വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ 2025 ജൂണിൽ നടന്ന പൗരോഹിത്യസ്വീകരണത്തിൽനിന്നുള്ള ഒരു ദൃശ്യം വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ 2025 ജൂണിൽ നടന്ന പൗരോഹിത്യസ്വീകരണത്തിൽനിന്നുള്ള ഒരു ദൃശ്യം  (@Vatican Media)

സഭയ്ക്കും ലോകത്തിനുമായി ദൈവമേകുന്ന കൃപയാണ് ദൈവവിളി: ലിയോ പതിനാലാമൻ പാപ്പാ

ദൈവവിളികൾക്കായുള്ള അറുപത്തിമൂന്നാമത് ആഗോളപ്രാർത്ഥനാദിനത്തിൽ, ദൈവവിളിയുടെ പ്രത്യേകതകളും പ്രാധാന്യവും വിവരിച്ച് ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം. ഉയിർപ്പ് കാലം നാലാം ഞായറാഴ്ചയാണ് സഭയിൽ ദൈവവിളികൾക്കായുള്ള പ്രാർത്ഥനാദിനമായി ആചരിക്കപ്പെടുന്നത്. ഇടയൻ കാട്ടിത്തരുന്ന മനോഹരമായ ജീവിതപാതയാണ് ദൈവവിളിയുടേതെന്ന് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ആദ്ധ്യാത്മികതയുടെ കണ്ണുകളോടെ നോക്കുന്നവർക്ക് ഇടയനായ ക്രിസ്തുവിന്റെ പിന്നാലെയുള്ള യാത്ര ഭംഗിയുള്ളതാണെന്ന് തിരിച്ചറിയാനാകുമെന്ന് ലിയോ പതിനാലാമൻ പാപ്പാ. ആടുകൾക്ക് വേണ്ടി സ്വജീവൻ നൽകാൻ തയ്യാറാകുന്ന നല്ലിടയനായ യേശുവിനെ അനുഗമിക്കുന്നവർ അവന്റേതിന് സമാനമായ മനോഹരമായ ജീവിതമാണ് നയിക്കുകയെന്നും പരിശുദ്ധ പിതാവ് എഴുതി.  ഈ വർഷത്തിലെ ഉയിർപ്പ് കാലം നാലാം ഞായറാഴ്ച ആചരിക്കപ്പെടുന്ന ദൈവവിളികൾക്കുവേണ്ടിയുള്ള അറുപത്തിമൂന്നാമത് ആഗോളപ്രാർത്ഥനാദിനവുമായി ബന്ധപ്പെട്ട് നൽകിയ സന്ദേശത്തിലാണ് പരിശുദ്ധ പിതാവ് ദൈവവിളിയുടെ പ്രത്യേകതകളും മൂല്യവും എടുത്തുപറഞ്ഞത്.

ഭംഗിയുള്ള ജീവിതം

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ (യോഹ. 10, 11) യേശു തന്നെ "ഭംഗിയുള്ള" ഇടയനായാണ് അവതരിപ്പിക്കുന്നതെന്ന് എഴുതിയ പാപ്പാ, മറ്റുള്ളവരിലേക്ക് പകരുന്ന ഈ ആദ്ധ്യാത്മിക ഭംഗിയാണ്, വിശുദ്ധരിൽ നാം കാണുന്നതെന്ന് വിശദീകരിച്ചു. കുടുംബങ്ങളും ഇടവകകളും, സമർപ്പിതസമൂഹങ്ങളും, മെത്രാന്മാരും വൈദികരും, ഡീക്കന്മാരും, മതാദ്ധ്യാപകരും, അല്മായരും ഉൾപ്പെടുന്ന ഏവരും, ദൈവവിളിയെന്ന ദാനം സ്വീകരിക്കപ്പെടുന്നതിനും, പോഷിപ്പിക്കപ്പെടുന്നതിനും സംരക്ഷിക്കപ്പെടുന്നതിനും, സമൃദ്ധമായ വിളവ് നൽകുന്നതിനും വേണ്ടി പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.

സജീവമായ വിശ്വാസവും, തുടർച്ചയായ പ്രാർത്ഥനയും, സഹോദര്യപൂർണ്ണമായ പിന്തുണയും ഉണ്ടെങ്കിലേ ദൈവവിളികൾ പൂക്കുകയും പക്വത പ്രാപിക്കുകയും, ഏവർക്കും, ലോകത്തിന് മുഴുവനും വേണ്ടിയുള്ള സന്തോഷത്തിന്റെയും രക്ഷയുടെയും മാർഗ്ഗമായിത്തീരുകയും ചെയ്യുകയുള്ളൂ എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. നമ്മെത്തന്നേയും ദൈവത്തെയും കൂടുതലായി അറിയാനുള്ള ഒരു മാർഗ്ഗം കൂടിയാണ് ഇടയന് പിന്നാലെയുള്ള യാത്രയെന്നും പാപ്പാ എഴുതി.

