തിരയുക

റോമിൽ, ക്വാർത്തിചോളയിലെ സ്വർഗ്ഗാരോഹണ ഇടവകയിൽ, ലിയോ പതിനാലാമൻ പാപ്പാ റോമിൽ, ക്വാർത്തിചോളയിലെ സ്വർഗ്ഗാരോഹണ ഇടവകയിൽ, ലിയോ പതിനാലാമൻ പാപ്പാ  (ANSA)

ഇടവകയിൽ വിശ്വാസികളുടെ യഥാർത്ഥ ശക്തി ദൈവ സ്നേഹത്തിൽ നിന്നാണ് ഉടലെടുക്കുന്നത്: പാപ്പാ

റോമിൽ, ക്വാർത്തിചോളയിലെ സ്വർഗ്ഗാരോഹണ ഇടവകയിൽ, ലിയോ പതിനാലാമൻ പാപ്പാ അജപാലന സന്ദർശനം നടത്തുകയും, പ്രായമായവരും, രോഗികളുമായവരുമായി പ്രത്യേക കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഒരു ഇടവകയിൽ, ആരെയും മാറ്റി നിർത്താതെ എല്ലാവരും ചേർന്ന് സഹകരിക്കുമ്പോൾ മാത്രമാണ് ഒരു കൂട്ടായ്മയും, സമൂഹവുമായി മാറുന്നതെന്ന് ലിയോ പതിനാലാമൻ പാപ്പാ ഉദ്‌ബോധിപ്പിച്ചു. മാർച്ചുമാസം ഒന്നാം തീയതി, ഞായറാഴ്ച്ച, റോമൻ രൂപതയിലെ തന്റെ അജപാലന സന്ദർശനത്തിന്റെ ഭാഗമായി, ക്വാർത്തിചോളയിലെ സ്വർഗ്ഗാരോഹണ ഇടവകയിൽ, പ്രായമായവരും, രോഗികളുമായവരുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയുടെ അവസരത്തിലാണ് പാപ്പാ ഇക്കാര്യം എടുത്തു പറഞ്ഞത്.

ബലഹീനതകൾ, ആരോഗ്യ പ്രശ്നങ്ങൾ, വൈകല്യങ്ങൾ എന്നിവയാൽ വേദനയനുഭവിക്കുന്നവർ, മോശം രീതിയിൽ പെരുമാറുന്ന കുട്ടികൾ, മാനസികവും വ്യക്തിപരവും ആത്മീയവുമായ ആരോഗ്യത്തിന്റെ അഭാവം നേരിടുന്നവർ, നിരവധി പ്രശ്നങ്ങളുള്ള തടവുകാർ എന്നിങ്ങനെ ഇടവകയിൽ പലതരത്തിലുള്ള ആളുകൾ ഉണ്ടെന്നും എന്നാൽ എല്ലാവരും ഒരുമിച്ചു വരുമ്പോഴാണ്, സമൂഹം എന്നത് യാഥാർഥ്യമാകുന്നതെന്നും പാപ്പാ പറഞ്ഞു. തുടർന്ന്, നാം സമൂഹത്തിൽ ഒരുമിച്ചിരിക്കുമ്പോൾ, നമ്മിൽ ഓരോരുത്തരെക്കാളും വളരെ വലിയ ഒരു ശക്തിയുണ്ടെന്നും, അത്  ദൈവത്തിന്റെ സ്നേഹത്തിൽ നിന്ന് ലഭിക്കുന്ന ശക്തിയാണെന്നും അതാണ് നമ്മെ യഥാർത്ഥത്തിൽ  ഒരു കുടുംബമാക്കി മാറ്റുന്നതെന്നും അടിവരയിട്ടു പറഞ്ഞു.

അത്തരം ഒരു സമൂഹത്തിൽ അപരന്റെ ബലഹീനതകളിൽ, ഒരുമിച്ചു പരസ്പരം പിന്തുണയ്ക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയ പാപ്പാ, ഇത് ഇടവക തലത്തിൽ തുടരുവാൻ ആഹ്വാനം ചെയ്തു. തുടർന്ന്, മധ്യപൂർവേഷ്യയിൽ നടക്കുന്ന അശാന്തി നിറഞ്ഞ സംഘർഷങ്ങളെയും പാപ്പാ എടുത്തു പറഞ്ഞു. ലോകത്ത് സമാധാനത്തിനായി പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയെ പാപ്പാ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു. എന്നാൽ തങ്ങളായിരിക്കുന്ന  സമൂഹത്തിലും, കുടുംബങ്ങളിലും സമാധാനത്തിനായി പ്രാർത്ഥിക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. "നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. നമുക്ക് ഒരുമിച്ചു വിശ്വാസത്തിൽ ജീവിക്കാൻ ശ്രമിക്കാം, നമുക്ക് എല്ലായ്പ്പോഴും സാക്ഷ്യം നൽകുവാൻ പരിശ്രമിക്കാം", പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 മാർച്ച് 2026, 11:12