ജീവിതയാത്രയിൽ യേശുവിനു ചുറ്റും ആയിരിക്കുവാനുള്ള ക്ഷണമാണ് ഓരോ ഞായറാഴ്ച്ചകളും: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
വിശ്വസ്തതയും, ദൈവവചനത്തോടുള്ള അടുപ്പവും, ഉപേക്ഷിക്കുവാനുള്ള സന്മനസ്സും, ആവശ്യപ്പെടുന്ന യാത്രയാണ് ജീവിതം എന്ന് എടുത്തുപറഞ്ഞുകൊണ്ടാണ്, തന്റെ അജപാലന സന്ദർശനത്തിന്റെ ഭാഗമായി, ലിയോ പതിനാലാമൻ പാപ്പാ, ക്വാർത്തിചോളയിലെ സ്വർഗ്ഗാരോഹണ ഇടവകയിൽ, ദിവ്യബലി മദ്ധ്യേ വചന സന്ദേശം നൽകിയത്. ലോകം ചിന്തിക്കുന്നതുപോലെ, എല്ലാം നമ്മുടെ കൈപ്പിടിയിൽ ഒതുക്കുവാനും, അളവുകൾക്കനുസരണം മാത്രം കാര്യങ്ങളെ മനസിലാക്കുവാനും ശ്രമിക്കുമ്പോൾ, യഥാർത്ഥമായ നിധി കണ്ടെത്തുവാൻ നമുക്ക് സാധിക്കാതെ പോകുന്നുവെന്ന് പാപ്പാ പറഞ്ഞു.
ആദ്യവായനയിലെ അബ്രാഹത്തിന്റെ യാത്രയെ ഓർമ്മപ്പെടുത്തിക്കൊണ്ട്, അത് എല്ലാം നഷ്ടപ്പെടുത്തിയുള്ള യാത്രയായിരുന്നുവെന്നും, എന്നാൽ പിന്നീട് പുതിയ ദേശവും, ധാരാളം പിൻഗാമികളുമുള്ള വലിയ ഒരു അനുഗ്രഹമായി അത് മാറിയെന്നും പാപ്പാ എടുത്തുപറഞ്ഞു. "വിശ്വാസത്താൽ നാമും ജീവിതയാത്ര ചെയ്യുകയാണെങ്കിലോ, ജീവിതത്തിന്റെയും സ്നേഹത്തിന്റെയും ആകസ്മികത നേരിടുവാൻ തയ്യാറാണെങ്കിലോ, നഷ്ടപ്പെടലിന്റെ ഭയം നമുക്ക് ഒഴിവാക്കുവാൻ സാധിക്കുകയും, ആർക്കും മോഷ്ടിക്കാൻ കഴിയാത്ത ഒരു സമ്പത്ത് നേടുവാൻ കഴിയുകയും ചെയ്യും" പാപ്പാ പറഞ്ഞു.
യേശുവിന്റെ ശിഷ്യന്മാരുടെ ജീവിതത്തിൽ പോലും, സ്വയം പ്രതിരോധിക്കാനുള്ള സഹജവാസന ഉണ്ടായിരുന്നുവെന്നും, എന്നാൽ യേശുവിന്റെ സ്വയം സമർപ്പണത്തിന്റെ അടയാളമായ വിശുദ്ധ കുർബാന വഴി ഇവയെ മറികടന്നെങ്കിൽ മാത്രമേ മറ്റുള്ളവർക്ക് നമുക്ക് ഒരു അനുഗ്രഹമായി മാറുവാൻ സാധിക്കുകയുള്ളൂ. അതിനാൽ ജീവിതയാത്രയിൽ യേശുവിനു ചുറ്റും ആയിരിക്കുവാനുള്ള ക്ഷണമാണ് ഓരോ ഞായറാഴ്ച്ചകളുമെന്നു പാപ്പാ ചൂണ്ടിക്കാട്ടി.
രൂപാന്തരീകരണത്തിനു മുൻപ് തന്റെ സഹനത്തെപ്പറ്റിയും, മരണത്തെപ്പറ്റിയും, ഉത്ഥാനത്തെപ്പറ്റിയും ശിഷ്യന്മാരോട് പറയുമ്പോൾ, പത്രോസ് എതിർപ്പ് പ്രകടിപ്പിക്കുന്ന രംഗവും, തുടർന്ന്, "നീ എനിക്ക് ഒരു തടസ്സമാണ്, കാരണം നീ ദൈവത്തെപ്പോലെയല്ല, മനുഷ്യരെപ്പോലെ ചിന്തിക്കുന്നു" (മത്താ 16:23) എന്നുള്ള യേശുവിന്റ മറുപടിയും എടുത്തു പറഞ്ഞ പാപ്പാ, അവരുടെ ആന്തരികമായ അന്ധകാരം, നീങ്ങിയ അനുഭവമായിരുന്നു, രൂപാന്തരീകരണ വേളയിൽ സംഭവിച്ചതെന്നു ചൂണ്ടിക്കാട്ടി. ഇത് ഒരു സ്വപ്നമല്ല എന്നും, പ്രകാശം നിറഞ്ഞതും യേശുവിന്റെ മാനുഷികവും ദൈവികവുമായ ഭാവങ്ങളെ വെളിവാക്കുന്നതുമായ ഒരു പുതിയ ലോകത്തിലേക്കുള്ള പ്രവേശനമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.
കൂടാരങ്ങൾ സ്ഥാപിക്കുന്നതിലൂടെ, പത്രോസ് ഈ യാത്ര നിർത്താൻ ആഗ്രഹിക്കുന്നുവെങ്കിലും, ആ യാത്ര ജെറുസലേമിലേക്ക് തുടരുന്നുവെന്നും പാപ്പാ പറഞ്ഞു. ഇവൻ എന്റെ പ്രിയ പുത്രൻ, അവനെ നിങ്ങൾ ശ്രവിക്കുക എന്ന പിതാവായ ദൈവത്തിന്റെ യാചനയുടെ സ്വരം, ഇന്നും നമ്മുടെയിടയിൽ പ്രതിധ്വനിപ്പിക്കണമെന്നു പാപ്പാ ആഹ്വാനം ചെയ്തു. "ലോകത്തിന്റെ വെളിച്ചമായിത്തീരാൻ നമുക്ക് കർത്താവാകുന്ന വെളിച്ചത്തിൽ പ്രവേശിക്കാം", പാപ്പാ പറഞ്ഞു. യേശുവിന്റെ രൂപാന്തരീകരണത്തിനു ശേഷവും, യേശു തന്റെ പ്രേഷിതദൗത്യം തുടർന്നതുപോലെ, സഭയും, തടസങ്ങളില്ലാതെ പ്രേഷിത ദൗത്യം തുടരണമെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.
തിന്മകൾ നിറഞ്ഞ ഒരു സമൂഹത്തിൽ, നിരുത്സാഹപ്പെടാതെ, ദൈവരാജ്യം സാധ്യമാക്കുവാനുള്ള വിളിയാണ് ഓരോ ക്രിസ്ത്യാനിയും സ്വീകരിച്ചിരിക്കുന്നതെന്നും പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