പരസ്പരമുള്ള അറിവ്

സ്നേഹമാകുന്ന ദൈവത്തെക്കുറിച്ചുള്ള അറിവും അനുഭവവും വിളിക്കുള്ള തുടക്കമാണ്. നമ്മെ പൂർണ്ണമായി അറിയുന്ന ദൈവം, വിശുദ്ധിയുടെയും ശുശ്രൂഷയുടെയും വ്യതിരക്തമായ ഒരു മാർഗ്ഗത്തിലേക്കാണ് നമ്മെ നയിക്കുന്നത്. എന്നാൽ ദൈവവിളിയുടെ ഭാഗമായി ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ള പരസ്പര അറിവും ബന്ധവും ഏറെ പ്രധാനപ്പെട്ടതാണ്. പ്രാർത്ഥനയിലൂടെയും തിരുവചനവായനയിലൂടെയും കൂദാശകളിലൂടെയും, സഭയ്ക്കും സമൂഹത്തിനുമായുള്ള സമർപ്പണത്തിലൂടെയുമാണ് നമുക്ക് ദൈവത്തെ അറിയാൻ സാധിക്കുക. സാമുവേലിനെയെന്നപോലെ, നമ്മെ വിളിക്കുന്ന ദൈവത്തിന്റെ സ്വരം ശ്രവിക്കാനായി, ഉള്ളിൽ നിശബ്ദതയുടെ ഇടങ്ങൾ ഉറപ്പാക്കാൻ നാം പരിശ്രമിക്കേണ്ടതുണ്ടെന്നും പരിശുദ്ധ പിതാവ് എഴുതി.

ലോകത്തിലെ ശബ്ദകോലാഹലങ്ങൾക്കിടയിലും, നമ്മിൽ വസിക്കുന്ന ദൈവവുമായുള്ള സ്വകാര്യവും ഹൃദയംഗവുമായ സംവാദം കൂടിയാണ് വിളി. അതിനോട് ഉദാരതയോടെ പ്രതികരിക്കാനാണ് നാം പരിശ്രമിക്കേണ്ടത്. തങ്ങളുടേതായ പരിമിതികളും കുറവുകളും ക്രിസ്തുവിന്റെ മഹത്വപൂർണ്ണമായ കുരിശിൽ ചേർത്ത്, പൂർണ്ണതയുടെ ഒരു ജീവിതം നയിക്കാൻ പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്തു. ദിവ്യകാരുണ്യ ആരാധനയിലൂടെയും, വചനധ്യാനത്തിലൂടെയും അനുദിനജീവിതത്തിൽ മുന്നോട്ട് പോയി, വിവാഹജീവിതത്തിലൂടെയും പൗരോഹിത്യജീവിതത്തിലൂടെയും, സ്ഥിരം ഡീക്കന്മാരാകാനുള്ള വിളിയിലൂടെയും, സമർപ്പിത, സെക്കുലർ ജീവിതരീതികളിലൂടെയും തങ്ങളെത്തന്നെ സമർപ്പിക്കാനും, ദൈവത്തെ അടുത്തറിയാനും ഏവരെയും ക്ഷണിച്ച പരിശുദ്ധ പിതാവ്, എല്ലാ ദൈവവിളികളും, അവ സ്വീകരിക്കുന്നവർക്കും സഭയ്ക്കും വേണ്ടിയുളള വലിയൊരു ദാനമാണെന്ന് എഴുതി.

