈര്യവും ഈ കാലഘട്ടത്തിലും തുടരുവാനും പാപ്പാ ആഹ്വാനം  ചെയ്തു. "വികസനം സമാധാനത്തിന്റെ പുതിയ പേരാണ്" എന്ന വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ  വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്,  രാജ്യത്തിന്റെ സമഗ്രവികസനത്തിൽ സഹകരിച്ചുകൊണ്ട് ഉദാരമതിയായ ഒരു സഭയായി തുടരുവാൻ പാപ്പാ ഏവരെയും ക്ഷണിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ഏപ്രിൽ 2026, 12:57