വിശ്വാസം

ദൈവത്തെ അറിയുന്നതിലൂടെ അവനിലുള്ള വിശ്വാസം നമ്മിൽ കൂടുതലായി വളരുമെന്ന് എഴുതിയ പാപ്പാ, ഇതിലൂടെ ദൈവവിളി സ്വീകരിക്കാനും അതിൽ തുടരാനും നമുക്ക് സാധിക്കുമെന്ന് ഓർമ്മിപ്പിച്ചു. നമ്മുടെ പദ്ധതികൾക്കനുകൂലമല്ലാത്തപ്പോഴും ദൈവത്തിന്റെ പദ്ധതികൾ അംഗീകരിക്കുകയും, അവനിൽ വിശ്വസിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു. പരിശുദ്ധ കന്യകാമറിയത്തിന്റെ അപ്രതീക്ഷിതമാതൃത്വത്തിന് മുൻപിലും, തന്റെ ദിവ്യസ്വപ്നത്തിൽ വിശ്വസിച്ച്, മറിയത്തെയും കുഞ്ഞിനേയും അനുസരണം നിറഞ്ഞ ഹൃദയത്തോടെ സ്വീകരിക്കുന്ന വിശുദ്ധ യൗസേപ്പിന്റെ മാതൃക പരിശുദ്ധ പിതാവ് തന്റെ സന്ദേശത്തിൽ എടുത്തുപറഞ്ഞു. ദൈവികപദ്ധതിയിലുള്ള പൂർണ്ണമായ വിശ്വാസത്തിന്റെ ഒരു ചിത്രമാണ് അവനിൽ നാം കാണുന്നത്. ദൈവദൂതനോട് പരിശുദ്ധ അമ്മ പറയുന്നതുപോലെയും, ഗദ്സമേനിൽ യേശു പിതാവിനോട് പറയുന്നതുപോലെയും, ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും വിശുദ്ധ യൗസേപ്പും ദൈവത്തിന് സമ്മതമേകുന്നുണ്ടെന്ന് പാപ്പാ എഴുതി.

പ്രത്യാശയുടെ ജൂബിലിവർഷം നമ്മെ പഠിപ്പിച്ചതുപോലെ, ദൈവികവാഗ്ദാനങ്ങളിലുള്ള ഉറച്ച വിശ്വാസം നാം വളർത്തിയെടുക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ ഉത്ഥിതൻ നമ്മുടെ ലോകത്തിന്റെയും വ്യക്തിജീവിതത്തിന്റെയും നാഥനാണെന്ന തിരിച്ചറിവും ബോദ്ധ്യവും ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും തന്റെ സന്ദേശത്തിലൂടെ അനുസ്മരിപ്പിച്ചു.

പക്വത

ദൈവവിളി എന്നത് പക്വത പ്രാപിക്കേണ്ട, വളരേണ്ട ഒന്നാണെന്നും, അത് ദൈവവുമായുള്ള സാമീപ്യത്തിലൂടെ, യേശുവിനൊപ്പമുള്ള ജീവിതത്തിലൂടെ, പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളിലൂടെയാണ് സാധ്യമാകുകയെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. മുന്തിരിച്ചെടിയും വള്ളിയുമെന്നപോലെ, ശക്തമായ ഒരു ബന്ധമാണ് നമുക്ക് കർത്താവുമായുണ്ടാകേണ്ടതെന്നും, നാമനുഭവിക്കുന്ന പരീക്ഷണങ്ങളിലൂടെയും വെട്ടിയൊരുക്കലുകളിലൂടെയും ദൈവവിളിയോടുള്ള നമ്മുടെ മറുപടി കൂടുതൽ പൂർണ്ണമാക്കണമെന്നും പാപ്പാ എഴുതി.

ദൈവഹിതം കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുന്ന അധികാരികവും സഹോദര്യപൂർണ്ണവുമായ ബന്ധങ്ങളുടെയും, നമ്മുടെ വിളിയെ മനസ്സിലാക്കിത്തരാനും, വളർത്താനും സഹായിക്കുന്ന ആദ്ധ്യാത്മിക വഴികാട്ടിയുടെയും പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു. ദൈവവിളി അതിന്റെ പൂർണ്ണമായ മനോഹാരിതയിൽ യാഥാർത്ഥ്യമാകുന്നതിൽ പരിശുദ്ധാത്മാവിന്റെ പ്രകാശത്തിലുള്ള വിചിന്തനത്തിന്റെ ആവശ്യവും പാപ്പാ ഓർമ്മിപ്പിച്ചു. അനുദിന പ്രാർത്ഥനകളിലൂടെയും വചനദ്ധ്യാനത്തിലൂടെയും ദൈവവുമായുള്ള വ്യക്തിബന്ധം വളർത്തിയെടുക്കാനും ഏവരെയും ക്ഷണിച്ച പരിശുദ്ധ പിതാവ്, അത് നിങ്ങളെ സന്തോഷമുള്ളവരാക്കുകയും, സഭയ്ക്കും ലോകത്തിനും വേണ്ട സമൃദ്ധമായ ഫലങ്ങൾ നൽകുകയും ചെയ്യുമെന്ന് എഴുതി.

1964 ജനുവരി 23-ന് പോൾ ആറാമൻ പാപ്പാ സ്ഥാപിച്ച ദൈവവിളികൾക്കായുള്ള ആഗോളപ്രാർത്ഥനാദിനം 1964 ഏപ്രിൽ 12-നാണ് ആദ്യമായി ആചരിക്കപ്പെട്ടത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 മാർച്ച് 2026, 13:03